Personality

അന്തസ്സോടെ ജീവിക്കാൻ പ്രാപ്തമാക്കുന്നതാണ് വ്യക്തിത്വം

ഒരാളുടെ മനോഭാവത്തിലും  കാഴ്ചപ്പാടിലും ഉണ്ടാവുന്ന അപാകതയോ, വികലതയോ അല്ലെങ്കിൽ അവ്യക്തതയോ ഒരു വ്യക്തിയുടെ ജീവിതത്തെ പല അർത്ഥത്തിലും ബാധിച്ചേക്കാം. അത് പലപ്പോഴും അയാളുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവിതങ്ങളെയും താറുമാറാക്കി കളയും. പൂർണ്ണമായും അനിശ്ചിതത്തിലേക്ക് എത്തിക്കും. നിരപരാധികളായ, ഒരു തെറ്റും ചെയ്യാത്ത മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ ഇവരെല്ലാം കടുത്ത പരീക്ഷണങ്ങൾ നേരിടാൻ തയാറാവേണ്ടി വരും. സമൂഹത്തിൽ നിന്നുണ്ടാവുന്ന പരിഹാസവും പുച്ഛവും അപമാനവും കുത്തുവാക്കുകളും പേറി കണ്ണീരും കൈയുമായി നാളുകൾ നീക്കേണ്ടിവരും. എന്നാൽ സംഭവിച്ചു കഴിഞ്ഞ ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞ് അലമുറയിട്ടു കരഞ്ഞിട്ടോ, പരിതപിച്ചിട്ടോ ഒരു കാര്യവുമില്ലല്ലോ. ധൈര്യപൂർവ്വം നേരിടുക തന്നെ, വേറെ വഴി ഇല്ല. സമൂഹം ഇത്തരം ഒരു കുടുംബത്തോടൊ ആളുകളോടൊന്നും ഒരു തരത്തിലും കരുണയോ, ദയയോ, മമതയൊന്നും കാണിച്ചെന്നു വരില്ല, പ്രത്യേകിച്ചും സമൂഹത്തിൽ താഴെക്കിടയിൽ ജീവിക്കുന്ന മനുഷ്യനാണെങ്കിൽ.

അതുകൊണ്ട് അല്പം ജാഗ്രത ആവശ്യമാണ് മനുഷ്യന്. നാം ചെയ്യുന്ന ഓരോ ചെയ്തികളെക്കുറിച്ചും അല്പം ബോധമൊക്കെ ഉണ്ടാവേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കണം. നിമിഷനേരംകൊണ്ട് ക്ഷുഭിതരും അക്രമാസക്തരുമാവുന്ന അല്ലെങ്കിൽ ക്രിമിനൽ വാസനയുള്ള ചില വ്യക്തിത്വങ്ങൾ ഉണ്ട്. അതേപോലെ കോപം വന്നാൽ അന്ധരെപ്പോലെ പെരുമാറുന്നവരും മുന്നിൽ കാണുന്നവരെയൊക്കെ ഉപദ്രവിക്കുന്നവരും നമുക്കിടയിലുണ്ട് എന്തുകൊണ്ടാവും ഇവർ ഇങ്ങനെ നിർദയരായി പെരുമാറുന്നത്? ക്രൂരമനസ്സിന് ഉടമകളായി മാറുന്നത്? സഹജീവികളോടൊക്കെ ശത്രുക്കളോട് എന്നവണ്ണം പെരുമാറുന്നത്?

Also read: “ അത് ഇസ് ലാമിക തീവ്രവാദം തന്നെ”

ഇത്തരം വിഷയങ്ങൾ ആഴത്തിൽ പഠനവിധേയമക്കപ്പെടേണ്ടതുണ്ട്. ഒരു വ്യക്തി അധഃപതിച്ച ചിന്തകൾക്കും വഴിവിട്ട ജീവിതത്തിനും ഇരയായി പോകുന്നതിന് അയാൾ വളരുന്ന സാഹചര്യം, കുടുംബപശ്ചാത്തലം, സ്വാധീനിക്കുന്ന വ്യക്തികൾ, നേരിടുന്ന അനുഭവങ്ങൾ, ജനനത്തിലൂടെ തന്നെ കൈമാറ്റം ചെയ്യപ്പെട്ട ജീനിന്റെ പ്രത്യേകതകൾ അങ്ങനെ എന്തെല്ലാം ഹേതുവായേക്കാം എന്നതിൽ മനഃശാസ്ത്രപരമായ ഒരു അപഗ്രഥനം തന്നെ ആവശ്യമാണ്. മനശാസ്ത്ര വിദഗ്ദ്ധരുടെ കൃത്യമായ പഠനങ്ങളും നിരീക്ഷണങ്ങളും സർവ്വേകളും നിരന്തരം നടക്കുന്നുണ്ട്. ജനങ്ങളുടെ മാനസിക ആരോഗ്യത്തിനും സുരക്ഷിതബോധം നൽകുന്ന ഒരു സമൂഹത്തിനും വ്യക്തികളെ ബാധിക്കുന്നതും ഇന്നത്തെ സമൂഹത്തിൽ പൊതുവായി കണ്ടുവരുന്ന കടുത്ത ഫ്രസ്ട്രേഷൻ, പ്രക്ഷുബ്ധത നിറഞ്ഞ മനസ്സ്, ചെറിയ കാര്യങ്ങൾക്ക് പോലും പാനിക്ക് ആവൽ, അകാരണമായ ഭയം, ഉത്കണ്ഠ, വിഷാദരോഗം, ജോലിയിൽ ഉണ്ടാകുന്ന ഓവർ സ്ട്രെസ്സ് പോലുള്ള സെക്കളോജിക്കൽ ഇഷ്യൂസിനെല്ലാം ശരിയായ പ്രതിവിധി ആവശ്യമാണ്. ഒരാൾ കുറ്റവാളിയാക്കപ്പെടുന്നതിൽ നാം അടങ്ങുന്ന ഈ സമൂഹത്തിനും ഉണ്ടൊരു പങ്ക്. ആളുകളെ ട്രീറ്റ് ചെയ്യുന്ന രീതി മാനസികമായോ ശാരീരികമായോ അയാളെ വ്രണപെടുത്തും വിധം ആവരുത് ഒരിക്കലും. എല്ലാവർക്കും ഒരു മാനുഷിക പരിഗണന നൽകാൻ തയാറാവണം.

ഏതൊരു വികാരവും പതിവിൽ കവിഞ്ഞാൽ വിപരീത ഫലം ചെയ്യും. ഏറ്റവും മനോഹരവും സുരക്ഷിതത്വവും സുഖം പകരുന്നതുമായ ഒരു വികാരമാണല്ലോ സ്നേഹം, ആ സ്നേഹത്തിന് പോലും സ്വാർത്ഥതയുടെ അപകടകരമായ ഒരു മുഖം ഉണ്ട്. അമിത വൈകാരികതയ്ക്ക് അടിമപ്പെട്ടുപോകുമ്പോഴോ നിഷേധാത്മക ചിന്തകളാൽ മനസ്സ് നിയന്ത്രിക്കപ്പെടുമ്പോഴോ ഒക്കെയാണ് മനുഷ്യൻ നിലവിട്ട് പെരുമാറുന്നതും അക്രമാസക്തരായി മാറുന്നതും. മിക്കപ്പോഴും ആത്മബോധമില്ലാത്തവരാവും ഇവർ. എന്നുവെച്ചാൽ നല്ലൊരു വ്യക്തിത്വം അല്ലെങ്കിൽ വ്യക്തിത്വബോധം അവരിൽ രൂപപ്പെട്ടിട്ടില്ല. ഇതുപോലെ അജ്ഞത മൂലം വികാരങ്ങൾക്കും മനുഷ്യത്വവിരുദ്ധമായ ചിന്തകൾക്കും ഒരിക്കൽ അടിമപ്പെട്ടുപോയാൽ സ്വന്തം നിയന്ത്രണത്തിലേയ്ക്ക് അവനവനെ എത്തിക്കലും ഒരു തിരിച്ചുവരവും അതീവം ബുദ്ധിമുട്ടുള്ളതായി മാറും. മനുഷ്യത്വപരമായ കുഞ്ഞു ചിന്തകളിൽ നിന്നാണ് മഹനീയമായ വ്യക്തിത്വങ്ങൾ തളിരെടുക്കുന്നത്, ആ കുഞ്ഞുമനസ്സിലേക്ക് വളവും വെള്ളവും ഒഴിച്ചു കൊടുത്താൽ കാമ്പും കഴമ്പുമുള്ള ചിന്തകൾക്കും മനസ്സിനും ഉടമയായി തീരും അവർ.

Also read: പ്രവാചക പ്രണയത്തിൻറെ യുക്തി

മനുഷ്യസഹജമായ വാസനകളിൽ ഒന്നാണ് അക്രമവാസനയും. സ്വന്തം നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടി ചിലപ്പോഴെല്ലാം മെയ്ക്കരുത്തും ബലവും കാണിക്കേണ്ടി വരും. അവനവന്റെ സുരക്ഷിത്വത്തിനും നിലനിൽപ്പിനും വേണ്ടിയായിട്ട് ഒരു ആപത്ഘട്ടത്തിൽ അത് പ്രയോഗിക്കേണ്ടി വരുമ്പോൾ അതിനെ പ്രതിരോധമെന്ന് വിളിക്കാം. എന്നാൽ കാരണങ്ങളില്ലാതെ മനുഷ്യരെ കയറി ആക്രമിക്കുന്ന സ്വഭാവം മുളയിലെ നുള്ളേണ്ട ഒന്നാണ്. അല്ലെങ്കിൽ ഇത്തരം വസനകൾക്ക് അടിമപ്പെട്ടുപോകുന്നതാണ് ചിലർ ഭാവിയിൽ വലിയ ക്രിമിനലുകളും ഭീകരാക്രമികളുമായി മാറുന്നതും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും. ആത്മനിയന്ത്രണമാണ് ഏക പ്രതിവിധി, അതാണെങ്കിലോ ആത്മബോധത്തിൽ നിന്നെ സാധ്യമാവൂ.

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരാളെ കൊല്ലാൻ, ഇല്ലാതാക്കാൻ തോന്നിയ നിമിഷങ്ങളിലൂടെ കടന്നുപോകാത്തവർ നമ്മളിൽ അപൂർവ്വമാവും. കൊച്ചുകുട്ടികളുടെ മനസ്സിൽ വരെ തോന്നും എന്നതാണ് ഏറ്റവും വലിയ സത്യം. എന്നാൽ നമ്മൾ അത് ചെയ്യുന്നുണ്ടോ..? ഇല്ല. അച്ഛനമ്മമാരെ ഭയം, ഈശ്വര ഭയം, പാപം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്ന ഭീതി ഇവയൊക്കെ കുഞ്ഞിലേ തന്നെ ഉള്ളിൽ കടന്നുക്കൂടുന്നതുകൊണ്ട്, പിന്നെ ജയിലിൽ പോകേണ്ടി വരും ശിക്ഷ ലഭിക്കും എന്ന ചിന്തയൊക്കെ അതിന് ഒരു കാരണമാണ്.

ഒരാളിൽ കാണുന്ന കുറ്റവാസനയ്ക്ക് ചിലപ്പോൾ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ചില ജനിതകഗുണങ്ങൾ ആവാം കാരണമെന്ന് പറഞ്ഞുവല്ലോ. സ്‌കൂളുകളിലും മറ്റും എന്നും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന കലഹപ്രിയരായ സ്വന്തം മക്കളെ മാതാപിതാക്കൾ തിരിച്ചറിയാൻ ശ്രമിക്കുകയും വേണ്ട ബോധം നൽകി, ഗൗരവപൂർവ്വം ഇരുത്തി ചിന്തിപ്പിച്ച് ഒരു തിരിച്ചറിവിലേയ്ക്ക് എത്തിക്കാൻ പരിശ്രമിക്കുകയും വേണം. ചെറിയ കാര്യങ്ങൾക്ക് പോലും വീട്ടിലും പുറത്തുമുള്ള ആൾക്കാരോട് തട്ടിക്കേറുക, കാര്യമില്ലാതെ കള്ളം പറയുന്ന ശീലം, അടിപിടി, തട്ടിപ്പറി, ആളുകളുടെ മേൽ ആധിപത്യം കാണിക്കൽ, മുന്നിൽ കാണുന്ന വസ്തുക്കൾ ആരും കാണാത്ത സാഹചര്യത്തിൽ മോഷ്ടിക്കുന്ന ശീലം ഇത്തരം ദുശീലങ്ങൾ മക്കളിൽ കണ്ടാൽ കുരുന്നിലെ മാറ്റിയെടുക്കണം ഇല്ലെങ്കിൽ ആ കുഞ്ഞുങ്ങളുടെ ഭാവി അത്ര ശുഭകരമാവില്ല. അപകർഷതാബോധവും വലിയ അപകടകാരിയാണ്, സൂക്ഷിക്കണം. അപകർഷത അതിര് വിട്ടാൽ ഒരു മനുഷ്യനെകൊണ്ട് പലതും ചെയ്യിപ്പിക്കും.

ഈ ലോകത്ത് സത്യം മാത്രം പറഞ്ഞ് ഒരാൾക്ക് ജീവിക്കാൻ കഴിയില്ല. കാരണം ചില സന്ദർഭങ്ങളിൽ കളവ് പ്രതിരോധവും മറ്റുചിലയിടത്ത് സത്യത്തെക്കാൾ അനിവാര്യവും. അതുമല്ലെങ്കിൽ ഇനി ആത്മരക്ഷാർത്ഥമോ, മറ്റൊരാളുടെ ജീവിതത്തെ അപകടത്തിലേക്ക് എത്തിക്കുന്നതിനെ തടയാനുള്ള പ്രതിവിധിയോ അതല്ലെങ്കിൽ അയാളുടെ സ്വകാര്യതയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഉപാധിയോ ആവാം അത്തരത്തിൽ ഒരു കള്ളം പറയുന്നതിൽ വലിയ തെറ്റൊന്നുമില്ല. എന്നാൽ സ്വന്തം വ്യക്തിത്വത്തെ കളങ്കപ്പെത്തുന്നതോ, മറ്റൊരാൾക്ക് ഏതെങ്കിലും വിധത്തിൽ ഉപദ്രവമാകുന്നതോ, സ്വാർത്ഥലാഭത്തിന് വേണ്ടിയോ, വഞ്ചനാത്മകമായതോ ആയൊരു കള്ളം തീർച്ചയായും ഉപേക്ഷിക്കപ്പെടേണ്ടതാണ്. ഒരിക്കലും ഒരു ഉത്തമ വ്യക്തിത്വത്തിന് ചേർന്ന ഒന്നല്ല അത്. അതേപോലെ നന്മകൾ മാത്രം ചെയ്ത് ഒരാൾക്കും ജീവിക്കാൻ കഴിയില്ല. തിന്മകളിൽ നിന്ന് അവനവനെ സംരക്ഷിക്കാൻ ബോധപൂർവ്വം ശ്രമിച്ചില്ലെങ്കിൽ അറിയാതെ തെറ്റുകൾ ചെയ്തുകൊണ്ടെ ഇരിക്കും മനുഷ്യർ. ഇവിടെയാണ് മൂല്യബോധത്തിന്റെയും ധാർമ്മിക ബോധത്തിന്റെയും ആവശ്യകത നാം തിരിച്ചറിയേണ്ടത്. മാതാപിതാക്കൾ കുട്ടികൾക്ക് നൽകേണ്ടത് ഇത് രണ്ടും തന്നെയാണ്. എങ്കിലും തെറ്റുകൾ ചെയ്യാത്ത അല്ലെങ്കിൽ പിഴവുകൾ പറ്റാത്ത മനുഷ്യരോ ഒരു ജീവിതമോ ഈ ലോകത്ത് ഉണ്ടാവില്ല എന്നതാണ് സത്യം.

Also read: ദഹ് ലവിയുടെ നാൽപത് ഹദീസുകൾ

അനുഭവങ്ങളിൽ നിന്നാണ് മനുഷ്യർ യാഥാർത്ഥ്യത്തെയും സത്യത്തെയും തിരിച്ചറിയുന്നത്. അതിനാൽ തെറ്റുകൾ തിരിച്ചറിയാൻ പലപ്പോഴും വൈകിപ്പോകുന്നു, അതല്ലെങ്കിൽ അനുഭവങ്ങൾ മുന്നിൽ വന്നേ തീരൂ. കൃത്യമായ ഒരു മാർഗ്ഗദർശനം കുഞ്ഞിലേ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഏറെക്കുറെ ഫലം ചെയ്യും. ബോധത്തിൽ നിന്ന് ഉരുത്തിരിയുന്ന ഒരു ബോധ്യമുണ്ട് ഉദാഹരണത്തിന് കുട്ടി അമ്മയോടൊ അച്ഛനോടൊ ഒരു സംശയം ചോദിക്കുന്നു.. അതായത് അമ്മേ.. പക്ഷികൾ പറക്കുന്നത് എങ്ങനെയാണ്? എനിയ്ക്കും ചിറക് വിടർത്തി പറക്കണം അവരെപ്പോലെ. അമ്മ കൊടുക്കുന്ന മറുപടി കുട്ടിയിലെ യുക്തിയ്ക്കും അല്ലെങ്കിൽ ബൗദ്ധിക നിലവാരത്തെയും ബോധ്യപെടുത്തും വിധമുള്ളതാവണം. ഇതേപോലെ ചോദ്യങ്ങൾക്ക് എപ്പോഴും അവനവന് ബോദ്ധ്യപ്പെടുന്നൊരു മറുപടി ലഭികുമ്പോൾ സത്യങ്ങൾ അറിയാനുള്ള ത്വര കുട്ടിയിൽ വളരുകയായി, ബോധത്തിൽ ജീവിക്കാൻ കുട്ടി ശീലിയ്ക്കുകയായി. അതല്ലെങ്കിൽ പിന്നെ യാഥാർഥ്യങ്ങളെ അംഗീകരിക്കുന്ന ഒരു അവസ്ഥയിലാണ് ബോധം ഉണരുന്നതും ബോധ്യത്തിലേക്ക് എത്തിച്ചേരുന്നതും. അനുഭവങ്ങൾ എന്നാൽ ഒരുപക്ഷേ അതുവരെ ചെയ്ത കർമ്മങ്ങളുടെ പരിണിതഫലങ്ങളായിട്ടാവാം അല്ലെങ്കിൽ പ്രതികൂല ജീവിതസാഹചര്യങ്ങളാൽ ഉണ്ടായതാവാം. എന്തായാലും തിന്മകളിൽ നിന്നും അസന്മാർഗ്ഗിക വഴികളിൽ നിന്നും അവനവനെ പരമാവധി പിന്തിരിപ്പിക്കാൻ മാനസിക ശാരീരിക ഇച്ഛകളെ വേണ്ടവിധം നിയന്ത്രണത്തിൽ നിർത്തി വിനിയോഗിക്കാൻ തിരിച്ചറിവും ആത്മബോധവും നല്ലൊരു വ്യക്തിത്വവും കൂടിയേ തീരൂ.

നന്മ ചെയ്യുന്നവർ അല്ലെങ്കിൽ മത, സാമൂഹിക നിയമങ്ങൾ, ചട്ടങ്ങൾ, ചിട്ടകൾ എല്ലാം അതേപടി പാലിച്ച് ജീവിക്കുന്നവർ നല്ലവർ എന്നാണല്ലോ നാം വിശ്വസിക്കുന്നത്. പലപ്പോഴെല്ലാം ഏറ്റവും നല്ലവൻ അല്ലെങ്കിൽ ഉത്തമൻ എന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനായ് സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തുന്നവരെയും നമുക്കിടയിൽ കാണാം. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? ഒരു ഉത്കൃഷ്‌ടമായ ചിന്തയെയോ, ക്വാളിറ്റിയെയോ, ആശയത്തെയോ, ഉൾക്കൊണ്ടുകൊണ്ടോ ആന്തരീക ഭാവമായി സ്വീകരിച്ചുകൊണ്ടോ സത്യസന്ധമായും വൈകരികതകയോടെയും ഒരാൾ പ്രകടിപ്പിക്കുന്നതും മറ്റുള്ളവരെ വിശ്വസിപ്പിക്കാനായി പ്രകടിപ്പിച്ചു കാണിക്കുന്നതിലുമുള്ള വ്യത്യാസം എളുപ്പം തിരിച്ചറിയാൻ പറ്റും. സ്നേഹം ആന്തരീക ഭാവമായി സ്വീകരിച്ച ഒരാളിലെ വ്യക്തിത്വം എത്ര സുന്ദരമായിരിക്കും. കാതലുള്ള മരം പോലെയാണ് ആന്തരീക ഗുണങ്ങളാൽ മോൾഡ് ചെയ്യപ്പെട്ട ഒരു വ്യക്തിത്വം. ആരുടെയോ പ്രീതി നേടിയെടുക്കാനായ് കാണിക്കുന്നതിൽ കൃതിമത്വം നിഴലിക്കും. എല്ലാവരെയും ബോധ്യപ്പെടുത്തി ജീവിക്കുന്നത് അവനവനോട് മതിപ്പില്ലാതാവുന്ന സ്ഥിതിവിശേഷത്തിലേയ്ക്ക് എത്തിക്കും. താൻ അല്ലാത്ത ഒന്നിനെ അഭിനയിച്ചുകാണിച്ച്‌ തന്റെ അസ്തിത്വം കൈമോശം വന്നുപോകുന്ന അവസ്‌ഥ.

Also read: ഇന്ന് ആസ്വദിച്ച് ജീവിക്കുക

മൗര്യസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തന്റെ ഉപദേശകനും പ്രധാനമന്ത്രിയമായിരുന്ന അതിബുദ്ധിമാനും തന്ത്രശാലിയുമായ ചാണക്യൻ തന്റെ നീതി ശാസ്ത്രത്തിൽ പറയുന്നത് എന്താണ് “Do not be very upright in your dealings for you would see by going to the forest that straight trees are cut down while crooked ones are left standing.” ഒരിക്കലും നിങ്ങൾ നിത്യവ്യവഹാരങ്ങളിൽ പരിധിവിട്ട സത്യസന്ധത കാണിക്കരുത്, വക്രതയും ഒടിവുമില്ലാതെ നിവർന്ന് വളരുന്ന മരത്തിലേയ്ക്കാണ് മരംവെട്ടുകാരുടെ മഴു ആദ്യം പൊങ്ങിത്താഴുന്നതെന്ന് കാട്ടിൽ ചെന്നാൽ നമുക്ക് കാണാം. അതിരുവിട്ട സത്യസന്ധതയും സുതാര്യതയും അപകടകരമാണെന്ന് സാരം. കാരണം ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലായിരിക്കും. ലോകത്തിന് അതിവികൃതമായൊരു മുഖം ഉണ്ട്. നേരോടെയും നെറിയോടെയും ജീവിക്കുന്ന മനുഷ്യരെ നിർദാക്ഷിണ്യം ചൂഷണം ചെയ്യാൻ അവർക്ക് സാധിക്കുന്നു. എന്നാൽ വ്യക്തിത്വമെന്നാൽ മനുഷ്യത്വവിരുദ്ധമായ ചിന്തകളെ തൊട്ട് ജാഗ്രതയും പ്രതിരോധവും കൂടെയാണ് ചിലപ്പോൾ പ്രതിഷേധവും വേണ്ടി വരും. നട്ടെല്ല് നിവർത്തി ജീവിക്കുന്നവർക്ക് എല്ലാം കണ്ട് നിൽക്കാൻ കഴിയില്ല.

ചില ശരികളിൽ തന്നെ തെറ്റ് ഒളിഞ്ഞിരിപ്പുണ്ട് അതേപോലെ തെറ്റുകളിൽ ശരികളും. കാരണം തെറ്റും ശരിയും ആപേക്ഷികമാണ്. ഒരാൾക്ക് തെറ്റെന്ന് തോന്നുന്ന കാര്യം മറ്റൊരാൾക്ക് തെറ്റായി തോന്നണമെന്നില്ലല്ലോ ഒരാൾക്ക് ഇനി ശരിയെന്ന് തോന്നുന്നത് മറ്റെല്ലാവർക്കും ശരിയായി തോന്നിക്കൊള്ളണം എന്നുമില്ലല്ലോ. വ്യക്തി, കാലം, വിശ്വാസം, ആചാരം സംസ്ക്കാരം ഇവയെല്ലാം ശരി തെറ്റുകളെ നിർണ്ണയിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഒരു കാര്യം ചെയ്യുമ്പോൾ മനുഷ്യത്വവിരുദ്ധമാണെന്നു തോന്നിയാൽ, മനസ്സാക്ഷി എതിര് നിൽക്കുന്നെങ്കിൽ അതിൽ നിന്ന് പിന്മാറാൻ കഴിവതും ശ്രമിക്കണം.

Also read: സ്വത്വത്തിന്റെ വിചാരണ

സപ്തസ്വരങ്ങളിലാണല്ലോ സംഗീതം ഒളിഞ്ഞിരിക്കുന്നത്. സ്വരസ്ഥാനം അറിഞ്ഞ് ശ്രുതി ചേർത്ത് താളമിട്ട് പാടി പരിശീലനവും വൈദഗ്ദ്യവും നേടിയ ഒരു ഗായകൻ സ്വന്തം ശൈലിയും മനോധർമ്മവുമനുസരിച്ച് പാടാൻ തുടങ്ങുമ്പോഴാണ് അവരിലെ പ്രതിഭയെ നാം വേറിട്ടറിയാൻ തുടങ്ങുന്നത്. അടിസ്ഥാനപരമായി എല്ലാവരും പഠിക്കുന്നത് ഒരേ സംഗതികളാണ് പക്ഷെ അനന്യവും മറ്റുള്ള സൃഷ്ടികളിൽ നിന്നെല്ലാം വ്യത്യസ്തവുമായ സൃഷ്ടികളെയാണ് ഒരുരുത്തരും വിഭാവനം ചെയ്യാൻ ശ്രമിക്കുന്നത്. ഇതുതന്നെയാണ് വ്യക്തിത്വവും ജീവിതവും. സ്വതസിദ്ധമായ ശൈലിയും രീതിയുംകൊണ്ട് ആകർഷകമാക്കണം ജീവിതം.

ഡ്രൈവിംഗ് പഠിക്കുമ്പോഴും അതെ അവനവന്റെ കൈകളിലാണ് കാര്യങ്ങൾ. ട്രെയിനർ ബാലപാഠങ്ങൾ പഠിപ്പിച്ചു തരികയെ ഉള്ളൂ ബാക്കി നാം സ്വയം പരിശീലിച്ചെടുത്ത്, പ്രാക്ടിക്കലി തെളിയിക്കണം നല്ലൊരു ഡ്രൈവറാണെന്ന്. ജീവിതത്തിന്റെ സ്റ്റെയറിംഗ് കൈകളിലേക്ക് ഏൽപ്പിച്ചു തരാനുള്ള ആത്മവിശ്വാസം മാതാപിതാക്കൾക്ക് മക്കളിൽ ഉണ്ടാവണമെങ്കിൽ പക്വതയും തീരുമാനം എടുത്ത് പ്രവൃത്തിക്കാനുള്ള കഴിവും എന്തിനെയും പ്രാവർത്തികമാക്കാനുള്ള ശേഷിയും ഉണ്ടാവണം. ഇതെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സധൈര്യം മുന്നോട്ട് പോകാം. സ്നേഹിക്കുന്നവർക്ക് മുന്നിലോ ആരുടെ മുന്നിലും അടിയറ വെയ്ക്കാനുള്ളതല്ല സ്വന്തം വ്യക്തിത്വം. നേരോടെയും നേറിയോടെയും ആരുടെ മുന്നിലും തലകുനിക്കാതെ അന്തസ്സോടെ ജീവിക്കാൻ പ്രാപ്തമാക്കുന്നതാണ് വ്യക്തിത്വം.

Facebook Comments

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker