Current Date

Search
Close this search box.
Search
Close this search box.

വ്യക്തിത്വവികസനം ദാമ്പത്യത്തിൽ പ്രതിഫലിക്കുന്ന വിധം

വിവാഹിതയായ ഒരു യുവതി പങ്കുവെച്ച അനുഭവമാണിത്. ഉപ്പ എപ്പോഴും അധികാരിയായി നിലനിന്നിരുന്ന ഒരു കുടുംബത്തിലാണ് അവർ വളർന്നത്. അദ്ദേഹം തന്റെ സമ്പാദ്യം മുഴുക്കെയും ഭാര്യക്കും മക്കൾക്കും വേണ്ടി ചെലവഴിച്ചു. പക്ഷേ എല്ലാം അദ്ദേഹം തീരുമാനിക്കുന്ന രൂപത്തിലായിരുന്നു, വസ്ത്രം മുതൽ ബിരുദ പഠനത്തിനായി മക്കൾ തയ്യാറെടുത്തപ്പോൾ പോലും പിതാവ് തന്റെ താല്പര്യങ്ങളെ അവർക്ക് മുന്നിൽ നിർബന്ധം പറഞ്ഞു. ഉമ്മ വെറുമൊരു കഥാപാത്രമായി കുടുംബജീവിതത്തിൽ ബാക്കിയായി.

ബിരുദ പഠനത്തിനായി സർവ്വകലാശാലയിൽ ചേർന്ന യുവതി, അവിടെവച്ചാണ് സ്വാതന്ത്ര്യത്തെക്കുറിച്ചും തങ്ങളുടെ അവകാശങ്ങളെ കുറിച്ചും സംസാരിക്കുന്ന ഒരുപറ്റം യുവതികളെ കണ്ടുമുട്ടുന്നത്. പതിയെ അവർ ഫെമിനിസ്റ്റ് ആശയങ്ങളുമായി ചേരുകയും അവരിലൊരാളാവുകയും ചെയ്തു.

പുരുഷാധിപത്യവും സ്ത്രീജീവിതത്തിന്റെ മുരടിപ്പും സമത്വവാദവും അവരുടെ സംസാര വിഷയങ്ങളായി കടന്നുവന്നുകൊണ്ടിരുന്നു. പിതാവിൽ കണ്ട ആധിപത്യം, ഭാവിയിൽ താനും നേരിടാനിരിക്കുന്ന അടിമത്വത്തിന്റെ രൂപങ്ങളായി അവരെ അസ്വസ്തയാക്കി തുടങ്ങി .

ഉപ്പ മരണപ്പെട്ടതിന് ശേഷമാണ് കാര്യങ്ങൾ വഷളാവുന്നത്. ഭർത്താവിനെ അനുസരിക്കാൻ മാത്രം അറിയുന്ന ഉമ്മ, ഉപ്പ മുൻകൈയെടുത്തല്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ അറിയാത്ത മക്കൾ; ഈ ഗതിയിൽ കുടുംബം ദിശയറിയാതെ ഉഴറി.
ബിരുദ്ധ പഠനം കഴിഞ്ഞ്, ജോലിയിൽ പ്രവേശിച്ച യുവതി സാധാരണ ജീവിതത്തോട് പൊരുത്തപ്പെട്ട് തുടങ്ങി. ജോലിയും ചുറ്റുപാടും അവരെ പുതിയ സാമൂഹിക ബന്ധങ്ങളെയും മൂല്യങ്ങളെയും പഠിപ്പിച്ചു. ഉമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തെ പരിപാലിക്കാനും അവൾ പ്രാപ്തയായി. അതിനിടയ്ക്ക് വന്ന പല വിവാഹാലോചനകളും കുടുംബ നിയന്ത്രണത്തിന്റെ പേരിൽ അവൾ ഒഴിവാക്കി. തനിക്ക് തന്റേതായ ഒരു ഇടം നൽകുന്ന കൽപ്പനയും ചോദ്യങ്ങളും ഇല്ലാത്ത, ഒരു ഭർത്താവിനെയാണ് അവൾ തേടിയത്.

ഒടുവിൽ ഒരു വിവാഹാലോചന അവർ സ്വീകരിച്ചു. സംസ്കാരമുള്ള അനുയോജ്യനായ യുവാവ്. പക്ഷേ അവളുമായി നേരിട്ട് സംസാരിക്കാൻ പോലും സാധിക്കാത്ത വിധം ലജ്ജയായിരുന്നു അയാൾക്ക്. കാര്യങ്ങളെല്ലാം ഉമ്മയാണ് സംസാരിച്ചത്. അത് അവളിൽ തെല്ല് പുച്ഛമാണ് ഉണ്ടാക്കിയത്.
അധികം വൈകാതെ അവർ വിവാഹിതരായി. അവന് രണ്ടു വയസ്സുള്ളപ്പോഴാണ് ഉമ്മ വിധവയായത്. ഏക മകനും ഉമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മകനെയോർത്ത് ഉമ്മ വിവാഹം കഴിച്ചതുമില്ല, സാധ്യമാകും വിധം വാത്സല്യവും പരിഗണനയും നൽകിയാണ് ഉമ്മ അവനെ വളർത്തിയത്.
പ്രൈമറി പഠനകാലത്ത് സഹപാഠികളിൽ ഒരാൾ മകനെ അടിച്ചതു കാരണം വിദ്യാഭ്യാസം മുഴുവൻ വീട്ടിലേക്ക് തന്നെ മാറ്റിയത്രേ!!.

ഉമ്മയും അവരെ ചുറ്റിപറ്റിയുള്ള ചെറിയ ലോകവും മാത്രമായിരുന്നു അയാളുടേത്. വിവാഹം കഴിഞ്ഞ്, അവർക്കിടയിൽ എന്ത് കാര്യവും മുൻകൈയെടുത്ത് ചെയ്തിരുന്നത് അവളായിരുന്നു. എന്തെങ്കിലും അഭിപ്രായം ചോദിച്ചാൽ, നിന്റെ താല്പര്യം പോലെ എന്നു മാത്രമായിരുന്നു അയാളുടെ മറുപടി. സ്വന്തമായി അഭിപ്രായങ്ങളോ തീരുമാനങ്ങളോ അയാൾക്കില്ലായിരുന്നു. ആദ്യകാലങ്ങളിൽ അവളും ഈ അധികാരം ആസ്വദിച്ചു. കുടുംബ ചെലവിനായി അയാളുടെ സമ്പാദ്യവും ശാരീരിക ബന്ധവും ഒഴിച്ച് മറ്റെല്ലാ കാര്യത്തിലും പ്രധാന പങ്ക് അവളുടേതായിരുന്നു. തീരുമാനങ്ങളും അഭിപ്രായങ്ങളും അവൾ തന്നെ മുൻകൈയെടുത്തു ചെയ്തുകൊണ്ടിരുന്നു.

എന്നാൽ മൂന്നു വർഷങ്ങൾക്കിപ്പുറം വിവാഹജീവിതം അവർക്ക് മടുത്തു തുടങ്ങിയിരിക്കുന്നു. ഒരേസമയം ഭാര്യയുടെയും ഭർത്താവിന്റെയും കടമകളും ബാധ്യതകളും നിർവഹിച്ച് അവൾക്ക് മടുത്തു.
കാര്യങ്ങൾ നോക്കി നടത്തുന്ന പക്വതയുള്ള ഒരു വ്യക്തിത്വം ഭർത്താവിൽ അവൾ ആഗ്രഹിച്ചു. പെൺമനസ്സ് എപ്പോഴും തന്നെ സംരക്ഷിക്കുന്ന ഒരു പുരുഷ ഹൃദയത്തെയാണ് ആവശ്യപ്പെടുന്നതെന്നും കുടുംബ കാര്യങ്ങൾ പരസ്പരം ചർച്ചചെയ്തും അന്യോന്യം അധികാരം പ്രയോഗിക്കാതെയുമുള്ള വിശാലമായ കുടുംബസങ്കൽപമാണ് ഏറ്റവും അനുയോജ്യമായത് എന്ന തിരിച്ചറിവിലേക്ക് അവൾ എത്തിച്ചേർന്നു.

ഈ കുടുംബ ജീവിതത്തിന്റെ സ്തംഭനത്തിന് വ്യക്തിജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ നിന്നുപോലും സ്വാധീനമുണ്ട്.

സന്താന പരിപാലനമാണ് ഒന്നാമത്തേത്.
മക്കളോട് അമിതമായ വാത്സല്യം കാണിക്കുന്നത് അവരെ നശിപ്പിക്കുന്നതിന് തുല്യമാണ്. ജീവിതത്തിലെ സകല പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കഴിവാണ് മക്കളിൽ രൂപപ്പെടുത്തേണ്ടത്. നേരും നെറികേടും തിരിച്ചറിഞ്ഞ് സ്വയം ജീവിതത്തെ നേരിടാൻ മക്കളെ പ്രാപ്തരാക്കുക എന്നതാണ് ഓരോ രക്ഷിതാവിന്റെയും കടമ. സാമൂഹികമായ ബന്ധങ്ങളിൽ നിന്നും കുട്ടികൾ സ്വായത്തമാക്കേണ്ട പല മൂല്യങ്ങളുമുണ്ട്. തങ്ങളുടെ ചുറ്റുപാടും സൗഹൃദങ്ങളും സ്വഭാവരൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കുന്നു.
ഇവിടെ മാതാവിന്റെ അമിതമായ വാത്സല്യവും അനാവശ്യമായ ഭയവുമാണ് മകനെ ഈ ഗതിയിലെത്തിച്ചത്.

മാതൃകയാവേണ്ട രക്ഷിതാക്കളും മക്കളിൽ അവർ ഉണ്ടാക്കുന്ന സ്വാധീനവും ആണ് രണ്ടാമതായി പരിഗണിക്കേണ്ട കാര്യം. ഉപ്പയുടെ ആധിപത്യസ്വഭാവം യുവതിയിൽ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല, പഠനകാലത്ത് ഫെമിനിസ്റ്റ് ആശയങ്ങളോട് ആവേശം കാണിക്കുകയും, ജീവിതത്തിൽ അവ ആസ്വദിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും അനുഭവങ്ങൾ അവരെ കുടുംബജീവിതത്തിന്റെ വഴിയെക്കുറിച്ച് യഥാർത്ഥ ബോധ്യം നൽകുകയാണ്.

പുരുഷന്റെ നിയന്ത്രണാധികാരത്തെക്കുറിച്ച് ശരിയായ ബോധ്യം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അത് പങ്കാളിയെ പൂർണ്ണമായി പരിഗണിക്കുകയും കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യുമ്പോഴുമാണ് അർത്ഥപൂർണ്ണമാകുന്നത്. കുടുംബഭദ്രതക്ക് വേണ്ടി പിതാവ് സാമ്പത്തിക ബാധ്യതകളെ നിറവേറ്റുകയും പങ്കാളി അവരെ സഹായിക്കുകയും സഹകരിക്കുകയും ചെയ്യുമ്പോഴാണ് കുടുംബം സമ്പൂർണ്ണമാകുന്നത്.

മനുഷ്യനെ ഇണകളാക്കി സൃഷ്ടിച്ചതിന്റെ യുക്തി ഈ വിഷയത്തിൽ പ്രധാനമാണ്. ഖുർആനിലെ അന്നിസാഅ് അധ്യായത്തിൽ പറയുന്നു: “ഹേ, മനുഷ്യരേ! ഒരേ ആത്മാവില്‍ നിന്നു നിങ്ങളെ സൃഷ്ടിച്ചവനായ നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍; അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും ചെയ്തു” മറ്റൊരു ഭാഗത്ത്‌ ഖുർആൻ സൂചിപ്പിക്കുന്നതിങ്ങനെ : “ഒരൊറ്റ സത്തയിൽ നിന്ന്‌ തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവൻ. അതിൽ നിന്ന്‌ തന്നെ അതിൻറെ ഇണയേയും അവനുണ്ടാക്കി. അവളോടൊത്ത്‌ അവൻ സമാധാനമടയുവാൻ വേണ്ടി”. സൂക്തങ്ങൾ സൂചിപ്പിക്കുന്നത് വിവാഹത്തിന്റെ പരമമായ ലക്ഷ്യം ശാന്തിയും സമാധാനവുമാണ് എന്നതാണ് . ഇരുവരും അവരുടെ ധർമ്മങ്ങൾ നിർവ്വഹിക്കുമ്പോഴാണ് കുടുംബം മുന്നോട്ട് പോകുന്നത്.

മേലെ സൂചിപ്പിച്ച അപക്വമായ പങ്കാളിയുടെ ഇടപെടലുകളെ പരിഹരിക്കാനുള്ള മാർഗങ്ങൾ പരിശോധിക്കാം. ഇവിടെ, മാതാവായും ഭാര്യയായും കുടുംബത്തിലെ തീരുമാനങ്ങളും ചെലവുകളുമടക്കം കൈകാര്യം ചെയ്തിരുന്നത് സഹോദരി തന്നെയാണ്. വിവാഹം കഴിഞ്ഞും ഭർത്താവ് ഉമ്മയുടെ ചെറിയ കുട്ടിയായി തന്നെ തുടർന്നു. പുതിയ ജീവിതത്തിൽ നിന്നും തന്റെ സ്ഥാനം ഭർത്താവ് പരിചയിച്ചില്ലെന്ന് മാത്രമല്ല,ഭാര്യ ഭംഗിയായി നിർവഹിക്കുകയും ചെയ്തു.
അതിനാൽ നിലവിലുള്ള പ്രശ്നത്തെ രമ്യമായി പരിഹരിക്കാൻ മുൻകൈയെടുക്കേണ്ടത് ഭാര്യ തന്നെയാണ്.
ഏതൊരു കാര്യത്തിന്റെയും പ്രഥമ ലക്ഷ്യം നാഥന്റെ സ്വീകാര്യതയാണെന്നിരിക്കെ, തന്റെ സർവ ഇടപെടലുകളിലും അവൾ ആത്മാർത്ഥത കൈവിടരുത്.

കുടുംബ വ്യവസ്ഥിതിയിലെ യുക്തി യാഥാർത്ഥ്യങ്ങളെ കുറിച്ച് പരസ്പരം മനസ്സിലാക്കി മുന്നോട്ടുപോവാൻ ഭാര്യ ഭർത്താക്കന്മാർ ശ്രദ്ധാലുക്കളായിരിക്കണം.
ഇവിടെ, സഹോദരി ഭർത്താവുമായി തുറന്ന മനസ്സോടെ കുടുംബത്തിന്റെ ശോചനീയമായ അവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുത്തണം.

ഇസ്ലാമിക അന്തരീക്ഷമുള്ള ഒരു കുടുംബത്തെ കെട്ടിപ്പടുക്കാൻ, കാര്യങ്ങളെ ഉത്തരവാദിത്വത്തോടെ ചെയ്യാൻ ഭാര്യ പൂർണമായും ഭർത്താവുമായി സഹകരിക്കേണ്ടതുണ്ട്. ആത്മാർത്ഥമായ സ്നേഹമാണ് അതിലെ ആദ്യപടി. കളങ്കമില്ലാത്ത പ്രണയവും ഹൃദയ വിശാലതയും പങ്കാളിക്ക് സമാധാനവും കുടുംബത്തിൽ സുസ്ഥിതിയും പ്രദാനം ചെയ്യും. തന്റെ കടമകളെ കുറിച്ചും ഭാര്യയോടും സന്താനങ്ങളോടും ഉള്ള ബാധ്യതകളെ കുറിച്ചും അറിയാത്ത കാര്യങ്ങൾ അവന് പഠിപ്പിച്ചു കൊടുക്കാൻ പങ്കാളി സന്നദ്ധയാവണം.

ഓരോ സൽപ്രവർത്തിയിലും ഭർത്താവിന് അനുമോദിക്കാനും പ്രോത്സാഹിപ്പിക്കാനുള്ള അവസരം പാഴാക്കരുത്. ഒന്നൊന്നായി തന്റെ കടമകൾ നിർവഹിച്ചു കൊണ്ട്, ഭർത്താവ് എന്ന പദവിയെ ഉൾകൊള്ളാനും കുടുംബം ഭദ്രമാവാനും ഇത് വഴിയൊരുക്കും.
ഉത്തരവാദിത്വമുള്ള പിതാവും പക്വതയുള്ള പങ്കാളിയുമാവുമ്പോൾ കുടുംബം സന്തുഷ്ടമായി.

വിവ: ഫഹ്‌മിദ സഹ്‌റാവിയ്യ

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

 

Related Articles