Personality

ശലഭക്കൂടിൽ നിന്ന് പുറത്ത് വന്നപ്പോൾ

അമ്മയുടെ ഗർഭപാത്രം വിട്ട് ഭൂമിയിലേക്ക് പിറന്ന് വീണ ശേഷം കുഞ്ഞ് മുൻധാരണയോ മുൻപരിചയമോ അനുഭവങ്ങളുടെ പിന്തുണയോ ഇല്ലാത്ത ശൂന്യമായ ഒരു തലത്തിൽ നിന്ന് ചുറ്റുപാടുകളെയും ആളുകളെയും  വസ്തുതകളെയും അടുത്തറിയാനും അനുഭവിച്ചറിയാനും പരിചയിക്കാനും തുടങ്ങുകയാണ്. അതേ സമയം തന്റെ നിലനിൽപ്പിന്റെ ഭാഗമെന്നോണം തനിക്ക് സുരക്ഷിതമായ കൈകളെയും കംഫർട്ട് സോണും തിരിച്ചറിയുകയും അതിലേയ്ക്ക് ചേർന്ന് നിൽക്കാനുള്ള ജാഗ്രത കുഞ്ഞിൽ ഉണ്ടാവുകയും ചെയ്യുന്നു. അതല്ലാത്ത അപരിചിതമായ സാമിപ്യങ്ങളും സ്പർശനങ്ങളും ഏൽക്കുമ്പോൾ പലപ്പോഴും കുഞ്ഞുങ്ങൾ ഭയന്ന് നിലവിളിക്കുകയും ചിലപ്പോഴൊക്കെ വിചിത്രമായി പെരുമാറുകയും അല്ലെങ്കിൽ അവയിൽ നിന്ന് ഓടി മറയുകയും ചെയ്യുന്നത് സ്വാഭാവികമാണ്.

ഇതുവരെ അമ്മയുടെ ഗർഭപാത്രത്തിൽ നിലകൊണ്ട കുഞ്ഞിന് ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടേണ്ടിയിരുന്നില്ല. ഒന്നുമറിയാതെ പൂർണ്ണ സുരക്ഷിതത്വത്തിൽ ജീവിച്ച, സുഖസുഷുപ്തിയിൽ കഴിഞ്ഞ കുഞ്ഞിന്റെ ആ അവസ്ഥയിൽ നിന്നും പെട്ടെന്ന് ഉണ്ടാകുന്ന
പുറംലോകത്തെയ്ക്കുള്ള ആഗമനം കുഞ്ഞിന് അതിനോട് പൊരുത്തപ്പെടാൻ സമയം എടുത്തെന്ന് വരും. വളരെ സെൻസിറ്റീവ് ആയ ആ കുഞ്ഞുമനസ്സിനും ശരീരത്തിനും ചുറ്റിൽ നിന്നുണ്ടാവുന്ന അപശബ്ദങ്ങളും, വായുവിലെ ഗന്ധവും കാലാവസ്ഥയും(ചൂട്/തണുപ്പ്), കണ്ണുകളിലേക്ക് അടിയ്ക്കുന്ന തീവ്രമായ വെളിച്ചവും, ശരീരത്തിലേക്ക് ഏൽക്കുന്ന സ്പർശനങ്ങളും എല്ലാം വളരെ വിചിത്രമായിട്ടാണ് അനുഭവപ്പെടുക. ചില കുഞ്ഞുങ്ങൾ നിർത്താതെ കരയുന്നത് മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും അവരെ വല്ലാതെ ആലോസരപ്പെടുത്തുന്നതിനാലും ആവാം.

മനഃശാസ്ത്ര പഠനങ്ങൾ പ്രകാരം കുഞ്ഞുങ്ങളെ അവരിലെ അടിസ്ഥാന സ്വഭാവങ്ങൾ വെച്ച് നോക്കുമ്പോൾ മൂന്ന് വിഭാഗങ്ങളായിട്ട് വേർതിരിക്കാം.

ഒന്ന്: ഏത് സാഹചര്യവുമായി എളുപ്പം ഇണങ്ങാനും പൊരുത്തപ്പെടാനും കഴിവുള്ള കുഞ്ഞ്. ആരോടും പെട്ടെന്ന് അടുക്കുന്ന ഇവർ പൊതുവെ നല്ല സൗഹൃദപരമായ പെരുമാറ്റവും അതേപോലെ തനിക്ക് ലഭിച്ചത് മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ തല്പരരുമായിരിക്കും.

രണ്ട്: ഒന്നിനോടും സഹകരിക്കാത്ത, വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത, പിടിവാശി കാണിക്കുന്ന കുഞ്ഞ്. താൻ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ വാശി കാണിക്കുകയും തനിക്കുള്ളതൊന്നും അരുമായും ഷെയർ ചെയ്യാനും താത്പര്യപ്പെടാത്തവർ, വഴക്കാളികൾ എന്ന് പൊതുവെ അറിയപ്പെടുന്നവർ.

മൂന്നാമത്തെ വിഭാഗം:  ആദ്യമൊക്കെ അസഹിഷ്ണുത കാണിച്ചും പ്രതിരോധിച്ചും നിൽക്കുമെങ്കിലും കുറച്ചു കഴിയുമ്പോൾ ഏത് സഹചര്യത്തെയും ഉൾക്കൊള്ളാനും അവയോട് പൊരുത്തപ്പെടാനും തയ്യാറാവുന്ന കുഞ്ഞ്.

വളർന്ന് ഒരുപാട് പ്രായം പിന്നിട്ട് കഴിഞ്ഞാലും മറ്റ്‌ വ്യക്തികളുടെയോ സാഹചര്യങ്ങളുടെയോ സ്വാധീനം ഇല്ലാത്തിടത്തോളം കാലം അവരവരുടെ അടിസ്ഥാന സ്വഭാവങ്ങളിൽ വലിയ മാറ്റമൊന്നും ഇല്ലാതിരിക്കുകയും തുടർന്നും ഏതാണ്ട് ഇതേ സ്വഭാവം തന്നെയാണ് ഓരോ മനുഷ്യനും ജീവിതത്തിലൂടെ നീളം പ്രകടിപ്പിക്കുകയും ചെയ്യുന്നത്. ജീനിലൂടെ പകർന്ന് കിട്ടുന്ന, ഒരു വ്യക്തിയുടെ വ്യക്തിത്വവും ജീവിതവും എങ്ങനെ വേണമെന്ന് തീരുമാനിക്കപ്പടുന്നതിൽ നിർണ്ണയക പങ്ക് വഹിക്കുന്ന ഒരു ഘടകമാണ് മേൽപ്പറഞ്ഞത്.

തെറ്റെന്ത് ശരിയെന്ത് എന്ന വിവേചന ബുദ്ധി ഒട്ടും തന്നെ ഇല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് ഒരു കൊച്ചുകുഞ്ഞ് കടന്നുപോകുന്നതെന്ന്‌ നമുക്കറിയാം. ആരംഭഘട്ടത്തിലെ പൂജ്യം മുതൽ മൂന്നര വയസ്സുവരെയുള്ള കാലം കുഞ്ഞുങ്ങളുമായി അടുത്ത് ഇടപഴകുന്ന ആൾക്കാരും സാഹചര്യങ്ങളും പിഞ്ചുമനസ്സുകളെ വളരെ ആഴത്തിൽ തന്നെ സ്വാധീനിക്കുന്നുണ്ട്. ഈ കാലയളവിൽ ശൂന്യമായ ഒരു പാത്രത്തിനകം പോലിരിക്കുന്ന ആ കുഞ്ഞു മനസ്സിലേക്ക് എന്തെല്ലാം വിഭവങ്ങൾ നിറയ്ക്കാൻ കഴിയുന്നോ അവിടെയാണ് മാതാപിതാക്കളുടെ കഴിവ് തെളിയിക്കപ്പെടുന്നത്.

കുഞ്ഞുങ്ങൾക്ക് വളരാൻ തക്ക പൊസിറ്റീവ് ആയ ഒരു പരിതസ്ഥിതി ചുറ്റിനും സൃഷ്ടിക്കുന്നത് ഭാവിയിൽ അവൻ/അവൾ നല്ലൊരു കഴിവും പ്രതിഭയും മനുഷ്യത്വവുമുളള ഒരു മനുഷ്യനായി പരിണമിക്കാൻ കൂട്ടുനിൽക്കും. ലാളനയും തലോടലും ഓരോ കുഞ്ഞും ആഗ്രഹിക്കുന്നുണ്ട്,
മാതാപിതാക്കളുടെ ശ്രദ്ധ കുറയുന്നത് ഒരു കുഞ്ഞിൽ അരക്ഷിതബോധം സൃഷ്ടിക്കാൻ ഇടയാകും. അതിനാൽ എല്ലാവരുടെയും ശ്രദ്ധ തന്നിലേയ്ക്ക് ക്ഷണിയ്ക്കാനാണ് കുഞ്ഞുങ്ങൾ ചില അനിഷ്ടമായ വിക്രിയകളും കുസൃതികളും ചെയ്‌തു കാണിക്കാൻ തുടങ്ങുന്നത്. അത് പിന്നീട് മതാപിതാക്കളിൽ ആശങ്ക ജനിപ്പിക്കാനും അവരെ രോഷാകുലരാക്കാനും ഇടയാക്കുന്നു.

നമുക്ക് അറിയാം കുഞ്ഞിന്റെ ഇടയ്ക്കിടെയുള്ള കരച്ചിൽ പോലും തന്നിലേക്ക് ശ്രദ്ധക്ഷണിക്കാനും തന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ മാതാപിതാക്കളെ ജാഗരൂകരക്കാനും കൂടെയാണ്. എന്നാൽ നിർത്താതെയുള്ള കരച്ചിൽ ശാരീരിക മാനസിക ആസ്വാസ്ഥ്യങ്ങളെയും ചൂണ്ടി കാണിക്കുന്നു. കരയുന്ന കുട്ടിയ്ക്കെ പാലുള്ളൂ എന്ന് പറയുന്നതും ഒരർത്ഥത്തിൽ ശരി തന്നെയാണ്, കുഞ്ഞ് കരയുമ്പോഴാണ് അമ്മ ഓടി ചെല്ലുന്നതും അതിനെ കംഫർട്ട് ആക്കാൻ ശ്രമിക്കുന്നതും പാലൂട്ടുന്നതും.

തുടക്കത്തിൽ കുഞ്ഞുങ്ങളുടെ മുന്നിൽ മാതാപിതാക്കൾ ഉപയോഗിക്കുന്ന ഭാഷയുടെ നിലവാരം ആളുകളോടുള്ള പെരുമാറ്റ രീതികൾ സംസാരങ്ങളിലെ പദപ്രയോഗങ്ങൾ എല്ലാം അതേപോലെ പകർത്തിയെടുക്കാനാണ് മക്കൾ ശ്രമിക്കുന്നത്. മാതാപിതാക്കളെ കൂടാതെ ചിലപ്പോൾ ടി.വിയിൽ കാണുന്ന രംഗങ്ങൾ ആവാം ബന്ധുവീടുകളിൽ കാണുന്നത്, സമപ്രായക്കാരായ കളിക്കൂട്ടുകാർ സംസാരിക്കുന്നതും കാണിക്കുന്നതുമായ ചേഷ്ടകൾ, സഹോദരങ്ങൾ ഇവരെയെല്ലാം കുഞ്ഞുങ്ങൾ നിരീക്ഷിക്കുകയും അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

Facebook Comments
Related Articles
Show More

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close