Your Voice

“ അത് ഇസ് ലാമിക തീവ്രവാദം തന്നെ”

ഫ്രാന്‍സില്‍ ഒന്നും അവസാനിക്കുന്നില്ല. പുതിയ സംഭവവികാസങ്ങള്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇന്നലെ ഇരുപത്തിയൊന്നു വയസ്സായ തുനീഷ്യയില്‍ നിന്നും വന്നെന്നു പറയപ്പെടുന്ന അക്രമി “ നൈസിലെ” നോത്രദാം ബസലിക്ക  പള്ളിയില്‍ വെച്ച് മൂന്നു പേരെ കൊന്നുവെന്നാണ് വാര്‍ത്ത. അതില്‍ തന്നെ ഒരു സ്ത്രീയെ കഴുത്തറത്ത് കൊന്നു എന്നും വാര്‍ത്ത പുറത്തു വരുന്നു. അതെ സമയം തന്നെ തെക്കന്‍ ഫ്രഞ്ച് പട്ടണമായ Avignon നില്‍ നിന്നും ഒരു അഫ്ഗാന്‍ പൗരന്‍ ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി എന്ന വാര്‍ത്തയും വരുന്നു. ജിദ്ദ ഫ്രഞ്ച് CONSULATE ലെ ജീവനക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ ഒരു സഊദി പൗരനെ ഇന്നലെ അറസ്റ്റ് ചെയ്തതായും വാര്‍ത്തകള്‍ വരുന്നു.

ലോകം മുഴുവന്‍ ഈ ആക്രമണങ്ങളെ അപലപിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ മുസ്ലിം സമുദായവും അതി ശക്തിയായി തന്നെ ഈ ആക്രമണങ്ങളെ അപലപിക്കുന്നു. അക്രമിയെ പോലീസ് വെടിവെച്ചു വീഴ്ത്തി. ഇപ്പോള്‍ ആശുപത്രിയിലാണ് എന്നാണു വിവരം. അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതെ സമയം ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രതികരിച്ചിട്ടുണ്ട്. “ അത് ഇസ്ലാമിക തീവ്രവാദം തന്നെ”. “ നാം ആക്രമിക്കപ്പെട്ടിട്ടുന്ടെങ്കില്‍ അത് നമ്മുടെ ഉന്നത മൂല്യങ്ങള്‍ കാരണമാണ്” എന്നും പ്രസിഡന്റ് പറയുന്നു.

ഒരാഴ്ച മുമ്പ് പ്രവാചക കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചു എന്നതിന്റെ പേരില്‍ ഒരു അധ്യാപകന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുമ്പ് തന്നെ പുതിയ സംഭവവികാസങ്ങള്‍ രൂപപ്പെട്ടു. ഇസ്ലാമിനെയും പ്രവാചകനെയും അപമാനിച്ചു എന്ന പേരില്‍ ഫ്രാന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള അന്തര്‍ദ്ദേശീയ ആഹ്വാനം പലരും പുറപ്പെടുവിച്ചിരുന്നു. അതിനെതിരെ യോറോപ്യന്‍ യൂണിയന്‍ തന്നെ രംഗത്ത്‌ വന്ന വാര്‍ത്തകളും നാം വായിച്ചതാണ്. ഫ്രാന്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണ സാധ്യതയുള്ള പ്രദേശമാണ് Middle East. പുതിയ ബഹിഷ്കരണ നീക്കത്തെ പല പ്രമുഖ രാജ്യങ്ങളും പിന്തുണച്ചിട്ടുണ്ട്. എന്തിലും മേലെ സമ്പത്ത് എന്നതാണ് പടിഞ്ഞാറന്‍ രീതി. അത് കൊണ്ട് തന്നെ ഉല്‍പ്പന്ന ബഹിഷ്കരണം അവര്‍ക്ക് താങ്ങാന്‍ കഴിയില്ല.

ഇസ്ലാമിനെ വിഘടനവാദത്തിന്റെ മതം, കുഴപ്പതിന്റെ മതം എന്നൊക്കെയാണ് ഫ്രഞ്ച് പ്രസിഡന്റ്റ് വിശേഷിപ്പച്ചത്. അതിനു ശേഷമാണു ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നില്‍ അദ്ധ്യാപകന്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹം ദാരുണമായി കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു എന്നതിനാല്‍ അതിനു പിന്നിലെ ഭീകര ബന്ധം പുറത്തു വന്നില്ല. അതെ സമയം പുതിയ സംഭവവികാസത്തില്‍ അക്രമിയെ ജീവനോടെ പിടികൂടിയിട്ടുണ്ട്. ആരാണ് ഈ ആക്രമണത്തിനു പിന്നിലെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.

Also read: ദഹ് ലവിയുടെ നാൽപത് ഹദീസുകൾ

ഫ്രഞ്ച് പ്രസിഡന്റിനെ ഇസ്ലാം വിമര്‍ശനം ശക്തമായ എതിര്‍പ്പുകള്‍ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്താണ് അടുത്ത ആക്രമണം നടന്നത്. മുമ്പെന്നുമില്ലാത്ത രീതിയില്‍ ഇസ്ലാമിക ലോകം ഫ്രാന്‍സിന്റെ നിലപാടുകളോട് വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്. നാം അറിയാന്‍ ഇടയില്ലാത്ത മറ്റു ചില കാര്യങ്ങള്‍ കൂടി ചേര്‍ത്ത് വായിക്കണം. ഫ്രഞ്ച് പ്രസിഡന്റിന് കൂടുതല്‍ പിന്തുണ കിട്ടിയ മറ്റൊരു രാജ്യം നമ്മുടെ ഇന്ത്യയാണ്. അദ്ദേഹത്തെ പിന്തുണച്ചു ഹാഷ്ടാഗുകള്‍ ഇന്ത്യയില്‍ നിന്നും വന്നിരുന്നു. എന്ത് കൊണ്ട് എന്ന ചോദ്യം അപ്രസക്തമായ ഒന്നാണ്. ഇസ്ലാമിനും മുസ്ലിംകള്‍ക്കും എതിരാവുക എന്നത് മാത്രമാണ് പലരെയും ഒന്നിപ്പിക്കുന്നത്.

യൂറോപ്പില്‍ തന്നെ കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള ( ഏകദേശം ആറു മില്യന്‍) രാജ്യമാണ് ഫ്രാന്‍സ്. കഴിഞ്ഞ കാലങ്ങളില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും ഉന്നം വെച്ച് പല നിയമങ്ങളും അവര്‍ കൊണ്ട് വന്നിരുന്നു. ഒരു ആധുനിക പുരോഗമന ലോകത്ത് വ്യക്തികളുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതിനേക്കാള്‍ ഇല്ലാതാക്കുക എന്നതിനാണ് മുന്‍ ഗണന നല്‍കപ്പെടുന്നത്. ആധുനിക ഇന്ത്യ അതിന്റെ നല്ല ഉദാഹരണമാണ്. ഒരു ജനതയുടെ നിലനില്‍പ്പ്‌ തന്നെ ചോദ്യം ചെയ്ത ചരിത്രമാണ് നമുക്ക് പറയാനുള്ളത്. അത് കൊണ്ട് തന്നെ ലോകത്തില്‍ എവിടെ ഇസ്ലാമിന് വിരുദ്ധമായി രൂപം കൊണ്ടാലും അതിനെ പിന്തുണക്കാന്‍ ഇന്ത്യയില്‍ ആളുകള്‍ തയ്യാറാണ്.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണ്. ഇസ്ലാമിക തീവ്രവാദം എന്നത് ട്രമ്പിന്റെ ഇഷ്ടപ്പെട്ട വിഷയമാണ്. ഫ്രാന്‍സിലെ പള്ളികള്‍ക്ക് മുന്നില്‍ കൂടുതല്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയ വിവരം ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക തീവ്രവാദം സ്വസ്ഥമായ ആരാധാനകളെ പോലും തടയുന്നു എന്ന രീതിയിലാണ്‌ ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നത്. അത് തന്നെയാണ് പലരും ആഗ്രഹിക്കുന്നതും. “The suspect in the Nice attack was heard repeatedly shouting “Allahu Akbar” (God is greatest) before being shot by police”. എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നിരപരാധികളെ ദാരുണമായി കൊന്നു തള്ളുന്നതിനു മുമ്പ് അക്രമി അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചു എന്നത് മാത്രമാണ് ഇസ്ലാമുമായി ബന്ധിപ്പിക്കാനുള്ള ഏക തെളിവ്.

Also read: വീഴുന്നവരെ കൈപിടിച്ചുയർത്തുക

ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ബിബിസി അവരുടെ അഭിപ്രായം ഇങ്ങിനെ രേഖപ്പെടുത്തി. 2015-16 കാലത്തേക്കാള്‍ ശക്തമാണ് ഇന്ന് ഫ്രാന്‍സ് നേരിടുന്ന ഭീരാക്രമണ ഭയം. എന്ത് കൊണ്ട് ഇസ്ലാമിക ഭീകരര്‍ക്ക് രാജ്യത്ത് ഇങ്ങിനെ വിഹരിക്കാന്‍ കഴിയുന്നു എന്നത് കൂടുതല്‍ നമ്മെ ഭയപ്പെടുത്തുന്നു.” സ്വതവേ ഇസ്ലാമോഫോബിയക്ക് വളക്കൂറുള്ള മണ്ണാണ് യൂറോപ്പ്. അതിനെ ഒന്നുകൂടി ശക്തമാക്കാന്‍ ഈ ആക്രമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇസ്ലാം മാന്യമായി ചര്‍ച്ച ചെയ്യപ്പെടുന്നത് പലരും ആഗ്രഹിക്കുന്നില്ല.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker