Current Date

Search
Close this search box.
Search
Close this search box.

ഏവർക്കും ഗുണകരമാകുന്ന ഒരു സമീപനം

ജീവിതത്തിന്റെ ഭീമമായൊരു ഭാഗവും പിന്നിട്ട് കഴിയുമ്പോഴാണ് ഇവിടെ പലർക്കും പലപ്പോഴും പല സത്യങ്ങളും തിരിച്ചറിയാൻ കഴിയുന്നത് തന്നെ. തനിയ്ക്ക് ലഭിച്ച അമൂല്യമായ ഒരു ജീവിതത്തെക്കുറിച്ചും അത് തനിക്ക് നൽകുന്ന അനന്തമായ സാദ്ധ്യതകളെക്കുറിച്ചും ഇവിടെ സുലഭമായ അവസരങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നത് അല്ലെങ്കിൽ ശരിയായ വെളിപാട് ഉണ്ടാവുന്നത് പൊതുവെ വൈകിയ വേളയിലാണ്. അപ്പോഴത്തേയ്ക്കും സമയം ഏറെ അതിക്രമിച്ചു കഴിഞ്ഞിരിക്കും. ഇനിയൊരു തിരുത്തലോ വീണ്ടെടുക്കലോ അസാധ്യമാവും വിധം ജീവിതം അന്ത്യഘട്ടത്തിന്റെ മുനമ്പിലേയ്ക്ക് അല്ലെങ്കിൽ പര്യവസാനത്തിന്റെ ധ്രുവത്തിലേയ്ക്ക് എത്തികഴിഞ്ഞു കാണും. നൈരാശ്യമേറ്റ മനസ്സ് അവസാന നാഴികകൾ താണ്ടുന്ന വ്യഥയിലാവും. നിങ്ങൾ ഒരു തിരുത്തൽ ആഗ്രഹിക്കുന്നുണ്ടോ? വല്ല മാറ്റങ്ങളും കൊതിക്കുന്നുണ്ടോ? എങ്കിൽ ഇതാണ് ഈ നിമിഷമാണ് അതിന് ഏറ്റവും അനുയോജ്യമായ സമയം. നാളെയെന്ന ഒരു ദിവസമേ ഇല്ല എന്ന് തന്നെ മനസ്സിൽ കരുതണം. വൈകിപ്പോകുന്ന ഓരോ നിമിഷവും വിലപ്പെട്ട ജീവിതത്തെ പാഴാക്കുന്നതിന് തുല്യമാണ്. മിക്കപ്പോഴും ഭയമാണ് ഏറ്റവും വലിയ ശത്രു. ഭയത്തിന്റെ ഘനമേറിയ പുറംതോട് ഭേദിച്ച് പുറത്തു കടക്കുമ്പോൾ നിങ്ങൾക്കായി ഒരു വിശാലമായ, നിങ്ങളുടേതായ ഒരു ലോകം കാത്തിരിപ്പുണ്ടെന്നു നിങ്ങൾ തന്നെ തിരിച്ചറിയും.

ശക്തമായ പിന്തുണയോടെ, മോറൽ സപ്പോർട്ടോടെ ഒരാൾ കൂടെ നിന്നാൽ അപ്പറഞ്ഞത് അനായേസേന സാധ്യമാവും. അതല്ലെങ്കിൽ ഒരു വ്യക്തി സ്വയമേ തന്നെ “ബോധത്തിലേക്ക് ഉയർന്ന്” ചിന്തിക്കാൻ തല്പരനാവണം. ആത്മബോധത്തിന്റെ സാന്നിദ്ധ്യം എപ്പോഴും വ്യക്തിയിൽ നിർബ്ബന്ധമാണ്. ഒരു പുരുഷായുസ്സുകൊണ്ട് മനുഷ്യർക്ക് സ്വായത്തമാക്കി എടുക്കാനും സ്വന്തമാക്കാനും സ്വപരിശ്രമത്താൽ നേടിയെടുക്കാനും ഈ പ്രപഞ്ചമാകും അക്ഷയപാത്രത്തിൽ വേണ്ടുവോളം ഉണ്ട്. കണക്കറ്റ സ്വപ്നങ്ങൾ, തീവ്രമായ മോഹങ്ങൾ, സ്വപ്രയത്നങ്ങൾ, തീരുമാനങ്ങൾ, ഇച്ഛാശക്തി, സുദൃഢമായ മനസ്സ് ഇതൊക്കെ കൃത്യമായ ട്രാക്കിൽ ആവുമ്പോഴേ ലക്ഷ്യങ്ങൾക്കും കാര്യസാധ്യത്തിനുമായി പ്രവർത്തിക്കാനുള്ള തീവ്രമായ ചോദനയ്ക്ക് ഫലം കണ്ടെത്താൻ കഴിയുകയുള്ളൂ. താൻ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും ഭയന്ന് തന്റെ കടമകൾ ആഗ്രഹിച്ച പ്രകാരം നിറവേറ്റാൻ സാധിക്കാതെ അവർ പല സന്ദർഭങ്ങളിലും യഥാർത്ഥ പാതയിൽ നിന്നും മാറി ചലിക്കുന്നതോ, സ്വയം പിൻവലിയുന്നതോ ആണ് കാണാറുള്ളത്. ചിലരോ പൂർണ്ണമായും ആയുധം വെച്ചു കീഴടങ്ങുന്നു. അന്യന്റെ അനാവശ്യമായ കൈകടത്തലുകളും അതേപോലെ സാഹചര്യങ്ങളെ ഫലപ്രദമായി വിനിയോഗിക്കാൻ അല്ലെങ്കിൽ പ്രയോജനപ്പെടുത്താൻ പൂർണ്ണ പിന്തുണയോടെ അനുകൂലിച്ചു നിൽക്കുന്ന തന്റേതായ, ശക്തമായ ഒരു മനോഭാവത്തിന്റെ അഭാവവും കാരണം എല്ലാം നഷ്ടപ്പെടുന്ന ഒരു ദുരന്തഘട്ടം മുന്നിൽ സംജാതമാവുന്നു.

ഇതിനൊക്കെ ഏക പ്രതിവിധി ആത്മബോധത്തിലൂടെ ആർജ്ജവത്തോടെ മക്കളെ നയിക്കലാണ് എന്നൊരു തിരിച്ചറിവിൽ രക്ഷിതാക്കൾ എത്തിയെങ്കിൽ മക്കളുടെ ജീവിതമെങ്കിലും ആത്മസാക്ഷാത്ക്കരത്തിന്റെ വഴികളിലേക്ക് തിരിച്ചുവിടാൻ പറ്റും. രക്ഷാകർതൃത്വം അറിഞ്ഞു നിർവ്വഹിക്കാൻ കഴിയണമെന്ന് പറയുന്നതിന് ഏറ്റവും മർമ്മപ്രധാനമായ കാരണവും അതാണ്. യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാനും സത്യങ്ങളെ ഉൾകൊള്ളാനും മനുഷ്യർ ശീലിച്ചാൽ തന്നെ ജീവിതത്തിന് ഇന്നോളമില്ലാത്ത തരം അനിർവ്വചനീയമായൊരു മാനവും അർത്ഥവും വന്നു ചേരുമെന്നതിനാൽ സ്വന്തം യുക്തിയ്ക്കും ബുദ്ധിയ്ക്കും നിരക്കുന്ന ആശയങ്ങളോടൊപ്പം മനസ്സിന് മാർഗ്ഗദർശനം ലഭിക്കണം. ചിന്താശേഷി ആവുംവിധം വർദ്ധിപ്പിച്ചെടുത്ത് സ്വന്തം മനസ്സിനെ
വിശാലതയിലേയ്ക്ക് എത്തിക്കാനും സ്വയം ഒരു മുൻകൈ എടുക്കണം. അറിവും പരിജ്ഞാനവും പുസ്തകക്കെട്ടുകൾക്കുള്ളിൽ മാത്രം തിരയുന്നത് കസ്തൂരി തേടി നടക്കുന്ന കസ്തൂരിമാനിനെപ്പോലെയാണ്. ആത്മജ്ഞാനമാണ് ഏറ്റവും വലിയ ജ്ഞാനം.

ആന്തരീകമായ അറിവും പരിജ്ഞാനവും ബോധവുംകൊണ്ട് അറിവിൽ നിന്നും ഉയർന്ന് സ്വതന്ത്രചിന്തകളിലൂടെ ജ്ഞാനത്തിലേയ്ക്ക് എത്താൻ മനുഷ്യർ ആത്മാർപ്പണ ബോധത്തോടെ യത്നിക്കേണ്ടിയിരിക്കുന്നു. സ്വന്തം ബുദ്ധി, യുക്തി, വിവേകം ഇവകൊണ്ടുള്ള സമീപനവും കാഴ്ചപ്പാടുകളും അനിവാര്യം അതേസമയം മറ്റുള്ളവരെ കേൾക്കുമ്പോൾ അവയെ
പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും അവരവരെ സ്വയം നവീകരിച്ചുകൊണ്ടിരിക്കാനും സാധിക്കണം. സ്വത്വബോധത്തിൽ നിന്നുകൊണ്ട് ചിന്തിക്കാതെ ഇപ്പറയുന്ന ഒന്നിനും സാധ്യതയില്ല. ആത്മബോധമുള്ള മനുഷ്യരിൽ മാത്രമാണ് ഇതിനൊക്കെ സാധ്യത കാണുന്നത്. ആന്തരീകമായ അറിവിനാൽ ഉദ്ബോധനവും ഉൾക്കാഴ്ചയും ലഭ്യമാകുന്നതോടൊപ്പം ആന്തരീകപരിവർത്തനവും സംഭവിക്കുന്നു. ജീവിതം സംതൃപ്തിയോടെ, സന്തുഷ്ടിയോടെ മുന്നോട്ട് കൊണ്ടുപോകാൻ ഉതകുന്ന വിധം ആഴവും പരപ്പും വിശാലതയുമെറിയ ഒരു പോസിറ്റീവ് മനോഭാവം ഉള്ളിൽ സ്വയം ഉത്പാദിപ്പിച്ചെടുക്കുകയാണ് വേണ്ടത്

ശ്രവിക്കുമ്പോഴും ഉൾക്കൊള്ളുമ്പോഴും ഏറിയ മനപ്രയാസം നേരിടുന്ന, ഉള്ളിൽ ആരോചകമുണർത്തുന്ന, നൊമ്പരപ്പെടുത്തുന്ന എന്നാൽ അനിഷേധ്യവും അപ്രിയവുമായ സത്യങ്ങൾ ഇവിടെ ഒരുപാടുണ്ട്. ഇതിനെയൊക്കെ വിശാലചിന്താഗതിയിൽ നിന്നുകൊണ്ട് നോക്കിക്കാണുന്ന ശീലമുണ്ടെങ്കിൽ ഏറെക്കുറെ മനസ്സ് അതുമായി താദാത്മ്യം പ്രാപിക്കാൻ കരുത്ത് നേടിത്തരും. എപ്പോഴും സർവ്വതിനെയും ഉൾകൊള്ളാൻ മനുഷ്യന് പ്രേരകവും സഹായകവുമാവുന്നത് ഓരോന്നിനോടും മനസ്സിൽ വെച്ചു പുലർത്തുന്ന ചിന്താഗതികളാണ്. അതിനാൽ അനിവാര്യമെന്ന് തോന്നുന്ന ഒന്നിലും വിമുഖതയോ നിസ്സംഗതയോ കാണിക്കാതെ പ്രാവർത്തികമാക്കാനുള്ള ഉദ്യമത്തിൽ മുഴുകലാണ് കരണീയം. കാരണം ഒരാൾക്ക് ജീവിതം മുഖ്യമാണെന്ന് തോന്നുന്നെങ്കിൽ അതിനോടുള്ള സമീപനമാണ് മുഖ്യം. ജീവിതമെന്നല്ല ഏതൊരു കാര്യത്തോടും അടുക്കുമ്പോൾ സമീപനത്തിൽ നിഗൂഢതയോ, ഉദ്ദേശശുദ്ധിയിൽ അപാകതയോ ഉണ്ടെങ്കിൽ ആ സമീപനമേ ഒട്ടും ആശാസ്യകര്യമാവുന്നില്ല.

ഗൂഢലക്ഷ്യങ്ങളോടെ സമീപിക്കുന്നവരെ തിരിച്ചറിയത്തക്ക ഉപകരണങ്ങളൊന്നും നിലവിൽ മാർക്കറ്റിൽ ലഭ്യമല്ല. മറ്റൊരാളുടെ മനസ്സ് കൃത്യമായി വായിച്ചെടുക്കൽ അസാധ്യവുമാണ്. ആരെക്കുറിച്ചും നിഗമനങ്ങളൊക്കെ നടത്താം അത് എത്രത്തോളം ശരിയാവണമെന്നുമില്ല. ലാഭകണ്ണോടെ സൗഹൃദം കൂടാനും പ്രണയാഭ്യർത്ഥനയുമായും എത്തുന്നവരുണ്ട്. കച്ചവട താല്പര്യത്തോടെ, കുടിലബുദ്ധിയോടെ ആളുകളെ വലയിലാക്കുന്ന, ചതിക്കുഴിയിൽ വീഴ്ത്തുന്ന ദുഷിച്ച മനസ്സുകൾ ഉണ്ട്. സ്ഥാപിതതാൽപര്യങ്ങൾ മുൻനിർത്തി മനുഷ്യരെ ചൂഷണം ചെയ്യുന്ന ദുരാഗ്രഹികളാണ് അവർ. അനുതാപം നിറഞ്ഞ മനസ്സോടെ, സദ്ബുദ്ധിയോടെ, സമത്വ മനോഭാവത്തോടെ, സമഭാവനയോടെ മാനവീകമായ ഒരു സമീപനമാണ് ഒരു വ്യക്തിത്വത്തെ മഹനീയവും ഉത്കൃഷ്ടവുമാക്കി തീർക്കുന്നത്. നിസ്സഹായതയിലും നിവൃത്തികേടിലും ജീവിക്കുന്ന തന്നെപ്പോലെയുള്ള മറ്റൊരു മനുഷ്യനെ ചൂഷണവിധേയമാക്കാൻ തന്റെ മനസ്സാക്ഷി കൂട്ട് നിൽക്കുന്നുവെങ്കിൽ അയാളിലെ വ്യക്തിത്വം വികലമാണ്, അജ്ഞതാ ബോധത്തിലൂടെയും വികലമായ ചിന്തകളിലൂടെയുമാണ് അവനിലെ വ്യക്തിത്വം രൂപപ്പെട്ടിരിക്കുന്നതെന്ന് ഊഹിക്കാം.

ബുദ്ധിയും ബോധവും കൃത്യമായി പ്രയോഗിക്കാൻ അറിയുന്ന ഒരാൾ പരീക്ഷണങ്ങളോ ദുരിതങ്ങളോ ഇല്ലാത്ത ജീവിതത്തെ ഒരിക്കലും സ്വപ്നം കാണുക പോലുമില്ല. അതൊന്നുമില്ലാത്ത ജീവിതമെന്തെന്ന് ഓർക്കും. എല്ലാത്തിനെയും അക്സെപ്റ്റ് ചെയ്യാൻ തയാറാവും. ഇത്തരത്തിൽ എല്ലാത്തിനെയും ഉൾക്കൊണ്ടുകൊണ്ടുള്ള ജീവിതം ആത്മശാന്തിയ്ക്ക് വഴിയൊരുക്കും.
തീക്ഷ്ണമായ അല്ലെങ്കിൽ ദുസ്സഹവും ദുരന്തപൂർണ്ണവുമായ അനുഭവങ്ങളെ ഭയക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. യാതോരു ബുദ്ധിമുട്ടും അല്ലലും അറിയാതെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവർ ആഗ്രഹിക്കുന്നു. സുഖലോലുപതയിലും ആഡംബരങ്ങളിലും മതിമറന്ന് ജീവിക്കുമ്പോഴാണ് മനുഷ്യർ സന്തോഷവാന്മാരാകുന്നത് എന്ന മിഥ്യാധാരണ അവരെ ആഴത്തിൽ ഭരിയ്ക്കുന്നു. ആകസ്മികമായി വന്നുചേരുന്ന പല പ്രശ്‌നങ്ങളും ദുരന്തങ്ങളും അവരെ തളർത്തുന്നു, വിഭ്രാന്തിയിലാക്കുന്നു. അതിൽ പലരും തന്നെ പ്രത്യാശകൾ വെടിഞ്ഞ് പ്രതീക്ഷകൾ നശിച്ച് നിരാശയിലേയ്ക്ക് കൂപ്പുകുത്തുന്നു. ജീവിതത്തെ എന്നത്തേക്കാളിലും അധികം നരകമായി കാണാൻ തുടങ്ങുമ്പോൾ യാതനകളിൽ നിന്നും വേദനകളിൽ നിന്നും മോചനമില്ലാതെ തുടരുന്ന ജീവിതത്തോട് വെറുപ്പും വിരക്തിയും അനുഭവപ്പെട്ടു തുടങ്ങുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് ഒരു വട്ടം ചിന്തിക്കാൻ സാധിച്ചെങ്കിൽ, ആരെങ്കിലും അവരെ കേൾക്കാൻ തയാറായെങ്കിൽ, അവരിലേയ്ക്ക് അവബോധം പകർന്നു നൽകിയെങ്കിൽ ഈ വിധി വരില്ല ഒരിക്കലും.

വ്യക്തിത്വബോധം അല്ലെങ്കിൽ ആത്മാവബോധം വന്നവർക്ക് ക്ലേശകരമായ ജീവിതത്തെ അഭിമുഖീകരിക്കാൻ സമർത്ഥമായി കഴിയുന്നെങ്കിൽ അതിന്റെ രഹസ്യം എന്താവും? എന്നാൽ പലർക്കും നിസ്സഹായതയോടെ ജീവിക്കാനും നോക്കി നിൽക്കാനുമേ സാധിക്കുന്നുള്ളൂ അത് എന്തുകൊണ്ടാണ്? തന്നെയും തന്നിലെ കഴിവുകളെയും ബലഹീനതകളെയും കുറിച്ചൊക്കെ വ്യക്തമായ ധാരണയും ബോധം വന്നയാൾക്ക് അവനവനെ മാനേജ് ചെയ്യാനും വേണ്ടവിധം പ്രയോജനപ്പെടുത്താനും അതേപോലെ ഉപയോഗപ്പെടുത്താനും സാധിക്കുമെന്നതാണ് സത്യം. സ്വന്തം ടാലന്റും പൊട്ടൻഷ്യലും തിരിച്ചറിയുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. അത് മനുഷ്യന് ഏറ്റവുമധികം ഊർജ്ജവും ഉന്മേഷവും പ്രചോദനവുമേകും. രക്ഷിതാക്കൾ മക്കളിൽ അന്തർലീനമായ കഴിവുകളെ വേണ്ടവിധം ഉദ്ദീപിപ്പിച്ചെടുക്കാൻ അവരിലേക്ക് വേണ്ടത്ര ഊർജ്ജം പകർന്ന് നൽകി, പ്രോത്സാഹിപ്പിച്ച്, വലിയൊരു പ്രേരകമായി സ്വയം വർത്തിക്കണം. അപ്പോൾ മക്കൾ തന്നെത്താൻ, പരസഹായം പോലുമില്ലാതെ ഉയർന്ന് വരുന്നത് കാണാം. അത് കാണുമ്പോൾ മാതാപിതാക്കളിൽ അതീവം വിസ്മയം ജനിപ്പിക്കും. മക്കളെ ഒരിക്കലും താഴ്ത്തിക്കെട്ടി സംസാരിക്കുകയോ വില കുറച്ച് കാണുകയോ അരുത്. അത് അവരിൽ വിപരീത ഫലം ഉളവാക്കും. പാരന്റിങ്ങിൽ അച്ഛനമ്മമാർക്കുള്ള നിലപാട്, മക്കളോടുള്ള സമീപനം ഇവയൊക്കെ വളരെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ചിലതാണ്.

അതുകൊണ്ട് സത്യങ്ങൾ മനസ്സിലാക്കുന്നതിലും ജീവിതത്തിൽ പകർത്തുന്നതിലും ആരും ഒട്ടും വൈമനസ്യം കാണിക്കാതിരിക്കലാണ് യുക്തി. സ്വന്തം നേട്ടങ്ങൾ ലക്ഷ്യമിട്ട് മാത്രമല്ല ഒരാളും ജീവിക്കേണ്ടത്. ഓരോരുത്തരും മറ്റൊരാൾക്ക് ഉയരങ്ങളിലേയ്ക്ക് കയറിപ്പറ്റാൻ ചിലപ്പോഴൊക്കെ സ്വയം ഒരു ചവിട്ടുപടിയായി നിന്നുകൊടുക്കേണ്ടി വരുന്നുണ്ട്. ഒരിക്കൽ വേട്ടക്കാരൻ ആയിരുന്നവൻ പിന്നീട് ഇരയും ഇന്ന് ഇരയായവൻ തന്നെ നാളെ വേട്ടക്കാരനാകുന്നതും പ്രാപഞ്ചിക നിയമങ്ങളിൽ ഒന്നാണ് അത്. ഇന്നലെ മറ്റൊരാളെ ചവിട്ടുപാടിയാക്കിയാ നാം തന്നെ നാളെ അപരന്റെ പ്രയത്നങ്ങൾക്ക് ഫലം കണ്ടെത്താൻ ഒരു കരുവായിത്തീരേണ്ട അവസ്‌ഥ. ഓരോ മനുഷ്യനും ഇവിടെ തന്റേതായ ധർമ്മങ്ങൾ നിറവേറ്റാനുണ്ട്. അതിൽ അനാസ്ഥ കാണിക്കാതെ സത്യസന്ധത പുലർത്താൻ തയാറാവണം.

അപരനും കൂടെ ഗുണകരമായ സമീപനമാണ് ഒരു വ്യക്തിയിൽ നിന്ന് ഉണ്ടാവുന്നതെങ്കിൽ അതിന്റെ ഗുണവും ഫലവും ഏതെങ്കിലും മുഖേന അയാളിലേയ്ക്ക്, ആ വ്യക്തിയിലേയ്ക്ക് തന്നെ തിരികെ വന്നുചേരും. നിസ്വാർത്ഥവും ലാഭേച്ഛകൂടാതെയുമുള്ള നിഷ്കാമ കർമ്മങ്ങൾ അതീവം ശ്രേഷ്ഠത നിറഞ്ഞതും മഹത്തരവുമാണ്. മാനവിക ചിന്തകൾ സ്വാധീനിച്ച ഒരു വ്യക്തിയാവുമ്പോഴാണ് സഹജീവികളെ സ്നേഹിക്കാൻ മനുഷ്യഹൃദയം സന്നദ്ധമാവുന്നത്. അത്തരം മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുള്ള ജീവിതം മനുഷ്യനെ ഔന്നിത്യത്തിലേയ്ക്ക് ഉയരാൻ നിഷ്ക്ലേശം ഉത്തമമായ പിന്തുണയായി മാറുന്നു.

സദാ സമയം നല്ലവൻ/നല്ലവൾ എന്നൊരു പ്രതിച്ഛായ നിർമ്മിച്ചെടുക്കാനുള്ള ശ്രമത്തിൽ സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തുകയും അരുത്. നിലപാടുകൊണ്ടും കാഴ്ചപ്പാടുകൊണ്ടും അതേപോലെ സംസാരത്തിലും പ്രവൃത്തിയിലും നല്ല മനുഷ്യൻ എന്ന ഒരു ലേബൽ വന്നു എന്ന് വെച്ച് ചില അപൂർവ്വ അവസരങ്ങളിലെങ്കിലും മാന്യത വിട്ട് സംസാരിക്കേണ്ട അവസ്ഥയും വന്നേക്കാം. ഉപദ്രവകാരികളായ മനുഷ്യരോട് ചെറുത്ത് നിൽക്കാൻ അല്പസ്വൽപം പോക്രിത്തരവും കൈയ്യൂക്കും കാണിക്കാൻ കഴിയാതെ പഞ്ചപാവം നടിച്ചാൽ നിർദയം അടിച്ചമർത്തുന്ന ഒരു ലോകമാണ് ഇത്. ഒരാൾ തന്റെ ആവനാഴിയിൽ കരുതി വെയ്ക്കുന്ന അമ്പുകൾ ആക്രമിക്കാനോ പ്രാണൻ അപഹരിക്കാനോ ലക്ഷ്യമിട്ടാവില്ല. പ്രതിരോധത്തിനും ആത്മരക്ഷാർത്ഥവും ആയിരിക്കും. അല്ലെങ്കിലും അളമൂട്ടിയാൽ ചേരയും കടിക്കുമെന്നല്ലേ. ഉപദ്രവംകൊണ്ടു പൊറുതിമുട്ടിയാൽ ഏത് നിരുപദ്രവിയും തിരിച്ച് ഉപദ്രവിക്കും അത് അങ്ങനെ തന്നെയാണ്.

ജീവിതക്ലേശങ്ങൾ അനുഭവിച്ചു വളരുന്നവൻ ബുദ്ധിമുട്ടിയും അതിന് പരിഹാരം കാണും. പലരും പലവിധത്തിലാണ് ഓരോന്നിനും പ്രതിവിധികൾ കണ്ടെത്താറുള്ളത്. തന്നിൽ വിശ്വസിച്ചു കഴിഞ്ഞ ഒരാൾക്കാവും തനിയ്ക്ക് അനുയോജ്യമായ ഏറ്റവും നല്ല ഉപായങ്ങൾ കണ്ടെത്താൻ സാധിക്കുക. അവനവനെക്കുറിച്ച് ഏതാണ്ടൊക്കെ ഒരു രൂപം മനസ്സിൽ ഉണ്ട്, അതിനൊത്ത ഒരു ബോധവുമുണ്ട് എങ്കിൽ തെറ്റല്ലാത്ത നിഗമനങ്ങളിലൂടെ ഏതൊരു സമസ്യകൾക്കും പ്രത്യുപായം കണ്ടെത്താൻ അനായാസം സാധിക്കും. അതുകൊണ്ട് അവനവനിൽ വിശ്വസിച്ച് അവനവന്റെ കഴിവുകളിൽ തെല്ലും ആശങ്കയ്ക്ക് ഇടനൽകാതെ മുന്നേറുക. അവർക്ക് വിജയം സുനിശ്ചിതം.

സ്വന്തം കാര്യങ്ങളിൽ സുരക്ഷിതത്വവും ഭദ്രതയും കണ്ടെത്തുന്നതിനുള്ള പരിഹാരമാർഗ്ഗങ്ങളും സമീപനങ്ങളും നിഷേധാത്മകമാക്കി മാറുന്നതിലേയ്ക്ക് ചിന്തകളെ എത്തിക്കരുത്. പലതരത്തിലുള്ള തിക്താനുഭവങ്ങളും പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്യേണ്ടിവരുന്നത് ലോകത്ത് താൻ ഒരാൾ മാത്രമല്ല എന്ന ചിന്തയും അപരന്റെ ദുഃഖഭരിതവും ക്ലേശകരവുമായ കഥകൾ കേൾക്കാനും ചിലതൊക്കെ ഉൾക്കൊള്ളാനുമുള്ള മനസ്സുണ്ടാവുന്നത് ഒട്ടേറെ ഗുണം ചെയ്യും. ചില മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ടാവും ഗൗരവപൂർവ്വം ജീവിതത്തെ കാണുമ്പോഴും എത്രത്തോളം കൂളായി നിന്ന് സമചിത്തതയോടെ, ആത്മസംയമനത്തോടെയാണ് അവർ പ്രശ്‌നങ്ങളെ തരണം ചെയ്യുന്നത്. അത്തരമൊരു വിഭാഗത്തിലപ്പെടുന്നവർക്ക് ജീവിതത്തോടുള്ള സമീപനം തന്നെ പോസിറ്റീവ് ആയിരിയ്ക്കും. ഏത് കഷ്ടപ്പാടിന്റെ നേരിപ്പോടിൽ നിന്നും കരകയറിപ്പോരാൻ ആത്മബോധത്തിലൂന്നിയ പോസിറ്റീവ് ചിന്തകൾ അതൊന്ന് മാത്രം മതിയാകും.

ഒരു വ്യക്തിത്വം നിർവ്വചിക്കപ്പെടുന്നത് ഇത്തരത്തിലുള്ള സമീപനംകൊണ്ടും നിലപാടുകൊണ്ടും കൂടെയാണ്. ആരിലും വിശ്വാസം ജനിപ്പിക്കുന്ന ഒരു സമീപനത്തിൽ നന്മകളും മാനവീകമൂല്യങ്ങളും ഗുണങ്ങളും അന്തർലീനമായിരിക്കും അതാത് സന്ദർഭങ്ങളിലും സാഹചര്യത്തിനൊത്തും പെരുമാറാൻ, ഉയർന്ന് ചിന്തിക്കാൻ, പ്രവൃത്തിക്കാൻ അത് പ്രചോദനമാകും. അതുല്യമായ ഒരു വ്യക്തിപ്രഭാവം അയാളിൽ നിശ്ശേഷം പ്രകടമാകും. പലർക്കും അയാളുടെ സാമിപ്യവും സമീപനവും പതിവിലധികം സുഖവും സന്തോഷവും പകരുന്ന ഒന്നായി മാറും. സമൂഹത്തിൽ ഇതുപോലെയുള്ളവരാണ് ആവശ്യം. മറ്റുള്ളവർക്കും കൂടെ ഉത്തമ മാതൃകയാവാൻ ശേഷിയും കഴിവുമുള്ള വ്യക്തിത്വങ്ങൾ അവർക്ക് മനുഷ്യരിലേയ്ക്ക് സ്വാധീനം ചെലുത്താനും നന്മയിലധിഷ്ഠിതമായ ചിന്തകളാൽ മനുഷ്യരിലേക്ക് ആഴ്ന്നിറങ്ങാനും പടർന്ന് പിടിക്കാനുമുള്ള മാസ്മരിക ശക്തിയുണ്ട്.

വ്യക്തിഗതമായ ചിന്തകൾക്കും കൂടെ പ്രസക്തിയും പ്രാബല്യവും നൽകിക്കൊണ്ടുള്ള ഒരു ജീവിതമാകുമ്പോഴെ മേൽപ്പറയുന്നതിനൊക്കെ സാധ്യതയുള്ളൂ. എന്നാൽ വ്യക്തിപരമായ ചിന്തകളെയും കൂടെ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിൽ സമൂഹത്തിന്റെ നിലപാടും സമീപനവും ചിന്താശേഷിയുള്ള ഒരാളിലും അത്രത്തോളം മതിപ്പുളവാക്കുന്നതായി തോന്നിയിട്ടില്ല. കാരണം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന പഴഞ്ചൻ ചിന്താഗതികളും കാലഹരണപ്പെട്ട പൊതുബോധവും വ്യക്തിജീവിതത്തിൽ സൃഷ്ടിക്കുന്ന വിപത്തുകൾ എടുത്ത് നോക്കിയാൽ ചില്ലറയല്ല. മനുഷ്യന്റെ ജീവിതം എത്രകണ്ട് ദുഷ്ക്കരവും ദുരിതപൂർണ്ണവുമാക്കാമെന്ന് പൊതുബോധം നമ്മെ പഠിപ്പിക്കുന്നു. വേറിട്ട് ചിന്തിക്കാനും തിരിച്ചറിവിന്റെയും ബോധത്തിന്റെയും സാന്നിധ്യം ജീവിതത്തിൽ ഉറപ്പ് വരുത്താനും ഓരോ മനുഷ്യരും ഉത്സാഹവും ഉത്സുകതയും കാണിക്കണം. അതിന് സ്വയം ഒരു ഉയിർത്തെഴുന്നേൽപിന്റെ ആവശ്യം ഉണ്ട്.

Related Articles