Current Date

Search
Close this search box.
Search
Close this search box.

ആയിരം വർഷം പഴക്കമുള്ള ജാഹിളിന്റെ പരിണാമ സിദ്ധാന്തം

അൽ-ജാഹിള് എന്നറിയപ്പെട്ട അബൂ ഉഥ്മാൻ ഇബ്നു ബഹ്ർ അൽ-കിനാനി അൽ-ബസ്വരി എത്യോപ്യൻ വംശജനായ ചിന്തകനും എഴുത്തുകാരനുമായിരുന്നു. ഏ.ഡി 776-ൽ ഇറാഖിലെ ബസ്വറയിലാണ് ജനനം. വളരെ ദരിദ്ര കുടുംബത്തിലാണ് ജനിച്ചതെങ്കിലും ചെറിയ പ്രായത്തിൽ തന്നെ അറബി പദ്യം, വ്യാകരണം, നിഘണ്ടുശാസ്ത്രം എന്നിവയിലൊക്കെ ജാഹിള് പ്രാവീണ്യം നേടി. വൈജ്ഞാനിക യാത്ര മരിക്കുവോളം തുടർന്ന അദ്ദേഹം വ്യത്യസ്ത വിഷയങ്ങളിലായി ഏതാണ്ട് 200-ഓളം പുസ്തകങ്ങൾ രചിക്കുകയുണ്ടായി. നിർഭാഗ്യവശാൽ, അതിൽ മുപ്പത് ഗ്രന്ഥങ്ങൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.

ജന്തുശാസ്ത്രം കൈകാര്യം ചെയ്യുന്ന “കിതാബുൽ ഹയവാൻ” (ജന്തുക്കളുടെ പുസ്തകം) ആണ് ജാഹിളിന്റെ മാസ്റ്റർപീസ് എന്നറിയപ്പെടുന്ന രചന. ബഹുവാല്യങ്ങളിൽ എഴുതപ്പെട്ട ഈ പുസ്തകം 350 വ്യത്യസ്തയിനം ജന്തുവർഗ്ഗങ്ങളെ പരിചയപ്പെടുത്തുന്നു എന്നു മാത്രമല്ല, പ്രാചീന അറബിക്കവിതകളും ഹാസ്യ കഥകളുമൊക്കെ ഉൾപ്പെട്ടതാണ്. അരിസ്റ്റോട്ടിലിന്റെ സ്വാധീനം ജാഹിളിന്റെ ജന്തു നിരീക്ഷണങ്ങളിലൊക്കെ കാണാവുന്നതാണ്. പ്രശസ്തമായ തന്റെ കിതാബുൽ ഹയവാനിൽ ആണ് പരിണാമ സിദ്ധാന്തത്തിന്റെ ആദിമ രൂപം ജാഹിള് പറഞ്ഞു വെക്കുന്നത്. നിരവധി മൃഗങ്ങളെയും ഷഡ്പദങ്ങളെയും നിരീക്ഷണ വിധേയമാക്കിയതിന്റെ പിൻബലത്തിൽ ഇവ കാലാന്തരത്തിൽ രൂപമാറ്റം വന്ന് ഉണ്ടായവയായിരിക്കാം എന്ന് ജാഹിള് അനുമാനിച്ചു. ചാൾസ് ഡാർവിൻ തന്റെ വിഖ്യാതമായ Origin of Species (ജീവിവർഗ്ഗങ്ങളുടെ ഉൽപ്പത്തി) പ്രസിദ്ധീകരിക്കുന്നതിനും ആയിരം വർഷങ്ങൾക്ക് മുമ്പാണ് ബസ്വറക്കാരനായ ജാഹിള് പരിണാമത്തിന്റെ സൂചനകൾ ചികഞ്ഞുപോയത്.

പരിണാമവുമായി ബന്ധപ്പെട്ട് മൂന്ന് മെക്കാനിസങ്ങളെ കുറിച്ച് ജാഹിള് തന്റെ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അതിജീവനത്തിനായുള്ള പോരാട്ടം, ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള ജീവിവർഗ്ഗങ്ങളുടെ പരിണാമം, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയാണവ. ജാഹിളിന്റെ വാക്കുകളിൽ: “സ്വയം ഭക്ഷിക്കപ്പെടാതിരിക്കാനും ഭക്ഷണം ലഭിക്കാനും ജീവികൾ പരസ്പരം അതിജീവനത്തിനായി മത്സരിക്കുന്നു. പാരിസ്ഥിതിക ഘടകങ്ങളുടെ സ്വാധീനത്താൽ അതിജീവനത്തിന് ശക്തിയേകുന്ന പുതിയ പല സവിശേഷതകളും ജീവികളിൽ ഉൽഭവിക്കുന്നു. അത് മെച്ചപ്പെട്ട മറ്റൊരു ജീവിവർഗ്ഗത്തിന്റെ പിറവിക്ക് കാരണമായേക്കാം. മത്സരത്തെ അതിജിവിച്ച് നിലനിൽക്കുന്ന ജീവികളുടെ സവിശേഷതകൾ അവയുടെ വരുംതലമുറക്കും പകർന്നു കിട്ടും.”

ജീവിവർഗ്ഗങ്ങളിൽ ഒന്ന് മറ്റൊന്നിനേക്കാൾ ശക്തിയുള്ളതാകാമെന്നും അതിജീവനത്തിനായി അവയ്ക്ക് പുതിയ സവിശേഷതകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും ജാഹിള് വ്യക്തമായി മനസ്സിലാക്കിയിരുന്നു. അതിജീവനത്തിനായി ഉപയോഗിച്ച ഈ സവിശേഷതകൾ മെച്ചപ്പെട്ട മറ്റൊരു ജീവിവർഗ്ഗത്തിന്റെ പിറവിക്കും കാരണമാകാം എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഡാർവിന്റെ Natural Selection (പ്രകൃതിനിർദ്ദാരണം) എന്ന സിദ്ധാന്തവുമായി ജാഹിളിന്റെ ചിന്തകൾ വളരെയധികം സാമ്യം പുലർത്തുന്നതായി കാണാനാകും.

Also read: കൊലകളുടെ ആവർത്തനങ്ങൾ

തന്റെ മെക്കാനിസങ്ങളെ ശാസ്ത്രീയമായി അവതരിപ്പിക്കുമ്പോഴും അവയിലെ ദൈവികത ജാഹിള് വിസ്മരിക്കുന്നില്ല. തന്റെ ഗ്രന്ഥത്തിൽ ജാഹിള് പറയുന്നു: “എലി തന്റെ ഭക്ഷണം ശേഖരിക്കുന്നതിനായി പുറപ്പെടുന്നു, അത് തിരഞ്ഞ് കണ്ടുപിടിക്കുകയും ചെയ്യുന്നു. ചെറിയ മൃഗങ്ങളെയും പക്ഷികളെയും പോലെ മറ്റ് ചില ചെറിയ ജീവികളെയും അത് ഭക്ഷിക്കാറുണ്ട്. പാമ്പുകളുടെയും പക്ഷികളുടെയും ആക്രമണത്തിൽ നിന്ന് തന്നെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിനായി ഭൂമിക്കടിയിലെ മാളങ്ങളിലാണ് അത് വീടൊരുക്കുന്നത്. പാമ്പുകൾ എലികളെ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. പാമ്പുകൾക്കാവട്ടെ ബീവറുകളിൽ നിന്നും കഴുതപ്പുലികളിൽ നിന്നും സ്വയം പ്രതിരോധിക്കേണ്ടതുണ്ട്; അവ പാമ്പിനേക്കാൾ ശക്തരാണ്. കഴുതപ്പുലിക്ക് കുറുക്കനെ ഭയപ്പെടുത്താൻ കഴിയും, കുറുക്കനാവട്ടെ അതിനെക്കാൾ ചെറിയ എല്ലാ മൃഗങ്ങളെയും ഭയപ്പെടുത്തുന്നു. ചിലത് മറ്റു ചിലതിന് ഭക്ഷണമാണെന്ന പ്രകൃതി നിയമമാണിത്. എല്ലാ ചെറിയ മൃഗങ്ങളും ചെറിയവയെ തന്നെ ഭക്ഷിക്കുന്നു, എന്നാൽ എല്ലാ വലിയ മൃഗങ്ങൾക്കും അതിനേക്കാൾ വലിയവയെ തിന്നാൻ കഴിയില്ല. മനുഷ്യർ പരസ്പരം മൃഗങ്ങളെപ്പോലെയാണ്. ദൈവമാണ് ശരീരങ്ങൾക്ക് ജീവനേകുന്നത്. ”

കിതാബുൽ ഹയവാൻ മാത്രമല്ല, ജാഹിളിന്റെ അതുല്യ സൃഷ്ടികളായി കണക്കാക്കപ്പെടുന്ന വേറെയും ഗ്രന്ഥങ്ങളുണ്ട്. കിതാബുൽ ബുഖലാഅ് (പിശുക്കന്മാരുടെ പുസ്തകം) അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ രചനയാണ്. അറബിയിൽ ഗദ്യരൂപത്തിൽ എഴുതപ്പെട്ട ഈ ഗ്രന്ഥം ആക്ഷേപഹാസ്യം എന്ന ഗണത്തിലാണ് ഉൾപ്പെടുന്നത്. സമൂഹത്തിലെ പിശുക്കിനെയും ദുരാഗ്രഹത്തെയും കണക്കറ്റ് പരിഹസിക്കുന്നു ജാഹിള് ഈ ഗ്രന്ഥത്തിലൂടെ. മനശ്ശാസ്ത്രത്തിലും ഭാഷയിലും വ്യാകരണത്തിലുമൊക്കെ ജാഹിള് തന്റെ രചനാപാടവം തെളിയിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിലാണ് തന്റെ ശാസ്ത്ര ഗ്രന്ഥങ്ങൾ പോലും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുള്ളത്. തന്റെ പുസ്തകങ്ങളിൽ പലയിടത്തും സാന്ദർഭികമായ ഹാസ്യവും രസകരമായ പ്രസ്താവനകളും ജാഹിള് ചേർത്തിരിക്കുന്നത് കാണാം.

Also read: കൊറോണ വൈറസ് കാലത്തെ ജുമുഅ: നമസ്കാരം

പാവപ്പെട്ട ഒരു മുക്കുവന്റെ മകനായി ബസ്വറയിൽ ജനിച്ച ജാഹിള് ഏ.ഡി 868-ൽ അവിടെ വെച്ച് തന്നെയാണ് മരണപ്പെട്ടത്. വൈജ്ഞാനിക ലോകത്തിന് കനപ്പെട്ട സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു, പല മേഖലകളിലും അതിന്റെ അമരക്കാരനായി മാറാനും. ആധുനിക ലോകത്ത് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച പരിണാമ സിദ്ധാന്തത്തിന്റെ യഥാർത്ഥ ഉപജ്ഞാതാവ് ജാഹിള് ആയിരുന്നു എന്നു പറഞ്ഞാൽ അത് തെറ്റാവില്ല.

വിവ: അനസ് പടന്ന
കടപ്പാട്: mvslim.com

Related Articles