Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞുങ്ങൾ അച്ഛനമ്മമാരുടെ പ്രതിച്ഛായകൾ

അച്ഛന്റെയും അമ്മയുടെയും ശരിയായ ശ്രദ്ധയും പരിചരണവും പരിഗണനയും പരിരക്ഷയും അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും ജീവിക്കുന്ന കുഞ്ഞുങ്ങളെ നോക്കി നിൽക്കുമ്പോൾ വേറെ തന്നെ അറിയാം. കുഞ്ഞുങ്ങളുമായുള്ള തുറന്ന ഇടപഴകലുകളും ആശയവിനിമയങ്ങളും മാത്രമല്ല അവർക്ക് പറയാനുള്ളത് കേൾക്കാൻ മനസ്സ് കാണിക്കുന്നതുമായ മാതാപിതാക്കളുടെ ശിക്ഷണത്തിൽ വളർന്ന കുഞ്ഞുങ്ങളെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അത്തരം കുഞ്ഞുങ്ങൾക്ക് ആളുകളുമായിട്ടുള്ള സംസർഗ്ഗവും പെരുമാറ്റ രീതികളും വല്ലപ്പോഴും നിരീക്ഷിക്കാൻ ഇടയായിട്ടുണ്ടോ?

ഉണ്ടെങ്കിൽ അവരിലെ സവിശേഷതകളും മേന്മകളും വേറിട്ട്‌ തിരിച്ചറിയാനും കഴിഞ്ഞു കാണും. വളരെയധികം മതിപ്പ് തോന്നിക്കുന്ന സംസാരവും പെരുമാറ്റ രീതികളും ആതിഥ്യ മര്യാദകളും ആ കുഞ്ഞുങ്ങളിൽ പ്രകടമാകും. ഈ പറയുന്നതിന്റെ അർത്ഥം കുഞ്ഞുങ്ങളെ മിലിട്ടറി സ്റ്റൈലിൽ കടുത്ത ചിട്ടയിൽ ട്രെയിൻ ചെയ്തെടുക്കണം എന്നാണെന്ന് ഒരു വിധത്തിലും തെറ്റിദ്ധരിച്ചേക്കരുത്. സ്വാഭാവികമായി കുഞ്ഞുങ്ങൾ വളർന്നു വരുന്നതുനിടയിൽ കണ്ടും അറിഞ്ഞും പരിശീലിച്ചും പഠിക്കുന്നവയാവണം അപ്പറഞ്ഞ മൂല്യങ്ങളും ശീലങ്ങളുമെല്ലാം. അല്ലാതെ സമ്മർദ്ദം ചെലുത്തി പഠിപ്പിച്ചെടുക്കുന്നതിന് സ്വാഭാവികത നഷ്ടമാകും നൈസർഗ്ഗീകതയും നിലനിൽക്കില്ല. അങ്ങനെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിനോട് വിയോജിക്കാനെ കഴിയുള്ളൂ ഒരിക്കലും പ്രോത്സാഹനമർഹിക്കുന്ന സമ്പ്രദായമല്ല അത്.

നമ്മൾ മനസ്സിലക്കേണ്ട അതിപ്രധാനമായൊരു ഒരു കാര്യം എന്താണെന്ന് വെച്ചാൽ, ഇവിടെ യഥാർത്ഥത്തിൽ നടക്കുന്നത് മിറർറിംഗ് ആണ്, കുഞ്ഞുങ്ങൾ സത്യത്തിൽ അച്ഛനമ്മമാരുടെ പ്രതിച്ഛായയാണ്. കണ്ണാടിയിലൂടെ കാണുന്ന പോലെയാണ് കുഞ്ഞുങ്ങൾ തങ്ങളുടെ അച്ഛനമ്മമാരെ പ്രതിഫലിപ്പിക്കുന്നത്. ആരംഭഘട്ടത്തിൽ മക്കളിൽ കണ്ടുവരുന്ന പല ശീലങ്ങളും പെരുമാറ്റങ്ങളും വാസ്തവത്തിൽ പറഞ്ഞാൽ അവർ സ്വന്തം മാതാപിതാക്കളെയോ മൂത്ത സഹോദരങ്ങളെയോ അച്ഛച്ഛനെയോ അമ്മമ്മയെയോ നോക്കി അനുകരിക്കുകയാണ് ഉണ്ടാവുന്നത്. അല്ലാതെ നമുക്കറിയാം അവരെ ആരും പഠിപ്പിച്ചുകൊടുത്തിട്ടില്ലല്ലോ ഒന്നും.

മതാപിതാക്കൾ ലോകവുമായി നടത്തുന്ന ഓരോ വ്യവഹാര രീതികളും കുഞ്ഞിന് നൽകുന്ന സാമിപ്യത്തിലും സമീപനത്തിലും കാണിക്കുന്നതോ, അറിയാതെയോ അറിഞ്ഞോ പ്രകടിപ്പിക്കുന്നതോ ആയ വൈകാരികതയും വാക്കുകളും സംസാരത്തിന്റെ ടോണും വരെ അവരിൽ ആന്തരികമായ പരിവർത്തനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അതിനെ കുറിച്ചെല്ലാം എത്രത്തോളം അവബോധം നമുക്ക് ഉണ്ടെന്നുള്ളത് ഒരളവ് വരെ കുട്ടികളുട മാനസിക വളർച്ചയെ നല്ല രീതിയിൽ ഡെവലപ്‌ ആവാൻ കൂട്ടാവുന്നുണ്ട്. കുഞ്ഞിന്റെ മാനസിക വികാസം യഥാവിധം നടക്കുന്നോ എന്നറിയാൻ 3 കാര്യങ്ങൾ നിരീക്ഷണത്തിൽ വെച്ചാൽ മതി.

1) Intelligence Quotient (IQ)
എന്തെന്നാൽ വളർന്നു വരുന്ന ഒരു കുട്ടി, ലോകവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് തുടങ്ങിയ ആ കുട്ടിയുടെ ബൗദ്ധികപരമായ കഴിവ് (വളർച്ച) അഥവാ ഇന്റലിജെൻസ് ക്വോഷ്യന്റ് പ്രായത്തോടൊപ്പം തന്നെ വേണ്ട രീതിയിൽ ഡെവലപ്‌ ആവുന്നുണ്ടോ എന്ന് നോക്കണം. പ്രായം കൂടുന്നതിനനുസരിച്ച് പ്രതീക്ഷിക്കുന്ന ഒരു ലെവലിലേയ്ക്ക് ബൗദ്ധികപരമായി കുഞ്ഞ് മുന്നേറുന്നുണ്ടോ പുരോഗമിക്കുന്നുണ്ടോ എന്നത് തീർച്ചപ്പെടുത്തണം. കുഞ്ഞിന് ഉൾക്കൊള്ളാൻ കഴിയും വിധം ഓരോ പ്രായത്തിനുമൊത്ത പൊതുവായ അറിവുകൾ കുഞ്ഞിലേയ്ക്ക് എത്തിക്കുകയും യുക്തിസഹവും വിവേകപൂർവ്വവുമുള്ള ചിന്തകൾ കുഞ്ഞിൽ രൂപപ്പെടുകയും അവയെല്ലാം അടിസ്ഥാനമാക്കി കുഞ്ഞുങ്ങൾക്ക് ലോകവുമായി ആളുകളുമായി അടുത്തറിയാൻ കഴിയുകയും വേണം.

2) Emotional Quotient (EQ)
അതായത് വൈകാരികമായി ആളുകളോടും സഹചര്യങ്ങളോടും ഇടപെടുന്നതിനുള്ള കഴിവ് (വളർച്ച) കുഞ്ഞിന് തന്നോട് തന്നെയും മറ്റുള്ളവരോടും പ്രതിബദ്ധതയും ബന്ധങ്ങളിൽ അടുപ്പവും വൈകരികതയും സൂക്ഷിക്കാൻ കഴിയുന്നുണ്ടോ, കുഞ്ഞിന്റെ പെരുമാറ്റങ്ങളിൽ സംസാരത്തിൽ വേണ്ടിടത്ത് വൈകാരികത പ്രകടമാകുന്നുണ്ടോ എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വൈകാരികതയ്ക്കും ഓരോ പ്രായാടിസ്ഥാനത്തിൽ മാറ്റങ്ങളും പക്വതയും കൈവരിക്കാൻ കുഞ്ഞിന് കഴിയണം. അച്ഛനമ്മമാരോടും കൂടിപ്പിറപ്പുകളോട് അല്ലെങ്കിൽ തനിക്ക് പ്രിയപ്പെട്ട ആരോടും ഇടപഴകുമ്പോൾ കാണിക്കുന്ന വൈകാരികത, അറ്റാച്ചെന്റ് കൃത്യമായി നടക്കുന്നില്ലെങ്കിൽ ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിൽ കുഞ്ഞ് പരാജയപ്പെടും. അത് അവരിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും.

3) Adaptability Quotient (AQ)
പരിതസ്ഥിതികളോട് ഇണങ്ങാനുള്ള കുട്ടിയുടെ കഴിവ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനിൽ ഉണ്ടാവേണ്ട അതിപ്രധാനമായൊരു മറ്റൊരു ഘടകമാണ് ഇത്. ഒരുപക്ഷേ ഇത് കേൾക്കുമ്പോൾ നമ്മളിൽ ഒരു ചോദ്യം ഉണർന്നേക്കാം ഓരോ കുഞ്ഞും വളർന്നു വരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു തന്നെയല്ലേ വളരുന്നതെന്ന്. അതെ എന്നാൽ അതിന് കഴിയാതെ പോകുന്ന കുഞ്ഞുങ്ങളും ഉണ്ട്. ഒന്നുകിൽ കുഞ്ഞിനുള്ളിൽ നടക്കുന്ന ആശയവിനിനങ്ങളുടെ (interaction) അപര്യാപ്തതയോ തന്റെ ചുറ്റുപാടുകളെ തെറ്റായ രീതിയിൽ വായിക്കപ്പെടുന്നതോ, ചില തെറ്റായ ധാരണകളോ, ഉൾക്കൊള്ളാൻ കഴിയാത്ത സഹചര്യമോ, അനുഭവങ്ങളോ ഒക്കെയാവാം കാരണം. ഇത്തരം കുഞ്ഞുങ്ങളിൽ പതിവിൽ കവിഞ്ഞ മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടമാകും തന്റെ കഴിവുകൾ തെളിയിക്കുന്നതിലും പഠനത്തിലുമെല്ലാം പരാജയമായി മാറുന്നതും സ്വാഭാവികം അത് കഴിവുകൾ ഇല്ലാത്തതിനാലോ, പഠിക്കാൻ പിന്നിൽ അയതിനാലോ ആവില്ല.

ഇങ്ങനെയൊക്കെയുള്ള അവസ്‌ഥ കുഞ്ഞിൽ കാണുന്ന അവസരങ്ങളിൽ അവരെ വഴക്ക് പറയാതെ നോക്കാൻ ശ്രമിക്കുക എന്നതാണ് കുഞ്ഞിനോട് ചെയ്യാൻ പറ്റുന്ന വലിയൊരു കാര്യം. കുഞ്ഞ് അറിയാതെ തന്നെ കുഞ്ഞിനെ അലട്ടുന്ന പ്രശനങ്ങൾ അറിയാൻ ശ്രമിക്കുകയാണ് വേണ്ടത്. അവരുമായി കൂടുതൽ സംസാരിക്കുക കൂടുതൽ കേൾക്കാൻ മനസ്സുണ്ടാവുക ഇതൊക്കെ മാതാപിതാക്കളിൽ വളരെ നിർബ്ബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങളാണ്.

നേഴ്‌സറിയിൽ പഠിക്കുന്ന കുഞ്ഞ് ആയാൽ പോലും ടീച്ചറിൽ നിന്ന് തന്റെ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ വളരെ സത്യസന്ധമായ ഒരു ഫീഡ്ബാക്ക് ചോദിച്ച് അറിയുന്നത് ഗുണം ചെയ്യും. നമ്മുടെ അഭാവത്തിൽ കുഞ്ഞ് എങ്ങനെയെന്ന് രക്ഷിതാക്കൾ അറിയേണ്ടതുണ്ട്. കുഞ്ഞിനോടുള്ള നമ്മുടെ ഓരോ ശ്രമങ്ങളും സൈക്കോളജിക്കലി ആണെങ്കിൽ അതിന്റെ ഫലം അത്രത്തോളം മികവുറ്റതായിരിക്കും. അവിടെ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം എപ്പോഴും കരുതലോടെ തന്നെ വരവേൽക്കുന്ന ഒരു ചുറ്റുപാടിലേയ്ക്ക് അനായസകരമായി, പതിയെ പതിയെ എന്നോണം ലയിക്കാനുള്ള മാനസികമായ ഒരു സാഹചര്യം ഒരുക്കപ്പെടുകയാണ്. ആവിടെ അവർ സംതൃപ്‌തരാണ്, സന്തോഷവാന്മാരുമാണ്. എതിർപ്പുകൾ കൂടാതെ തനിയ്ക്ക് സാധ്യമായ എന്തിനെയും സ്വീകരിക്കാനും സ്വന്തമാക്കാനും വിധം മനസ്സ് പ്രാപ്തമാക്കപ്പെടുകയാണ്.

Related Articles