CounsellingLife

നമ്മുടെ കര്‍മ്മശേഷി എങ്ങനെ വര്‍ധിപ്പിക്കാം?

‘Time is the stuff that life is made of’ -Benjamine Frankline

അതിദ്രുതഗതിയില്‍ കാലം സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോള്‍ നമുക്ക് ലഭിച്ച ആയുസ്സ് പരമാവധി കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുള്ള തത്രപ്പാടിലാണ് നാമെല്ലാവരും. നിമിഷങ്ങള്‍ മണിക്കൂറുകളായും ദിവസങ്ങളായും, ആഴ്ചകളായും മാസങ്ങളായും വര്‍ഷങ്ങളായും തീര്‍ന്ന്‌കൊണ്ടിരിക്കെ,തിരിഞ്ഞ് നോക്കുമ്പോള്‍ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തണമെങ്കില്‍, നമ്മുടെ കര്‍മ്മശേഷി പരമാവധി വര്‍ധിപ്പിച്ചേ മതിയാവൂ.

സൗഭാഗ്യകരവും നിര്‍ഭാഗ്യകരവുമായ അഞ്ച് അവസ്ഥകളിലൂടെയാണ് മനുഷ്യ ജീവിതം കടന്ന് പോവുന്നതെന്ന് പ്രവാചകന്‍ നമ്മെ ഉണര്‍ത്തുകയുണ്ടായി. യൗവനം,മെച്ചപ്പെട്ട സാമ്പത്തികാവസ്ഥ,ആരോഗ്യം,ഒഴിവ്‌സമയം,ജീവിതം,എന്നിവയാണ് ആ അനുഗ്രഹീത അവസ്ഥകളെങ്കില്‍, വാര്‍ധക്യം,ദാരിദ്ര്യം,രോഗാവസ്ഥ,ജീവിത തിരക്ക്,മരണം എന്നിവയാണ് മനുഷ്യന്‍ സഞ്ചരിക്കേണ്ടി വരുന്ന അഞ്ച് ദുര്‍ഘട പാതകള്‍ എന്നും പ്രവാചകന്‍ നമ്മെ പഠിപ്പിക്കുകയുണ്ടായി.

ആദ്യം പരാമര്‍ശിച്ച അഞ്ച് അവസ്ഥകള്‍ കൊണ്ട് ശേഷം വരുന്ന അഞ്ച് ദുര്‍ഘടപാതകളെ തരണം ചെയ്യുകയാണല്ലോ മനുഷ്യ ജീവിത വിജയത്തിന്റെ ആകത്തെുക. എത്ര കൃത്യമായും സംഗ്രഹിച്ചും കൊണ്ട് ജീവിത വിജയത്തിന്റെ സമവാക്യങ്ങള്‍ പ്രവാചകന്‍ നമ്മെ പഠിപ്പിച്ചതെന്നാലോചിച്ചാല്‍ നാം അത്ഭുതപ്പെട്ട്‌പോവും. ലഭ്യമായ നമ്മുടെ തുഛമായ ആയുഷ്‌കാലം പരമാവധി കാര്യക്ഷമമായി ഉപയോഗിക്കുകയും അതിനനുസരിച്ച് നമ്മുടെ കര്‍മ്മശേഷി വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രസ്തുത നബി വചനത്തിന്റെ താല്‍പര്യം.

നമ്മില്‍ ചിലര്‍ ജീവിതത്തില്‍ വമ്പിച്ച നേട്ടങ്ങള്‍ ആര്‍ജ്ജിക്കുകയും മറ്റു ചിലര്‍ പരാജിതരാവുകയും ചെയ്യുന്നത് നാം സാധാരണ കാണാറുള്ള കാഴ്ച തന്നെ. എല്ലാവര്‍ക്കും ലഭിക്കുന്നത് അളന്ന് തിട്ടപ്പെടുത്തിയ 24 മണിക്കുര്‍ സമയം മാത്രം. തൊഴിലടിസ്ഥാനത്തില്‍ ജീവിതത്തിന്റെ ഏത് മേഖലയില്‍ വ്യവഹരിക്കുന്നവരായാലും ശരി,നമ്മുടെ വിലയേറിയ സമയം പാഴാക്കികളയാതെ താഴെ പറയുന്ന വിവിധാവശ്യങ്ങള്‍ക്കായി ആനുപാതിക പ്രധാന്യത്തോടെ ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. അതിലൂടെ മാത്രമേ നമ്മുടെ കര്‍മ്മശേഷി വര്‍ധിപ്പിക്കാന്‍ കഴിയുകയുള്ളൂ. അതിനുപയുക്തമായ ഏതാനും കാര്യങ്ങള്‍ ചുവടെ:

സമയത്തിന്റെ ആസുത്രണം

1. ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സ്. ഈ ലക്ഷ്യം കൈവരിക്കാന്‍ ഏറ്റവും ഫലപ്രദമായ വഴി വിവിധ തരം കായികാഭ്യാസത്തില്‍ ദിനേന ഒരു മണിക്കൂറെങ്കിലും ചിലവഴിക്കലാണ്. ജീവിതത്തിന്റെ ബഹളത്തിനിടയില്‍ നാം പലപ്പോഴും വിസ്മരിച്ച് പോവുന്ന കാര്യമാണിത്. നല്ല ആരോഗ്യമുണ്ടെങ്കിലേ സ്രഷ്ടാവിനോടുള്ള ബാധ്യതയും നിര്‍വ്വഹിക്കാന്‍ കഴിയുകയുള്ളൂ.

2. പ്രയോജനപ്രദമായ അറിവ് ആര്‍ജ്ജിക്കുവാന്‍ സമയം നീക്കിവെക്കുക. ഏറ്റവും വലിയ അറിവ് തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന സൃഷ്ടാവിനെ കണ്ടെത്തുക എന്നതാണെങ്കിലും മതപരവും ലൗകികവുമായ എല്ലാ വിജ്ഞാനങ്ങളും അതില്‍ ഉള്‍പ്പെടുന്നതാണ്. കാലഘട്ടത്തിന്റെ ഭാഷയായ കംമ്പ്യൂട്ടര്‍ ഉള്‍പ്പടെ എന്തും വശത്താക്കാന്‍ ശ്രമിക്കുക. അങ്ങനെയായാല്‍ ജീവിതം വൃഥാവിലായിരിക്കുകയില്ല.

3. കുടുംബ സന്ദര്‍ശനത്തിനായി തിരക്ക് പിടിച്ച ജീവിതത്തില്‍ സമയം കണ്ടത്തെുന്നത് മാനസികമായ ആരോഗ്യത്തിന് ഉത്തമമാണെന്ന് മാത്രമല്ല, സാമ്പത്തിക കാര്യങ്ങളിലുള്‍പ്പടെ എല്ലാ കാര്യങ്ങളിലും ദൈവാനുഗ്രഹം ലഭിക്കുവാനും സഹായകമാണ്.

4.നൈസര്‍ഗ്ഗികവാസനയുടെ പരിപോഷണം, നൈപുണ്യം വികസിപ്പിക്കല്‍,അറിവ് ആര്‍ജ്ജിക്കല്‍ ഇതിനെല്ലാം ആവശ്യമായ സമയം നീക്കിവെക്കുന്നത് ജീവിതം കാര്യക്ഷമമാക്കാന്‍ സഹായകമാണ്. നമ്മുടെ ദൈവദത്തമായ അത്തരം കഴിവുകള്‍ പരിപോഷിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ജീവിത മാധുര്യം വാക്കുകള്‍ക്കതീതമാണ്.

5. ജനസേവന പ്രവര്‍ത്തനങ്ങളില്‍ സമയം ചിലവഴിക്കുന്നത് മാനസികമായി വലിയ ആശ്വാസത്തിന് നിമിത്തമാവും. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ശത കോടീശ്വരനായ ബില്‍ഗേറ്റ്‌സ് തുടങ്ങിയവര്‍ പോലും അവരുടെ സമയത്തിന്റെ നല്ലൊരു ഭാഗം ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കായ് നീക്കിവെക്കുന്നു.

6.വൈജ്ഞാനിക, വിനോദ, പഠനയാത്രകള്‍ സംഘടിപ്പിക്കുകയും അതില്‍ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നത് നമുക്ക് ലഭിച്ച ആയുഷ്‌കാലം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള നല്ലൊരു മാര്‍ഗ്ഗമാണെന്ന കാര്യത്തില്‍ സംശയമില്ല. കുടുംബാംഗങ്ങളോടൊപ്പം കായിക-വിനോദ മല്‍സരങ്ങളില്‍ ഭാഗവാക്കാവുന്നതിനും സമയം നീക്കിവെക്കുന്നത് കുട്ടികളില്‍ നല്ല കുടുംബ ബന്ധം സൃഷ്ടിക്കാന്‍ സഹായകമാണ്.

8. ഇന്റര്‍നെറ്റ്,ടി.വി,റേഡിയൊ, പത്രമാസികകള്‍ തുടങ്ങിയ മാധ്യമങ്ങളെ നന്മ-തിന്മ വിവേചന ബുദ്ധിയോടെ ഉപയോഗപ്പെടുത്തുന്നത് ജീവിതം ഫലപ്രദമായിത്തീരാനും സമകാലീന കാര്യങ്ങളെ നിരീക്ഷിച്ച് കൂടുതല്‍ ക്രിയാത്മകമാക്കാനും നമ്മെ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഏകാഗ്രത

അത്യധികം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്നത് നമ്മുടെ കര്‍മ്മശേഷി വര്‍ധിപ്പിക്കാനുള്ള പ്രധാന ഘടകമാണ്. വിവരങ്ങളുടേയും വിജ്ഞാനങ്ങളുടേയും പ്രളയത്തില്‍ മനുഷ്യന്‍ മുങ്ങികുളിച്ച് നില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ എല്ലാം വശത്താക്കാന്‍ ശ്രമിക്കുക എന്നത് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സൃഷ്ടിക്കുക. ഇതിനുള്ള ഒരു പരിഹാരമാണ് താല്‍പര്യമുള്ള ഏതെങ്കിലും വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏകാഗ്രതയോടെ ചെയ്യുന്ന ഇരുപത് ശതമാനം പ്രവര്‍ത്തനങ്ങള്‍ക്ക് എണ്‍പത് ശതമാനം ഫലം ലഭിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. നമ്മുടെ കര്‍മ്മശേഷി വര്‍ധിപ്പിക്കാനും നമ്മെ കാര്യക്ഷമതയുള്ള വ്യക്തിയായി പരിവര്‍ത്തിപ്പിക്കുവാനും ഏകാഗ്രത അത്യന്താപേക്ഷിതമാണ്.

ടു.ഡു ലിസ്റ്റ് തയാറാക്കുക

മുകളില്‍ വിവരിച്ച സമയം ചിലവഴിക്കാനുള്ള വഴികള്‍ മനസ്സിലാക്കി, തൊഴിലില്‍ ഉള്‍പ്പടെ ഓരോ ദിവസം ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഒരു നിശ്ചിതകാലം പ്രവര്‍ത്തിച്ചാല്‍ നമ്മുടെ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റങ്ങള്‍ ദൃശ്യമാകും. ഒരു നിമിഷവും പാഴാവാത്ത വിധത്തില്‍ കര്‍മ്മനിരതമാവാന്‍ സഹായിക്കുന്നതാവണം നാം തയ്യാറാക്കുന്ന ടു.ഡു ലിസ്റ്റ്. കവിഞ്ഞാല്‍ 21 ദിവസം ഇത്തരമൊരു ലിസ്റ്റ് ശ്രദ്ധിച്ച് തയ്യാറാക്കി പ്രവൃത്തിച്ചോളൂ. പിന്നീടുള്ള ജീവിതത്തെ മുഴുവന്‍ ക്രമീകരിക്കുവാന്‍ അത് സഹായകമായിത്തീരും.

Facebook Comments
Related Articles
Show More
Close
Close