ഒരു പിതാവ് എന്നോട് ചോദിച്ചു : യൂസുഫ് നബിയെ അന്ന് ആ പൊട്ടക്കിണറിലേക്ക് വലിച്ചെറിഞ്ഞ് കൂരിരുട്ടിലെ ഏകാന്തതയിൽ ഒരു തരം മാനസിക വിഭ്രാന്തിയും അദ്ദേഹം അനുഭവിക്കാതിരുന്നത് എന്ത് കൊണ്ടാവാം? അദ്ദേഹമന്ന് വകതിരിവെത്താത്ത ചെറിയ കുട്ടിയുമായിരുന്നല്ലോ. ചോദ്യ കർത്താവിനോട് ഞാൻ പറഞ്ഞു : നിങ്ങളുടെ ചോദ്യം വളരെ നല്ല ചോദ്യമാണ്. അതിനുള്ള ഉത്തരം നമുക്ക് മനസ്സിലാവാൻ യൂസുഫ് തന്റെ പിതാവിൽ നിന്ന് പഠിച്ചെടുത്ത ശിക്ഷണ വിദ്യാഭ്യാസത്തെ കുറിച്ച് നാം അറിയണം. ആ പിതാവ് എന്നോട് പറഞ്ഞു : ഞാനതെ കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ആറ് വയസ്സ് പ്രായമുള്ള എന്റെ മകന് ഇരുട്ടിനെ വലിയ പേടിയാണ്. മാത്രവുമല്ല അങ്ങനെ തനിച്ചായിരിക്കൽ ഏറെ ഭയപ്പെടുകയും ചെയ്യുന്നു.
ഞാൻ അദ്ദേഹത്തോട് പറഞ്ഞു: മിക്ക പിതാക്കന്മാരും മക്കളെ വളർത്തുന്നത് ഭയപ്പെടുത്തിയാണ്, എന്നാൽ അവരെ ജാഗ്രതയോടെ വളർത്തുന്നതാണ് ഏറ്റം ശരിയായ രീതി. അപ്പോൾ പിതാവ് ചോദിച്ചു: എന്താണ് അതു രണ്ടും തമ്മിലുള്ള വ്യത്യാസം? ഞാൻ പറഞ്ഞു: നീ നേരത്തെ ഉറങ്ങിയില്ലങ്കിൽ നിന്നെ ഞാൻ അങ്ങനെ ശിക്ഷിക്കും, അല്ലങ്കിൽ നീ ഞാൻ പറയുന്നത് അനുസരിച്ചില്ലങ്കിൽ അടികിട്ടും എന്നിങ്ങനെ മകനോട് പറയുമ്പോൾ അവനിലെ ഭയം കൂടുതലും ലക്ഷ്യമിടുന്നത് ഇങ്ങനെയുള്ള എന്തെങ്കിലുമൊക്കെ ശിക്ഷയെ എങ്ങനെയെങ്കിലും തടയണമെന്നാണല്ലോ. എന്നാൽ ഇത്തരം ശിക്ഷണരീതികൾ കുട്ടികളെ ഭീരുത്വത്തോടെയും, ചഞ്ചല വ്യക്തിത്വത്തോടെയും, ആത്മവിശ്വാസക്കുറവോടെയുമാണ് വളർത്തുക. എന്നാൽ നീ അവനോട് അപ്പറയുന്നത് ഒരു മുന്നറിയിപ്പ് സ്വഭാവത്തിലാണങ്കിലോ, ഏത് പോലെ: നീ നേരത്തെ ഉറങ്ങിയില്ലെങ്കിൽ, നാളെ നിനക്ക് നല്ല ക്ഷീണമുണ്ടാവും, അല്ലെങ്കിൽ നീ ഈ റോഡിലൂടെ നടക്കരുത് അവിടെ ധാരാളം തെരുവ് നയക്കളുണ്ട് അവ നിന്നെ അക്രമിച്ചേക്കാം. ഇങ്ങനെ പറയുന്നതും നേരത്തെ പറഞ്ഞ രൂപവും ഒന്ന് തുലനം ചെയ്ത് നോക്കൂ.
ഇനി യൂസുഫ് നബി തന്റെ സ്വപ്ന ദർശനം പിതാവായ യഅ്ഖൂബ് നബിയുടെ അടുത്ത് വന്ന് പറഞ്ഞപ്പോൾ പിതാവ് നൽകിയ മറുപടി ഖുർആൻ പറയുന്നത് കാണുക : യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: ”പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.” പിതാവു പറഞ്ഞു: ”മോനേ, ഈ സ്വപ്നത്തെപ്പറ്റി ഒരിക്കലും നിന്റെ സഹോദരന്മാരോട് പറയരുത്. അവര്‍ നിനക്കെതിരെ ഗൂഢതന്ത്രം പ്രയോഗിച്ചേക്കും. പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണ്.” ( 12 : 4,5 )
ഇവിടെ പിതാവ് തന്റെ മകന് ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഒരു മഹാ സംഭവമാണ് ഈ സ്വപ്ന ദർശനമെന്ന് പറഞ്ഞ് കൊടുക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് ഭയപ്പെടുത്താതെ മുന്നറിയിപ്പാണ് മകന് നൽകുന്നത്. സഹോദരങ്ങളിൽ നിന്ന് മാത്രമല്ല പിശാചിൽ നിന്നുള്ള മുന്നറിയിപ്പും നൽകുന്നുണ്ട്. കാരണം ഈ വിവരമറിഞ്ഞാൽ സഹോദരൻമാരെ അസൂയ പിടികൂടും. അനന്തരഫലങ്ങളെ കുറിച്ച് പരിചിന്തനം നടത്താതെ അവർ ഗൂഢാലോചന നടത്തുകയും അവർക്കിടയിൽ വിദ്വേഷത്തിന്റെ വികാരങ്ങൾ ഇളക്കിവിടുകയും ചെയ്യും എന്നുറപ്പാണല്ലോ. ഇതിന്റെയൊക്കെ അമരത്തുണ്ടാവുക പിശാചുമായിരിക്കും.
ഞാൻ അദ്ദേഹത്തോട് പറഞ്ഞു: മിക്ക പിതാക്കന്മാരും മക്കളെ വളർത്തുന്നത് ഭയപ്പെടുത്തിയാണ്, എന്നാൽ അവരെ ജാഗ്രതയോടെ വളർത്തുന്നതാണ് ഏറ്റം ശരിയായ രീതി. അപ്പോൾ പിതാവ് ചോദിച്ചു: എന്താണ് അതു രണ്ടും തമ്മിലുള്ള വ്യത്യാസം?
പിതാവ് പറഞ്ഞു: ഇത് ശിക്ഷണ സംവിധാനത്തിലെ ഉയർന്നതും ഉന്നതവുമായ ഒരു വർത്തമാനമാണ്. ഞാൻ പറഞ്ഞു: അതെ, ശരിയാണ്. യൂസുഫ് എന്ന കുട്ടിയുടെ മാനസികാരോഗ്യത്തെ പരിഗണിച്ച് കൊണ്ടാണ് പിതാവ് അവനോട് സംസാരിക്കുന്നത്. അവന് പിന്തുണ നൽകുന്നതോടൊപ്പം അവൻ ഒരു സാധാരണ കുട്ടിയല്ല എന്ന ആത്മവിശ്വാസവും അവനിലുണ്ടാക്കുന്നു. ഭാവിയിൽ അല്ലാഹു അവനെ പ്രത്യേകം തെരഞ്ഞെടുക്കുമെന്നും സ്വപ്ന വ്യാഖ്യാനം പഠിപ്പിക്കുമെന്നുമെല്ലാം അതിലടങ്ങിയിട്ടുണ്ടല്ലോ. ഇത് യൂസുഫിന്റെ പിതാവായ യഅ്ഖൂബിന്റെയും പ്രപിതാക്കളായ ഇസ്ഹാഖ് ഇബ്രാഹീം എന്നീ പ്രവാചകരുടെ പാതയിലെ ഒരു കണ്ണിയാണന്ന തിരിച്ചറിവിലേക്കും കാര്യങ്ങളെ എത്തിക്കുന്നുണ്ടല്ലോ.
അത് അവന്റെ പിതാവിന്റെയും മുത്തച്ഛന്റെയും പിതാവായ ഇബ്രഹീം നബിയുടെ പാതയുടെ ഒരു വിപുലീകരണമായിരിക്കും. അതാണ് അവിടെ ഖുർആൻ തുടർന്ന് പറയുന്നത് : ” അവ്വിധം നിന്റെ നാഥന്‍ നിന്നെ തെരഞ്ഞെടുക്കും. നിന്നെ അവന്‍ സ്വപ്ന വ്യാഖ്യാനം പഠിപ്പിക്കും. നിനക്കും യഅ്ഖൂബ് കുടുംബത്തിനും അവന്റെ അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരും; നിന്റെ രണ്ടു പൂര്‍വപിതാക്കളായ ഇബ്‌റാഹീമിനും ഇസ്ഹാഖിനും അത് പൂര്‍ത്തീകരിച്ചു കൊടുത്തപോലെ. തീര്‍ച്ചയായും നിന്റെ നാഥന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.” ( 12 : 6 )
വകതിരിവെത്താത്ത ഒരു മകനോട് “ഇത് എന്തോ നിനക്ക് മനസ്സിലാവാത്ത ഒരു വലിയ വിഷയമാണന്ന് ” പറയാതെ, തനി കുട്ടിത്ത വർത്തമാനങ്ങൾ പറയാത്ത കാര്യ ഗൗരവത്തോടെ സംസാരിക്കുന്ന ഒരു പിതാവിന്റെ മുന്നിലാണ് നമ്മളിപ്പോഴുള്ളത്. മാത്രവുമല്ല, മനുഷ്യാത്മാവ് തിന്മയിലേക്ക് വലിച്ചിഴച്ച് കൊണ്ടിരിക്കുമെന്നും വ്യക്തി തന്റെ രക്ഷിതാവായ അല്ലാഹുവിനെ മുറുകെപ്പിടിച്ചില്ലെങ്കിൽ അവൻ പിശാചിന്റെ കളിപ്പാവയായിരിക്കുമെന്നും മകനെ പഠിപ്പിക്കുന്ന പിതാവിന്റെ മുന്നിലാണ് നാമിപ്പോൾ നിൽക്കുന്നത്. ഒരു വ്യക്തിക്ക് തന്റെ ചില സവിശേഷതകൾ തനിക്കേറ്റം അടുത്തവരിൽ നിന്ന് പോലും ചിലപ്പോൾ മറച്ചുവെക്കേണ്ടതായി വരും. അല്ലാഹുവാണല്ലോ താനുദ്ദേശ്യക്കുന്നവരെ തന്റെ കാരുണ്യത്തിനായി പ്രത്യേകം തെരഞ്ഞെടുക്കുന്നത്.
ഈ ഉയർന്ന നിലവാരത്തിലുള്ള സംസാരം, സർവ്വശക്തനായ അല്ലാഹുവുമായുള്ള അതിശക്ത ബന്ധം, അവന്റെ ജ്ഞാനത്തിലുള്ള വിശ്വാസം ഇതെല്ലാം ചേർന്ന പഠിപ്പിക്കലാണ് യൂസുഫിന് ഇരുട്ടിനെ ഭയമില്ലാതാക്കിയത്. യൂസുഫിനെ അവരെല്ലാം കൂടി ആ പൊട്ടക്കിണറിന്റെ ആഴിയിലേക്ക് വലിച്ചറിഞ്ഞപ്പോൾ അവിടെ കൂരിരുട്ടാണന്നും അവിടെ വെള്ളമുണ്ടന്നും പുറത്തേക്കുള്ള വഴി അസാധ്യമാണന്നും അദ്ദേഹത്തിന് അറിയാമായിരുന്നല്ലോ. എന്നാൽ യൂസുഫിന് ഭയമോ മാനസികമായ പ്രയാസമോ ഒട്ടും ഉണ്ടായില്ല. അല്ലാഹു അദ്ദേഹത്തെ രക്ഷിക്കുകയും സുരക്ഷിതനും ഉന്നതനുമാക്കുകയുമാണ് ചെയ്തത്. ഈ കഥയുടെ വിശദ രൂപം നമുക്കെല്ലാം അറിയാവുന്നതുമാണല്ലോ.
വിവ- അബൂ ഫിദ
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp