Current Date

Search
Close this search box.
Search
Close this search box.

മനസ്സിന്‍റെ മൂന്ന് സഞ്ചാരപഥങ്ങള്‍

ഭൗതിക ലോകത്ത് ജീവിക്കുന്ന നമ്മെ സംബന്ധിച്ചേടുത്തോളം മനസ്സിനെ കുറിച്ചറിയുക, അതിന്‍റെ പ്രവര്‍ത്തനങ്ങളേയും പ്രവണതകളേയും മനസ്സിലാക്കുക പ്രധാനമാണ്. അതിന്‍റെ അഭാവത്തില്‍, ചിന്തകളേയും വികാരങ്ങളേയും സ്വഭാവത്തേയും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും അത് നമ്മുടെ സാമൂഹ്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. മനസ്സിനെ കുറിച്ച് ഇന്ന് നിരവധി ആശയങ്ങളും മിഥ്യകളും പ്രചാരത്തിലുണ്ടെങ്കിലും, വിശുദ്ധ ഖുര്‍ആന്‍ മനസ്സിനെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയവും അതിനെ നിയന്ത്രണ വിധേയമാക്കി ജീവക്കാന്‍ സഹായകവുമാണ്.

നാം നമ്മെ കുറിച്ച്, അതില്‍ സ്വാഭാവികമായും മനസ്സും ഉള്‍പ്പെടുന്നതാണ്, ചിന്തിക്കണമെന്ന് ഉണര്‍ത്തുന്ന ഖുര്‍ആന്‍ സൂക്തം ഇത്തരുണത്തില്‍ സ്മരണീയമത്രെ: “ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി തെളിവുകളുണ്ട്. നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ട് മനസ്സിലാക്കുന്നില്ലന്നോ?” (51:20,21) ഒരൊറ്റ സത്ത; മൂന്ന് വിശേഷണങ്ങള്‍. ധാരാളം അഭിപ്രായങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ഇതാണ് ഖുര്‍ആന്‍ നല്‍കുന്ന മനസ്സിന്‍റെ രൂപം. വിശദാംശങ്ങള്‍ മനുഷ്യചിന്തക്ക് വിട്ട്നല്‍കി, മൂന്ന് വിശേഷണങ്ങളില്‍ ഏതിലാണ് തന്‍റെ മനസ്സ് വ്യവഹരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതോടൊപ്പം, അതിലൂടെ എങ്ങനെ ശാന്തിയും സമാധാനവും സന്തോഷവും കൈവരിക്കുന്നതെന്ന് ബോധ്യപ്പെടുന്നതാണ്.

1. ഖുര്‍ആന്‍ വിവരിച്ച മനസ്സിന്‍റെ ഒരു വിശേഷണം തിന്മയിലേക്ക് നയിക്കുന്ന മനസ്സാണ് അഥവാ നഫ്സുല്‍ അമ്മാറ. അതിനെ കുറിച്ച് സുറത്ത് യൂസുഫില്‍, അബ്ദുല്‍ അസീസ് രാജാവിന്‍റെ പത്നിയുടെ മൊഴിയില്‍ ഇങ്ങനെ കാണാം: ‘ഞാനെന്‍റെ മനസ്സ് കുറ്റമറ്റതാണെന്നവകാശപ്പെടുന്നില്ല. തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്മക്കു പ്രേരിപ്പിക്കുന്നതു തന്നെ. എന്‍റെ നാഥന്‍ അനുഗ്രഹിച്ചവരുടേതൊഴികെ. എന്‍റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്; തീര്‍ച്ച.” (യൂസുഫ്-53) ഇത് മനുഷ്യാത്മാക്കളുടെ ഏറ്റവും മോശമായ അവസ്ഥയാണ്. പിശാച് സദാ അതിന് അവനെ പ്രേരിപ്പിക്കുകയും കൂട്ടുകാരനായിത്തീരുകയും ചെയ്യുന്നു.

2. രണ്ടാമത് വിശേഷിപ്പിക്കപ്പെട്ടതാണ്, കുറ്റപ്പെടുത്തുന്ന മനസ്സ്: ‘നഫ്സു അമ്മാറതു ബിസൂഇല്‍’ (തിന്മയില്‍ ആമഗ്നാവുന്ന മനസ്സ്) വ്യവഹരിക്കുമ്പോള്‍, ചെയ്ത്പോയ ഏതെങ്കിലും പാപത്തിന് ശേഷം അത് ചെയ്ത ആള്‍ സ്വയം തന്നെ കുറ്റബോധം ഉണ്ടാവുകയും പശ്ചാത്തപിക്കുകയും ഭയക്കുകയും ചെയ്യുന്ന അവസ്ഥയിലുള്ള മനസ്സാണിത്. തെറ്റ്ചെയ്യാത്ത മാലാഖമാരല്ലല്ലോ മനുഷ്യര്‍. തെറ്റുചെയ്യുന്നതിനേയും ദുര്‍വിചാരങ്ങളേയും വെറുക്കുന്ന മനസ്സാണിത്. ഖുര്‍ആന്‍ പറയുന്നു: കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെക്കൊണ്ടും ഞാന്‍ സത്യം ചെയ്യന്നു.(ഖിയാമ 75:2). നന്മക്കും തിന്മക്കുമിടയില്‍ ആടികളിക്കുന്ന മനസ്സ്.

3. മൂന്നാമതായി മനസ്സിന് നല്‍കിയ വിശേഷണം: സമാധാനം പ്രാപിച്ച മനസ്സ് അഥവാ അന്നഫ്സുല്‍ മുത്മഇന്ന. അല്ലാഹുവിനെ നാഥനായും ഇസ്ലാമിനെ മതമായും മുഹമ്മദ് നബി(സ) യെ പ്രവാചകനായും പൂര്‍ണ്ണമായി അംഗീകരിച്ച മനസ്സാണിത്. മറ്റൊരു ദര്‍ശനവും അത്തരം മനസ്സുകള്‍ക്ക് സ്വീകാര്യമല്ല. മരണ സമയത്തും പരലോകത്തുമെല്ലാം ആ മനസ്സിന് സമാധാനമായിരിക്കും. ഖുര്‍ആന്‍ പറയുന്നു: അല്ലയോ ശാന്തി നേടിയ ആത്മാവേ. നീ നിന്‍റെ നാഥങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക. (അല്‍ ഫജ്ര്‍ 28,29)

ഭൗതികതയില്‍ സമാധനം കണ്ടത്തെുന്നവര്‍
അത്തരക്കാരെ കുറിച്ചും ഖുര്‍ആന്‍ പരാമര്‍ശിക്കുകയും അവര്‍ക്ക് കടുത്ത താക്കീത് നല്‍കുകയും ചെയ്യുന്നു: “നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍, ഐഹികജീവിതത്തില്‍ തൃപ്തിയടഞ്ഞവര്‍, അതില്‍തന്നെ സമാധാനം കണ്ടത്തെിയവര്‍, നമ്മുടെ പ്രമാണങ്ങളെപ്പറ്റി അശ്രദ്ധ കാണിച്ചവര്‍- അവരുടെയൊക്കെ താവളം നരകമാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‍റെ പ്രതിഫലമാണത്. ” (യൂനുസ് 7,8)

ഖുര്‍ആന്‍ മനസ്സിനെ കുറിച്ച് നല്‍കിയ ഈ വിശേഷണങ്ങളിലൂടെ സ്വന്തത്തെ മനസ്സിലാക്കാനുള്ള നില്ലൊരു ടൂള്‍ ആണ് നമുക്ക് ലഭിക്കുന്നത്. ഈ ടൂള്‍ ഉപയോഗിച്ച് എവിടെയാണ് തന്‍റെ മനസ്സ് വ്യവഹരിക്കുന്നതെന്ന് അനായസേന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. മനസ്സ് തെന്നിപോവുമ്പോള്‍, മനുഷ്യരെന്ന നിലക്ക് അതിനുള്ള സാധ്യത ഇസ്ലാം അംഗീകരിക്കുകയും ആകാശം മുട്ടേ പാപങ്ങള്‍ ചെയ്താലും പാശ്ചാതപിക്കാനുള്ള അവസരമുണ്ടെന്ന് പ്രവാചകന്‍ ഉറപ്പ്തന്നതോടെപ്പം, തിരിച്ച് മൂന്നാമത്തെ ഇനത്തില്‍ തന്നെയാണ് മനസ്സ് വ്യവഹരിക്കേണ്ടതെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിരവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്.

‘…….നിശ്ചയം അല്ലാഹു മനോഗതങ്ങള്‍ ഏറ്റവും അറിയുന്നവനാകുന്നു. (അല്‍മാഇദ 7)
‘…….നിങ്ങളെവിടെയായാലും അവന്‍ നിങ്ങളോടൊപ്പമുണ്ട്. അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ കണ്ടറിയുന്നവനാണ്. (അല്‍ഹദീദ് 4)
‘ഒരുമേല്‍നോട്ടക്കാരനില്ലാതെ ഈ ലോകത്ത് ഒരു മനുഷ്യനുമില്ല.’ (അത്താരിഖ് 4)

ഒരു മേല്‍നോട്ടക്കാരന്‍ ഉണ്ട് എന്ന ബോധം മനുഷ്യ മനസ്സിനെ നന്മയില്‍ വ്യവഹരിക്കാന്‍ പ്രചോദിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുകളില്‍ വിവരിച്ച ഏതെങ്കിലും ഒരു ചിന്തകളില്‍ വ്യവഹരിക്കുക നമ്മുടെ മനസിന്‍റെ പ്രകൃതിയാണ്. ഇതില്‍ ആപേക്ഷികമായി മൂന്നാമത് പറഞ്ഞ ഗുണമുള്ള മനസ്സിനുടമയാവാന്‍, ഒരാള്‍ക്ക് കഴിഞ്ഞാല്‍ വിജയിച്ചു. അതിന് അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക, അവന് മാത്രം ഇബാദത് ചെയ്യുക, നബി ചര്യ പിന്തുടരുക, മനുഷ്യ നിര്‍മ്മിത സിദ്ധാന്തങ്ങളെ നിരാകരിക്കുക, ജനങ്ങളോട് നല്ല നിലയില്‍ വര്‍ത്തിക്കുക തുടങ്ങിയവ അനിവാര്യമാണ്. അതാണ് ഈ ലോകത്തും മരണാനന്തര ജീവിതത്തിലും ശാശ്വതമായി സമാധാനത്തിലും സന്തോഷത്തിലും കഴിയാനുള്ള ലളിതമായ കാര്യം.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles