Current Date

Search
Close this search box.
Search
Close this search box.

ആത്മാവിഷ്‌കാരമാണ് വ്യക്തിത്വവും

ഏതൊരു മനുഷ്യനും ഏതെങ്കിലും വിധത്തിൽ താൻ എന്തെന്നോ, മറ്റൊരു മനുഷ്യന്റെ മുന്നിൽ മനസ്സ് ആഗ്രഹിക്കുന്ന പോലെ തന്നെ അവതരിപ്പിച്ച് കാണിക്കേണ്ടി വരുന്ന ഘട്ടങ്ങളിലോ തന്റെ ഇഷ്ടങ്ങളും മോഹങ്ങളും കൂടാതെ വിഭിന്നങ്ങളായ വൈകാരികതയെ, ചിന്തകളെ, ആശയങ്ങളെ, അവശ്യങ്ങളെ, തീരുമാനങ്ങളെ, അഭിപ്രായങ്ങളെ പ്രകടിപ്പിക്കാനും മനസ്സിനെ തുറന്ന് കാട്ടാനും അനിഷ്ടങ്ങളോട് പ്രതിരോധിക്കാനും അന്യായങ്ങളോട് പ്രതികരിക്കാനുമൊക്കെ ഒരു മാധ്യമം (medium) ആവശ്യമായി വരുന്നുണ്ട്. ലഘുവായ രീതിയിലൊക്കെ കൊച്ചു കാര്യങ്ങൾക്കൊക്കെ ആംഗ്യഭാഷയെ ആശ്രയിക്കാമെങ്കിലും വിചാരിക്കുന്നിടത്തോളം ഫലപ്രദമായി വരില്ലത്. ആശയ കൈമാറ്റം നടത്തുമ്പോൾ ഒട്ടേറെ പരിമിതികൾ അഭിമുഖീകരിക്കുന്നത് സ്വാഭാവികം. അർത്ഥഗർഭമായ ആശയങ്ങളുടെയോ മനസ്സിനുള്ളിലെ തീക്ഷ്ണമായ ചിന്തകളെയോ ചോദനകളെയോ പ്രകടിപ്പിക്കാനും അതിന്റെ ഉള്ളടക്കം വിനിമയം ചെയ്യാനും മാത്രം ഉതകുന്ന മതിയായ ഒരു മുറയല്ല ആംഗ്യഭാഷ. അങ്ങനെ ആദിമ ഘട്ടത്തിൽ മനുഷ്യർ തമ്മിൽ തമ്മിൽ ചില പ്രത്യേക തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിച്ചും പിന്നീട് ആശയ കൈമാറ്റത്തെ വിപുലീകരിച്ചെടുത്ത് ഭാഷയുടെ ഉത്ഭവം ഉണ്ടായി. അങ്ങനെ ആന്യോന്യം നടത്തുന്ന സംഭാഷണങ്ങൾ കാലക്രമേണ ആശയവിനിമയത്തിനായി ശബ്ദങ്ങളും സ്വരങ്ങളും ഭാഷയും കലർന്ന ഏറ്റവും ശക്തവും അനായാസം നിറഞ്ഞതുമായ മീഡിയമായി മാറി. ഒരാളുമായി സംവദിക്കുമ്പോൾ മുഖ്യമായും സംസാര രീതിയും അതിന്റെ സ്വരഭേദവും (ടോൺ) അതിലുപരി മുഖ്യമായും ശരീരഭാഷയാണ് സജീവ പങ്ക് വഹിക്കുന്നത്. തദവസരങ്ങളിൽ അപരന് മുന്നിൽ തന്നിലെ സാമർത്ഥ്യം (smartness) ബുദ്ധി (intelligence), സ്വാഭാവഗുണങ്ങൾ (character), സംസ്ക്കാര ബോധം (culture) ഇവയെല്ലാം അറിഞ്ഞോ അറിയാതെയോ അനാവൃതം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഒരു വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ അടിസ്ഥാനപരമായി വലിയ പങ്കുവഹിക്കുന്നവ ഇവയൊക്കെയാണെന്ന് അറിയാമെങ്കിൽ സോഷ്യലൈസിങ് എങ്ങനെ ചെയ്യണമെന്ന കാര്യത്തിൽ ഇത്തരം അറിവും ബോധവുമാണ് പൊതുഇടങ്ങളിൽ ഒരു വ്യക്തിയെ നയിക്കുക.

ഒരു തരത്തിൽ നോക്കിയാൽ ആത്മാവിഷ്ക്കാരം തന്നെയാണ് വ്യക്തിത്വവും. അതിനാൽ ആത്മവിശ്വാസം നിറഞ്ഞ, തനതായൊരു ആവിഷ്‌ക്കാര ശൈലി വ്യക്തിത്വത്തിനും ഉണ്ടാവണം. ആന്തരീക ഭാവങ്ങളിൽ ബോധപൂർവ്വം അനിവാര്യമായ തിരുത്തലുകൾ നടത്തി ഉൾശങ്കയില്ലാതെയും സ്പഷ്ടതയോടെയും ക്രിയാത്മകമായ രീതിയിൽ അവനവനെ അവതരിപ്പിക്കുമ്പോഴാണ് വ്യക്തിത്വത്തിന് മനോഹാരിതയും മഹനീയതയും കൈവന്നു ചേരുന്നത്. എഴുത്തിനോടൊ മറ്റോ അഭിരുചിയുള്ള ഒരാൾക്ക്, ആ വ്യക്തിയുടെ അന്തരാളത്തിൽ ഇതുവരെ മറ്റാരും അറിയാതെ അന്തർലീനമായിട്ടിരിക്കുന്ന അദമ്യവും തീവ്രവുമായ അഭിലാഷമാണ് തന്റെ ഇച്ഛകളെ സാക്ഷാത്ക്കരിക്കുന്നതിന് കടുത്ത ഉത്തേജകവും ശക്തമായ പ്രേരണയുമായി മാറുന്നത്. ഒരാൾക്ക് സ്വന്തം വ്യക്തിത്വത്തോട് അത്യന്തം പ്രിയം ജനിപ്പിക്കുകയും അമൂല്യമായി തോന്നിതുടങ്ങുകയും ചെയ്താൽ മറ്റൊന്നല്ല സംഭവിക്കാൻ പോകുന്നത്, തന്നിലെ തന്നെ ഏറ്റവും നല്ലൊരു മനുഷ്യനാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ്. പിന്നെ എന്തുകൊണ്ട് ഇത് സംഭവിക്കുന്നില്ല എന്ന ചോദ്യം ഉയരും. ശരിയായ ആത്മബോധം മനുഷ്യന്റെയുള്ളിൽ നാമ്പിടുന്നതുവരെ വലിയ പ്രതീക്ഷയ്ക്കൊന്നും വകയില്ല എന്നതാണ് വാസ്തവം. ഏറ്റവും വലിയ അറിവ് ഏതാണെന്ന് ചോദിച്ചാൽ ആത്മജ്ഞാനമാണ്.
ആത്മബോധം ഇല്ലാത്ത മനുഷ്യരെ നോക്കിയാൽ അറിയാം. പലവിധത്തിൽ അജ്ഞരായിരിക്കും മിക്കവരും. ഉള്ളകം തുറന്ന് കാണിക്കാനോ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാനോ വേണ്ടവിധം അറിയാതെ സമയവും സാഹചര്യവും നോക്കി സമചിത്തതയോടെ, ക്ഷമയോടെ പെരുമാറാൻ കഴിയാതെ പലപ്പോഴും അനിയന്ത്രിതമായ വൈകരികതയുടെ പുറത്ത് പരിസരബോധമില്ലാതെ പെരുമാറുന്നതുമൊക്കെ ഇതാണ് കാരണം. പലപ്പോഴും അനുകരണങ്ങളിലൂടെയും നാട്യങ്ങളിലൂടെയുമാണ് അവർ സംവദിക്കുന്നത്. സ്വന്തം അസ്തിത്വത്തിൽ നിന്ന് സംവദിക്കുന്ന ഒരാൾക്കും നാട്യങ്ങൾ വശമുണ്ടാവുമില്ല എന്നതാണ് പരമമായ യാഥാർത്ഥ്യങ്ങളിലൊന്ന്.

സ്വന്തം സൃഷ്ടിയിലൂടെ സംവദിക്കാൻ ശ്രമിക്കുന്ന കലാകാരന്റെ മികവും പ്രതിഭയുമാണല്ലോ നാം പലപ്പോഴും നോക്കിനിന്ന് ആസ്വദിക്കുന്ന കലാസൃഷ്ടികളിൽ മിക്കതും. നമുക്കതിൽ കേട്ടും കണ്ടും അറിഞ്ഞും ചിരപരിചിതമായി തോന്നുന്ന കാലാരൂപങ്ങളിൽ ചിലതാവും പ്രസംഗം, കവിത, പാട്ട്, എഴുത്ത്, വായന, ചിത്രരചന, നൃത്തം തുടങ്ങിയവ. ഒരു പ്രഭാഷകൻ തന്റെ ശബ്ദത്തിലൂടെ സ്വതസിദ്ധമായ ശൈലിയിൽ തനിയ്ക്ക് മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിലേയ്ക്ക് അല്ലെങ്കിൽ സദസ്സിലേയ്ക്ക് മനസ്സിലെ ആശയങ്ങളും അനുഭവങ്ങളും അറിവും പങ്കുവെയ്ക്കുന്നു . നല്ലൊരു പ്രഭാഷകന്റെ ശക്തമായ വാക്കുകൾ മനുഷ്യ ഹൃദയത്തിന്റെ ഭിത്തികളിൽ ചെന്ന് തട്ടി ചുറ്റിലേയ്ക്കും പ്രതിധ്വനിക്കുകയും അഗ്നിസ്ഫുരിക്കുന്ന ശബ്ദത്തിന്റെ മാറ്റൊലിയേറ്റ് പലപ്പോഴും സമൂഹത്തിൽ പല മാറ്റങ്ങൾക്കും അവ വഴിയൊരുക്കുകയും ചെയ്യുന്നു. തൂലികയ്ക്ക് വാളിനെക്കാൾ മൂർച്ചയുണ്ട്. ആതിശക്തമായ ഭാഷ കൈവശമുള്ളവർക്ക് അതിനേക്കാൾ വലിയ ആയുധം മറ്റൊന്നില്ല. നമ്മുടെ തന്നെ നാടിന്റെ ചരിത്രങ്ങൾ എടുത്ത് നോക്കിയാൽ അറിയാം സൃഷ്ടിപരമായ കഴിവ് ഉപയോഗപ്പെടുത്തി സമൂഹത്തിൽ നിന്ന് പല അനാചാരങ്ങളെയും തുടച്ചുമാറ്റാനും ഉന്മൂലനം ചെയ്യാനും കൂടാതെ നവീകരണ പ്രക്രിയകൾക്കും സാമൂഹ്യ പരിഷ്ക്കാരങ്ങൾക്കും വിപ്ലവങ്ങൾ സൃഷ്ടിക്കാനും പലർക്കും സാധിച്ചിട്ടുണ്ട്. അങ്ങനെ പേരും പെരുമയും കീർത്തിയും നേടിയെടുത്ത ജനസമ്മതനായ മഹാന്മാരും സാംസ്ക്കാരിക നായകന്മാരും നമുക്കുണ്ട്. പേന ആയുധമാക്കിയെടുത്ത പോരാളികളിൽ പലരും മണ്മറഞ്ഞെങ്കിലും അവരുടെ കാൽപാദങ്ങൾ പതിഞ്ഞ വീഥികളിൽ പതിച്ചുവെച്ച നാഴികകല്ലുകൾ ഒരിക്കലും മാഞ്ഞുപോകാത്ത വിധം അവരുടെ നാമങ്ങളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അനവധി വേദികളിൽ ഇന്ന് അവർ വാഴ്ത്തപ്പെടുന്നു അനുസ്മരിക്കപ്പെടുന്നു.

മസ്തിഷ്ക്കത്തെ വ്യക്തിത്വവികാസത്തിന് ഉതകുന്ന അന്നവും പാനീയവും നൽകിയും അഥവ പുഷ്ടിപ്പ് നിറഞ്ഞ ചിന്തകളിലൂടെയും വിചാരങ്ങളിലൂടെയും മനസ്സിന് ശരിയായ രീതിയിൽ ആകൃതിയേകി അഥവ മോൾഡ് ചെയ്യപ്പെട്ട ഒന്നാണ് കാതലുള്ള വ്യക്തിത്വം. അപ്പോൾ കടഞ്ഞെടുത്ത ശിൽപ ചാരുത പോലെ മനുഷ്യന്റെ വ്യക്തിത്വത്തിനും വന്ന് ചേരും ഒരു അനിർവ്വചനീയമായ ചാരുത. വൈവിധ്യമാർന്നതും അതുല്യവുമായ ഒരു രചനയിലെ അല്ലെങ്കിൽ സൃഷ്ടിയിലെ വ്യത്യസ്തകൾക്കും സവിശേഷതകൾക്കും നിദാനമാവുന്നത് വ്യക്തിയുടെ ഭാവനാത്മകമായ ചിന്തകളാണ്. ഭാവനയിൽ വിരിയുന്നതെല്ലാം കലാ സൃഷ്‌ടികളാണ്. ഈ ലോകത്ത് കാണുന്നതെല്ലാം തന്നെ മനുഷ്യനിൽ അന്തർലീനമായ ഇത്തരം കഴിവുകളുടെ പരിണിതഫലമാണ്. പക്ഷികൾ സ്വന്തം കരവിരുതിനാൽ
അതിമനോഹരമായി കൂടൊരുക്കുന്നതും ചില മൃഗങ്ങൾ സുരക്ഷയ്ക്കായി വീട് പണിയുന്നതും ആരും പഠിപ്പിച്ചിട്ടല്ല. ആരും പരിശീലനം നൽകിയിട്ടല്ല. മനുഷ്യനിലും നൈസർഗ്ഗീകമായ അനേകം കഴിവുകൾ ഒളിഞ്ഞുകിടക്കുന്നു. കലയെ ദൈവീകമായി കാണുന്നത് അതിനാലാണ്.

ഒരു ചിത്രകാരൻ അവനിലെ പ്രതിഭയെ, കലാവൈഭവത്തെ എങ്ങനെയാണ് വിസ്‌മയിപ്പിക്കും വിധം ക്യാൻവാസിലേയ്ക്ക് പകർത്തുന്നത്. അതും ഓരോ ചിത്രകാരനും തനതായ ശൈലിയുണ്ടാവും, അസാമാന്യമാം വിധം ഓരോ കലാകാരനും തന്റെ കഴിവുകൾ പ്രകടിപ്പിക്കുമ്പോൾ അതുല്യമായൊരു പ്രതിഭ അയാളിലൂടെ പിറവിയെടുക്കുന്നു. അയാൾക്ക് മാത്രം സാധ്യമായ ഒരു സൃഷ്ടിയാണ് അയാളുടെ കൈവിരുതിൽ നിന്ന് ജന്മമെടുക്കുന്നത്. ഒന്നുകൂടെ വിസ്തരിച്ച് പറയുകയാണെങ്കിൽ ഒരു കൂട്ടം ചിത്രകാരന്മാരെയും ചിത്രകാരികളെയും ഇരുത്തി ഒരേ വിഷയം അല്ലെങ്കിൽ തീം (theme) കൊടുത്ത് ഛായാചിത്രം വരയ്ക്കാൻ ആവശ്യപ്പടുകയാണെന്ന് ഇരിക്കട്ടെ. അവർ അമ്പത് പേരുണ്ടെങ്കിൽ അമ്പത് പേരുടെയും സൃഷ്ടികൾ ഒന്നിൽ നിന്ന് മറ്റൊന്ന് ഏറെ വിഭിന്നവും വ്യത്യസ്തവുമായിരിക്കും. വ്യക്തിത്വവും ഇത് തന്നെയാണ് 50 വ്യക്തികൾ ഉണ്ടെങ്കിൽ അനുപമവും അനന്യവുമായിരിക്കും ഓരോ വ്യക്തിത്വവും അവയുടെ ലക്ഷണങ്ങളാലും ഗുണമേന്മയാലും.

ചിന്തകളെല്ലാം വ്യത്യസ്തമായ ഓരോ ഇനം മരങ്ങളുടെ കുഞ്ഞു തളിർച്ചെടികളായി സങ്കല്പിക്കാം. ചിലത് മണ്ണിലേയ്ക്ക് വേരോടും മുമ്പേ ശുഷ്ക്കിച്ച് മണ്ണിൽ കിടന്ന് ക്ഷയിച്ച് ഇല്ലാതാവുകയും വേറെ ചിലത് സദാ അതിജീവന പോരാട്ടത്തിന്റെ പ്രതീകമായി നിലകൊള്ളുന്നതും കാണാം. വേറെ ചിലത് വളർന്ന് വലുതായി കായ്കളും പൂക്കളും നിറഞ്ഞ് സർവ്വർക്കും പ്രതീക്ഷയും ആശയും പകർന്ന് താങ്ങായി തണലായി മാറുന്നു. എങ്കിൽ മറ്റൊരു വിഭാഗം പടർന്ന് പിടിച്ച് വൻവൃക്ഷമാവുകയും സദാ മനുഷ്യരാശിയുടെ നന്മയ്ക്കും ക്ഷേമത്തിനുമായി കുടികൊള്ളുന്നു. ഇതുപോലെ വൈവിധ്യമാർന്ന ചിന്തകളുടെയും ഭാവങ്ങളുടെയും പ്രതിരൂപമാണ് ഓരോ മനുഷ്യരും. ഒരു വൃക്ഷം മുകളിലേക്ക് പടർന്ന് പന്തലിക്കുന്നത്രയും മണ്ണിനടിയിലേയ്ക്കും പടർന്ന് പിടിച്ച് നിലയുറപ്പിക്കുന്നുണ്ട്. സമഗ്രമായ രീതിയിൽ വ്യക്തിത്വവികാസം നടക്കുന്ന ഒരാളിൽ ബാഹികപരമായി കാണുന്ന പരിവർത്തനങ്ങൾക്ക് അനുസൃതമായി ആഴത്തിലേക്ക്, അയാളുടെ സത്തയിലേക്ക് അയാൾ ഇറങ്ങിച്ചെല്ലുന്നുണ്ടാവും. അതാണ് മാറ്റരിലും കാണാത്ത എന്തോ സവിശേഷത അയാളിൽ മാത്രം ദർശിക്കാൻ സാധിക്കുന്നത്.

ഒരു സംഗീതോപകരണത്തിൽ വിരലുകൾ സ്‌ട്രൈക്ക് ചെയ്യേണ്ട നിശ്ചിത ഇടങ്ങളിൽ ഒരു പ്രത്യേക താളത്തിൽ മാറി മാറി സ്‌ട്രൈക്ക് ചെയ്യുമ്പോഴേ ആ ഉപകരണം ഹൃദയത്തെ തളിരണിയ്ക്കുന്ന മാസ്മരിക സംഗീതം പൊഴിക്കുകയുള്ളൂ. ഇതൊന്നും വശമില്ലാത്ത ഒരാൾ സ്ട്രിംഗിൽ തൊട്ടാൽ സംഗീതമല്ല വരുന്നത് അപസ്വരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. അതേപോലെ സംഗീതബോധമില്ലാത്ത ഒരാളും പാടുന്നുണ്ട്. കഴിവുള്ളവർ പക്ഷെ അതിനെ വികസിപ്പിച്ചെടുക്കണം. ശ്രുതിശുദ്ധിയും താളബോധവുമില്ലാത്ത ഒരാൾ പാടുന്നതിന് ഈണവും ഇമ്പവും ഉണ്ടാകില്ല കാതുകളെയും മനസ്സിനെയും അത് കുളിരണിയിക്കുകയില്ല. വ്യക്തിത്വത്തിലും ചിലർക്ക് ജന്മനാ സൗഭാഗ്യം പോലെ എല്ലാം ലഭിച്ചിരിക്കും വേറെ ചിലർക്കോ പ്രയത്നത്തിലൂടെ അതിനെ പരിപോഷിപ്പിച്ച് എടുക്കേണ്ടി വരുന്നു. മനുഷ്യത്വഗുണമുള്ള കോഡുകൊണ്ട് വായിക്കപ്പെടാവുന്ന ഒരു വ്യക്തിത്വം മനസ്സിനെ തരളിതമാക്കും ഒരു ഉത്കൃഷ്ട വ്യക്തിത്വത്തിന്റെ സ്പർശനമോ സാമിപ്യമോ ഏറ്റാൽ ആരുടെ മനസ്സിലും അവാച്യമായൊരു സ്പന്ദനം ഉണ്ടാക്കും. തൊട്ടടുത്ത നിൽക്കുന്ന മനുഷ്യനിൽ നിന്ന് കിട്ടുന്ന അത്തരമൊരു വൈബ് ചിലപ്പോഴൊക്കെ ആവിസ്മരണീയവും അനുസ്മരണീയവുമായി മാറും.

ഇതുപോലെ അന്തർലീനമായ ഗുണങ്ങളെ എങ്ങനെയാണ് ഖനനനം ചെയ്തെടുക്കേണ്ടത്, അതും അറിഞ്ഞിരിക്കണം. സ്വയം തിരിച്ചറിയുക, ഏക മാർഗ്ഗം അതാണ്. നമുക്ക് വ്യക്തമായി അറിയാവുന്നൊരു കാര്യമാണ് ഏത് കലയും രൂപംകൊള്ളുന്നത് മനുഷ്യന്റെ ബോധത്തിൽ നിന്നാണ് ഉണ്ടാവുന്നത്. അതിനെ കലാബോധം എന്ന് പറയപ്പെടുന്നു. വ്യക്തിത്വവും ബോധത്തിൽ നിന്ന് തന്നെയാണ് രൂപംകൊള്ളേണ്ടത് അതാണ് വ്യക്തിത്വബോധം. അറിവൊരു മുഖ്യ ഘടകമാണ്. മനഃശാസ്ത്രത്തിൽ പരിജ്ഞാനമുള്ളവർക്ക് സാമൂഹിക വേദികളിൽ കാലികപ്രസക്തമായ രീതിയിൽ ഇടപെടലുകൾ നടത്തി സമൂഹത്തെ പ്രബുദ്ധമാക്കാൻ സാധിക്കും. ഒരു വിഭാഗം മനുഷ്യർ ഇന്ന് മനഃശാസ്ത്ര
പഠനത്തിൽ വളരെയധികം തല്പരരാണ്. സമീപ ഭാവിയിൽ മനുഷ്യർ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങൾക്കും ഒരു മാറ്റം കൊണ്ടുവരാൻ സാദ്ധ്യത കാണുന്നെങ്കിൽ മനുഷ്യരെക്കുറിച്ച് അഗാധമായിട്ടല്ലെങ്കിലും അവിഭാജ്യമായ അളവിൽ ചില അറിവും അവബോധവും നേടാൻ ഓരോ മനുഷ്യരും സ്വയം മുൻകൈ എടുക്കലാണ്. മനഃശാസ്ത്രമെന്നാൽ ഒരർത്ഥത്തിൽ ഒരു സാമൂഹിക ശാസ്ത്രമാണ്. സാമൂഹിക അവബോധത്തിനും സാമൂഹിക വ്യവഹാരങ്ങൾ കാര്യക്ഷമമായി നടത്താനും മനുഷ്യമനസ്സുമായി ലയിച്ചുകിടക്കുന്ന മനശാസ്ത്രം അറിഞ്ഞിരിക്കുന്നത് ഉത്തമമാണ്.

അടിയുറച്ച അല്ലെങ്കിൽ സുസ്ഥിരത ആർജ്ജിച്ചെടുത്ത സ്വന്തം വ്യക്തിത്വത്തിലൂടെ ചുറ്റിലും ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒന്നാണ് ശക്തമായൊരു ആറ്റിട്യൂഡ് (attitude). അതിനിടയ്ക്ക് ഉള്ളിലെ നൈസർഗ്ഗീകതയെ സ്പർശിച്ചറിയാൻ ഇടയ്ക്കൊന്ന് തന്നിലേക്ക് തന്നെ ആഴ്ന്നിറങ്ങണം. അതേപോലെ നിഷേധാത്മക ചിന്തകളിലൂടെ ഊർജ്ജം പാഴാവുന്നത് തടയാൻ ഇടയ്ക്കൊക്കെ പുറം ലോകത്തേക്ക് വ്യാപരിച്ചുകിടക്കുന്ന ഊർജ്ജത്തെ (ചിന്തകളെ) മൊത്തമായും തന്നിലേക്ക് ആവാഹിച്ച്, കേന്ദ്രീകരിച്ച് ധ്യാനത്തിലൂടെ ചാനലൈസ് ചെയ്തെടുത്താൽ മെല്ലെമെല്ലെ മനസ്സിന് ഏകാഗ്രതയും ശക്തിയുമാർജ്ജിച്ച് വരും. നമുക്ക് നാം തന്നെയാവണം ഉറ്റസുഹൃത്ത്. ഏത്ര ദുഷ്ക്കരമായ പ്രതിസന്ധികളിലും നമ്മെ കൈവിടാതെ ചേർത്ത് പിടിക്കുന്ന ആത്മസുഹൃത്ത്. ശുഭചിന്തകളാൽ ഉള്ളകം മനോഹരമായിരിക്കണം. പോസിറ്റീവ് മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന ഔട്ട് പുട്ട് കിട്ടണമെങ്കിൽ ഇതൊക്കെ തന്നെയാണ് പ്രതിവിധി.

അതാത് വ്യക്തികളുടെ മനസ്സിലൂടെ വേണം വിപ്ലവം നടക്കാൻ, തന്നിലൊളിഞ്ഞു നിൽക്കുന്ന പ്രതിയോഗിയോടാണ് അതായത് തന്നോട് തന്നെയാണ് യുദ്ധം നടക്കേണ്ടത്. നാമടങ്ങുന്ന ഈ സമൂഹം ഔന്നിത്യത്തിന്റെ പടികളിലൂടെ ഉയരാൻ, സമാധാനം വാഴുന്ന സുരക്ഷിതമായൊരു സമൂഹത്തെ വാർത്തെടുക്കാൻ ഇവിടം വസിക്കുന്ന ഓരോ മനുഷ്യനും ഉൾക്കാഴ്ചകൊണ്ടും ഉന്നതമായ കാഴ്ചപ്പാടും നിലപാടുംകൊണ്ടും വ്യത്യസ്തത പുലർത്തുന്നതോടൊപ്പം മനവികതയിലൂന്നിയ ചിന്താധാരയെ അരക്കിട്ട് ഉറപ്പിച്ച് ഐക്യത്തോടെ, സമഭാവനയോടെ, സമവായത്തോടെ ജീവിക്കുന്ന അവസ്ഥാന്തരത്തിലേയ്ക്ക് മാറണം. അരാജകത്വത്തിന് എതിരെ ശബ്ദിക്കാനും നീതിയ്ക്കും നന്മയ്ക്കും ന്യായത്തിനുമൊപ്പം നിൽക്കാനും ആരെയും ഭയക്കാതെ നിലപാടിനൊപ്പം ജീവിക്കാനും ആത്മവീര്യവും മനക്കരുത്തും ആവശ്യമാണ്. വ്യക്തികളെല്ലാം വേറിട്ടു നിൽക്കുന്ന ഒറ്റ മരം പോലെയും ഒന്ന് ചേർന്നാൽ നിഗൂഢവും അതിശക്തവുമായ വനം പോലെയുമാണ്. വന്യത അതിന്റെയൊരു ഭാഗമാണ്. മനുഷ്യത്വവിരുദ്ധമായ ചിന്തകളാൽ ആവരുത് ഒരു സമൂഹവും അതിലെ പൊതുബോധവും സാമൂഹ മനസ്സാക്ഷിയും രൂപപ്പെടേണ്ടത്. മാനവികതയിലൂന്നിയ പൊതുബോധം സൃഷ്ടിച്ചെടുക്കാൻ അത്തരം ചിന്തകൾ സ്വാധീനിക്കുന്ന സാമൂഹിക വ്യവസ്ഥയെ പുനർനിർമ്മിച്ചെടുക്കാനായ് പഴഞ്ചൻ സിസ്റ്റത്തിൽ അനിവാര്യമായ ഭേദഗതികൾ വരുത്താനും മനുഷ്യർ തയാറാവണം, പുത്തൻ ആശയങ്ങൾക്ക് കടന്ന് വരാൻ അനുമതി നൽകണം.

സ്നേഹം ഉള്ളിലുണ്ടെന്ന് അറിയുന്നത് അത് പ്രകടിപ്പിക്കുമ്പോൾ മാത്രമാണ്, അപ്പോൾ മാത്രമാണ് സ്നേഹത്തിന്റെ പരിമളം ചുറ്റിലേയ്ക്കും നിർഗ്ഗളിക്കുന്നത്. അല്ലാത്തപക്ഷം ആരറിയുന്നു ആ സ്നേഹത്തെ? ഇതേപോലെ ഉള്ളിൽ എന്തുണ്ടായിട്ടും പ്രയോജനമില്ല. കഴിവും ചാതുര്യവും തന്നിൽ യഥാസമയം കണ്ടെത്തുവാൻ ശ്രമിച്ചാൽ മാത്രമേ അതുകൊണ്ട് തനിയ്ക്കും ആർക്കും പ്രയോജനമുള്ളൂ. പാത്രത്തിലുള്ളതെ വിളമ്പാൻ സാധിക്കുള്ളൂ എന്നല്ലേ പറയാറ്. എങ്കിൽ ആദ്യം തന്നിലുള്ളതിനെ കുറിച്ച് ഉത്തമ ബോധം ഉണ്ടാക്കിയെടുക്കണം, പാത്രം അറിഞ്ഞു വിളമ്പാനും പഠിക്കണം. ഉപയോഗ ശൂന്യമായവയെയും പ്രതികൂലമായി നിൽക്കുന്ന അനാവശ്യ ചിന്തകളെയും ഇനിയും ഉള്ളിൽ വെച്ചുപൊറുപ്പിക്കാതെ ദൂരെയെടുത്ത് കളയലാണ് അഭികാമ്യം. അമൂല്യമായ വ്യക്തിത്വത്തെ ഹീനമാക്കുന്നതൊന്നും ഉള്ളിൽ സൂക്ഷിക്കാതിരുന്നാൽ അത് ആത്യന്തികമായി അവനവന് തന്നെ ഗുണം ചെയ്യും. അപ്പോഴേ വ്യക്തിത്വം മാനവിക മൂല്യങ്ങളാലും സദ്ഗുണങ്ങളാലും സമ്പന്നമാക്കപ്പെടുകയും വ്യക്തി പോസിറ്റീവ് മനോഭാവവത്തിന്റെ ഉടമയുമാവുന്നുള്ളൂ. അങ്ങനെ പോസിറ്റീവ് എനർജിയാൽ നിർഭരമായതും അന്തരീകശക്തിയും മാസ്മരികമായ പ്രഭാവലയവുംകൊണ്ട് ആരിലും മതിപ്പുളവാക്കുന്ന ആരും സൗഹൃദം കൂടാൻ അതിയായി കൊതിക്കുന്ന വൈബ്രന്റ് ആയൊരു പേഴ്‌സണാലിറ്റിയായി അഥവ വ്യക്തിത്വമായി മാറാം.

Related Articles