Current Date

Search
Close this search box.
Search
Close this search box.

കുടുംബ ബന്ധം ശക്തിപ്പെടുത്താനുള്ള വഴികള്‍

കുടുംബ ബന്ധം, സൗഹൃദ ബന്ധം, തൊഴില്‍പരവും കച്ചവടപരവുമായ ബന്ധം തുടങ്ങിയ പലതരം ബന്ധങ്ങള്‍ നമ്മുടെ ജീവിതത്തിലെ മധുരമൊ കയ്പുറ്റതൊ ആയ അനുഭവങ്ങളാണ്. ഈ ബന്ധങ്ങള്‍ തരളവും ഊഷ്മളവുമാവുന്നതിനനുസരിച്ച് ശാന്തിയും സമാധാനവും ലഭിക്കുമെന്ന് മാത്രമല്ല ഇഹപരവും പാരത്രികവുമായ സൗഭാഗ്യവും നമുക്ക് കൈവരുന്നു. കുടുംബാംഗങ്ങളുമായും അയല്‍ക്കാരുമായും സ്നേഹിതന്മരുമായും ബന്ധമില്ലാത്ത ഒരാള്‍ സഞ്ചരിക്കുന്ന മൃതദേഹം എന്നല്ലാതെ മറ്റൊരു വിശേഷണവും അയാള്‍ അര്‍ഹിക്കുന്നില്ല.

കൂടുമ്പോള്‍ ഇമ്പമുണ്ടാവുന്നതാണ് കുടുംബം എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട ഒരു നിര്‍വ്വചനമാണ്. അത്കൊണ്ടാണ് കുടുംബ ബന്ധം ഊഷ്മളമായി നിലനിര്‍ത്താന്‍ ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുന്നത്. ഇസ്ലാമിന്‍റെ ആദ്യകാലഘട്ടത്തില്‍ തന്നെ നബി (സ) തന്‍റെ അനുയായികളില്‍ വളര്‍ത്തിഎടുത്ത നിരവധി ധാര്‍മ്മിക മൂല്യങ്ങളില്‍ സുപ്രധാനമായ ഒന്നായിരുന്നു ഊഷ്മളമായ കുടുംബ ബന്ധം നിലനിര്‍ത്തല്‍. ഇസ്ലാമിന്‍റെ അടിസ്ഥാനമായ ഏകദൈവ വിശ്വാസത്തിന്‍റെ പ്രബോധനത്തോടൊപ്പം കുടുംബ ബന്ധത്തിന്‍റെ പ്രധാന്യവും തിരുമേനി ഊന്നിപ്പറഞ്ഞു.

ഒരു ഖുദ്സിയായ ഹദീസില്‍ നബി (സ) പറയുന്നു: “ഞാന്‍ അല്ലാഹു. നിങ്ങളുടെ രക്ഷാധികാരി. ഞാനാണ് കുടുംബ ബന്ധം ഉണ്ടാക്കിയവന്‍. ആര്‍ ആ കുടുംബ ബന്ധം ചേര്‍ക്കുന്നുവൊ അവനെ ഞാന്‍ ചേര്‍ക്കും.” അല്ലാഹുവിന്‍റെ സാമിപ്യത്തിലാവുന്നതിനെക്കാള്‍ സമാധാനം ലഭിക്കുന്ന മറ്റൊരു കാര്യവുമില്ല. അപ്പോള്‍ അവന്‍റെ സാമിപ്യത്തിലാവാനുള്ള മാര്‍ഗ്ഗമാണ് കുടുംബ ബന്ധം ചേര്‍ക്കുക എന്നത്. കുടുംബ ബന്ധം മുറിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്ന് നബി പറഞ്ഞു.

കുടുംബ ബന്ധത്തിന് ഇസ്ലാം ഇത്രയധികം പ്രധാന്യം നല്‍കാനുള്ള കാരണമെന്തായിരിക്കും? പലതരം കൂട്ടായ്മകള്‍ നമുക്കിടയില്‍ ഉണ്ടെങ്കിലും എല്ലാ കൂട്ടായ്മകളുടേയും മാതാവ് എന്ന വിശേഷണത്തിനര്‍ഹമാണ് കുടുംബം. കുടുംബം ശൈഥില്യമായാല്‍ അധര്‍മ്മം വ്യാപിക്കും. സാമൂഹ്യ അരാജകത്വം ഉണ്ടാവും. പാറാവുകാര്‍ ഇല്ലാതിരിന്നാല്‍ കള്ളന്മാര്‍ വിഹരിക്കുന്ന അവസ്ഥ പോലെയാണിത്. പവിത്രമായ നമ്മുടെ കുടുംബ ബന്ധം യാദൃശ്ചികമായി രൂപപ്പെട്ടതല്ലെന്നും അതിന്‍റെ പിന്നില്‍ പ്രപഞ്ചനാഥന്‍റെ തീരുമാനവും ആസുത്രണവും ഉണ്ടെന്നും അതിനെ പരിപോഷിപ്പിക്കേണ്ടത് തന്‍റെ കടമയാണെന്ന ബോധമുണ്ടാവേണ്ടതുണ്ട്.

ശക്തിപ്പെടുത്താനുള്ള വഴികള്‍
കുടുംബാംഗങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യചരടാണ് സ്നേഹം. ആ സ്നേഹചരട് അറ്റുപോയാല്‍ കുടുംബം ശ്ലഥമാവുന്നു. സ്നേഹം ഊട്ടിയുറപ്പിക്കാനുള്ള ശക്തമായ മാര്‍ഗ്ഗമാണ് സഹായം ആവശ്യമായി വരുന്ന ഘട്ടത്തില്‍ സഹായിക്കുക എന്നത്. ദാന ധര്‍മ്മം ചെയ്യുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ രണ്ട് പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞു. ദാനം ചെയ്തതിന്‍റെയും കുടുംബ ബന്ധം ചാര്‍ത്തിയതിന്‍റെതുമാണ് ആ രണ്ട് പ്രതിഫലങ്ങള്‍. കടം ചോദിച്ചാല്‍ കടം കൊടുക്കുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, വിജയവേളയില്‍ അഭിനന്ദിക്കുക, ദൂ:ഖ വേളയില്‍ സമാശ്വസിപ്പിക്കുക, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുക, സന്ദര്‍ഭാനുസരണം മറ്റ് ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കുക എല്ലാം ദാനധര്‍മ്മത്തില്‍ ഉള്‍പ്പെടുന്നതാണ്.

കുടുംബാംഗങ്ങളെ കൂട്ടുപിടിച്ച് വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നത് ഗുണകരമാണ്. കച്ചവടം,കൃഷി തുടങ്ങിയ ജീവിതായോഥനങ്ങള്‍ക്ക് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍,കലാ-സാംസ്കാരിക-വിനോദ മഖലകളിലെല്ലാം കുടുംബാംഗങ്ങള്‍ക്ക് അവരുടെ ഭാവനക്ക് അനുയോജ്യമായ വിധത്തില്‍ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത് കുടുംബാംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഊഷ്മളമായ ബന്ധങ്ങള്‍ക്ക് കാരണമായിതീരും. എല്ലാവര്‍ക്കും പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പങ്ക് വെക്കാനും ഇത് അവസരമൊരുക്കും.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഊഷ്മളമായ സ്നേഹ ബന്ധത്തില്‍ നിന്നാണ് കുടുംബബന്ധത്തിന്‍റെ തുടക്കം. അവിടന്ന് അത് മാതാവിലേക്കും പിതാവിലേക്കും പിന്നീട് സഹോദരി സഹോദരന്മാരിലേക്കെല്ലാം വ്യാപിക്കുന്നു. കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതബോധം സൃഷ്ടിക്കുന്നത് രക്ഷിതാക്കള്‍ തമ്മിലുള്ള സ്നേഹ ബന്ധം തന്നെ. സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന പാഠശാലയാവണം കുടുംബം. ഇതില്‍ നിന്നും രൂപം കൊള്ളുന്ന ബന്ധമാണ് രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം. അവരെ അനുസരിക്കുക, അവര്‍ പറയുന്നത് കേള്‍ക്കുക, അവരുമായി വാല്‍സല്യത്തില്‍ കഴിയുക. പൂര്‍വ്വസൂരികളില്‍ ചിലര്‍ തങ്ങളുടെ രക്ഷിതാക്കളെ സന്തോഷിപ്പിക്കാന്‍ തസ്ബീഹ് മാലകള്‍ നല്‍കാറുണ്ടായിരുന്നു.

ദുര്‍ബലമാക്കുന്ന കാര്യങ്ങള്‍
അല്ലാഹു വിളക്കിചേര്‍ത്ത കുടുംബ ബന്ധങ്ങള്‍ അറുത്തുമുറിക്കാന്‍ പിശാച് നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കും. ഈ പ്രവണത പല രീതികളിലൂടെയും കടന്ന് വരാം. നിസ്സാര കാര്യങ്ങളില്‍ തുടങ്ങി അത് പല തലങ്ങളിലേക്ക് പടര്‍ന്ന് പിടിച്ചേക്കും. കുടുംബാംഗങ്ങളുടെ സ്വകാര്യതകള്‍ ചുഴുന്നന്വേഷിക്കുന്നതും അത് വെളിപ്പെടുത്തുന്നതും ബന്ധങ്ങളെ ദുര്‍ബലമാക്കുകയാണ് ചെയ്യുക.
തമാശരൂപത്തില്‍ കുടംബാംഗങ്ങള്‍ക്ക് അനിഷ്ടകരമായ കാര്യങ്ങള്‍ പറയുന്നതും ബന്ധങ്ങള്‍ ദുര്‍ബലമാക്കാനെ സഹായിക്കൂ.

മനുഷ്യരെന്ന നിലയില്‍ നമുക്ക് പലതരം ന്യൂനതകള്‍ ഉണ്ടാവാം. കുടുംബാംഗങ്ങള്‍ക്ക് അത് വേഗം ബോധ്യമാവും. അത്തരം ന്യൂനതകള്‍ വെളിവാക്കി, കുടുംബാംഗങ്ങളെ അപമാനിതനാക്കുന്നത് ബന്ധങ്ങള്‍ ദുര്‍ബലപ്പെടുത്തും. കുത്തുവാക്കുകള്‍, പരദൂഷണം തുടങ്ങിയവും നികൃഷ്ട കാര്യങ്ങളാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍, നല്ലത് സംസാരിക്കട്ടെ. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ എന്നാണ് നബി വചനം. കുടുംബമുള്‍പ്പടെയുള്ള ഏതൊരു സാമൂഹ്യ സ്ഥാപനവും തകരുന്നതിന്‍റെ പ്രാരംഭം, ബന്ധങ്ങള്‍ ആടി ഉലയുമ്പോഴാണ് എന്ന കാര്യം വിസ്മരിക്കാതിരിക്കുക.

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles