Personality

നല്ലൊരു വ്യക്തിത്വത്തിലേക്ക് മനസ്സിനെ പരുവപ്പെടുത്താം

ഉപയോഗ ശൂന്യമെന്ന് നാം വിശ്വസിക്കുന്ന, എന്നാൽ കാലങ്ങളോളം ഒരാളും  തിരിഞ്ഞുനോക്കാതെ വെറുതെ കിടക്കുന്ന തരിശുഭൂമിയായാൽ പോലും വേണ്ടപോലെ ആ നിലം ഉഴുതുമറിച്ചും കിളച്ചും നല്ല ഗുണമുള്ള വിത്തുകൾ തിരഞ്ഞെടുത്ത് പാകിയും, അവയ്ക്ക് പുഷ്ടിപ്പോടെ വളരാനുള്ള സാഹചര്യം ഒരുക്കിയും വേണ്ടത്ര വളവും വെള്ളവും  ചേർത്ത് ആ മണ്ണിനെ പരുവപ്പെടുത്തുമ്പോൾ കാണെക്കാണെ വിളകൾക്കെല്ലാം മുളയും തളിരുമിട്ട് കുഞ്ഞുചെടികളായി അവ  തഴച്ചു വളരുന്നതായി നമുക്ക് കാണാൻ സാധിക്കും. അല്പം സമയവും ഊർജ്ജവും അവയ്ക്കായ് മാറ്റിവെയ്ക്കാൻ മനസ്സ് ഉണ്ടായാൽ മതി. സ്ഥിരമായി കൃഷിയിറക്കിയാൽ പതിയെ പതിയെ ആ മണ്ണ് കൃഷിയ്ക്ക് അനുയോജ്യമായി മാറുകയും ചെയ്യും. സ്വന്തം അദ്ധ്വാനത്തിന്റെ ഫലം പൂക്കളായ്, കായ്കനികളായ് ഇങ്ങനെ വിളഞ്ഞുനിൽക്കുന്നത് കൺനിറയെ കാണുമ്പോഴും പറിച്ചെടുത്തു ഭക്ഷിക്കുമ്പോഴും അതിന്റെതായ ഒരു സംതൃപ്തിയുമുണ്ട്, അത്  വിവരിച്ചു തരാൻ അല്പം പാടാണ്.

ഇതേപോലെ ഒരു പരുവപ്പെടലിന്റെ അനിവാര്യതയെ വിളിച്ചോതുന്നതും ഇന്ന് നാം നിലകൊള്ളുന്ന ഈ വർത്തമാനകാലവും സ്വന്തം ജീവിതവും ആവശ്യപ്പെടുന്നതുമായ മനോനിലയിൽ ജീവിക്കുന്ന എത്രയോ മനുഷ്യമനസ്സുകൾ നമുക്ക് ചുറ്റിലുമുണ്ട്. അവയിൽ ചിലത് മേൽപ്പറഞ്ഞപോലെ ഒട്ടും ശ്രദ്ധിക്കപ്പെടാതെ തരിശുനിലം പോലെ കിടപ്പുണ്ടാവാം. മറ്റു ചിലത് ജീവിതാനുഭവങ്ങളുടെ കനത്ത ഉഷ്ണക്കാറ്റേറ്റ് വാടിത്തളർന്നവയോ, ഉണങ്ങിവരണ്ടവയോ ആവാം അല്ലെങ്കിൽ സ്നേഹിക്കാതെയും സ്നേഹിക്കപ്പെടാതെയും കിടന്ന് പരുഷവും നിർവികാരമായിപ്പോയ ബാഹ്യപ്രതലവും, മാനവിക മൂല്യങ്ങളോ അവയുടെ സ്പർശനങ്ങളോ ഏൽക്കാത്ത ആന്തരീക പ്രതലവും മറ്റു ചിലപ്പോൾ കൃത്യമായ പരിചരണവും പരിണാമങ്ങളും സംഭവിക്കാത്തവയോ എന്നിങ്ങനെ വ്യത്യതസ്ഥമായ അവസ്ഥാന്തരങ്ങളിലൂടെ കടന്ന് പോകുന്ന മനസ്സുകൾ ആവാം. എന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് സ്വന്തം മനസ്സിനെ പരുവപ്പെടുത്താനും അസ്തിത്വം നിലനിർത്താനും കഴിഞ്ഞില്ലെങ്കിൽ സ്വന്തം നിലനിൽപ്പിനെ അത് സാരമായി ബാധിക്കും. ജീവിതം വളരെയധികം ദുഷ്ക്കരമാവുകയും അയാൾ മാനസികമായി തകർന്നുപോവുകയും ചെയ്യും. മനുഷ്യരിൽ ആന്തരീകമായ പരിവർത്തനങ്ങൾ ജനനം മുതൽ മരണം വരെ നടന്നുകൊണ്ടിരിക്കണം. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ വരുന്ന പലരും നമുക്കിടയിൽ തന്നെ ഉണ്ടാവാം, അല്ലെങ്കിൽ നമ്മിൽ ഒരാളാവാം അതുല്ലെങ്കിൽ നാം തന്നെയാവാം. എന്നാൽ ഇത്തരം വസ്തുതകളെയെല്ലാം സ്വയം വിലയിരുത്തുമ്പോഴും ഉൾക്കൊള്ളുമ്പോഴുമാണ് അത്ഭുതങ്ങൾ സംഭവിച്ചു തുടങ്ങുന്നത്. ഒരാൾ മർക്കടമുഷ്ടി കാണിച്ച് ജീവിക്കുന്നതിൽ നഷ്ടം അവരവർക്ക് എത്ര, മറ്റുള്ളവർക്ക് എത്രയെന്ന് തിട്ടപ്പെടുത്താനൊന്നും ആവില്ല. സ്വന്തം വ്യക്തിത്വത്തിന്റെയും ജീവിതത്തിന്റെയും മൂല്യമറിഞ്ഞവർക്ക് അവയെ മഹത്തായ ജന്മസാഫല്യമാക്കി മാറ്റാനും ആത്മസാക്ഷാത്ക്കാരം നേടാനും അവയിൽ നിന്ന് ആത്മസംതൃപ്തിയും ആത്മാനുഭൂതിയും നുകരാനും സാധിക്കും. അതിനാൽ മനസ്സിനെയും ഇതേപോലെ തന്നെ ഫലഭൂയിഷ്ഠമാക്കേണ്ടത് നമ്മുടെ തന്നെ ആവശ്യമാണ്.

Also read: വഴിയറിയാതെ കാശ്മീര്‍

മനസ്സ് അല്ലെങ്കിൽ മസ്തിഷ്ക്കം ഇരുമ്പിനെ പോലെയാണ് എന്ന് വേണമെങ്കിൽ പറയാം. വേണ്ടവിധം ഉപയോഗിച്ചില്ലെങ്കിലും അവഗണനയോടെ വിട്ടാലും അത് തുരുമ്പ് എടുത്ത് പോകും. നാളുകൾ കഴിയുമ്പോൾ തീർത്തും ഉപയോഗശൂമ്യനായി മാറും. ബ്രെയിനിന്റെ വികാസം ഒരു നിശ്ചിത പ്രായമെത്തുമ്പോൾ നിലച്ച് പോകുന്നുണ്ട്. ഇരുപത്തഞ്ച് വയസ്സാകുന്നതോടെയാണ് എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. പതിമൂന്ന് വയസ്സാകുന്നതോടെ തലച്ചോറിനകത്ത് പുതുതായി ന്യൂറോൺ ഉത്പാദിപ്പിക്കപ്പെടുന്നതും നിലയ്ക്കുന്നുവെന്ന് പറയപ്പെടുന്നു. ഇക്കാലങ്ങൾക്കിടയിൽ മസ്‌തിഷ്‌ക്ക കോശങ്ങളിലും ന്യൂറോണുകളിലുമുണ്ടായ ഡെവലപ്‌മെന്റ് വെച്ചാണ് മനുഷ്യർ മുന്നോട്ടുള്ള ജീവിതത്തിൽ ബുദ്ധിയെ വികസിപ്പിച്ചെടുക്കുന്നതും ഉപയോഗപ്പെടുത്തുന്നതും. അതുകൊണ്ട് മനസ്സിന് എന്നും പരിശീലനം ആവശ്യമാണ്. ഇരുമ്പിനെ നല്ല എരിയുന്ന കനലിലിട്ട് ചൂടാക്കി അടിച്ചു പരുവപ്പെടുത്തി ആഗ്രഹത്തിനനുസരിച്ച് മോൾഡ് ചെയ്ത് എടുക്കുമ്പോൾ അല്ലെങ്കിൽ ഉലയിൽ വാർത്തെടുക്കുമ്പോൾ പുതിയ രുപത്തിലും ഭാവത്തിലും ആദ്യത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊന്നായി മാറുന്നു. പക്ഷെ അപ്പോഴും അതേ പഴയ ഇരുമ്പ് തന്നെയാണ് അത്, അതിനകത്ത് അടങ്ങിയിരിക്കുന്ന കണ്ടന്റും മൂലകങ്ങളുമൊന്നും മാറിയിട്ടില്ല, ഇതേപോലെ ചിലപ്പോഴെങ്കിലും മനസ്സിനെയും ദണ്ഡനം നൽകി പരുവപ്പെടുത്തിയെടുക്കേണ്ടതുണ്ട്. അപ്പോഴാണ് സ്വന്തം മനസ്സിനെ ഇഷ്ടാനുസരണം ഉപയോഗിക്കാനും നിയന്ത്രണ പരിധിയിൽ നിർത്താനും സ്വന്തം വ്യക്തിത്വത്തിന് നാം ആഗ്രഹിക്കുന്ന പോലെ പുതിയൊരു ഷെയ്പ്പ് അല്ലെങ്കിൽ രൂപം കൈകൊള്ളാനും സാധിക്കുന്നത്. അതിന് വേണ്ടിയാണ് നാം അറിയാതെ തന്നെ അവിചാരിതമായി അനുഭവങ്ങളും കടുത്ത പരീക്ഷണങ്ങളും മുന്നിൽ വരുന്നത്. ജീവിതത്തോട് പൊരുതിയും പ്രതിരോധിച്ചും പരിചയിക്കണം മനസ്സ്. എവിടെയും തോൽക്കാൻ തയാറാവാതെ ചെറുത്ത് നിൽപ്പോടെ മുമ്പോട്ട് പോകുന്ന ആളുകൾക്ക് എന്നും അഭിമാനിക്കാം, ജീവിതവിജയം കരസ്ഥമാക്കാം.

ദുഃഖങ്ങളും വേദനകളും യാതനകളും ഇല്ലാത്ത ജീവിതങ്ങളെ ഇല്ല. അതിനെയെല്ലാം മാനേജ് ചെയ്യുന്നത് പോലിരിക്കും ഒരാളുടെ ജീവിതം. മനുഷ്യരിലെ സവിശേഷത എന്തെന്നാൽ.. എന്തെങ്കിലും പ്രശ്നങ്ങൾ ഒന്നില്ലെങ്കിൽ മറ്റൊന്നിൽ അവർ അവരുടെ മനസ്സിനെ സദാസമയവും കുരുക്കിയിടും. മിക്കതും സ്വന്തം സൃഷ്ടികൾ തന്നെയായിരിക്കും എന്നതാണ് ഏറ്റവും വലിയ തമാശ. വെറുതെയിരിക്കുന്ന മനസ്സ് വേണ്ടാത്ത ചിന്തകളിൽ മുഴുകി ഓരോരോ പ്രശ്നങ്ങൾ വെറുതെ ക്രിയേറ്റ് ചെയ്തുകൊണ്ടിരിക്കും എന്നിട്ട് അവനവന്റെ തന്നെ മനസ്സിന്റെ സ്വസ്ഥത കളയും. എല്ലാം മനസ്സിന്റെ സൃഷ്ടികളാണ്, അവയെ നിയന്ത്രണത്തിൽ കൊണ്ടുവരലാണ് ഏറ്റവും വലിയ വെല്ലുവിളി. ഉചിതമായ അല്ലെങ്കിൽ പോസിറ്റീവായൊരു മനോഭാവത്തിന്റെ അപര്യാപ്തതയാണ് നാം ഇത്തരം ഘട്ടങ്ങളിൽ നേരിടുന്നത്. മനഃക്ലേശങ്ങളെയും പ്രതിസന്ധികളെയും യഥാവിധം കോപ് അപ് ചെയ്യാൻ വ്യക്തിത്വത്തിലെ ചില സുപ്രധാന ഘടകങ്ങൾ സഹായിക്കും. അതുകൊണ്ടാണ് നല്ലൊരു വ്യക്തിത്വമെന്ന കോണ്സെപ്റ്റിനെ ഇത്രയധികം പ്രോത്സാഹിപ്പിക്കേണ്ട ആവശ്യം വരുന്നത്. നല്ലൊരു വ്യക്തിത്വമെന്നാൽ അറിവും ബോധവും സമന്വയിച്ചുണ്ടാകുന്നതാണ്. സാമാന്യബുദ്ധിയോ സവിശേഷബുദ്ധിയോ എന്തോ ആവട്ടെ ഇതെല്ലാം മനുഷ്യന് കൃത്യമായും ഫലപ്രദമായും പ്രയോഗിക്കാൻ പറ്റുന്നെങ്കിൽ തന്നെ ജീവിതം പ്രശ്‌നങ്ങൾക്ക് നടുവിലും സമാധാനപൂർണ്ണമായിരിക്കും.

Also read: അനുഗ്രഹങ്ങളുടെ ആകാശപ്പെയ്ത്ത്

വ്യക്തിത്വമെന്നാൽ അല്ലെങ്കിൽ നല്ലൊരു വ്യക്തിയെന്നാൽ താൻ എപ്പോഴും എങ്ങനെ വേണം, താൻ എങ്ങനെയായാൽ ജീവിതത്തെ ഫലപ്രദമായി നേരിടാം എന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് ഏത് കാര്യങ്ങളിലും വ്യാപൃതനാവുന്ന, തിരിച്ചറിവിലൂടെ അവനവനെ നയിക്കുന്ന ഒരാളായിരിക്കും. അയാൾ സ്വന്തം ഉത്തരവാദിത്വം അറിഞ്ഞു നിറവേറ്റുന്നവനും ആയിരിക്കും. അല്ലാതെ തന്റെ കഴിവുകേടുകൾക്ക് എപ്പോഴും മറ്റുള്ളവരിലേക്ക് പഴിചാരുന്ന സ്വഭാവക്കാരൻ ആയിരിക്കില്ല. ഉത്തരവാദിത്വം ഏറ്റെടുക്കലാണ് വ്യക്തിത്വം അല്ലാതെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറൽ അല്ല. ഇപ്പറയുന്ന പോലെ ഉത്തമമായ ഒരു വ്യക്തിത്വത്തിന്റെ ഉടമ ആർക്കും ഒരു ശല്യമായിട്ടൊ ഉപദ്രവമായിട്ടൊ മാറാറില്ല. ഒന്നേ ഉള്ളൂ ആ മനുഷ്യനെ ആർക്കും സ്വന്തം ചൊല്പടിക്കോ, ആജ്ഞയ്ക്ക് അനുസരിച്ചോ താൻ കരുതിയപോലെ നിർത്താൻ എളുപ്പം കഴിഞ്ഞെന്നു വരില്ല. ആരുടെയും കാൽക്കീഴിൽ ജീവിക്കേണ്ട ആവശ്യം അല്ലെങ്കിലും ഒരു മനുഷ്യനുമില്ല. ആദരവോടെയും മനുഷ്യത്വപരമായ ഇടപെടലുകളോടെയും ആളുകളെ ചേർത്ത് പിടിച്ച് ആപത്ഘട്ടങ്ങളിൽ ഒരു തുണയായും കൂട്ടായും ജീവിക്കാം. അടിമത്വമല്ല ഒരാളിൽ വേണ്ടത്, ധാർമ്മികബോധവും അർപ്പണ മനോഭാവവും ഉണ്ടായാൽ മാത്രം മതി.

അധാർമ്മികതയ്ക്ക് ഒട്ടും കൂട്ട് നിൽക്കാത്ത ഉന്നതമായ അതേപോലെ ആർക്കും മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വമായാൽ പോലും ചിലപ്പോൾ മറ്റുള്ളവർ പറയുന്നത് കേട്ടും അനുസരിച്ചും അവർ ജീവിക്കുന്നില്ല എന്ന ഒറ്റക്കാരണത്താൽ ആളുകൾ അവരെ സദാസമയവും തെറ്റായി വിലയിരുത്തുന്നതും ഒറ്റപ്പെടുത്തുന്നതും സാധാരണമാണ്. ജീവിതം മുഴുവൻ ആരുടെയൊക്കെയോ വാക്കുകൾ കേട്ടും ഭയന്നും വിറച്ചും അനുസരിച്ചും ജീവിക്കേണ്ടതാണെന്ന ഒരു അബദ്ധധാരണ നമ്മുടെയൊക്കെ ഉപബോധമനസ്സിൽ എന്നോ കടന്നുകയറിയിട്ടുണ്ട്. ഇത്തരം പഴഞ്ചൻ ചിന്താഗതി മാറേണ്ട കാലം എന്നേ അതിക്രമിച്ചു കഴിഞ്ഞു. സ്വന്തം തീരുമാനമനുസരിച്ചും സ്വഇഷ്ടപ്രകാരവും ജീവിതത്തെ ഉചിതമായ രീതിയിൽ, ചിട്ടപ്പെടുത്തി ജീവിക്കാൻ മക്കളെ പ്രാപ്തരാകുകയാണ് രക്ഷിതാക്കൾ വേണ്ടത്. മാന്യതയും മര്യാദകളും മറക്കാതെ, സെല്ഫ് ഡിസിപ്ലിനോടെ ജീവിക്കാൻ പഠിക്കണം. തെറ്റുകൾ യഥാസമയം തിരുത്താൻ ഏത് സമയത്തും കൂടെ ഉണ്ടാവേണം.. ഓർക്കുക അവരും വ്യക്തികളാണ്. രക്ഷിതാക്കൾ അവരവരുടെ മനസ്സിലെ ആഗ്രഹങ്ങൾ മക്കളിലൂടെയല്ല, കഴിയും വിധം അവനവനിലൂടെ തന്നെയാണ് നിറവേറ്റേണ്ടത്.

കാലങ്ങളായി നാം പിന്തുടരുന്ന ഒരു സിസ്റ്റം അതാണ്, അതിൽ കാലം ആവശ്യപ്പെടുന്ന ചില മാറ്റങ്ങളെങ്കിലും വരുത്തേണ്ടത് അനിവാര്യമാണ്. ഓർക്കുക സ്വന്തമായ് നിലപാടിൽ ജീവിച്ച്‌ ശീലിച്ച ഒരു വ്യക്തി എപ്പോഴും മറ്റൊരാളുടെ നിലപാടിനെ മാനിക്കാൻ തയാറാവുന്നവനാവും. അല്ലാതെ എന്നും തന്റെ അച്ഛനമ്മമാരുടെ വാക്കുകൾ കേട്ട് മാത്രം ജീവിച്ചിട്ട് പിന്നീട് രക്ഷിതാവെന്ന റോൾ നിറവേറ്റാൻ നിയുക്തനായ ഒരാൾക്കും തന്റെ മക്കൾക്ക് ഒരു വ്യക്തിത്വം വേണമെന്നും അവരും വ്യക്തികളാണെന്നൊക്കെ അംഗീകരിക്കാൻ നല്ല ബുദ്ധിമുട്ടാകും. അല്ലെങ്കിൽ അയാൾ ഒരു പ്രത്യക സാഹചര്യത്തിൽ എത്തുമ്പോൾ മാറി ചിന്തിക്കാൻ തയാറാവുന്ന ഒരാൾ ആയിരിക്കണം. അങ്ങനെയുള്ള അച്ഛന്റെയോ അമ്മയുടേയോ മക്കൾ ആണെങ്കിൽ നാളെ ആ മക്കൾക്കും അച്ഛനമ്മമാരുടെ മുന്നിൽ അവർ അർഹിക്കുന്ന പരിഗണനയും സ്ഥാനവും കിട്ടും. കാരണം ഇത്തരം മാതാപിതാക്കൾക്കെ മക്കളെ വ്യക്തികളായി അംഗീകരിക്കാൻ പറ്റുള്ളൂ.
ഞാൻ എന്റെ അച്ഛൻ അല്ലെങ്കിൽ ബാപ്പ പറഞ്ഞതുകേട്ടാണ് ജീവിച്ചത് നീ ഞാൻ പറയുന്നത് അനുസരിച്ച് ജീവിച്ചാൽ മതി എന്ന സമീപനം ഇനി മുന്നോട്ട് വരും തലമുറയിലെ മക്കൾക്കിടയിലൊക്കെ എത്രത്തോളം വിജയകരമാകുമെന്നത് ആരിലും സംശയം ഉദിപ്പിക്കുന്ന കാര്യമാണ്.

മക്കൾ അവരുടെ പ്രോപ്പർട്ടിയല്ല. ഉടമസ്ഥാവകാശം പറയാൻ സത്യത്തിൽ ആരും ഇവിടെ ആരുടെയും പ്രോപ്പർട്ടിയല്ല എന്നതാണ് വലിയൊരു സത്യം. ഇന്ന് നമ്മുടെ നിലനിൽപ്പിനും അതിജീവനത്തിനും സർവ്വതും സമർപ്പിച്ച് തുണയായി, കൂട്ടായി, ഊർജ്ജമായി നിന്നവർക്ക് നാളെ തണലായി, ശക്തിയായി, താങ്ങായി നിൽക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ഇതൊരു ചാക്രികമായി സംഭവിക്കുന്ന, തലമുറകൾ കൈമാറി വരുന്ന ഒരു പ്രക്രിയ അല്ലെങ്കിൽ ഓരോ മനുഷ്യനിലും ആർപ്പിതമായ ഉത്തരവാദിത്വമായി കാണാം. കുട്ടികൾ മാതാപിതാക്കളിലൂടെ ഈ ലോകത്തേയ്ക്ക് വന്നു എന്നെ ഉള്ളൂ. അതുകൊണ്ട് അവരുടെ ഉടമസ്ഥാവകാശം പറഞ്ഞു നടക്കാതെ അവരെ ഏറ്റവും നല്ല വ്യക്തികളാക്കിയും നല്ല മനുഷ്യനാക്കിയും വളർത്തുകയാണ് വേണ്ടത്. എങ്കിൽ മാതാപിതാക്കളെ ഒരു ഘട്ടത്തിലും അവർ കൈവെടിയില്ല എന്നുള്ളത് ഉറപ്പാണ്. ഏറ്റവും ഭാഗ്യം ചെയ്ത അച്ഛനമ്മമാർ അവർ തന്നെയായിരിക്കും എന്നതിൽ സംശയവുമില്ല. കുഞ്ഞുങ്ങൾ അച്ഛനമ്മമാരിൽ നിന്ന് ആത്മസംസ്ക്കരണം നേടുന്നത് വഴി പ്രലോഭനങ്ങളിൽ ചെന്ന് വീഴാതെ നോക്കാം. മൂല്യാധിഷ്ഠിത ചിന്തകൾ അതിന് ഉപകരിക്കും. ഇത് തന്നെയാണ് ഉത്തമ വ്യക്തിത്വത്തിലേക്കുള്ള ചവിട്ടുപടി എന്ന് പറയുന്നതും.

Also read: ചൈനീസ് എഴുത്ത് ശൈലിയും ഇസ് ലാമിക് കലിഗ്രഫിയും

അതുകൊണ്ട്  മക്കളെ വ്യക്തികളായിട്ടാണ് ട്രീറ്റ് ചെയ്യേണ്ടത്. കുഞ്ഞിലേ തന്നെ അച്ഛനമ്മമാരും കൂടിപ്പിറപ്പുകളുമായി മക്കൾക്ക് നല്ലൊരു ഇമോഷണൽ ബോണ്ട് ഉണ്ടാക്കിയെടുക്കുക എന്നുള്ളതും തങ്ങളുടെ കടമയാണെന്ന കാര്യം അച്ഛനമ്മമാർ മറക്കരുത്. എന്നാൽ ആ ഇമോഷണൽ ബോണ്ട് അഥവാ അച്ഛനമ്മമാരുമായുള്ള വൈകാരികമായ ബന്ധം ഒരിക്കലും കുഞ്ഞിന്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും വിഘ്നം വരുത്തുന്ന രീതിയിലേക്ക് ഏത്തിക്കരുത്. ബന്ധങ്ങൾ ബന്ധനങ്ങളായി മാറുന്നത് അപ്പോഴാണ്. ഇമോഷണൽ ടോക്കിലൂടെ വൈകാരികമായി സംസാരിച്ച് ആളുകളെ തങ്ങളുടെ വരുതിയിൽ നിർത്തുന്നതിൽ ചിലർ അതിവിദഗ്ധരായിരിക്കും. അതല്ല അതിന്റെ ശരി. നമ്മുടെ നാട്ടിലെ മനുഷ്യരുടെ സൈക്കോളജി പ്രകാരം ബഹുഭൂരിഭാഗവും മനസ്സിൽ സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ചും അതിജീവനത്തെകുറിച്ചുമുള്ള അമിത ആശങ്ക കൊണ്ടുനടക്കുന്നവരാണ്. ഇത് അവരുടെ സംസാരത്തിലും മനോഭാവത്തിലും പ്രകടമാവുന്നതും സ്വാഭാവികമാണ്. വാസ്തവത്തിൽ ഈ വിധ ചിന്തകളും ആകുലതകളും പലപ്പോഴും അവരുടെ ജീവിതത്തെയും അതിജീവനത്തെയും ദുർഘടാവസ്ഥയിൽ എത്തിക്കാറുണ്ട്. മാത്രമല്ല ജീവിതത്തിന്റെ യഥാർത്ഥ സുഖങ്ങളും സന്തോഷങ്ങളും നശിപ്പിച്ചു കളയുന്നതിൽ അത്തരം ചിന്തകൾക്ക് വലിയ പങ്കുണ്ട് താനും.

സത്യത്തിൽ ആത്മവിശ്വാസം തെല്ലുമില്ല എന്നതിന്റെ തെളിവ് കൂടിയാണ് അത്. മക്കളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ കഴിയാതെ പോകുന്ന അച്ഛനമ്മമാർ ഒരിക്കലെങ്കിലും അരക്ഷിതവസ്ഥയെ രുചിച്ചറിയേണ്ടതായി വരുന്നു. നിങ്ങളെ ജന്മം തന്ന് പോറ്റി, വളർത്തി, വലുതാക്കി എന്ന് പറഞ്ഞു ബോധ്യപ്പെടുത്തേണ്ട അവസ്ഥയും ഇനി നിങ്ങൾ ഞങ്ങളെ നോക്കണം എന്ന് പറഞ്ഞു മനസ്സിലാക്കികൊടുക്കേണ്ട അവസ്‌ഥയൊക്കെ വരുന്നത് ഉൾക്കണ്ണ് തുറപ്പിച്ചും ഉൾബോധത്തോടെയും മക്കളെ വളർത്താൻ മറന്നതിന്റെയൊക്കെ അനന്തരഫലമെന്നേ പറയാൻ സാധിക്കൂ. ഇനി അവർ കൂട്ടിന് ഇല്ലെങ്കിൽ തന്നെയും ആത്മവിശ്വാസം കൈവിടരുത്. ആരോരുമില്ലാത്ത എത്രയെത്ര മനുഷ്യർ ഇവിടെ ജനിക്കുന്നു മരിക്കുന്നു. നമ്മൾ അറിയാത്ത ജീവിതങ്ങളെക്കുറിച്ച് അറിയാൻ നമ്മൾ താത്പര്യപ്പെടാത്തതുകൊണ്ടാണ് നമുക്കൊന്നും ഒരിക്കലും പരിഭവങ്ങളും പരാതികളും തീരാത്തത്. പറയാതെ തന്നെ കാര്യങ്ങൾ ഉൾക്കൊള്ളുന്ന, കാര്യങ്ങളെ തിരിച്ചറിയുന്ന മക്കൾ ഉണ്ടാവുന്നത് തുറന്ന ഇടപെടലുകളും ചേർത്ത് പിടിക്കലും സ്വതന്ത്രമായ ചിന്തകളിലൂടെ കാര്യങ്ങൾ ഗ്രഹിച്ചെടുക്കാനും സത്യങ്ങൾ മനസ്സിലാക്കാനും ശീലിച്ച ഒരു വ്യക്തിത്വത്തിന് ഉടമയായ കുട്ടികളാണ്. അച്ഛനെയും അമ്മയെയും പരിപാലിക്കുക എന്നത് തന്റെ ധർമ്മമാണ് എന്ന് കുഞ്ഞുങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞാൽ ഒരിക്കൽ പോലും തനിയ്ക്ക് ജന്മം നൽകിയവരെ ദുരവസ്ഥയിലേയ്ക്ക് തള്ളിയിട്ട് കടന്നു കളയാൻ ഒരു മക്കൾക്കും കഴിയില്ല.

“കഷ്ടപ്പാട്” എന്ന വാക്ക് പലരുടെയും നാവിൽ ഇടയ്ക്കിടെ വന്നു പോകുന്ന വാക്കാണ്, ഈയൊരു വാക്കിനെ സന്തത സഹചാരിയെ പോലെ കൂടെ കൊണ്ടുനടക്കുന്നവരെയും കാണാറുണ്ട്. യഥാർത്ഥ കഷ്ടപ്പാട് എന്താണെന്ന് അപ്പോഴും അപ്പറയുന്നവരൊന്നും അറിഞ്ഞുപോലും കാണില്ല എന്ന സത്യത്തെ വിസ്മരിക്കരുത് നമ്മളാരും. ഇനി അറിഞ്ഞാൽ തന്നെ ഏത് കഷ്ടപ്പാടിൽ നിന്ന് കരകയറാനും പോസറ്റീവ് ആയി ചിന്തിക്കാനും എല്ലാത്തിനെയും മറികടക്കാനുമുള്ള പ്രതിവിധികൾ നമുക്ക് ചുറ്റിനും ഉണ്ട്. ആത്മധൈര്യവും മനോവീര്യവും ഒപ്പം അവനവനിൽ വിശ്വാസവും ഉണ്ടെങ്കിൽ ഏത് കടുത്ത പ്രതിസന്ധികളെയും തരണം ചെയ്യാം. പിന്നെ എന്തിനാണ് ഏത് നേരവും ആധിയും വ്യഥയും വിതയ്ക്കുന്ന ചിന്തകളോടൊപ്പം ഈ നേരിപ്പോടിനുള്ളിൽ കഴിയുന്നത്..? ഉരുകി ഉരുകി തീരുന്നത്? അതിൽ നിന്നെല്ലാം പുറത്ത് വരണം. ആരുടെയും ഔദാര്യമല്ല ഈ ജീവിതം. ആരെങ്കിലും കനിഞ്ഞിട്ട് ജീവിക്കേണ്ടതുമല്ല. ജീവിതത്തെ നേരിടാൻ ഏത് ഘട്ടത്തിലും പ്രപ്തിനേടുക, അതിൽ നിന്ന് കിട്ടുന്ന ആത്മവിശ്വാസത്തിൽ മുന്നേറുക.. ഇവയെല്ലാം നല്ലൊരു വ്യക്തിത്വത്തിന് ആർജ്ജിച്ചെടുക്കാവുന്ന ഗുണങ്ങളാണ്… പരുവപ്പെടാനുള്ള മനസ്സൊന്ന് ഉണ്ടെങ്കിൽ .. !!!

Facebook Comments

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker