തന്റേതല്ലാത്ത കാരണങ്ങളാൽ സമൂഹത്തിന് മുന്നിൽ അപഹാസ്യനാക്കപ്പെടുകയും മാലോകരിൽ നിന്ന് നിരന്തരമായി അധിക്ഷേപങ്ങളും കുറ്റാരോപണങ്ങളും ഏറ്റുവാങ്ങി മാനസികപീഡ അനുഭവിക്കേണ്ടി വരുന്ന മനുഷ്യരുണ്ട്. സത്യമെന്തെന്ന് അറിയാതെ നിർദാക്ഷിണ്യം പരസ്യമായും ഒളിഞ്ഞും തക്കം പാർത്തും സഹജീവികളിലൊരാളെ കുരുതിയ്ക്ക് കൊടുക്കും വിധം ദ്രോഹിക്കുന്നത് അതീവം അസഹ്യമാണ്. തനിയ്ക്കല്ലല്ലോ, അപരന് വേദനിച്ചാൽ ആർക്ക് ദണ്ണം? ഇതാണ് നമ്മിൽ പലരെയും ഭരിക്കുന്ന ചിന്ത. അവരിൽ ഇരയാക്കപ്പെടുന്ന മനുഷ്യനെ കണ്മുന്നിൽ വെച്ച് ഉപദ്രവിക്കുകയും കുത്തിനോവിക്കുകയും ചെയ്യുന്നത് മനസ്താപമേൽക്കാതെ കണ്ട് നിൽക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവർ വേറെയും.
തനിയ്ക്ക് ഏൽക്കേണ്ടിവരുന്ന ഓരോ പ്രഹരവും മനസ്സിന്റെ ആഴങ്ങളിൽ ആഘാതങ്ങൾ സൃഷ്ടിച്ചേക്കാം. ഉണർവിലും നിദ്രയിലും ഭയമെന്ന വികാരം, ഒറ്റപ്പെടലിന്റെ ഭീമാകാരത കൂടാതെ അരക്ഷിതത്വം എന്നിവ നിർബാധം അയാളെ പിന്തുടരാം. വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ സമൂഹത്തിന് ഒട്ടും മാറ്റിനിർത്താൻ പറ്റാത്ത വിധം സാമാന്യം വലിയൊരു പങ്കുണ്ടെന്ന് ഇതിൽ നിന്നും മനസ്സിലാക്കാമല്ലോ.
തദവസരത്തിൽ നിലവിലെ ചിന്തകൾ, കാഴ്ചപ്പാടുകൾ എന്നിവയിൽ നിന്നും വ്യതിചലിച്ച്, ഗതിമാറി സഞ്ചരിക്കാൻ വ്യക്തിയിൽ ഉൾപ്രേരണയുണ്ടാകുന്നു. ഒരു വിശകലനത്തിന് മുതിർന്നാൽ ഇവിടത്തെ സാമൂഹികവ്യവസ്ഥിതി കണക്കിലേറെ വൈരുദ്ധ്യാത്മകത നിറഞ്ഞതാണ്. പൊതുബോധമാണ് പലപ്പോഴും നിശ്ചയിക്കുന്നത് ഒരാൾ നല്ലവനോ ചീത്തയോ എന്ന്. വ്യക്തിഗതമായ ചിന്തകൾക്ക് അത്രകണ്ട് അർഹിക്കുന്ന സ്ഥാനമോ പ്രധാന്യമോ ലഭിക്കാത്തത് സമൂഹം പലപ്പോഴും നേരിടുന്ന വലിയ വെല്ലുവിളിയിൽ ഒന്നാണ്. ശരിതെറ്റുകൾ സ്വയം വിവേചിച്ചറിയാനും വളരാനും സ്വന്തം നിലപാട് വ്യക്തമാക്കാനും അല്ലാത്തവയെ നിഷേധിക്കാനും സമ്മതിക്കുന്നില്ല. ചെയ്തുപോയ തെറ്റിനും ചെയ്യാത്ത കുറ്റത്തിനും വിധികർത്താക്കളാവുന്നത് സമൂഹവും അതിലെ ജനങ്ങളുമാണ്.
നേരിനോടൊപ്പം നിലപാടിൽ ജീവിക്കാൻ മക്കൾക്ക് രക്ഷിതാക്കളുടെ പിന്തുണ ലഭിച്ചാൽ അധിനിവേശത്തിന് ഒരുമ്പെടുന്ന ശക്തികൾക്ക് വഴിപ്പെടാതെ ജീവിക്കാൻ അവർ പഠിക്കും. കുടുംബ, സാമൂഹിക തലത്തിൽ നേരിടുന്ന ഏത് സമസ്യകളെയും രണ്ട് രീതിയിൽ കൈകാര്യം ചെയ്യാവുന്നതാണ്. ഒന്ന്, അപരാധം ചെയ്യാത്ത പാവങ്ങളെ വെറുതെ വിടാൻ മനസ്സുണ്ടാവണം. ആരെയും വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക. എന്നിട്ട് ദുഷ്ടലാക്കോടെ പ്രവർത്തിക്കുന്ന സമൂഹ്യദ്രോഹികളെ ജനം തിരിച്ചറിഞ്ഞ് അവർക്കെതിരെ ശക്തമായ നടപടികൾ എടുക്കണം. മറ്റൊന്ന് അധമ ചിന്തകളെ വെടിയാൻ അവബോധം ഉള്ളിൽ വളർത്തലാണ്.
ആർക്കും മറ്റൊരാളെ നിയന്ത്രിക്കാൻ സാധിക്കില്ല എന്ന സത്യം മനസ്സിലാക്കുക. സാധിച്ചെങ്കിൽ തന്നെ പരിധിയുണ്ട്. അതുകൊണ്ട് ഹീനകൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ ഉള്ളിൽ ആത്മനിന്ദ തോന്നണം മനുഷ്യർക്ക്. ആത്മനിന്ദയോളം വലിയ നിന്ദയില്ലെന്നും ഓർക്കണം.
ലജ്ജ, നാണം, കുറ്റബോധം, മാനഭംഗം, മാനക്കേട്, ഇവയ്ക്കൊക്കെ ഒരു മനുഷ്യന്റെ വ്യക്തിത്വത്തിൽ എന്ത് ധർമ്മമാണ് നിറവേറ്റാനുള്ളത്? വ്യക്തിത്വത്തിൽ ഇപ്പറഞ്ഞ ഘടകങ്ങളുടെയെല്ലാം അസാന്നിധ്യം എത്രയധികം വിപരീതമായും പ്രതികൂലമായും ഭവിക്കുന്നു ഇവയൊക്കെ അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും. സാമൂഹിക ജീവിയാണെങ്കിൽ പ്രസ്തുത സാമൂഹിക പരിതസ്ഥിതിയെ മാനിച്ച് ജീവിക്കേണ്ടി വരും. ഒട്ടേറെ അരുതായ്മകളെ ഗൗനിച്ചും പാലിച്ചും തന്നെ ജീവിക്കേണ്ടിവരും.
ശ്രേഷ്ഠമായ വ്യക്തിത്വമെന്നാൽ ചിന്തകൾകൊണ്ടും കാഴ്ചപ്പാടുകൾകൊണ്ടും ഉന്നതശ്രേണിയിൽ നിൽക്കുന്ന ഒരാളായിരിക്കും. എങ്കിൽ സാമൂഹിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായതോ, സ്വന്തം ഇമേജിനെ ബാധിക്കുമെന്ന ബോധത്തിൽ നാലാൾ കാൺകെ വല്ല അനാശാസ്യമോ, ആഭാസമോ കാണിക്കുമ്പോൾ തോന്നുന്ന വെറും ജാള്യതയല്ല, മാനക്കേടോ അപകീർത്തിയോ, ആധിയോ, ഭീതിയോ അല്ല വ്യക്തിത്വം. തന്റെ മുന്നിൽ സ്വയം തരംതാഴേണ്ടി വരുന്ന ഏതൊരു പ്രവൃത്തിയിൽ നിന്നും വിട്ടുനിൽക്കലാണ്. സ്വന്തം മനസ്സാക്ഷിയുടെ മുന്നിൽ തരം താഴാതെ, അപരാധിയാവാതെ നിവർന്ന് നിന്ന് ജീവിക്കാനുള്ള യോഗ്യതയാണത് പ്രദാനം ചെയ്യുന്നത്. തനിയ്ക്കുള്ള പോലെ കുറവുകളും ബലഹീനതകളും ചാപല്യങ്ങളുമുള്ള മനുഷ്യരാണ് ചുറ്റിലുമുള്ളതെന്ന അവബോധത്തോടെയും തിരിച്ചറിവോടെയും ഏവരെയും ഉൾക്കൊള്ളാനും അംഗീകരിക്കാനും പറ്റുന്നതോടൊപ്പം കരുതലോടെ സൂക്ഷ്മതയോടെ ജീവിയ്ക്കാൻ ആൺപെൺ വ്യത്യാസമില്ലാതെ വ്യക്തിത്വത്തിൽ അലിഞ്ഞുചേർന്ന ഒരു ക്വാളിറ്റിയാവണം ലജ്ജ. നാണംകുണുങ്ങിയോ ആളുകൾ കൂടിനിൽക്കുന്നിടത്ത് നിന്ന് ഉൾവലിയലൊന്നുമല്ല ലജ്ജ സോഷ്യലൈസിങ്ങിൽ സാമൂഹിക ഇടപെടലുകളിൽ താൻ ചെയ്യുന്ന കൃത്യങ്ങൾ, കാണിക്കുന്ന ചേഷ്ടകൾ തനിയ്ക്ക് ചേരാത്തതാണെന്ന ബോദ്ധ്യത്തിൽ പിന്മാറാൻ പ്രേരിപ്പിക്കുന്ന ഒന്നാണത്. ഇപ്ലറയുന്ന നാണവും മാനവും ഒരു പ്രത്യേക വിഭാഗത്തിന് മതിയെന്ന.ധാരണയും തെറ്റാണ്.
മനസ്സാക്ഷിയ്ക്കൊത്ത ജീവിതം നയിക്കുന്നൊരാൾക്ക് ആദ്യം ബോധിപ്പിക്കേണ്ടത് സ്വന്തം മനസ്സാക്ഷിയെയാണല്ലോ. ലോകത്തിന് മുന്നിൽ യശസ്സ് ഉയർത്തി ജീവിക്കാൻ, ശിരസ്സ് ഉയർത്തി നടക്കാൻ ഒരാൾക്ക് ആദ്യം അവനവനിൽ നല്ല മതിപ്പ് ഉണ്ടാവണം. ആരുടെ മുന്നിലും ലജ്ജിക്കേണ്ട അല്ലെങ്കിൽ തലകുനിക്കേണ്ട പ്രവൃത്തികളിൽ തന്റെ സാന്നിധ്യമോ പങ്കോ ഉണ്ടാവാതെ നോക്കണം. സ്വന്തം ബോധത്തിൽ തെളിയുന്ന യുക്തിയ്ക്കും സത്യങ്ങൾക്കും തെളിമയും തെളിച്ചയും ഈടും ഉറപ്പുമുണ്ടാവും. അതിനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.
അഭിമാനവും അന്തസ്സും കളയാതെ സൂക്ഷിക്കാൻ ആത്മബോധമല്ലാതെ മറ്റേന്താണ് മനുഷ്യനിൽ വേണ്ടത്. സ്വന്തം കഴിവിൽ, ഉത്തരവാദിത്വത്തിൽ, പ്രതിബദ്ധതയിൽ, നന്മയിൽ ബോധവും അവബോധവുമുള്ള ഒരു വ്യക്തിത്വത്തിന്റെ അത്യുജ്വലമായ, അത്യുന്നതമായ ഓജസ്സോടെ നിലകൊള്ളുന്ന മൂർത്തീഭാവമായി മാറുമ്പോൾ സംതൃപ്തിയുടെ പരമോന്നതയിലേക്ക് അയാൾ സ്വയം ഉയിർത്തെഴുന്നേൽക്കുകയാണ്. തനിയ്ക്ക് വളരാൻ സമൃദ്ധമായ നിലം കണ്ടെത്തി, മറ്റൊരിടത്തേക്ക് തന്നെ സ്വയം പറിച്ചു നടുകയാണ് അയാൾ. ചപ്പുചവറുകൾക്കിടയിൽ നിന്ന് കളഞ്ഞുകിട്ടിയ മാണിക്യത്തെ ശുചീകരിച്ചെടുത്ത്, വെടിപ്പോടെ അമൂല്യമായിക്കണ്ട് സൂക്ഷിക്കുന്ന അതേ ആവേശവും അതേ ഉത്സാഹവും അയാളിൽ പ്രസരിയ്ക്കും. വെട്ടിത്തിളങ്ങുന്ന തന്റെ സ്വത്വത്തെയാവും ഏറ്റവുമധികം ഇന്ന് അയാൾ സ്നേഹിക്കുന്നത്. പവിത്രമായ തന്റെ വ്യക്തിത്വത്തെ ഇനിയങ്ങോട്ട് മലീമസമാകാതെ കാത്ത് സൂക്ഷിക്കാൻ ഉള്ളിൽ തീവ്രമായൊരു പ്രേരകമായി മാറുകയാണ് അതപ്പോൾ.
അന്യായമായി തന്നിലേക്ക് എയ്തുവിടുന്ന വാക്ശരങ്ങളുടെ മുനയൊടിക്കാൻ തക്ക മനഃശക്തിയാണ് ഏറ്റവും അനിവാര്യം. ഒരാൾ നിവർന്ന് നിന്ന് സംസാരിക്കുമ്പോൾ ചില ഘട്ടങ്ങളിൽ ഒരുപക്ഷേ ഇനി അല്ലെങ്കിൽ പോലും താന്തോന്നിയും മര്യാദമറന്നവനും നിർലജ്ജരായിട്ടൊക്കെ തോന്നാം അതിനെ പ്രതി കുടുംബത്തിനുള്ളിലും സമൂഹത്തിൽ നിന്നും കടുത്ത മാനസിക പിരിമുറുക്കങ്ങൾ അനുഭവിക്കേണ്ടിയും വരും. ക്രമേണ ആ വ്യക്തിത്വമെന്തെന്ന് തിരിച്ചറിയുമ്പോൾ അവർ സ്വമേധയാ വാ മൂടും. തന്റെതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും തീരുമാനം എടുക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിയ്ക്ക് നിഷേധിക്കപ്പെടുമ്പോഴാണ്, വ്യക്തിയെന്ന അംഗീകാരം തിരസ്ക്കരിക്കപ്പെടുമ്പോഴാണ് ഏതൊരാളും സമനിലവിട്ട് പെരുമാറുന്നതും ചിലപ്പോഴെല്ലാം അക്രമാസക്തരുമാവുന്നതെന്ന് മനസ്സിലാക്കാം. വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ടെ തിരുത്തലുകൾ സാധ്യമാവൂ എന്ന കാര്യവും നമുക്ക് എപ്പോഴും വിസ്മരിക്കാതിരിക്കാം.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU