Current Date

Search
Close this search box.
Search
Close this search box.

മനുഷ്യനെ ഉത്കൃഷ്ടമാക്കുന്നത് ?

അതീന്ദ്രിയമോ, അമാനുഷികമോ ആയ കഴിവുകളൊന്നുമല്ല ഒരു മനുഷ്യനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനും ഉന്നതനും ഉത്കൃഷ്ടനുമാക്കുന്നത്. ഉന്നതകുലജാതൻ അയതുകൊണ്ടോ, കുലമഹിമകൊണ്ടോ, പണമോ, സമ്പത്തോ, പ്രശസ്തിയോ, കീർത്തിയോകൊണ്ടുമല്ല. ശ്രേഷ്ഠമായ ചിന്തകളും തന്മയത്വവും ലാളിത്യവും നിറഞ്ഞ ആകർഷണീയമായ വ്യക്തിത്വവും
പെരുമാറ്റങ്ങളുമാണ് ഒരു മനുഷ്യനിലെ ഔന്നിത്യം വിളിച്ചോതുന്നത് എന്ന് പറയാം. തന്റെത് മാത്രമായ ഉന്നമനവും സുഖങ്ങളും കാര്യലാഭങ്ങളും നേട്ടങ്ങളും ലക്ഷ്യമിട്ട് ചിന്തിക്കുന്ന സ്വാർത്ഥതയെ ആധാരമാക്കിയോ സങ്കുചിത മനോഭാവത്തിൽ ഊന്നി നിന്നോ അല്ല ഒരാളിൽ വ്യക്തിത്വം രൂപപ്പെടേണ്ടത്. എങ്കിലും സ്വന്തം കാര്യത്തിൽ ചിട്ടകൾ പാലിക്കുന്ന മറ്റാരേക്കാളും ജാഗ്രത പുലർത്തുന്ന അതേസമയം ലോകത്തെകുറിച്ചും അവിടം വസിക്കുന്ന സർവ്വതിനെക്കുറിച്ചും ചിന്തിക്കുന്ന വിശാലഹൃദയമാണ് വ്യക്തിത്വത്തിന് അർഹിക്കുന്ന മാറ്റും ചാരുതയും മൂല്യവും നൽകുന്നത്.

ആത്മബോധത്തിലേയ്ക്ക് മനസ്സെത്തുമ്പോൾ മാത്രം ഉയിരെടുക്കുന്നതും മനുഷ്യന് നേടിയെടുക്കാവുന്നതിൽ ഏറ്റവും അമൂല്യമായ അറിവിലൊന്നാണ് തിരിച്ചറിവ്. ജീവിതത്തെ അതിന്റെ പൂർണ്ണാർത്ഥത്തിൽ തന്നെ ഉൾക്കൊണ്ടുകൊണ്ട് സുഖദുഃഖങ്ങളാൽ സമ്മിശ്രമായ സ്വന്തം ജീവിതത്തെ മനസ്സാവരിച്ചുകൊണ്ട് അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും പോസിറ്റീവായൊരു മനോഭാവത്തോടെ മുന്നോട്ട് പോകാൻ ആർക്കും തിരിച്ചറിവ് കൂടിയേ തീരൂ. ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് ഒരാളുടെ ചിന്താമണ്ഡലം വികാസം പ്രാപിക്കുന്നതിലും ഈ പ്രക്രിയ സജീവമായും സ്വാഭാവികമായും തന്നിൽ പ്രാവർത്തികമാക്കപ്പെടുന്നതിന് പലപ്പോഴും വൈകിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് ഒരാൾ തിരിച്ചറിയേണ്ടതുമുണ്ട്. തന്നിൽ അതിന് വിഘാതം സൃഷ്ടിക്കുന്നത് എന്താണെന്ന് സ്വന്തമായി ഒരു ആത്മാന്വേഷണം നടത്തേണ്ടതുണ്ട്.

ഏവർക്കും അറിയാവുന്നൊരു കാര്യമാണ് ഒരു മനുഷ്യൻ തന്റെ ആയുസ്സിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് ആർക്കോ, എന്തിനോ വേണ്ടിയെന്ന പോലെയാണ്. ആർക്കൊക്കെയോ വേണ്ടിയും കൂടി ജീവിക്കുമ്പോൾ തന്നെയാണ് ജീവിതം മൂല്യമുള്ളതാവുന്നതെങ്കിലും താൻ നിറവേറ്റുന്ന ഓരോ കർമ്മങ്ങളും ഉത്തരവാദിത്വങ്ങളും തന്നിലധിഷ്ഠതമായ ധർമ്മമാണെന്ന പൂർണ്ണ തിരിച്ചറിവോടെ വേണം നിർവ്വഹിക്കാൻ. അവബോധമുള്ളവനാകുക, ധാർമ്മികനാവുക, ധർമ്മിഷ്ഠനാവുക എന്ന വാക്കുകളുടെ അന്തഃസത്തയെ ഉൾക്കൊള്ളണം. ഒപ്പം സ്വന്തം അസ്തിത്വത്തെയും തിരിച്ചറിയൽ സുപ്രധാനമായൊരു കാര്യമാണ്. ജീവിതമെന്നാൽ എന്താണ്? ജീവിക്കേണ്ടത് എങ്ങനെയാണ്? താൻ എന്താണ്? പ്രകൃതി തന്നിൽ വർത്തിക്കുന്നത് എങ്ങനെയാണ്? പ്രപഞ്ചത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ജീവിയെന്ന നിലയിൽ തനിയ്ക്ക് ഇവിടം നിർവഹിക്കേണ്ട ദൗത്യമെന്താണ്? തന്റെ കടമകൾ എന്താണ്? ഇതൊക്കെ വേണ്ടവിധം തിരിച്ചറിയാൻ പലരും പ്രയത്നിക്കാറില്ലയെന്ന് തോന്നുന്നു. തന്റേതായൊരു പാത തനിയ്ക്കായ് വരിക്കപ്പെട്ട പാത കണ്ടെത്താൻ ആർക്കും സമയമില്ല. വഴിവിട്ട് സഞ്ചരിക്കുന്ന ചിന്തകളും യൗവനത്തിന്റെ തുടിപ്പിലും ആരോഗ്യവും സമ്പത്തും ചുറ്റിലേയ്ക്കും ആകർഷിക്കുന്ന സുഖഭോഗങ്ങളും തന്നിലെ സ്വത്വത്തെ വിസ്മരിക്കാൻ വലിയൊരു ഹേതുകുന്നു. തിരിച്ചറിവോടെ ജീവിക്കുന്ന സാഹചര്യം മുന്നിൽ വരും മുമ്പേ ഇഹലോകത്ത് നിന്ന് യാത്ര പറയാൻ സമായമാകും. ചിലർക്ക് രോഗശയ്യയിൽ കിടക്കുമ്പോഴാണ് ജീവിച്ച അദ്ധ്യായങ്ങളിലൂടെ ഭൂതകാലത്തെ വെച്ച് ഒരു പുനർവായനയ്ക്കും പുനർവിചിന്തനത്തിനൊക്കെ സമയം കിട്ടുന്നത്.

വളരെ ലളിതവും സരസവുമായ ഹൃദയഭാഷയിൽ തനിയ്ക്ക് പോലും തന്നെ അനായാസം വായിച്ചെടുക്കാൻ പറ്റുന്ന ഗതിയിലേക്ക് അവനവനെ മാറ്റിയെടുക്കാൻ ചിന്തകളിൽ ആദ്യം വ്യക്തത കൈവരേണ്ടതുണ്ട്. തന്മൂലം വ്യക്തിത്വത്തിന് സ്ഥിരത കൈവരും, കൂടെ കഴിയുന്നവർക്കും കൂട്ടുകൂടുന്നവരിലും യാതൊരു ആശങ്കയും ബാക്കി വെയ്ക്കാതെ നല്ലൊരു ബന്ധം നിലനിർത്താനും സ്വതന്ത്രമായി ഇടപഴകലും സാദ്ധ്യമാവും. വിശ്വാസയോഗ്യനായ ഒരു മനുഷ്യനെയാണ് താൻ സുഹൃത്താക്കിയതെന്ന നിർവൃതി അയാളിൽ എന്നുമുണ്ടാവും. രക്ഷിതാക്കൾക്ക് മക്കളോടൊപ്പം നിന്നുകൊണ്ട് അവരെ ഈവിധം മോൾഡ് ചെയ്തെടുക്കാവുന്നതാണ്. അവരുടെ വ്യക്തിത്വവും ജീവിതവും സങ്കീർണ്ണമയമാക്കാതെ ലളിതമായ ഭാവം നൽകി സുന്ദരമാക്കി നിർത്താൻ ഇതുപോലെയുള്ള ചില സൂത്രങ്ങൾ/ടിപ്സുകൾ മക്കൾക്ക് പറഞ്ഞു കൊടുക്കാം.

ഇസ്ലാമിക വിശ്വാസപ്രകാരം ഈമാൻ നേടി മരിയ്ക്കുകയെന്ന കാര്യം വിശ്വാസിയുടെ ജന്മസാക്ഷാത്ക്കാരം തന്നെയാണ്. അതൊരു ചെറിയ കാര്യമല്ല താനും. ആത്മാവബോധത്തിലേയ്ക്ക് എത്താത്ത, സഹജീവികളെ കാരുണ്യത്തോടെ കാണാനും തിരിച്ചറിയാനും തയാറാവാത്ത, സമയാസമയം ആന്തരീക പരിവർത്തനങ്ങൾക്ക് വിധേയമാവാത്ത ഒരു മനുഷ്യനിൽ അത്തരമൊരു പ്രതീക്ഷയ്ക്ക് വകയില്ല എന്നത് മറ്റൊരു പരമമായൊരു സത്യമാണ്. തെളിഞ്ഞ ഉള്ളറിവ്‌ നേടിയവനിലെ ക്ഷമയും സഹിഷ്ണുതയും ഉണ്ടാവുന്നുള്ളൂ, ക്ഷമയില്ലാത്തവർക്ക് ഈമാനും ഇല്ലെന്നാണല്ലോ. ഹൃദയംകൊണ്ട് ഈശ്വരനിലേയ്ക്ക് ആത്മാർപ്പണം ചെയ്യലാണ്, അവനവനെ അറിയലാണ്, ആത്മജ്ഞാനമാണ് ആത്മീയതയിലേയ്ക്കും മോക്ഷത്തിലേയ്ക്കുമുള്ള ഏക വഴി. ആസ്തിത്വബോധമാണ് സത്യത്തിലേക്കും ആത്മശാന്തിയിലേയ്ക്കും മനുഷ്യനെ നയിക്കുന്നത്. “ഈമാൻ” എന്നാൽ സത്യസന്ധതയുടെയും പരിശുദ്ധിയുടെയും അടയാളമാണ്. വിശാലമായൊരു മനസ്സും കൂടാതെ ആത്മശുദ്ധിയുമുള്ളവർക്കെ അത് ലഭിക്കാറുള്ളൂ. കപടമല്ലാത്ത, നിഷ്‌കളങ്കമായ ആത്മീയ ചിന്തകളിലൂടെയോ വ്യക്തിത്വബോധത്തിലൂടെയോ സ്വത്വത്തെ അറിഞ്ഞ് ജീവിക്കുമ്പോഴാണ് മനുഷ്യർക്ക് ആത്മശാന്തിയും മോക്ഷവും ലഭിക്കുന്നത് അല്ലെങ്കിൽ ഈമാൻ ലഭിക്കുന്നത് . പരമാനന്ദം, മുക്തി (eternal bliss) എന്നൊക്കെ സൂചിപ്പിക്കുന്നത് അതാണ്. പോസിറ്റീവ് എനർജിയുടെ കൊടുമുടിയിലെത്തി നിൽക്കുന്ന ഒരു പ്രത്യേക തരം മാനസികാവസ്ഥയാണത്. അനുഗ്രഹങ്ങളോടൊപ്പം കൃതാർത്ഥതയോടെ, കൃതജ്ഞതയോടെ, നിറഞ്ഞ മനസ്സോടെ ജീവിക്കുമ്പോഴാണ് ഇത്തരം അനിർവ്വചനീയമായൊരു മാനസികാവസ്ഥയിലേക്ക് അഥവ ഔന്നിത്യത്തിലേയ്ക്ക് മനുഷ്യർ എത്തിപ്പെടുന്നത്. ബുദ്ധൻ അതിനെ എൻലൈറ്റൻമെന്റ് (enlightenment) എന്നാണ് വിളിച്ചത്.

ആത്മബോധത്തോളം തന്നെ ദാർശനികബോധവും അതേ അളവിൽ വർത്തിച്ച് തുടങ്ങുമ്പോൾ മനുഷ്യരിൽ അത്ഭുതങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. സ്വന്തമായ കാഴ്ചകളിലൂടെ, അകക്കണ്ണിലൂടെ, യുക്തിയിലൂടെ സ്വയം ദർശിച്ച് ബോദ്ധ്യപ്പെടേണ്ടവയാണ് സത്യങ്ങളെല്ലാം. അങ്ങനെയെങ്കിൽ ആത്മബോധവും ആത്മജ്ഞാനവും തന്നെയാണ് മനുഷ്യന്റെ ആത്യന്തിക വിജയമെന്ന് പറയേണ്ടിയും വരും. കാരണം ആത്മജ്ഞാനത്തിലൂടെ മനുഷ്യർക്ക് ഔന്നിത്യത്തെ എളുപ്പം സ്പർശിക്കാം. അതിൽ നിലനിന്നുകൊണ്ട് മാത്രമേ മനുഷ്യന് ഈ ലോകത്ത് നൽകപ്പെട്ടതിന്റെയും അവനവന്റെയും മൂല്യവും ധർമ്മവും വ്യക്തമായി തിരിച്ചറിയാൻ സാധിക്കുള്ളൂ.

ചിലപ്പോഴെങ്കിലും അതിസൂക്ഷ്മമായും സ്ഥൂലമായും സ്വന്തം ചിന്തകളെ, പ്രവൃത്തികളെ, സംസാരത്തെ, താൻ പിൻപറ്റുന്ന ഓരോ ആശയങ്ങളെ വിലയിരുത്താൻ മുതിർന്നാൽ ഒരുപറ്റം മനുഷ്യത്വവിരുദ്ധതയും അന്ധവും വികലവുമായ വിശ്വാസങ്ങളും മനുഷ്യത്വനിലപാടിൽ ജീവിക്കുന്നതിന് മിക്കപ്പോഴും വിഘാതം സൃഷ്ടിക്കുന്ന വൃത്തിഹീനമായ ചിന്തകളും വിചാരങ്ങളും കാലാകാലങ്ങളായി മനസ്സിനകത്ത് അവിടെവിടെയായി ക്ലാവുപോലെ ഒട്ടിപ്പിടിച്ചു കിടക്കുന്നതായി കാണാൻ സാധിക്കും. ബോധത്തിലേക്ക് എത്തുമ്പോഴേ മനുഷ്യൻ സ്വയം തിരിച്ചറിയുള്ളൂ എന്നതിനാൽ ഇത്തരമൊരു ആത്മപരിശോധന അത്യന്താപേക്ഷിതമാണ്.

അറിവ് നേടുന്നതിൽ നിന്നും പിന്തിരിഞ്ഞു നിൽക്കുന്ന, ഒരു ആന്തരീക പരിവർത്തനത്തിന് സാദ്ധ്യതയില്ലാത്ത മനുഷ്യനൊന്നും ഔന്നിത്യത്തെ ഒരിക്കലും എത്തിപ്പിടിക്കാനോ സ്പർശിക്കാൻ കഴിയില്ല. ഇത്തരമൊരു ബോധമാണ് മനുഷ്യർക്ക് സകല മതങ്ങളുടെയും തത്വസംഹിതകൾ എടുത്ത് നോക്കിയാൽ അവ നൽകാൻ ശ്രമിക്കുന്നത്. മനുഷ്യരെ ഉൾബോധമുള്ളവരാക്കുക, ഉൾക്കണ്ണ് തുറപ്പിക്കുക, അകക്കണ്ണിലൂടെ ലോകത്തെ കാണാനും ആത്മപരിശുദ്ധിയോടെ പ്രാപഞ്ചിക ശക്തിയിലേയ്ക്ക് ലയിച്ച് ചേരാനും അവരെ പ്രാപ്തനാക്കുക എന്നതാണ് ലക്ഷ്യം. അപ്പോഴേ യഥാർത്ഥ ഭക്തൻ അല്ലെങ്കിൽ വിശ്വാസി ജനിക്കുന്നുള്ളൂ. ചിന്താശേഷി നശിച്ചിട്ടില്ലാത്ത ഒരു മനുഷ്യനെ ചിന്തിപ്പിക്കാനും ഉള്ളിൽ ബോധമുണർത്താനും ഉൾക്കാഴ്ചയേകാനും ഉതകുന്ന രീതിയിൽ വിശുദ്ധഗ്രന്ഥങ്ങൾ വായിക്കപ്പെട്ടാൽ ആർക്കും ഉപകരിച്ചേക്കാം അല്ലാത്തവരെന്നും അപകടകരമായ രീതിയിൽ അവയെ ദുരുപയോഗം ചെയ്യും.

ആരിലും ആധിപത്യം കാണിക്കുന്നതും നിലക്ക് നിർത്താനും ശ്രമിക്കുന്നത് അധികാര മനോഭാവത്തിന്റെ സൂചനയാണ്. മനുഷ്യന് ഏത് തരത്തിലുള്ള അധികാരത്തിനോടായാലും എന്നും ആർത്തിയാണ്. തന്നെക്കാൾ ദുർബലരായ മനുഷ്യരെ അടിച്ചമർത്താനും അധീനതയിൽ നിർത്താനും ചിലരിൽ കാണപ്പെടുന്ന സഹജമായ ത്വര വീടകങ്ങളിൽ പോലും നിരന്തരം പ്രായോഗികവത്ക്കരിച്ചാണ് ഇന്ന് കാണുന്ന കുടുംബവ്യവസ്ഥിതി രൂപംകൊണ്ടത്. ഒരു മനുഷ്യന്റെ മനസ്സ് നേടിക്കഴിഞ്ഞാൽ ആരും നമ്മുടെ വാക്കിന് വിലകല്പിക്കും.

സഹജീവിയോട് ഉള്ളിൽ കാരുണ്യവും അലിവും വേണ്ടിടത്ത് അത് ജനിപ്പിക്കുന്നില്ലെങ്കിൽ അനുതാപപൂർവ്വം ഒരു മനുഷ്യരോട് പെരുമാറാൻ കഴിയുന്നില്ലെങ്കിൽ ഉന്നത വ്യക്തിത്വമെന്ന സ്വപനം അമ്പേ നിഷ്ഫലമാണ്. മനുഷ്യരെ മനസ്സിലാക്കാൻ മനസ്സുകൊണ്ട് തയാറായെങ്കിലെ ഫലമുള്ളൂ. അപരനെ മനസ്സാന്നിദ്ധ്യത്തോടെ കേൾക്കാൻ തയാറാവുന്നതും അവരുടെ തെറ്റുകൾ സ്വമേധയാ പൊറുക്കാൻ കഴിയുന്നതും ഏറ്റവും മഹത്തായ പുണ്യങ്ങളിൽ ഒന്നാണ്. സഹജീവിയോട് നിരുപാധികം സ്നേഹവും അനുഭാവവും പ്രകടിപ്പിക്കുന്നതും അയാളുടെ നന്മ ആഗ്രഹിക്കുന്നതും അതിനായ് പ്രാർത്ഥിക്കുന്നതും ഒരു മനുഷ്യനിലെ മഹത്വമാണ് കാണിക്കുന്നത്.

Related Articles