Current Date

Search
Close this search box.
Search
Close this search box.

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍

നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം എല്ലാവര്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ അതില്‍ പാലിക്കേണ്ട ഉപചാരങ്ങളെ കുറിച്ച് അധികപേരും ബോധവാന്മാരല്ല. എല്ലാ കാര്യങ്ങളിലും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഇസ്ലാം, ഭക്ഷണ കാര്യത്തില്‍ ഖുര്‍ആനില്‍ നിന്നും ബുഖാരി, മുസ്ലിം, തുര്‍മുദി, ഇബ്നുമാജ തുടങ്ങിയ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്നും ലഭിക്കുന്ന പത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ചുവടെ:

1. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകഴുകുവാന്‍ പ്രവാചകന്‍ തന്‍റെ അനുചരന്മാരോട് നിര്‍ദ്ദേശിച്ചു. കൈകഴുകാതെ ഭക്ഷിക്കുന്നത്, വൈറല്‍ രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമായേക്കും. മാരകമായ ബാക്ടീരിയകള്‍ ഉദരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ പരമാവധി ഹൈജിന്‍ പുലര്‍ത്തണമെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കൂന്നവര്‍ ഉപദേശിക്കുന്നു.

2. അല്ലാഹുവിന്‍റെ നാമം ഉച്ചരിച്ച് ഭക്ഷണം കഴിക്കുവാനും അത് പൂര്‍ത്തിയായാല്‍ അല്ലാഹുവിനെ സ്തുതിക്കുവാനും പ്രവാചകന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. എല്ലാ സല്‍കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും ‘ബിസ്മി’ ഉച്ചരിച്ചുകൊണ്ട് ആരംഭിക്കുന്നത് ഇസ്ലാമില്‍ വലിയ പുണ്യമുള്ള കാര്യമാണ്. ഇതിലുടെ പ്രവാചക സ്നേഹത്തോടൊപ്പം അദ്ദേഹത്തെ അനുധാവനം ചെയ്യണമെന്ന അല്ലാഹുവിന്‍റെ കല്‍പനകൂടി നടപ്പാക്കുന്നു.

3. ഇസ്ലാം കര്‍ശനമായി വിലക്കിയ കാര്യമാണ് ദുര്‍ത്തും ദുര്‍വ്യയവും. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു നല്‍കിയ ആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. നാശകാരികളായിക്കോണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പം പ്രവര്‍ത്തിക്കുകയും അരുത് ( 2:60 ). നമ്മുടെ രുചിക്കനുസരിച്ച ഭക്ഷണം കഴിക്കാം എന്ന സദുദ്ദേശ്യത്തോട് കൂടി ആരംഭിച്ച ബൊഫെ സമ്പ്രദായം ദൂര്‍ത്തിന്‍റെ പര്യായമായി മാറാന്‍ പാടില്ല.

4. ഭക്ഷണത്തെ വിമര്‍ശിക്കരുത്. അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍ നമുക്ക് ലഭിച്ച ഭക്ഷണത്തെ വിമര്‍ശിക്കാതിരിക്കുക എന്നത് വളരെ ഉത്തമ സ്വഭാവമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നബി (സ)ക്ക് ലഭിച്ച ഒരു ഭക്ഷണ സല്‍കാരത്തേയും അവിടന്ന് ഒരിക്കലും വിമര്‍ശിച്ചിരുന്നില്ല. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാല്‍ അത് കഴിക്കും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് ഉപേക്ഷിക്കും. അതായിരുന്നു പ്രവാചകന്‍റെ സമീപനം.

5. സന്തുലിതമായി ഭക്ഷണം കഴിക്കുക എന്നത് സുപ്രധാനമായ കാര്യമാണ്. മൂന്ന് വിരലുകള്‍കൊണ്ട് അല്‍പം മാത്രം ഭക്ഷണം കഴിക്കുന്ന രീതിയായിരുന്നു നബി (സ) സ്വീകരിച്ചിരുന്നത്. നബി അരുളി: ‘വിഷപ്പടക്കാന്‍ ആദമിന്‍റെ പുത്രന് ഒരല്‍പം ഉരുള മതി. എന്നാല്‍ ഇനി ഒരാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആമാശയത്തിന്‍റെ മൂന്നിലൊന്ന് അയാളുടെ ഭക്ഷണത്തിനും മൂന്നിലൊന്ന് പാനീയത്തിനും മൂന്നിലൊന്ന് വായുവിനും നീക്കിവെക്കട്ടെ’.

6. അയല്‍ക്കാര്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ആവശ്യക്കാര്‍, കഷ്ടപ്പെടുന്നവര്‍ തുടങ്ങിയവരോടൊപ്പം ഭക്ഷണം കഴിക്കുന്നത് സാഹോദര്യ ബന്ധം ശക്തമാക്കും. നബി (സ) പറഞ്ഞു: ‘വേര്‍പ്പെട്ടു കൊണ്ടല്ല, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക. സംഘത്തോടൊപ്പമാണ് അല്ലാഹുവിന്‍റെ അനുഗ്രഹമുണ്ടാവുക’. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ സന്തോഷം വര്‍ധിക്കുന്നതാണ്.

7. സാവധാനം തിന്നുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് പ്രവാചകന്‍ ഓര്‍മപ്പെടുത്തി. സാവധാനം ഭക്ഷണം കഴിക്കുന്നത് നന്നായി ചവച്ചരക്കാന്‍ സഹായകമാണ്. താടിയെല്ലിന്‍റെ വ്യയാമത്തിനും ഉമനീര് ഭക്ഷണവുമായി കൂടി കലരുന്നതിനും ദഹനശക്തിക്കും നല്ലതാണത്. നബി (സ) പറഞ്ഞു: ‘ചാരിക്കിടന്ന് ഞാന്‍ ഭക്ഷണം കഴിക്കാറില്ല’.

8. പ്രവാചകന്‍ പറഞ്ഞു: നിന്ന് കുടിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല. നിന്ന് കുടിക്കുന്നത് കിഡ്നി രോഗത്തിന് കാരണമായേക്കുമെന്ന് വൈദ്യശാസ്ത്രം ഇന്ന് ഭയപ്പെടുന്നു. ഒരു അരിപ്പയിലേക്ക് അതില്‍ ഉള്‍കൊള്ളുന്നതിനെക്കാള്‍ അധികം ഒഴിച്ച്കൊടുത്താല്‍ അരിപ്പയുടെ അരിക്കാനുള്ള ശേഷി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയില്ലല്ലോ ? അത്പോലെയാണ് കിഡ്നിയുടെ കാര്യത്തിലും സംഭവിക്കുക.

9. വലത് കൈ കൊണ്ട് ഭക്ഷണം കഴിക്കുക. ഇബ്നു ഉമറില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ: നിങ്ങളില്‍ ഒരാളും തന്നെ ഇടത് കൈ കൊണ്ട് തിന്നുകയൊ കുടിക്കുകയൊ ചെയ്യരുത്. കാരണം പിശാച് ഇടത് കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കുമ്പോള്‍ അവിടുന്ന് മൂന്ന് പ്രാവിശ്യമായിട്ടായിരുന്നു കുടിച്ചിരുന്നത്.

10. ഭക്ഷണത്തിലുള്‍പ്പടെ എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കാന്‍ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ജീവിതത്തില്‍ കൈവരിക്കേണ്ട സാമ്പത്തിക ഭദ്രത പലപ്പോഴും താളം തെറ്റുന്നത് ദുര്‍ത്തും ദുര്‍വ്യയവും കൊണ്ടാണ്. ഖുര്‍ആന്‍ പറയുന്നു: ദുര്‍വ്യയമരുത്. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്‍റെ റബ്ബിനോട് നന്ദികെട്ടവനുമാകുന്നു ( 17:26,27 ).

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles