Personality

“നിങ്ങളുടെ അച്ഛനമ്മമാർ ആവാൻ ഞങ്ങൾക്ക് കഴിഞ്ഞല്ലോ”

വിവാഹം കഴിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്വന്തം തലമുറ/പരമ്പര നിലനിർത്തുക എന്നതാണല്ലോ. അതേപോലെ തന്നെ ഈ അടുത്തകാലം വരെ മക്കളെ വളർത്തുന്നതിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമായും അച്ഛനമ്മമാർക്ക് പ്രായമായാലോ, എഴുന്നേറ്റ് നടക്കാൻ വയ്യാത്ത സാഹചര്യം വന്നാലോ ആരും തിരിഞ്ഞ് നോക്കാൻ ഇല്ലാതാവുമോ എന്ന ഭയവും അവരെ സംരക്ഷിക്കാൻ അല്ലെങ്കിൽ പരിചരിക്കാൻ വല്ലവരും ഉണ്ടാവേണ്ടേ എന്നൊരു ചിന്തയും തന്നെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഇത് ബോധ്യപ്പെടുത്താനാവാം പല അച്ഛനമ്മമാരും മക്കളുടെ മുന്നിൽ അവർക്ക് വേണ്ടി തങ്ങൾ ജീവിച്ചതും കഷ്ടപ്പെട്ടതും നരകിച്ചതും നോക്കിയതിന്റെ കണക്കും എടുത്തെടുത്ത് പറഞ്ഞുകൊണ്ടിരിക്കും. അമ്മമാർ ആണെങ്കിൽ പത്ത് മാസം വയറ്റിൽ ചുമന്നതും വളർത്തി വലുതാക്കിയപ്പോൾ അനുഭവിച്ചതും മക്കളോട് പലപ്പോഴയും പറയുന്നത് കേൾക്കാറുണ്ട്. എന്നാൽ മക്കൾക്ക് അത് കേൾക്കുമ്പോൾ തോന്നുന്നത് എന്തായിരിക്കും?

ഇവരുടെ മക്കളായി പിറന്നതിലൂടെ തങ്ങൾ ഇവർക്ക് വലിയൊരു ബാദ്ധ്യത തന്നെയായി മാറിയല്ലോ, എന്തോ വലിയ അപരാധം ചെയ്തുപോയ പോലെയൊക്കെയാണ്. എന്നാൽ കുട്ടികളോടുള്ള ഈ കണക്ക് പറച്ചിൽ ഒരിക്കലും ഉത്തമമായ രക്ഷാകർതൃത്വത്തിന് ചേർന്ന രീതിയല്ല. കുഞ്ഞുങ്ങളുടെ കണ്ണുകൾ തുറപ്പിക്കാൻ ഒരുപാട് വഴികൾ മുമ്പിൽ ഉണ്ടെന്നിരിക്കെ അവരുടെ മുന്നിൽ സ്വയം ചെറുതാവാൻ നിൽക്കരുത്. നമ്മെപ്പോലെ തന്നെ അല്ലെങ്കിൽ നമ്മെക്കാൾ കഷ്ടപ്പെടുന്ന അച്ഛനമ്മമാർ ഒരുപാട് ഉണ്ട് എന്ന് മനസ്സിലാക്കുക. മക്കൾക്ക് ജന്മം നൽകിയാൽ അവരെ പോറ്റി വളർത്തി വലിയ ആളാക്കുക എന്നത് മാതാപിതാക്കളിൽ നിക്ഷിപ്‌തമാക്കപ്പെട്ട കടമയാണ്. അത് മക്കളോട് തങ്ങൾ ചെയ്യുന്ന എന്തോ ഔദാര്യമായിയോ മറ്റോ കാണുകയെ അരുത്. സന്തോഷപൂർവ്വം അത് നിറവേറ്റുക. “നിങ്ങളുടെ അച്ഛനമ്മമാർ ആവാൻ ഞങ്ങൾക്ക് കഴിഞ്ഞല്ലോ” എന്ന് ഇടയ്ക്കിടെ പറയുകയാണെങ്കിൽ മക്കൾക്കും തിരിച്ച് അത് തന്നെ ഫീൽ ചെയ്യും അങ്ങനെയുള്ള മാതാപിതാക്കൾ മക്കൾക്ക് എന്നും വിലപ്പെട്ടതാകും ഒരു കാരണാവശാലും അച്ഛനെയും അമ്മയെയും അവർക്ക് മാറ്റി നിർത്താൻ പറ്റാതെ വരും.

സത്യത്തിൽ മക്കളെ സംബന്ധിച്ചിടത്തോളം ഈ കണക്ക് പറച്ചിലുകളൊക്കെ വളരെ അരോചകമായി മാത്രമേ അനുഭവപ്പെടുകയുള്ളൂ എന്നത് മാതാപിതാക്കൾ ഓർക്കണം. രക്ഷിതാക്കൾ അവരുടെ കടമകൾ പൂർത്തീകരിക്കാനായ് സദാസമയവും കർമനിരതരായിരിക്കുക, വിലപേശലിലൂടെയും കണക്ക് പറച്ചിലിലൂടെയും മാതൃത്വത്തിന്റെയും പിതൃത്വത്തെന്റെയും മാഹാത്മ്യം (മക്കളുടെ മനസ്സിൽ) ഇല്ലാതാക്കരുത്.

നാളെ അവർക്കും മക്കൾ ഉണ്ടാവുമ്പോൾ അവരും ഇതെല്ലാം നിർബ്ബന്ധമായും പാലിച്ചെ തീരൂ. കൗമാര പ്രായത്തിൽ നിൽക്കുന്ന മക്കളോട് രക്ഷിതാക്കൾ മേല്പറഞ്ഞ ടോണിൽ സംസാരിക്കുമ്പോൾ അതിനുള്ള മറുപടി അവരുടെ നാവിൻ തുമ്പത്ത് വരെ വന്ന് നിക്കുന്നുണ്ടാവും ഭയംകൊണ്ടോ, ജന്മം നൽകിയ അച്ഛനല്ലേ അമ്മയല്ലേ എന്നോർത്ത് അവർ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. അപ്പോഴും ചില മക്കൾ അവരുടെ അച്ഛനമ്മമാർക്ക് അതിനെല്ലാം മുഖമടച്ച് മറുപടി കൊടുക്കുന്നതും വേദനയോടെ കണ്ടുനിക്കേണ്ടി വരുന്നു. പല മാതാപിതാക്കൾക്കും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടാവാം ഇന്നത്തെ മക്കളോട് കണക്കും കടപ്പാടും ബോധ്യപ്പെടുത്താൻ തുനിഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചും മറുപടി തരുന്ന അല്ലെങ്കിൽ എനിയ്ക്ക് നിങ്ങളുടെ സപ്പോര്ട്ടും പണവും ഒന്നും വേണ്ട എനിയ്ക്കറിയാം എങ്ങനെ ജീവിക്കണമെന്ന് അങ്ങനെ വീട് വിട്ട് ഇറങ്ങിപോകുന്ന സ്ഥിതിവിശേഷം വരെ ഉണ്ടാവുന്നു. കൗണ്സിലിംഗിന് മക്കളെയുംകൊണ്ട് എന്നെപ്പോലെയുള്ളവരെ സമീപിക്കുന്ന മാതാപിതാക്കളുടെ നിസ്സഹായത കാണുമ്പോൾ വിഷമം അനുഭവപ്പെടാറുണ്ട്. കേൾക്കുന്ന കൗണ്സിലർമാർക്കും ചെയ്യാൻ സാധിക്കുന്നതിന്റെ ഒരു പരിധിയുണ്ടല്ലോ. തന്നോളം വളർന്നു കഴിഞ്ഞാൽ മക്കളോട് അല്പം നയത്തിലും മയത്തിലുമുള്ള സമീപനമാണ് വേണ്ടത്. ഇത് കേൾക്കുമ്പോൾ രക്ഷിതാവിന്റെ മനസ്സിൽ ഈഗോ എഴുന്നേറ്റ് നിൽക്കും ആഹാ ഞാൻ അവന്റെ/അവളുടെ അച്ഛനാണ്/അമ്മയാണ് ഞാൻ എന്തിന് അവരുടെ മുന്നില് താഴണം? സ്വാഭാവികമായും ആരായാലും ഇതുപോലെയാണ് ചിന്തിക്കുക. എന്നാൽ അല്പം ബുദ്ധിപരമായി ചിന്തിച്ചു കഴിഞ്ഞാൽ ഈഗോ മാറ്റിവെച്ച് ജീവിതപങ്കാളിയും കുഞ്ഞുങ്ങളുമായി ഇടപഴകാമെങ്കിൽ വീട്ടിലെ അന്തരീക്ഷം ശാന്തിയും സമാധാനവും സംതൃപ്തിയും നിറഞ്ഞതാവും.

പണ്ടത്തെക്കാലം നിത്യവരുമാനം പോലും ഇല്ലാതെ, അഷ്ടിക്ക് വക കണ്ടെത്താൻ വഴി കാണാതെ പരാധീനതയും പരിവട്ടവുമായി കഴിയുന്ന കുടുംബത്തിൽ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ഗൃഹനാഥൻ ചക്രശ്വാസം വലിയ്ക്കുന്നതിനിടയിൽ ആ കുടുംബത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്ന പുതിയൊരാൾ അവരെ സംബന്ധിച്ചിടത്തോളം ആധിയുണർത്തുന്നതായിരുന്നു. ഒരു വയറിന്റെ കരച്ചിലും കൂടെ ഗൃഹനാഥന്റെ ഉറക്കം കെടുത്തുന്ന അവസ്ഥ. ഇന്നും കാലത്തിനനുസരിച്ച് മാറുന്ന ജീവിതരീതിയും കുഞ്ഞുങ്ങളുടെ പഠന ചെലവുകളും വാഹനവും ആഡംബരജീവിതവും കുടുംബത്തോടൊപ്പം യാത്രകൾക്കും വിനോദങ്ങൾക്കും സ്ത്രീകൾക്ക് ആണെങ്കിൽ വിലയേറിയ ആടയാഭരണങ്ങളും
പണം കുറച്ചൊന്നും പോരാതെയായി ജീവിക്കാൻ.

മാതാപിതാക്കൾ പലപ്പോഴും ഒരു കാര്യത്തിലാണ് പരാജയപ്പെടുന്നത്. ജീവിതത്തിന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും തീർച്ചയായും കുഞ്ഞുങ്ങളെ അറിയിച്ച്‌ വേണം വളർത്താൻ, അല്പമൊക്കെ അവർ അത് അറിഞ്ഞും അനുഭവിച്ചും തന്നെ വളരട്ടെ. അവരുടെ നാളേയ്ക്ക് തെളിച്ചമേകാൻ അനുഭവങ്ങൾ പഠങ്ങളാവട്ടെ. ഒരു കാര്യം മാതാപിതാക്കളെ ഉണർത്താനുള്ളത് എന്താണെന്ന് വെച്ചാൽ ആന്തരികമായ അറിവും ബോധവും വെളിച്ചവും മക്കളിൽ ഉണ്ടായില്ലെങ്കിൽ അവരെ സംബന്ധിച്ചിടത്തോളം മാതാപിതാക്കൾ വെറും തങ്ങൾക്ക് ജന്മം നൽകിയ രണ്ട് മനുഷ്യർ മാത്രമായി മാറും. കണക്കുകളും കഷ്ടപ്പാടുകളും എടുത്ത് പറയുന്നതോടൊപ്പം തന്നെ അതുകൊണ്ട് നാളെ നിങ്ങളാണ് ഞങ്ങളെ നൊക്കെണ്ടത് അത് നിങ്ങളുടെ കടമയാണ് എന്നും കൂടെ പറയുമ്പോൾ ഒരു ബാദ്ധ്യതയോ ഭാരമോ മാത്രമല്ല അതൊരു അടിച്ചേല്പിക്കലോ ആയി മാറുന്നു.

മാനവികതയും മനുഷ്യത്വവും വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തന്നെ കുഞ്ഞുങ്ങളെ സ്വാധീനിച്ചാൽ മേൽപറഞ്ഞതൊന്നും അവരുടെ മുന്നിൽ അവർത്തിക്കേണ്ട ആവശ്യം വരുന്നില്ല. സഹജീവി സ്നേഹവും സഹാനുഭൂതിയും അനുകമ്പയുമുള്ള മക്കളാക്കി അവരെ വളർത്തിയാൽ തന്നെ മാതാപിതാക്കളുടെ കഷ്ടതകളും അവർ തങ്ങളിൽ നിന്ന് അർഹിക്കുന്ന സംരക്ഷണത്തിന്റെയും പരിചരണത്തിന്റെയും അവശ്യകതയും അനിവാര്യതയും മക്കൾ തിരിച്ചറിഞ്ഞോളും. വ്യക്തിപരവും ബൗദ്ധികപരവും ധാർമ്മികപരവും സാമൂഹികപരവും കുടുംബപരവുമായ ചിന്തകൾ കുഞ്ഞുങ്ങളിൽ പ്രതിഷ്ഠിക്കേണ്ടത് അച്ഛനമ്മമാരാണ്.

എത്ര ബുദ്ധിമുട്ടിയാലും മക്കൾക്ക് ഒരു ഭാരമാവാതെ നോക്കാൻ സാധിക്കുമെങ്കിൽ അതിനായി മനസ്സ് പാകപ്പെടുത്താമെങ്കിൽ പിന്നീട് മക്കളിൽ നിന്ന് ലഭിക്കുന്നതെല്ലാം സസന്തോഷം അസ്വദിയ്ക്കാനും അനുഭവിച്ചറിയാനും അച്ഛനമ്മമാർക്ക് കഴിയും. മക്കൾ അവരുടെ ജീവിതവുമായി മല്ലടിച്ചു ജീവിക്കുമ്പോൾ എന്തൊക്കെ ചെയ്ത് തന്നാലും പരാതിയും പരിഭവങ്ങളുമായി ചെന്നാൽ അതൊന്നും ഒരിക്കലും ആർക്കും സംതൃപ്തിയേകുകയുമില്ല.

മനുഷ്യർക്ക് ഒരിക്കലും ഒറ്റയാനായി ജീവിക്കാൻ കഴിയില്ല, ഒരു സമൂഹ്യജീവിയാണ് മനുഷ്യൻ. മനഃശാസ്ത്ര പഠനങ്ങളിൽ തെളിഞ്ഞ ഒരു കാര്യം എന്തെന്നാൽ “നല്ല വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഉള്ള മനുഷ്യർ ഈ ലോകത്ത് സംതൃപ്തരും സന്തോഷവാന്മാരും ആയി കാണപെടുന്നു എന്നാണ്.” അതുപോലെ നല്ല ബന്ധങ്ങൾ നിലനിർത്താൻ മക്കൾ പഠിക്കുന്നതും രക്ഷിതാക്കളെ കണ്ടിട്ടാവണം. കുഞ്ഞുങ്ങൾക്ക് മാതൃകയാവേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. ഇഴചേർന്ന ബന്ധങ്ങൾക്കെ കെട്ടുറപ്പ് ഉണ്ടാവുകയുള്ളൂ. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്നാണല്ലോ പറയാറുള്ളത്. അങ്ങനെയാവണമെങ്കിൽ പരസ്പരം മനസ്സിലാക്കാനും സ്നേഹത്തോടെ പെരുമാറാനും നാം ഓരോരുത്തർക്കും കഴിയണം. വിദ്വേഷവും വെറുപ്പും കൂടാതെ ചിരിച്ചുകൊണ്ട് ആളുകളെ വർവേൽക്കാനും വീട്ടിൽ വരുന്ന അതിഥികൾക്ക് നേരെ മുഖംകൊടുത്ത്, പുഞ്ചിരി തൂകി ഊഷ്മളമായി സ്വാഗതം ചെയ്യുന്നതൊക്കെ ഒരു നല്ല സംസ്ക്കാരത്തിന്റെ ഭാഗമാണ്. കുശലാന്വേഷണവും വഴിയിൽ കാണുന്നവരോട് ചിരിച്ചും മിണ്ടിയും കടന്നുപോകുമ്പോൾ ഒരാൾക്ക് യഥാർത്ഥത്തിൽ ഒന്നും നഷ്ടപ്പെടമാവുന്നില്ല എന്നാൽ അത് ബന്ധങ്ങൾക്ക് പരിമളം പകരും. എളിമയും വിനയവും സംസാരത്തിലും പെറ്റുമാറ്റത്തിലും ഉണ്ടെങ്കിൽ ആർക്കും നമ്മെ ഇഷ്ടമാവും. അപ്പോൾ നമ്മിൽ മറ്റുള്ളവർക്കുള്ള മതിപ്പ് വളരെ വലുതായിരിക്കും. തന്നെപ്പോലെ തന്നെയാണ് മറ്റുള്ള മനുഷ്യരും പണം കൊണ്ടും പവർ കൊണ്ടും ആളുകളെ തുലനം ചെയ്യരുത് എന്ന് പറഞ്ഞുകൊടുക്കണം.

പഴയതിൽ നിന്നൊക്കെ മാറി ഇന്ന് കാഴ്ചകൾ മാറി, കാഴ്ചപ്പാടുകൾ മാറി വ്യത്യസ്തമായ വീക്ഷണകോണുകളിലൂടെ ലോകത്തെയും ലോകത്തിന്റെ സ്പന്ദനത്തെയും അറിയാനുള്ള സാഹചര്യങ്ങളും മാധ്യമങ്ങളും മുന്നിൽ വന്നു. മാതാപിതാക്കളും മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, ഇന്ന് അവർ തിരിച്ചറിയുന്നു മക്കൾക്കും ഒരു ജീവിതമുണ്ട് അവർ തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതെന്ന് പറഞ്ഞ് പിടിച്ചു കെട്ടിയിടാനുള്ളതല്ല, എന്നും ചിറകിനടിയിൽ നിർത്തുമ്പോൾ, തനിച്ച് പറന്നു ശീലിക്കാത്ത മക്കൾക്ക് അവരുടെ ചിറകിന്റെ ശക്തി പോരാതെയാവും ഈ ജീവിതത്തെ നേരിടാൻ. അനുഭവങ്ങൾ ഒട്ടും ഇല്ലത്ത ഒരു ജീവിതം പാഴ്ജന്മമെന്നേ പറയാൻ സാധിക്കൂ, അതുകൊണ്ട് അനുഭവങ്ങളിലൂടെ വളരാൻ അവരെ അനുവദിക്കൂ. കുഞ്ഞുങ്ങളുടെ ജീവിതം, ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, തീരുമാനങ്ങൾ, അഭിപ്രായങ്ങൾ എല്ലാം അനുവദിച്ചു കൊടുക്കുമ്പോൾ തന്നെ അച്ചനും അമ്മയുമായ തങ്ങൾക്ക് അവരുടെ ജീവിതത്തിലുള്ള സ്ഥാനവും മൂല്യവും കൂടെ തിരിച്ചറിയാൻ മക്കളെ നമ്മൾ സഹായിക്കേണ്ടതുണ്ട്..

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close