Current Date

Search
Close this search box.
Search
Close this search box.

ആലിംഗനം നല്‍കുന്ന സന്ദേശം

ഭര്‍ത്താവ് തന്നെ ആലിംഗനം ചെയ്യുന്നില്ലെന്നായിരുന്നു ഒരു സ്ത്രീയുടെ ആവലാതി. വളരെ ബുദ്ധിപരമായി അവര്‍ ആ പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്തു. കൗമാരക്കാരനായ മകനെ ആലിംഗനം ചെയ്യുമ്പോള്‍ എന്തുകൊണ്ട് അതവനില്‍ യാതൊരുവിധ പ്രതികരണവും ഉണ്ടാക്കുന്നില്ലെന്നായിരുന്നു ഒരു ഉമ്മ ചോദിച്ചത്. സ്‌നേഹത്തിന്റെയും ഇഷ്ടത്തിന്റെയും താല്‍പര്യത്തിന്റെയും ഭാഷയാണ് ആലിംഗനം. അതിന്റെ ആവശ്യകതയില്‍ സ്ത്രീപുരുഷ വ്യത്യാസമില്ല. എല്ലാ ദിവസവും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഭര്‍ത്താവിന്റെ കൈ എടുത്ത് തന്റെ തലയില്‍ വെച്ചാണ് ആദ്യം പറഞ്ഞ സ്ത്രീ തന്റെ പ്രശ്‌നം പരിഹരിച്ചത്. ആ പ്രവൃത്തിയിലൂടെ ദിവസവും തന്നെ ആലിംഗനം ചെയ്യാന്‍ അദ്ദേഹത്തെ അവര്‍ പഠിപ്പിച്ചു. മകനെ ആലിംഗനം ചെയ്യുമ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ ഉമ്മയോട് ഞാന്‍ പറഞ്ഞു: താന്‍ പ്രായപൂര്‍ത്തിയായ ഒരു പുരുഷനായിട്ടുണ്ടെന്ന് മകന്‍ കരുതുന്നുണ്ടാവാം, ആലിംഗനം ചെയ്യുമ്പോള്‍ എങ്ങനെ അതിനോട് വൈകാരികമായി പ്രതികരിക്കണമെന്ന് അവനറിയില്ലായിരിക്കാം.

മനുഷ്യജീവിതത്തിലെ ശൈശവം മുതല്‍ വാര്‍ധക്യം വരെയുള്ള ഓരോ ഘട്ടത്തിലും മനുഷ്യന് ആവശ്യമായ സുപ്രധാന കാര്യമാണ് ആലിംഗനം. എന്നാല്‍ അതിന്റെ ഇനങ്ങളും അത് പ്രകടിപ്പിക്കുന്ന ആശയങ്ങളും നിരവധിയാണ്. കണ്ണുകള്‍ കൊണ്ടുള്ള നോട്ടത്തിന്റെ അകമ്പടിയോടെയുള്ള ആലിംഗനം ചെയ്യുമ്പോള്‍ സ്‌നേഹത്തെയാണത് പ്രകടിപ്പിക്കുന്നത്. പൊതുവെ അത് ആത്മാര്‍ഥവുമായിരിക്കും. അതേസമയം ശക്തമായ ആലിംഗനം ദമ്പതികള്‍ക്കിടയിലാകുമ്പോള്‍ അത് താല്‍പര്യത്തെയാണ് കുറിക്കുന്നത്. പ്രതിസന്ധിയിലും പരീക്ഷണത്തിലും അകപ്പെട്ട് അതിനെ അതിജയിച്ച വ്യക്തിയുടെ ആലിംഗനം വിജയത്തെയാണ് കുറിക്കുന്നത്. കളിതമാശകളുടെ സമയത്തെ ആലിംഗനം ചിരിയെയും ആനന്ദത്തെയുമാണ് കുറിക്കുന്നത്. ആലിംഗനം ചെയ്യുന്നയാള്‍ ആലിംഗനം ചെയ്യപ്പെടുന്നയാളിലേക്ക് കൈമാറുന്ന വൈകാരിക സന്ദേശത്തില്‍ ആലിംഗനത്തിന്റെ സമയത്തിനും വലിയ സ്വാധീനമുണ്ട്. തലയോ മുതുകോ തടവിക്കൊണ്ടുള്ള ആലിംഗനം വാത്സല്യത്തെയും സ്‌നേഹത്തെയുമാണ് കുറിക്കുന്നത്. പൊതുവെ സ്ത്രീകള്‍ തങ്ങളുടെ മക്കളെയും ഭര്‍ത്താവിനെയും ആലിംഗനം ചെയ്യുന്നത് ഇത്തരത്തിലായിരിക്കും. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആലിംഗനം ചെയ്യപ്പെടുന്ന വ്യക്തിക്ക് ആശ്വാസവും പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നുവെന്ന സന്ദേശവും ഇത്തരം ആലിംഗനം നല്‍കാറുണ്ട്.

Also read: പ്രവാചകമൊഴികളുടെ സൗന്ദര്യവായന

പൊതുവെ പിന്നില്‍ നിന്നുള്ള ആലിംഗനം ദമ്പതികള്‍ക്കിടയിലാണുണ്ടാവാറുള്ളത്. സ്ത്രീ തന്റേതായ പണികളിലേര്‍പ്പെട്ടു കൊണ്ടിരിക്കെ പിന്നില്‍ നിന്ന് ഭര്‍ത്താവ് ആലിംഗനം ചെയ്യുന്നുവെങ്കില്‍ അവളുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ താനാഗ്രഹിക്കുന്നുവെന്ന സന്ദേശമാണത് നല്‍കുന്നത്. അല്ലെങ്കില്‍ അവളോടുള്ള തന്റെ സ്‌നേഹവും താല്‍പര്യവും അറിയിക്കലുമാവാം അത്. എന്നാല്‍ സ്ത്രീ പുരുഷനെ പിന്നില്‍ നിന്ന് ആലിംഗനം ചെയ്യുമ്പോള്‍ അദ്ദേഹത്തില്‍ നിന്നുള്ള തന്റെ ആവശ്യം അറിയിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ദൈര്‍ഘ്യമേറിയ ആലിംഗനം കുറിക്കുന്നത് ആലിംഗനം ചെയ്യപ്പെടുന്ന വ്യക്തിയില്‍ നിന്നുള്ള അതിയായ ആവശ്യത്തെയാണ്. ആലിംഗനം ചെയ്യപ്പെടുന്നയാളുമായുള്ള ബന്ധം അവസാനിക്കാതെ നീണ്ടുനില്‍ക്കണമെന്ന ആലിംഗനം ചെയ്യുന്നയാളുടെ ആഗ്രഹവുമാകാം അതിലൂടെ പ്രകടിപ്പിക്കുന്നത്. ആലിംഗനം ചെയ്യുന്ന വ്യക്തി കടന്നുപോയിക്കൊണ്ടിരിക്കുന്ന അവശതയുടെ ഘട്ടത്തെ കുറിക്കുന്നതുമാവാം ആലിംഗനത്തിലെ ദൈര്‍ഘ്യം. പഠനത്തിന് വേണ്ടി ദീര്‍ഘനാളത്തേക്ക് വീട്ടില്‍ നിന്ന് പുറപ്പെടുന്ന മകനെ ഉമ്മ ആലിംഗനം ചെയ്യുന്നത് പോലെ യാത്ര പുറപ്പെടുന്ന വ്യക്തിക്കുള്ള ആലിംഗനവും ദീര്‍ഘിച്ചതാവാം. അപ്രകാരം സ്‌നേഹിക്കുന്നവര്‍ക്കിടയിലെ നീണ്ട വേര്‍പാടിന് ശേഷമുള്ള ആലിംഗനത്തിനും ദൈര്‍ഘ്യമുണ്ടാവും. സ്ത്രീയെ തറയില്‍ നിന്നും ഉയര്‍ത്തിക്കൊണ്ട് പുരുഷന്‍മാര്‍ ആലിംഗനം ചെയ്യാറുണ്ട്. അവള്‍ തനിക്ക് ഒട്ടും ഭാരമില്ലെന്ന തരത്തിലായിരിക്കുമത്. അവരെ കണ്ടതിലുള്ള സന്തോഷവും അവരോടുള്ള താല്‍പര്യവും പ്രകടിപ്പിക്കുന്നതാണ് ഇത്തരം ആലിംഗനം. നടക്കുന്നതിനിടെയില്‍ വശം ചേര്‍ത്തുപിടിച്ചുള്ള ആലിംഗനം ശാരീരിക അടുപ്പം നിലനിര്‍ത്താനുള്ള സ്‌നേഹത്തെയാണ് പ്രകടിപ്പിക്കുന്നത്. അതേസമയം നിമിഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പെട്ടന്നുള്ള ആലിംഗനത്തിലൂടെ അവരിലുള്ള താല്‍പര്യമാണ് പ്രകടിപ്പിക്കുന്നത്. ദമ്പതികള്‍ക്കിടയില്‍ സുപ്രധാനമായ വൈകാരിക ഭാഷയാണ് ആലിംഗനം.

Also read: ആയിരം വർഷം പഴക്കമുള്ള ജാഹിളിന്റെ പരിണാമ സിദ്ധാന്തം

നബി(സ) തന്റെ ചില അനുചരന്‍മാരെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും രണ്ട് കണ്ണുകള്‍ക്കിടയിലുള്ള സ്ഥാനത്ത് ചുംബനം നല്‍കുകയും ചെയ്തതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. ജഅ്ഫര്‍ ബിന്‍ അബീത്വാലിബ് അബിസീനിയയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ നബി(സ) ഇപ്രകാരം ചെയ്തിരുന്നു. ഇപ്രകാരം മകള്‍ ഫാത്വിമയെയും(റ) ഉസാമത് ബിന്‍ സൈദ്(റ)നെയും ആലിംഗനം ചെയ്തിരുന്നു. ആലിംഗനമെന്നത് മനുഷ്യനെ സംബന്ധിച്ചടത്തോളം അടിസ്ഥാന ആവശ്യമാണ്. അതുകൊണ്ടാണ് ഒരു കുഞ്ഞ് ഈ ലോകത്തേക്ക് വരുന്ന ആദ്യ നിമിഷം മാതാവ് ആ കുഞ്ഞിനെ ആലിംഗനം ചെയ്യുന്നത്. ആ ആലിംഗനം മനുഷ്യന് തന്റെ ആയുഷ്‌ക്കാലം മുഴുവന്‍ ആവശ്യമാണ്. മനുഷ്യന് ദിവസത്തില്‍ നാല് ആലിംഗനം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാരണം ആലിംഗനം സന്തോഷം ജനിപ്പിക്കുന്ന ഹോര്‍മോണുകളെ പുറപ്പെടുവിക്കുകയും പ്രതിരോധ ശക്തി കൂട്ടുകയും പേശികള്‍ക്ക് ആശ്വാസം നല്‍കുകയും നാഡീവ്യവസ്ഥയെ സന്തുലിതമാക്കുകയും ചൂട് പകരുകയും ചെയ്യുന്നു. അതുകൊണ്ടാണ് അഞ്ചുനേരം നമസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുമ്പോള്‍ ശരീരഭാഗങ്ങള്‍ തടവുന്നതിലൂടെ ആശ്വാസവും സുഖവും അനുഭവപ്പെടുന്നത്. ആ സ്പര്‍ശനം സ്‌നേഹിക്കുന്ന ഒരാളില്‍ നിന്നാകുമ്പോള്‍ എത്രത്തോളമായിരിക്കും അതിന്റെ ഫലം. ആലിംഗനം സന്തോഷവും സമാധാനവും അംഗീകാരവുമാണ്. ഉമ്മയുടെ ആലിംഗനം ചൂടും വാത്സല്യവുമാണ് പകര്‍ന്നു നല്‍കുന്നത്. ഇണയുടെ ആലിംഗനം സ്‌നേഹവും സ്വസ്ഥതയുമാണ് നല്‍കുന്നത്. മുതിര്‍ന്നവരില്‍ നിന്നുള്ള ആലിംഗനം ആശ്വാസവും പിന്തുണയുമാണ് നല്‍കുന്നത്.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles