Current Date

Search
Close this search box.
Search
Close this search box.

കപടലോകത്തോട് നോ പറയാം

ഒട്ടും പതറാത്ത, അചഞ്ചലമായ നിലപാടും അടിയുറച്ച വ്യക്തിത്വവുമുള്ളൊരാൾക്ക് ഒരുപക്ഷേ സ്വാഭാവികമായും ഇന്ന് കാണുന്ന ഏതൊരു മേഖലയിലും പ്രവൃത്തിക്കേണ്ടി വരുന്ന ഒരാൾക്ക് ആരെങ്കിലുമൊക്കെ വിരോധികളും ശത്രുക്കളുമായിട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്. വൈയക്തികമായ ചിന്തകൾക്കും താല്പര്യങ്ങൾക്കും അശേഷം പ്രാധാന്യം കല്പിക്കാത്ത ഒരു വ്യവസ്ഥിതി സമൂഹത്തിൽ രൂപപ്പെട്ട് വരാൻ ഇടയാവുന്നതും അങ്ങനെയാവാം.

ശക്തമായ വ്യക്തിത്വത്തിനുടമകൾ അസമത്വത്തിനും അന്യായത്തിനും അതിക്രമങ്ങൾക്കും നേരെ കണ്ണടക്കില്ല. മനുഷ്യരാശിയുടെ നാശത്തിനോ അധഃപതനത്തിനോ ഹേതുവാക്കപ്പെടുന്ന ആശയങ്ങളും വിചാരങ്ങളുമല്ല മനുഷ്യരുടെ ഉന്നമനത്തിനും ഉയർച്ചയ്ക്കും മുന്നോക്കം നിൽക്കുന്ന മാനവികതയാൽ ഉദ്ദീപിപ്പിക്കപ്പെട്ട ദീപത്മായ ചിന്തകളാണ് അവരുടെ മനസ്സിനാഴങ്ങളിൽ പടർന്ന് പിടിക്കുന്നത്. തന്നെപ്പോലെ ഈ മണ്ണിൽ സഹവസിക്കുന്ന മറ്റൊരു ജീവിയോട് കാണിക്കുന്ന ഒരുതരത്തിലുള്ള അന്യായങ്ങളെയും പക്ഷപാതിത്വത്തെയും പാർശ്വവൽക്കരണത്തെയും കണ്ട് നിൽക്കാനോ അവയെ അത്രയ്ക്കങ്ങ് ലാഘവത്തോടെ കാണാനോ അത്തരമൊരു വ്യക്തിയ്ക്കും സാധിക്കില്ല. കൃത്യമായൊരു ബോധത്തിലൂന്നിയ ഒരു മനുഷ്യന്റെ ചിന്തകളെ വശീകരിക്കാനോ അവരെ സ്വതാത്പര്യങ്ങൾക്ക് വശംവദരാക്കാനോ, ബ്രെയിൻ വാഷ് ചെയ്തെടുക്കാനോ ഉള്ള ശ്രമങ്ങൾ വിഫലമാവാനെ ഇടയുള്ളൂ. അവർ പിന്തുടരുന്ന ആശയങ്ങൾക്ക് വിലപേശാൻ നിന്നാൽ നിരാശരായി മടങ്ങേണ്ടിയും വരും.

തന്റെ ഇച്ഛയ്ക്കനുസരിച്ച് പെരുമാറാനും ചിന്തിക്കാനും പ്രവൃത്തിക്കാനും തയാറാവുന്ന സഹജീവികളോട് മാത്രം കമ്പവും ഇമ്പവും കാണിക്കാനും അല്ലാത്തവരോട് പ്രകടമായ അനിഷ്ടവും അസഹിഷ്ണുതയും കാണിക്കുന്നത് പൊതുവെ മനുഷ്യരിൽ കണ്ടു വരുന്ന ഒരു പ്രവണതയാണ്. അതിൽ വിമുഖത കാണിക്കുന്നവരെ അവമതിക്കാനും ഒറ്റപ്പെടുത്താനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങളും നിരന്തരം അവർ നടത്താറുണ്ട്. വാസ്തവത്തിൽ അനീതിയല്ലേ അവർ കാണിക്കുന്നത്? ഓരോ മനുഷ്യർക്കും അവരവരുടേതായ ചിന്താഗതികളും കാഴ്ചപ്പാടും ജീവിതചര്യകളും ശൈലികളും പിന്തുടരാനുള്ള അവകാശമില്ലേ? ഭരണഘടന അനുവദിച്ച പ്രകാരം അയാൾ ആരുടെയും വ്യക്തിത്വത്തെ
ഹനിക്കാതെ ഒരു തരത്തിലും ഉപദ്രവിക്കാതെ, ശല്യമാവാതെ ജീവിക്കുന്നിടത്തോളം ഏതൊരു പൗരന്റെയും അവകാശങ്ങൾ ഇവിടെ സാധുവായി തന്നെ നിലനിൽക്കും.

അറിവിനാൽ സമ്പന്നമായൊരു മനസ്സ് മനുഷ്യരുടെ ജന്മസാഫല്യമായി കാണണം. വലിയ ക്യാൻവാസിലേയ്ക്ക് ലോകത്തെ വരച്ചിടാൻ തുനിയുമ്പോൾ കാഴ്ചകളുടെയും തിരിച്ചറിവിന്റെയും ചക്രവാളം അനുദിനം വിശാലമായിക്കൊണ്ടിരുക്കും. അറിവിനാൽ ഉള്ളകം പ്രകാശിപ്പിക്കുമ്പോൾ ഇന്നോളം തിരിച്ചറിയാത്ത പല സത്യങ്ങളും മറനീക്കി പുറത്ത് വരും. സത്യങ്ങളാൽ സമഗ്രമായ ഓരോ വെളിപാടും ഉണ്ടാവുന്നതോടൊപ്പം ഇതുവരെ തെളിമയില്ലാതെ, ആശയകുഴപ്പങ്ങളാൽ കെട്ടുപിണഞ്ഞു കിടന്ന മനസ്സിനകത്തെ പല നിഗൂഢതകളും കെട്ടഴിഞ്ഞ് വീഴും.

കൃത്യമായ അവബോധത്തിൽ നിലയുറപ്പിച്ച ചിന്തകളും കാഴ്ചപ്പാടുകളും സ്വാധീനിച്ച ഒരാളെ എടുത്ത് നോക്കിയാൽ ഉറപ്പായും കാപട്യത്തിലൂടെ നേട്ടങ്ങൾ ആഗ്രഹിക്കാത്തവരായിരിക്കും അവർ. കപടലോകത്തോടും കപടന്മാരോടും ഒരിക്കലും സമരസപ്പെട്ടു പോകാൻ മനസ്സ് സമ്മതിക്കില്ല, അതിനാൽ സത്യത്തിലൂന്നിയ വ്യക്തിത്വമായി മാറാൻ പ്രാപ്തനാവുന്നു. രക്ഷിതാക്കൾ മക്കളിൽ വിശ്വാസമർപ്പിക്കാതെ സ്വന്തം നിഴലിൽ വളർത്തുന്നതും കുട്ടിയുടെ മേൽ കാണിക്കുന്ന ഉടമസ്ഥ മനോഭാവവും അവരിലെ ഈഗോയും വ്യക്തിത്വരൂപീകരണത്തിന് അത്യധികം പ്രതികൂലമായി ഭവിക്കുന്നു. സാമൂഹിക മനസ്സാക്ഷിയെ മനുഷ്യത്വവിരുദ്ധമായ പല ചിന്താഗതികളിലൂടെയും ഊന്നി നിർത്തിയ ഒരു പൊതുബോധമാണ് ഇവിടെ നിർമ്മിതമാവുന്നത്.

ചോദ്യങ്ങളെ ഭയക്കുന്നവരെയും തങ്ങൾക്ക് നേരെ സംശയകണ്ണുകളോടെ നോക്കുന്നവരെയും ഇല്ലാതാക്കുന്ന അദൃശ്യശക്തികളാണ് മനുഷ്യരെ അവരറിയാതെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. അല്ലാത്തപക്ഷം സത്യങ്ങളോടും യഥാർത്ഥ്യങ്ങളോടും അനായാസേന മെരുങ്ങുന്ന, കാപട്യത്തോട് താദാത്മ്യം പ്രാപിക്കാൻ തയാറാവാത്ത സ്വഭാവം മനുഷ്യനിൽ രൂപപ്പെടണം. ദൈനംദിന വ്യവഹാരങ്ങളിൽ അശേഷം മടിയില്ലാതെ നൂറ് കളവുകളെങ്കിലും പറയുന്നവർ നമുക്കിടയിലുണ്ടത്രെ. വാസ്തവത്തിൽ ഇത് വ്യക്തിയുടെ കഴിവില്ലായ്മയും വ്യക്തിത്വബോധമില്ലായ്മയുമാണ് കാണിക്കുന്നത്. എപ്പോഴെങ്കിലും ചിന്തിക്കണം സ്വന്തം മനസ്സിൽ അവനവനോട് എന്ത് മതിപ്പാണ് ആ മനുഷ്യന് തോന്നുക? ഒട്ടും ഉണ്ടാവില്ല എന്ന് പറയാം. വ്യക്തിത്വത്തിന്റെ ദയനീയമായൊരു പതനമാണ്, തകർച്ചയാണിത് കാണിക്കുന്നത്.

അതേ മനുഷ്യർ തന്നെ പലപ്പോഴും അപരന്റെ പിഴവുകൾ ചൂണ്ടിക്കാണിച്ച് അവനിൽ പല അപരാധവും ചുമത്തുന്നത് കാണാം. എന്നിട്ട് ദൈവത്തിന് നേരെ കൈനീട്ടിയും കൈകൂപ്പിയും പ്രാർത്ഥിക്കുകയും ചെയ്യും. ഹൃദയത്തിലേയ്ക്കാണ് ദൈവം നോക്കുന്നതെങ്കിൽ ഹൃദയശുദ്ധിയല്ലേ ആവശ്യം. ഉള്ളിൽ സത്യത്തിന്റെയോ നന്മയുടെയോ ലാഞ്ഛന ഇല്ലെങ്കിൽ പോലും അവർക്ക് ഈശ്വരപ്രീതി ലഭിക്കുമെന്ന് അവർ സ്വയം വിശ്വസിക്കുന്നു. മനുഷ്യന് ഒരു ചില്ലിക്കാശ് പോലും ചെലവാക്കാതെ ചെയ്യാൻ പറ്റുന്ന മഹത്തായ പുണ്യങ്ങളിലൊന്ന് സ്വയം നന്നാവുക, നന്മയുള്ളവനാകുക, സ്വയം വിമലീകരിക്കപ്പെടുക എന്നതാണ്. എങ്കിൽ സർവ്വം ശുഭം. ആള് നന്നാവും കുടുംബം നന്നാവും ഒപ്പം സമൂഹവും നന്നാവും.

ജന്മസിദ്ധമായ പല കഴിവുകൾക്കും അപ്പുറം സ്വയം ആർജ്ജിച്ചെടുക്കേണ്ട ഒന്നാണ് വ്യക്തിത്വം. സദ്ചിന്തകളിലൂടെ, സദ്കർമ്മങ്ങളിലൂടെ മനുഷ്യർ ഉയർന്ന് വരുമ്പോഴാണ് ഉത്കൃഷ്ടമായ ഒരു വ്യക്തിത്വം രൂപംകൊള്ളുന്നത്. വസ്തുനിഷ്ഠാപരമായി ചിന്തിച്ചാൽ, ആത്യന്തികമായി ഏത് മനുഷ്യനും നിർവ്വഹിക്കുന്ന ഏതൊരു കൃത്യങ്ങളുടേയും കർമ്മങ്ങളുടേയും ഉദ്ദേശ്യം സ്വന്തം സുരക്ഷ അല്ലെങ്കിൽ നിലനിൽപ്പാണ്. അതല്ല നിസ്വാർത്ഥ മനോഭാവത്തോടെ കർമ്മങ്ങളും സ്വധർമ്മങ്ങളും നിറവേറ്റുമ്പോൾ മനുഷ്യർ സ്വയമേ ഉന്നതി പ്രാപിക്കുന്നു.

വഞ്ചിതരാകാൻ സത്യത്തിൽ ആരും ഇഷ്ടപ്പെടുനില്ല. തന്റെ പ്രിയ സുഹൃത്ത് അല്ലെങ്കിൽ ജീവിത പങ്കാളി തന്നെ കളവ് പറഞ്ഞു പറ്റിച്ചുവെന്ന് അറിയുന്നൊരു സന്ദർഭത്തിൽ ഏത് വികാരമാവും നമ്മുടെയുള്ളിൽ ജനിപ്പിക്കുക? ഈഗോ വ്രണപ്പെടും അഭിമാനം വ്രണപ്പെടും അത്രത്തോളം അസഹ്യമായ വേദനയാണ് അത് നൽകുന്നത്. അതേസമയം നമ്മളെത്ര നന്മയുടെ വാക്താക്കളായിട്ടും ശുദ്ധഗതിക്കാരായിട്ടൊന്നും കാര്യമില്ല, ലോകം ശരിയല്ല എന്ന ചിന്തകൾ അത്യധികം അപകടകരമാണ്. സമൂഹത്തിന് വലിയ ദോഷം ചെയ്യും ഇത്. ഇത്തരം ചിന്താഗതിയിലൂന്നിയ സംസാരവും ജീവിതരീതികളും മറ്റുള്ളവരെയും കൂടെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കും. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചെ ഉപയോഗിക്കാവൂ. തന്റെ വാക്കുകൾ ശ്രവിച്ചുകൊണ്ടിരിക്കുന്നവരിൽ അത് ആഴത്തിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്ന ബോധം വേണം.

ലോകത്തെയും ലോകരെയും നോക്കി നന്നാവാൻ ഓരോ മനുഷ്യരും നിന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നത്? ലോകമേ നന്നാവില്ല. ഓരോരുത്തരും സ്വയം നന്നായാലോ ലോകം നന്നായി. തനിയ്ക്ക് ചെയ്യാവുന്ന മിനിമം കാര്യങ്ങളിലൊന്ന് സ്വയം നന്നാവലാണ്. എത്രതന്നെ സദ്ഗുണ സമ്പന്നമാകുന്നോ മനസ്സ് അത്രതന്നെ തിന്മകളെ ചെറുത്ത് തോല്പിക്കാനുള്ള ശക്തമായൊരു പ്രതിരോധ ശേഷിയും ഉള്ളിൽ സമാന്തരമായി രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. കാരണം ഒരാളിലെ നന്മയും ഉയർച്ചയും ഉൾകൊള്ളാൻ പറ്റാത്ത മനുഷ്യർ ചുറ്റിലുമുണ്ട്. തനിയ്ക്ക് സാധിക്കില്ലങ്കിൽ അപരനെ തന്റെ നിലവാരത്തിലേക്ക്, താഴേയ്ക്ക് വലിച്ചിടാം എന്ന ഗതികെട്ട ചിന്തയാവും അതിന് പിന്നിൽ. നന്മകളുടെ ശത്രുക്കൾ വാഴുന്നിടം കൂടിയാണ്, പൈശാചിക ചിന്തകൾ ഭരിക്കുന്ന മനസ്സിന്റെ ഉടമകളായവർ. ഒരു മനുഷ്യന് തിരിച്ചറിവ് വരുന്നതും നല്ല വ്യക്തിയാവുന്നതും ഈ സമൂഹത്തിൽ പലർക്കും പല അർത്ഥത്തിലും വെല്ലുവിളിയാണ്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles