Personality

കുഞ്ഞുങ്ങള്‍ പ്രതീക്ഷയുടെ തളിർനാമ്പുകൾ

അമ്മയുടെയും അച്ഛന്റെയും ജീനുകളിൽ നിന്ന് പകർന്ന് കിട്ടുന്ന സ്വഭാവസവിശേഷതകൾ ഒരു കുഞ്ഞിന്റെ വ്യക്തിത്വരൂപീകരണത്തിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെങ്കിലും അതിനോടൊപ്പം തന്നെ മറ്റ് ഒട്ടേറെ ഘടകങ്ങളും അമ്മയുടെ ഗർഭപാത്രത്തിൽ ഭ്രൂണാവസ്ഥയിൽ കഴിയുന്ന ഘട്ടം മുതൽ മരണം വരെ ഒരു വ്യക്തിയുടെ മാനസ്സിക വളർച്ചയെ സ്വാധീനിക്കുന്നുണ്ട്.

ഗർഭം ധരിക്കുന്നത് അമ്മയാണെങ്കിലും ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുന്നതിൽ അച്ഛനും അതിന്റേതായ പങ്കുണ്ട്. ഒരു കുഞ്ഞിനെ അഥവ ഒരു പുതിയ അതിഥിയെ അവർക്കിടയിലേക്ക് സ്വീകരിക്കാനുള്ള മാനസികാവസ്ഥ രണ്ടുപേരിലും ഉണ്ടാവണം. അതിനാൽ അച്ഛനും അമ്മയും ആവാൻ പോകുന്ന രണ്ടുപേരും ഒരേപോലെ മാനസികമായ തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. അതോടൊപ്പം ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ആ സ്ത്രീ ശാരീരികമായും മാനസികമായി തയാറായിരിക്കുക എന്നതും വളരെ സുപ്രധാനമായ ഒരു കാര്യമാണ്.

നമുക്കറിയാം നമ്മുടെ നാട്ടിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നാണ് ഗർഭിണികളുടെ മാനസികാവസ്ഥ. ഏതവസ്ഥയിലും സ്ത്രീകൾ ഗർഭിണികൾ ആവുന്നുണ്ട്‌ പ്രസവിക്കുന്നുമുണ്ട്. എന്നാൽ ഒരു വ്യക്തിയ്ക്ക് ശാരീരികാരോഗ്യം പോലെ തന്നെ മുഖ്യമാണ് മനസികാരോഗ്യവും എന്ന് നമ്മൾ തീർച്ചയായും തിരിച്ചറിയേണ്ടതുണ്ട്.

പഴയകാലത്ത് ഇതൊക്കെ നോക്കിയായിരുന്നോ സ്ത്രീകൾ ഗർഭം ധരിച്ചിരുന്നത്? അല്ലെങ്കിൽ പ്രസവിച്ചിരുന്നത്? എന്നൊക്കെ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടേക്കാം. എന്നാൽ മറ്റെല്ലാ കാര്യങ്ങളിലും മനുഷ്യർ അഭിവൃദ്ധിപ്പെട്ടപ്പോലെ ഇക്കാര്യത്തിലും നമ്മൾ കുറച്ചുകൂടെ അഡ്വാൻസ്ഡ് ആയ, മെച്ചപ്പെട്ട രീതികൾ കൈകൊള്ളുന്നതിൽ എന്തിനാണ് വിമുഖത കാണിക്കുന്നത്. കാലത്തിനൊപ്പം സഞ്ചരിച്ചില്ലെങ്കിൽ നമ്മൾ പിറകിലേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. അത് ഏറ്റവുമധികം ബാധിക്കുന്നത് മറ്റാരെയുമല്ല നമ്മുടെ കുഞ്ഞുങ്ങളെ തന്നെയാണ് എന്ന ബോധം നമുക്കുണ്ടായാൽ നല്ലത്.

പ്രസവാനന്തര ചികിത്സകൾക്കും വിശ്രമത്തിനും നമ്മൾ കേരളീയർ മറ്റുള്ളവരെ അപേക്ഷിച്ച് പതിവിൽ കവിഞ്ഞ ശ്രദ്ധയും പരിചരണവും നൽകുന്നത് കാണാം. എന്നാൽ മറ്റ് പലതിലും നമ്മൾ നിസ്സംഗതയും അശ്രദ്ധയും കാണിക്കുന്നു. വികസിത രാജ്യങ്ങളിലെപോൽ നമ്മൾ അതിൽ വേണ്ടത്ര ജാഗ്രത പുലർത്താത്തതാവാം കാരണം അവിടങ്ങളിൽ ഇത്തരം വിഷയ സംബന്ധമായ കൃത്യമായ പഠനങ്ങൾ നടത്തുകയും ഗർഭിണികൾക്കും ഭർത്താക്കന്മാർക്കും വേണ്ട ക്ലാസ്സുകളും മർഗ്ഗനിർദ്ദേശങ്ങളും നൽകി പോരുന്നുമുണ്ട്.

ഗർഭിണികൾക്ക് വേണ്ടത് സ്വസ്ഥമായ ഒരു അന്തരീക്ഷമാണ്. അവളോടൊപ്പം നിന്ന് ഭർത്താവും കുടുംബാംഗങ്ങളും അവൾക്ക് സമാധാനവും മാനസിക ഉല്ലാസവും പകരുന്ന ഒരു പരിസ്ഥിതി സൃഷ്ടിച്ചുകൊടുക്കാൻ ശ്രമിക്കുന്നത് എപ്പോഴും നന്നായിരിക്കും.

കാരണം, പ്രസവകാലത്തെ അമ്മയുടെ മാനസികാവസ്ഥ കുഞ്ഞിന്റെയും മനസികാവസ്ഥയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു എന്ന് സെക്കളോജിസ്റ്റുകൾ പറയുന്നു. ഒരു കുഞ്ഞിന്റെ മാനസിക വളർച്ചയെ മറ്റ് എന്തെല്ലാം ഘടകങ്ങൾ സ്വാധീനിയ്ക്കുന്നുവെന്നും എങ്ങനെയാണ് വ്യക്തത്വരൂപീകരണം നടക്കുന്നതെന്നും ഇനിയും ആഴത്തിൽ ചർച്ച ചെയ്യാം…

( തുടരും….)

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close