Current Date

Search
Close this search box.
Search
Close this search box.

കുട്ടികളൂടെ ശിക്ഷണം: വിവിധ ഘട്ടങ്ങളും രീതികളും

കുട്ടികളെ വളര്‍ത്തലും അവരുടെ ശിക്ഷണവും ഇന്ന് വളരെ പ്രധാനപ്പെട്ട വിഷയമായി ജാതി മത ഭേദമന്യേ എല്ലാ രക്ഷിതാക്കളും പരിഗണിക്കുന്നുണ്ട്. കാരണം അവരുടെ മാത്രമല്ല സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ഭാവി അവരെ ആശ്രയിച്ചാണിരിക്കുന്നത്. കുട്ടികള്‍ നന്മയുള്ളവരും സമൂഹത്തിന് പ്രയോജനവുമുള്ളവരുമാണെങ്കില്‍ രക്ഷിതാക്കള്‍ക്കത് അഭിമാനമാണ്. എന്നാല്‍ അവര്‍ ചീത്ത സ്വഭാവക്കാരും ദുഷ്ടരുമാണെങ്കിലൊ എല്ലാവര്‍ക്കും ദുരിതവും ഭാരവുമാണ് വരുത്തിവെക്കുക. ഇന്ന് രാജ്യത്ത് ജനസംഖ്യാപരമായി മേധാവിത്വം ലഭിക്കുന്നത് യുവാക്കള്‍ക്കാണ് എന്ന കാര്യം അവര്‍ക്ക് ശരിയായ ശിക്ഷണം നല്‍കേണ്ടതിന്‍്റെ പ്രധാന്യമാണ് വ്യക്തമാക്കുന്നത്.

അതിനാല്‍ കുട്ടികള്‍ക്ക് എന്ത് തരം ശിക്ഷണമാണ് നല്‍കേണ്ടത്, ഏത് രീതിയിലാണ് അവരെ വളര്‍ത്തേണ്ടത് എന്ന് കൃത്യമായി അറിഞ്ഞില്ലങ്കില്‍ വലിയ അപകടമായിരിക്കും ക്ഷണിച്ച് വരുത്തുക. കാരണം ഇന്ന് കുട്ടികളെ ഏറ്റവും കുടുതല്‍ സ്വാധീനിക്കുന്നത് ഇലക്ട്രോണിക്/ഇന്‍റര്‍നെറ്റ് മീഡിയകളാണ്. രക്ഷിതാക്കളില്‍ നിന്നുള്ള ശരിയായ ശിക്ഷണത്തിന്‍റെ അഭാവത്തില്‍, ശ്ലീലമെന്നൊ അശ്ലീലമെന്നൊ വിവേചിച്ചറിയാതെ കുട്ടികള്‍ അതിന്‍റെ അടിമകളാവുക സ്വാഭാവികം. ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ കണ്ട് വരുന്ന ദുഷ്പ്രവണത അതാണ് സൂചിപ്പിക്കുന്നത്.

Also read: റജബ് തയ്യിബ് എർദോഗാൻ്റെ ഖത്തർ സന്ദർശനം

ബോധ മണ്ഡലത്തിന്‍റെ വാതിലുകള്‍ (Doors of Perceptions) എന്ന് അറിയപ്പെടുന്ന പഞ്ചേന്ദ്രിയങ്ങളിലുടെ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ കുട്ടികളെ അത് എങ്ങനെ സ്വാധീനിച്ചിരിക്കും എന്ന് പറയുക സാധ്യമല്ല. ശുദ്ധ പ്രകൃതിയോട് കൂടിയാണ് ഓരോ കുട്ടിയും ജനിക്കുന്നതെന്നും അവനെ ജൂതനൊ ക്രൈസ്തവനൊ സൂര്യാരാധകനൊ ആയി പരിവര്‍ത്തിപ്പിക്കുന്നത് അവന്‍റെ രക്ഷിതാക്കളാണെന്ന പ്രവാചക വചനത്തോട് ഇലക്ട്രോണിക് മാധ്യമങ്ങള്‍ എന്ന് കൂടി ചേര്‍ക്കേണ്ടതായി വരും. കാരണം അവയുടെ സ്വാധീനം അത്രയും അപാരമാണെന്ന് മാത്രമല്ല അപകടകരമായ നിലയിലേക്ക് എത്തിയിരിക്കുന്നു.

വിവിധ ഘട്ടങ്ങള്‍
കുട്ടികളുടെ ശിക്ഷണത്തില്‍ മൂന്ന് – ഏഴ് വര്‍ഷ ഘട്ടങ്ങള്‍ സുപ്രധാനമാണ്. അഥവാ ആദ്യ ഏഴ് വര്‍ഷം ഗര്‍ഭകാലം മുതല്‍ ഏഴ് വയസ്സാകുന്നത് വരെയുള്ള കാലം. ആ പ്രായത്തില്‍ അവന്‍റെ ഉറ്റ തോഴനായി മാറുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ ബാഹ്യലോകത്ത് നിന്നും കുട്ടികള്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ച് തുടങ്ങുന്നു. ഈ കാലയളവില്‍ രക്ഷിതാക്കളുടെ പെരുമറ്റാം കുട്ടിയുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്നു. ഗര്‍ഭവതിയായ ഭാര്യയോട് ഭര്‍ത്താവും കുടുംബാംഗങ്ങളും എത്ര സ്നേഹോഷ്മള സമീപനം സ്വീകരിക്കുന്നുവൊ അത്രയും മാനസികവും ശാരീരികവുമായ കരുത്ത് നവജാത ശിശുവിനുണ്ടാവും.

Also read: യുവത്വം – ജ്വലനവും ചലനവും

രണ്ടാം ഘട്ടം ഏഴ് വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെയുള്ള കാലം. രക്ഷിതാക്കളാണ് അവന്‍റെ കണ്‍മുന്നിലുള്ള ഗുരുനാഥന്മാര്‍. രക്ഷിതാക്കളെ അപ്പടി അനുകരിക്കുന്ന പ്രവണത. സ്വഭാവത്തിലെ കാപട്യം, സംസാരത്തില്‍ കളവ് തുടങ്ങിയ വിക്രസ്സുകളൊന്നും കുട്ടികളുടെ മുമ്പില്‍ പ്രകടിപ്പിക്കരുത്. ഈ പ്രായത്തില്‍ കുട്ടികളെ മതാനുഷ്ടാനങ്ങള്‍, വിശിഷ്യ നമസ്കാരം പഠിപ്പിക്കുകയും ദിനചര്യകളില്‍ കൃത്യനിഷ്ടയും പരിശീലിപ്പിക്കേണ്ട പ്രായമണിത്. ഇതില്‍ രക്ഷിതാക്കളുടെ മാതൃക വളരെ പ്രധാനമാണ്.

മൂന്നാമത്തെ ഘട്ടം ഇരുപത്തിയൊന്ന് വയസ്സ് വരേയുള്ള പ്രായം. ഏറ്റവും സങ്കീര്‍ണ്ണവും അപകടം പിടിച്ചതുമായ കൗമാരകാലമാണിത്. കുട്ടികളുമായി കൂട്ട്ചേരുകയും അവന്‍റെ കഴിവുകള്‍ മനസ്സിലാക്കി അവന് ദിശാബോധം നല്‍കേണ്ട പ്രായം. അനുകരണ ഭ്രമവും സുഹൃത്തുക്കളുടെ സ്വാധീനവും ഈ പ്രായത്തെ വഴിതെറ്റിക്കാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യവും ശ്രദ്ധയും നല്‍കണം. അവരുടെ കൂട്ട്കെട്ട് പ്രത്യേകം ശ്രദ്ധിക്കുക. ഈ ഘട്ടം പിന്നിടുന്നതോടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്‍പ്പ് അവന്‍ നേടിയിരിക്കണം. അവരെ ചുമതലകള്‍ ഏല്‍പിക്കുന്നത് ഉത്തരവാദിത്ത ബോധം വര്‍ധിപ്പിക്കും. നല്ല കൂട്ടായ്മകളിലേക്ക് അവരെ കൊണ്ട്പോവുക.

പ്രവാചകന്‍ (സ) യുടെ ചര്യയും അധ്യപനവുമനുസരിച്ച് ആദ്യ ഏഴ് വര്‍ഷം വരെ അവരോടൊപ്പം കളിക്കുക. പതിനാല് വയസ് വരെ പലതും പഠിപ്പിക്കുക. ഇരുപത്തിയൊന്ന് വയസ്സ് വരെ അവരുമായി സഹവസിക്കുക. അവുടെ സുഹൃത്തുക്കളാവുക. തിരുമേനിക്ക് മൂന്ന് ആണ്‍കൂട്ടികളും നാല് പെണ്‍മക്കളുമാണുണ്ടായിരുന്നത്. തിരക്ക്പിടിച്ച തന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കുട്ടികളെ ലാളിത്യത്തോടെ വളര്‍ത്താന്‍ അവിടുന്നു സമയം കണ്ടത്തെിയിരുന്നു. നബിയുടെ ജീവിതാവസാനം വരെ ഒന്നിച്ച് കഴിയാനുള്ള സൗഭാഗ്യം ഫാതിമക്കായിരുന്നു ലഭിച്ചത്. മറ്റുള്ള സന്താനങ്ങള്‍ നേരത്തെ അല്ലാഹുവിലേക്ക് യാത്രയായി. ഫാതിമ നബിയെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ അവിടന്ന് വാതില്‍ക്കല്‍ ചെന്ന് സ്വീകരിച്ചു. നെറ്റിത്തടം ചുംബിച്ചു. നബി ഫാതിമയുടെ വീടിലേക്ക് പോയപ്പോഴും ഇത്പോലെ ഊഷ്മളമായ സ്വീകരണമാണ് ആ മകളും നല്‍കിയിരുന്നത്. കണ്ണുകള്‍ വിതുമ്പിപോവുന്ന ഓര്‍മ്മകള്‍.

Also read: ഖലീഫാ ഉമറുൽ ഫാറൂഖിൻറെ കാലത്തെ മുസ്ലിം ജനസംഖ്യ മൂന്ന് ശതമാനം

വിവിധ രീതികള്‍
ഈ മൂന്ന് ഘട്ടങ്ങളിലും കുട്ടികളെ വളര്‍ത്തേണ്ടതിന് നമുക്ക് പല രീതികള്‍ സ്വീകരിക്കാം. നാട്ടിലുള്ള ആചാര പ്രകാരം മക്കളെ വളര്‍ത്താം. നിരന്തരമായ ഉപദേശത്തിലൂടെ കുട്ടികളെ വളര്‍ത്താം. മക്കള്‍ ചെയ്യുന്നതൊക്കെ തെറ്റായി കാണുകയും അവരെ നിരന്തരമായി പീഠിപ്പിച്ച് കൊണ്ട് വളര്‍ത്താം. ഹിറ്റ്ലറെ രക്ഷിതാക്കള്‍ വളര്‍ത്തിയിരുന്നത് കഠിന പീഡനത്തിലൂടെയായിരുന്നു. ഇനിയും എന്തെങ്കിലും ശിക്ഷയുണ്ടെങ്കില്‍ അത് കൂടി വന്നോട്ടെ എന്ന സമീപനമായിരുന്നുവല്ലോ ഹിറ്റ്ലര്‍ സ്വീകരിച്ചിരുന്നത്. തങ്ങളുടെ രക്ഷിതാക്കളേയൊ അല്ലങ്കില്‍ നമ്മുടെ ചുറ്റുമുള്ള കുടുംബങ്ങളേയൊ നിരീക്ഷിച്ച്, അവരുടെ അതേരീതി സ്വീകരിച്ച് കുട്ടികളെ വളര്‍ത്താം. എന്നാല്‍ രക്ഷിതാക്കള്‍ നല്ല മാതൃകകള്‍ സൃഷ്ടിച്ച് കൊണ്ട് അവരെ വളര്‍ത്തുന്നതാണ് ഏറ്റവും ഫലപ്രദമായി രീതി.

ദമ്പതികള്‍ പരസ്പരം കലഹിക്കുന്ന മാതൃകകള്‍ സൃഷ്ടിച്ച് കുട്ടികളെ വളര്‍ത്തുന്ന രക്ഷിതാക്കള്‍ അതുമൂലമുണ്ടാവുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഗൗനിക്കാറില്ല. ഭാവിയില്‍ ഈ കുട്ടികുളും അവരുടെ ദമ്പതിമാരോട് പെരുമാറാന്‍ പോവുന്നത് തങ്ങളുടെ രക്ഷിതാക്കള്‍ കാണിച്ച അതേ മാതൃകകളാണ്. രക്ഷിതാക്കള്‍ തമ്മില്‍ അഭിപ്രായ വിത്യാസമുള്ള കാര്യങ്ങള്‍ കുട്ടികളുടെ മുമ്പില്‍വെച്ച് വിഴുപ്പലക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തുന്നത് അത്കൊണ്ടാണ്.

വൃക്ഷത്തിന് വളരാന്‍ സൂര്യപ്രകാശം വേണം. അത് ലഭിക്കാതെ വന്നാല്‍ അത് ലഭിക്കുന്ന ഭാഗത്തേക്ക് ചെരിയുക സ്വാഭാവികം. ഇത്പോലെയാണ് നമ്മുടെ കുട്ടികളും. അവര്‍ക്ക് നമ്മുടെ സ്നേഹവാല്‍സല്യങ്ങള്‍ അനിവാര്യമാണ്. അത് ലഭിക്കാതെ വന്നാല്‍ എവിടെ നിന്നാണൊ ലഭിക്കുക ആ ഭാഗത്തേക്ക് അവര്‍ വഴുതി വീഴും. അതിനാല്‍ കുട്ടികള്‍ക്ക് നിര്‍ലോഭം സ്നേഹം നല്‍കുക. കാര്‍ക്കശ്യത്തിന്‍റെയും കണ്ണുരുട്ടലിന്‍റെയും കാലം കഴിഞ്ഞു. അവരുമായി ഒന്നിച്ച് ഭക്ഷണം കഴിക്കുകയും കളിക്കുകയും യാത്ര ചെയ്യുകയുമൊക്കെയാവാം.

Also read: ഉമര്‍ ഖാദി: അനീതിക്കെതിരെയുള്ള വിസമ്മതത്തിന്റെ രൂപം

ഖുര്‍ആനിക നിര്‍ദ്ദേശങ്ങള്‍
വിത്യസ്ത പ്രായത്തില്‍ കുട്ടികളെ വളര്‍ത്തുന്നതിനുള്ള മാതൃകകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഖുര്‍ആന്‍ നല്‍കീട്ടുണ്ട്. മുലകുടിപ്രായം രണ്ട് വയസ്സ് വരേ തുടരേണ്ടതാണെന്നും ചെറുപ്പത്തില്‍ കൊടുക്കേണ്ട ഉപദേശങ്ങളെ കുറിച്ച് ഖുര്‍ആനില്‍ അല്‍ അന്‍ആാം, യൂസ്ഫ്, ഇസ്റാഈല്‍, ലുഖ്മാന്‍ എന്നീ അധ്യായങ്ങളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. കൗമരപ്രായത്തിലെ ചാപല്യങ്ങളെ ആദര്‍ശ പ്രതിബദ്ധതയോടെ നേരിടേണ്ടത് എങ്ങനെ എന്നതാണ് യൂസ്ഫ് നബിയുടെ അധ്യായം വ്യക്തമാക്കൂന്നത്. മനുഷ്യ ജീവിതം ക്ലേശകരമാണെന്നും സാമൂഹ്യസേവനം അനിവാര്യമാണെന്നും ബോധ്യപ്പെടുത്താന്‍ സൂറ: അല്‍ ബലദ് സഹായിക്കും.

ലക്ഷണമൊത്ത ഒരു ഉത്തമ കുടുംബ മാതൃക എന്ന നിലയില്‍ പിതാവ്, മാതാവ്, പുത്രന്‍ എന്നിവരടങ്ങുന്ന ഇബ്റാഹീം കുടുംബത്തിന്‍റെ മാതൃകയും ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. കുടുംബത്തില്‍ പാലക്കേണ്ട ഏറ്റവും മഹത്തായ രണ്ട് മൂല്യങ്ങള്‍ ക്ഷമയും അനുസരണവുമാണെന്നും അതില്‍ നിന്ന് മനസ്സിലാക്കാം. ഒരു കുടുംബത്തിന്‍റെ കര്‍മ്മസാക്ഷാല്‍കാരമാണ് വിശുദ്ധ കഅ്ബാലയം എന്ന കാര്യം വിസ്മരിക്കരുത്.

ദിനേന അരമണിക്കൂറെങ്കിലും കുട്ടികള്‍ക്ക് നല്ല കാര്യങ്ങള്‍ വായിച്ച് കൊടുക്കുന്നത് ഖുര്‍ആനിക നിര്‍ദ്ദേശത്തോട് നീതി പുലര്‍ത്താനും മാനസികമായ ഐക്യം ഉണ്ടാക്കുകയും ചെയ്യും. ചിന്താപരമായ യോജിപ്പിന് അത് സഹായിക്കും. നമ്മുടെ ബൗദ്ധിക വളര്‍ച്ചയുടെ അടിസ്ഥാനം വായനയാണ്. കുട്ടികളുടെ നൈസര്‍ഗ്ഗിക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരവും വീടുകളില്‍ ഉണ്ടാവണം. അവര്‍ കൃത്യമായി ഉറങ്ങുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണം. സോഷ്യല്‍ മീഡിയയിലെ അവരുടെ ഇടപെടലുകള്‍ നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതുണ്ട്. ഭാവിയില്‍ അവര്‍ വഴിതെറ്റാതിരിക്കാനുള്ള മുന്‍കരുതലുകളാണിതെല്ലാം.

Related Articles