മക്കളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സഹജമായി നിലനിൽക്കുന്ന ചില കൊച്ചു കൊച്ചു ദൂഷ്യവശങ്ങളും ശീലങ്ങളുമുണ്ടാവും അവയിൽ ചിലത് പരാന്നഭോജിയെപ്പോലെ മനുഷ്യമനസ്സിൽ അള്ളിപ്പിടിപ്പിച്ച് വേരുറപ്പിച്ച ശേഷം പതിയെ വികാസം പ്രാപിക്കുകയും മനസ്സിന്റെ ആധിപത്യം ഏറ്റെടുക്കുകയും ചിലപ്പോൾ ഏറെ ദോഷകരമായ സ്റ്റേജിലേക്ക് എത്തിക്കും വിധമൊരു വ്യക്തിത്വവൈകല്യമായി അത് മാറിയേക്കാം. വാസ്തവത്തിൽ അന്ന് അതിനെക്കുറിച്ച് രക്ഷിതാക്കൾ അധികം ഉത്കണ്ഠരാവാതെ പോയതും അതിനെ സഗൗരവമെടുക്കാതെ നിസ്സംഗഭാവം പുലർത്തിയതും പിന്നീടത് കുഞ്ഞിന്റെ ജീവിതത്തിൽ ദോഷം ചെയ്യുമെന്ന കാര്യത്തിൽ അവർ അജ്ഞരായത് മൂലമാവാം. പ്രായപൂർത്തിയായ ഒരു മനുഷ്യനായ ശേഷം ഏതൊരു ദുശീലവും ആഗ്രഹിച്ചാൽ പോലും പെട്ടെന്ന് അതിൽ നിന്നൊരു മുക്തി നേടാൻ പറ്റാത്ത വിധം വ്യക്തിത്വത്തിന്റെ ഭാഗമായി മാറിക്കാണും.
അപരന്റെ ദുഃഖത്തിൽ ഗൂഢമായ സന്തോഷത്തോടൊപ്പം ഉൾപുളകം കൊള്ളുന്നതും അവരുടെ സന്തോഷവും ഉയർച്ചയും നോക്കിക്കാണുമ്പോൾ ഉള്ളിൽ കടുത്ത അസ്വസ്ഥതയും അസഹിഷ്ണുതയും അസൂയയും തോന്നിപ്പിക്കുന്നത് മനുഷ്യരിലെ അജ്ഞത മാത്രമല്ല ഒരു തരത്തിലുള്ള ചിന്താവൈകല്യം കൂടിയാണ് സൂചിപ്പിക്കുന്നത്. ആത്മശാന്തിയോ സമാധാനമോ ഒരിക്കലും ഇപ്പറയുന്ന വിഭാഗത്തെ തേടിയെത്തില്ല കാരണം അപരന്റെ ഉയർച്ചയും അംഗീകാരവും പ്രശസ്തിയുമെല്ലാം സദാ എന്നോണം അവരെ അലട്ടികൊണ്ടേ ഇരിക്കും. ഓരോരോ മുടന്തൻ ന്യായങ്ങളും ന്യായീകരണങ്ങളും നമുക്ക് നടത്താം. ഉള്ളിന്റെയുള്ളിൽ തന്റെ ചിന്തകളുടെ ചലനങ്ങളും ഗതിവിഗതികളും കൃത്യമായി വിലയിരുത്താനും തിട്ടപ്പെടുത്തിയെടുക്കാനും അവനവന് മാത്രമേ ഈ ലോകത്ത് സാധിക്കുള്ളൂ. അതിനായ് വേറെ യന്ത്രങ്ങളൊന്നും നിലവിലുള്ളതായി അറിയില്ല. എന്തായാലും സമയവും സാവകാശവുമെടുത്ത് നടത്താവുന്ന ഒരു ആത്മവിശകലനത്തിലൂടെ മാത്രം സാദ്ധ്യമായ ഒന്നാണ് അത്.
തനിയ്ക്ക് ചുറ്റിലുമുള്ള വ്യക്തികളോട് തന്റെയുള്ളിൽ വിവിധ സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും തോന്നിപ്പിക്കുന്ന വികരമെന്താണ്? ആ വികാരം നെഗറ്റീവാണോ പോസിറ്റീവാണോ? നല്ലൊരു സൗഹൃദത്തിനും സഹവർത്തിത്വത്തിനും അത് ആരോഗ്യകാര്യമാണോ അതോ അനാരോഗ്യകാര്യമാണോ? അവരോട് തനിയ്ക്കുള്ള സമീപനവും പെരുമാറ്റവും ആശയവിനിമായവും ശരിയായ രീതിയിലും മാന്യത നിറഞ്ഞതുമാണോ? മാനുഷിക പരിഗണനയും നീതിയും പുലർത്തുന്നുണ്ടോ. ഇവയൊക്കെ ഒരു ആത്മവിശകലനത്തിലൂടെ സ്വയം വിലയിരുത്താം. സ്വയം നന്നാവലാണ്, കറകളഞ്ഞ മനുഷ്യനാവലാണ് ശരിയായ വ്യക്തിത്വം. ഇതിൽ നിന്നെല്ലാം ആത്മബോധത്തിന്റെ അനിവാര്യത എത്രത്തോളമെന്ന് ആർക്കും വായിച്ചെടുക്കാം.
ആളുകളെ മനപ്പൂർവ്വമെന്നോണം വേദനിപ്പിച്ചിട്ട് ആനന്ദം കൊള്ളുകയും ആശ്വാസം കൊള്ളുകയും ചെയ്യുന്ന ചിലരും നമുക്കിടയിലുണ്ട്. സാഡിസം (sadism) ആണത്, കൗണ്സിലിംഗിലൂടെയും തെറാപ്പികളിലൂടെയു ചികിത്സിച്ച് മാറ്റിയെടുക്കേണ്ട ഒരുതരം മനോവൈകല്യം. ഇത്തരം അവലക്ഷണങ്ങൾ ഒരാളിൽ ദൃശ്യമായാൽ അയാളെ അധിക്ഷേപത്തിന് ഇരയാക്കും മുമ്പ് ഇനിയും വെച്ചുനീട്ടാതെ എത്രയും പെട്ടെന്ന് ട്രീറ്റ്‌മെന്റിനുള്ള ഏർപ്പാട് നടത്തണം. രോഗം മൂർച്ഛിച്ച് കഴിഞ്ഞാൽ ചിലരൊക്കെ സൈക്കോട്ടിക്ക് ലെവലിലേയ്ക്ക് പോകാം, ക്രിമിനലുകളായിട്ടും മാറിയേക്കാം. ഒരാളെ ശാരീരികമോ മാനസികമോ ആയി പീഡിപ്പിച്ച് ആ വേദന ആസ്വദിക്കാൻ കഴിയുന്നത് ഒരു രോഗമല്ലാതെ മറ്റെന്താണ്.
അതേപോലെ അതിൽ നിന്നും അല്പം വീര്യം കുറഞ്ഞ മറ്റൊരു വിഭാഗമുണ്ട്. തന്നോട് അത്ര രസത്തിൽ അല്ലാത്ത, ഏതോരു ഘട്ടത്തിൽ അറിയാതെ തന്നെ ദ്രോഹിച്ച ഒരാളെ അതിന്റെ പേരിൽ ആജീവനാന്തം വേട്ടയാടുകയും പരസ്യമായി അപമാനപ്പെടുത്തുകയും അയാളുടെ ജീവിതം നരകതുല്യമാക്കി കൊടുക്കുകയും ചെയ്തുകൊണ്ട് ആത്മനിർവൃതി നുകരുകയും സായൂജ്യമടയുകയും ചെയ്യും. ശത്രുതയും പകയും ഒരാളുടെ ചിന്തമണ്ഡലങ്ങളിൽ അധിനിവേശം നടത്തികഴിയുമ്പോൾ തന്നിലുള്ള പൂർണ്ണ നിയന്ത്രണം അവ ഏറ്റെടുക്കും. എന്നാൽ അക്രമിക്കപ്പെടുന്നവനെ ഇര അല്ലെങ്കിൽ victim എന്ന് വിളിക്കുമ്പോൾ ആദ്യ ഇര അറ്റാക്ക് ചെയ്ത മനുഷ്യൻ തന്നെയാണ്.
ഈ വിധം വർഷങ്ങളോളം ഉള്ളിൽ ശത്രുതയും പകയും കൊണ്ടുനടക്കുന്ന പ്രതികാര ദാഹികളായ മനുഷ്യർ ഏതറ്റം വരെയും പോയി തന്റെ ലക്ഷ്യം പൂർത്തികരിച്ചു പോരുമെന്നതാണ് ഭീകരമായൊരു കാര്യം. അതിനായ് ചിലപ്പോൾ പ്രാർത്ഥിച്ചും നേർച്ചകൾ നേർന്നും നാശം കാണാനായി കാത്തിരിക്കാറുണ്ട്. മാനസികാരോഗ്യം ലവലേശം പോലും ഇല്ലാത്തതിനാൽ ആണത്.
സെക്ഷ്വൽ സാഡിസം ഡിസോർഡറും മനോവൈകല്യങ്ങളിൽ ഒന്നാണ്. ഇണയെ നോവിച്ചും ക്രൂരമായി പീഡിപ്പിച്ചും ലൈംഗീകാനന്ദം കണ്ടെത്തുവാൻ സാധിക്കുന്നവരാണ് അവർ. കത്തിച്ച സിഗരറ്റുകൊണ്ട് ശരീരം പൊള്ളിക്കുക, ബ്ലേഡ്കൊണ്ട് ശരീരം മുറിപ്പെടുത്തുക, കെട്ടിയിട്ടും മറ്റും തല്ലുക, ലൈംഗീകമായി പീഡിപ്പിക്കുക, നിലത്തിട്ട് തൊഴിക്കുക പോലുള്ള അസഹ്യമായ ക്രൂരതകളും അതിക്രമങ്ങളും പങ്കാളി ഇവരിൽ നിന്നും നേരിടേണ്ടി വരുന്നു. കൂടാതെ വെർബൽ അറ്റാക്ക് (വാക്കിനാൽ മുറിവേല്പിക്കൽ) അതും മുറപോലെ നടക്കും. മാനസികമായും ശാരീരികമായും നിരന്തരം പീഡനം സഹിക്കേണ്ടി വരുന്ന ഇരയുടെ ദൈന്യത അവരിൽ ആവേശം പടർത്തുകയും വീണ്ടും വീണ്ടും അത് ആവർത്തിക്കാൻ അത് അവർക്കൊരു ഉത്തേജകമാവുകയും ചെയ്യുന്നു.
പലപ്പോഴും സ്‌കൂളിൽ, വീടുകളിൽ, സ്ഥാപനങ്ങളിൽ ആത്മാഭിമാനിയായ ഒരു വ്യക്തിയ്ക്ക് നിലനിന്നുപോകാൻ തക്ക അന്തരീക്ഷമല്ല കാണുക. ആരോഗ്യമായ മനസ്സും ചിന്തകളും ഉള്ളവർക്കല്ലേ ബോധം ഉണ്ടാവുകയുള്ളൂ. ആളുകളെയിട്ട് കുരങ്ങ് കളിപ്പിക്കൽ, പരസ്യമായി അഭാസം പറയൽ, അപഹസിക്കൽ ഇതൊക്കെ ഇരു വിനോദം പോലെയാണ് പല മനുഷ്യർക്കും. അംഗവൈകല്യമുള്ളവരെയാവട്ടെ അനുകരിച്ച് കാണിക്കുക, അവരെ നോക്കി പൊട്ടിച്ചിരിയ്ക്കുക, കാഴ്ചയിൽ ദൃശ്യമായ വൈകല്യങ്ങൾ ചേർത്ത് വട്ടപ്പേരിട്ട് വിളിക്കുക. പലപ്പോഴും ഒരു നാട് തന്നെ ആ വ്യക്തിയെ ആ പേരിൽ അറിയപ്പെടുന്നതും കാണാം. എത്രത്തോളം വേദനാജനകമാണ് ഇതൊക്കെ. എത്ര ലാഘവത്തോടെയാണ് ആരും ഇതൊക്കെ ചെയ്യുന്നത്. ഉപദ്രവമാണെന്ന് അറിഞ്ഞും അറിയാതെയും മനുഷ്യർ ഇത് ചെയ്തുപോരുന്നു. അവരെ യഥാർത്ഥ പേര് വിളിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളോട് അവർ കാണിക്കുന്ന ഇണക്കം മറ്റൊരാളോടും ഉണ്ടാവില്ല, അയാളോട് മാത്രം താൻ അനുഭവിക്കുന്ന മനോവ്യഥകളും യാതനകളും തുറന്ന് പറയും.
മനുഷ്യരിലെ അനിയന്ത്രിതമായ ഏത് വികാരവും അപകടകരമാണ് അവ വ്യക്തിത്വത്തെ ഒന്നിനും കൊള്ളാതെ നാശകോശമാക്കി തീർക്കും. കോപം, അക്രമാസക്തി, വാശി, നിയന്ത്രണാധീതവും ആസകിതി നിറഞ്ഞതുമായ ലൈംഗീകതൃഷ്ണ തുടങ്ങീ ചിന്തകളുടെ മേൽ അധീശ്വതം കാണിച്ച് അനാരോഗ്യകരമോ, മനുഷ്യത്വവിരുദ്ധമോ, ആനാശ്യാസപരമോ ആയ ചെയ്തികളും ചേഷ്ടകളും ചെയ്യിപ്പിക്കുന്ന വൈകാരികതയുടെ വിളയാട്ടത്തെ സ്വനിയന്ത്രണത്തിലേയ്ക്ക് കൗശലപൂർവ്വമുള്ള ചില നീക്കങ്ങളിലൂടെ തളച്ചിടാം. തന്നെക്കാൾ ദുർബലനായ ഒരു മനുഷ്യനെ അടിച്ച് വീഴ്ത്തുക, ആക്രമിച്ച് കീഴ്പ്പെടുത്തുക എന്നതൊന്നും ആത്മാഭിമാനിയും ആത്മാവബോധവുമുള്ള ഒരു പുരുഷനും സ്ത്രീയും ചെയ്യില്ലല്ലോ.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL