Current Date

Search
Close this search box.
Search
Close this search box.

ഉപ്പയെ മനസിലാക്കാറുണ്ടോ നിങ്ങൾ?

ഉപ്പാന്റെ മൗനവും അവരുടെ കണ്ണുകളിലെ നോട്ടവും എങ്ങനെ മനസ്സിലാക്കും? ഉപ്പ സ്വാർത്ഥനും മക്കളെ ശ്രദ്ധിക്കാത്തവനുമാണോ? ഉപ്പയെക്കാൾ മക്കളെ സ്നേഹിക്കുന്നത് അവരുടെ ഉമ്മയാണോ? അവരാണോ മക്കൾക്ക് വേണ്ടി പല കാര്യങ്ങളും പരിത്യജിക്കുന്നത്? ഉപ്പ അവർക്ക് തീരെ വിലകൽപ്പിക്കുന്നില്ലേ?

“ഉപ്പ സ്നേഹിക്കുന്നതിലുമപ്പുറം ഉമ്മ എന്നെ സ്നേഹിക്കുന്നുണ്ട്”, എന്ന് എന്നോട് ഒരു ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ മുൻചൊന്ന ചോദ്യങ്ങളാണ് എൻറെ മനസ്സിലേക്ക് വന്നത്. “ഉമ്മ നിന്നെ കൂടുതൽ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കെങ്ങനെ മനസിലായി”? ഞാൻ അവനോട് ചോദിച്ചു.

”ഉമ്മ എല്ലായിപ്പോഴും എന്നോട് സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കും, എന്റെ ഓരോ കാര്യങ്ങളും ശ്രദ്ധിക്കും, ധാരാളം സംസാരിക്കും, എന്നാൽ ഉപ്പ ഇതൊന്നും ചെയ്യാറില്ല”. ആ ചെറുപ്പക്കാരൻ മറുപടി പറഞ്ഞു.

” എന്നാൽ നിന്റെ ഉപ്പ ചെയ്യുന്ന കാര്യങ്ങളോരോന്നും ഞാൻ നിന്നോട് വിവരിക്കാം. അതിനുശേഷം മാത്രമേ ഉപ്പ നിന്നെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാവു”. ശേഷം ഞാൻ ആ ചെറുപ്പക്കാരനോട് ഇങ്ങനെ പറഞ്ഞു:

സ്വന്തത്തെക്കാൾ നിങ്ങൾ നന്നായി കാണണമെന്ന് ആഗ്രഹിക്കുന്ന ഓരേയൊരു വ്യക്തി നിങ്ങളുടെ ഉപ്പയാണ്. നിങ്ങളോടൊപ്പം ഇരിക്കുമ്പോൾ അവർ നിശബ്ദരാണെങ്കിൽ തത്സമയം നിങ്ങളെക്കുറിച്ചും നിങ്ങളുടെ ഭാവിയെക്കുറിച്ചും അവർ ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അതിന്റെ അർത്ഥം. അല്ലെങ്കിൽ, നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ മനസിലാക്കി അതു പരിഹരിച്ച് എങ്ങനെ നിങ്ങളെ സന്തോഷിപ്പിക്കാം എന്ന് ആലോചിച്ചിരിക്കുകയാണ്.

അവർ നിങ്ങളോട് പരുഷമായി പെരുമാറുന്നു, ഒന്നുകിൽ അത് ജീവfതത്തിൽ നിങ്ങൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾക്കും പ്രയാസങ്ങൾക്കുമൊത്ത് നിങ്ങളെ പാകപ്പെടുത്താനാണ്. അല്ലെങ്കിൽ ഗുണവത്താകുന്ന അവരുടെ ഉപദേശ-നിർദേശങ്ങൾ നിങ്ങൾ നിരസിക്കുന്നതിനാലാണ്. നിങ്ങൾ അവർ ചിരിക്കുന്നത് കണ്ടാൽ നിങ്ങളവരെ സന്തോഷിപ്പിക്കുന്നതാണെന്ന് മനസിലാക്കണം. കാരണം, നിങ്ങളുടെ സന്തോഷമല്ലാതെ അവർക്ക് മറ്റൊരു സന്തോഷവുമില്ല.

നിങ്ങളവരോട് കയർത്ത് സംസാരിക്കുകയൊ അനാദരവ് കാണിക്കുകയൊ ചെയ്താൽ മനസ്താപത്തോടെ അവർ നിങ്ങളെ നോക്കും. ആയുസും സമയവും ആരോഗ്യവും നിങ്ങൾക്കു വേണ്ടി പണയപ്പെടുത്തിയിട്ടും ഈ പെരുമാറ്റമാണല്ലോ തിരിച്ചു കിട്ടുന്നതെന്ന് പരിതപിക്കും. സ്വന്തം കൂട്ടുകാരായി ഗണിച്ച് അവർ നിങ്ങളോട് സ്നേഹത്തോടെ സംസാരിക്കുന്നു. അവർ നിങ്ങളുടെ ഭാവിയെക്കുറിച്ച് ശ്രദ്ധാലുവായതിനാലാണ് നിങ്ങളെ പഠിപ്പിക്കുന്നത്. നിങ്ങൾ അവരെക്കാൾ മുൻപന്തിയിലെത്തണമെന്ന് അവർ ആഗ്രഹിക്കുന്നു.

ജീവിതപാഠങ്ങൾ നിങ്ങൾക്ക് പകർന്നു തരാൻ നിങ്ങൾക്കു മുമ്പിൽ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നു. നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കാത്തത് അവരെ നിരന്തരം അലട്ടുന്നു. അതിനാൽ, നിങ്ങളെ സന്തോഷിപ്പിക്കുന്നതിന്, സമ്മാനങ്ങൾ നൽകുന്നു. മാത്രമല്ല, ആ സമ്മാനം നിങ്ങളെത്രത്തോളം ആഗ്രഹിക്കുന്നുണ്ടന്ന് അവരറിയുന്നു; അതുകൊണ്ട് നിങ്ങൾക്കത് വാങ്ങിത്തരുന്നു.

നിങ്ങൾ സംസാരിക്കുകയാണെങ്കിൽ അല്ലെങ്കിൽ കളിക്കുകയാണെങ്കിൽ, ഇനി മിണ്ടാതിരിക്കുകയാണെങ്കിലും, അവർ നിങ്ങളിൽ കണ്ണുനട്ടിരിക്കും. അതിനർത്ഥം, അവർ നിങ്ങളെ ഉമ്മയെപ്പോലെ തലോടുകയൊ താലോലിക്കുകയൊ ചെയ്യുന്നില്ലെങ്കിലും മനസുകൊണ്ട് നിങ്ങളെ പിന്തുണക്കുന്നുണ്ടെന്നാണ്. നിങ്ങളുറങ്ങുമ്പോൾ നൈർമല്യത്തോടെ നിങ്ങളിലേക്ക് കണ്ണെറിയും. മക്കൾക്കൊന്നും വരുത്തരുതെന്നും സകലതിനും ഉതവി നൽകണമെന്നും പ്രാർത്ഥിക്കും. നിങ്ങളോട് ദേഷ്യപ്പെടുമ്പോൾ, ഇതൊക്കെ പറയുന്നത് “എനിക്ക് ശേഷം ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ വഹിക്കാൻ നിങ്ങൾ കെൽപ്പുള്ളവരാവാനാണെന്ന് പറഞ്ഞ് സമാധാനിപ്പിക്കും. നിങ്ങൾ, നിങ്ങളുടെ സുഹൃത്തുക്കളെ പോലെയൊ അവരെക്കാൾ നല്ല രീതിയിലൊ, സുഖമായി ജീവിക്കണമെന്ന് അവർ ആഗ്രഹിക്കുന്നതിനാൽ അവർ നിങ്ങളോട് മൗനം പാലിക്കുകയും തങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ പങ്കുവെക്കാതിരിക്കുകയും ചെയ്യും.

ഇനി, അവർ നിങ്ങൾക്ക് പണം നൽകുന്നു. നിങ്ങൾക്ക് കോട്ടം തട്ടാതെ ചെലവുകൾ വഹിക്കുന്നു. അവർക്ക് അത്യാവശ്യമുണ്ടെങ്കിലും നിങ്ങൾക്ക് വേണ്ടി ഒരു വിഹിതം നീക്കിവെക്കുന്നു. കാരണം, അവർ നിങ്ങള സ്നേഹിക്കുന്നുണ്ട്. പഴയതിന് പകരം പുതിയ സാധനങ്ങൾ വാങ്ങിത്തരാൻ വിസമ്മതിച്ചാൽ അതിനർത്ഥം അവർ പിശുക്കരാണന്നല്ല, മറിച്ച് ജീവിതം ചഞ്ചലമായതിനാൽ മിതവ്യയ ശീലവും എന്തും നെഞ്ചേറ്റാനുള്ള ധൈര്യവും പകർന്നു നൽകുന്നുവെന്നാണ്. ചിലപ്പോൾ, അവർ നിങ്ങളെ ഒരു ക്ലബ്ബിൽ ചേരാനോ അല്ലെങ്കിൽ, ഏതെങ്കിലും ഒരു പ്രത്യേക കായിക ഇനം അഭ്യസിക്കാനോ നിർബന്ധിക്കുന്നു. അത് നിങ്ങളിൽ നിന്ന് ഒളിച്ചോടാനല്ല, മറിച്ച് നിങ്ങളുടെ കഴിവുകളും നൈസർഗിക ഗുണങ്ങളും പരിപോഷിപ്പിക്കാനാണ്.

നിങ്ങളോട് ഒരു കാര്യം പറ്റില്ലെന്ന് പറയുകയോ, നിങ്ങളെ ശകാരിക്കുകയോ ചെയ്താൽ, അതൊരിക്കലും നിങ്ങളുടെ മുമ്പിൽ മറ്റൊരു മുഖം കാണിക്കാനോ നിങ്ങളെ അടിച്ചമർത്താനോ അല്ല. മറിച്ച്, ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾക്ക് ജീവിതത്തിൽ ലഭിക്കില്ലെന്ന് പഠിപ്പിക്കാനാണ്. കാരണം, ഒരു കാര്യം വകവെച്ചു നൽകിക്കൊണ്ടുള്ള സംസ്കരണം, നിഷേധിച്ചു കൊണ്ടുള്ള സംസ്കരണത്തിന് തുല്യമാണ്. ഒരു കായിക ഇനത്തിൽ നിങ്ങൾ വിജയിക്കുകയോ കൂട്ടുകാരെക്കാൾ മികവ് പുലർത്തുകയോ ചെയ്താൽ അവർ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളെ അഭിനന്ദിക്കുന്നു. ശേഷം എനിക്കെന്റെ മക്കളെ ഒരുപാടിഷ്ടമാണെന്ന് അവരുടേതായ രീതിയിൽ പറയുന്നു. പക്ഷേ അത് ഉമ്മ നടത്തുന്ന സ്നേഹപ്രകടനം പോലെ ആയിരിക്കില്ലെന്നു മാത്രം.

ചിലപ്പോൾ കോപമടക്കി വെക്കാനാവാതെ അവർ നിങ്ങളുടെ നേരെ കൈയോങ്ങും. പക്ഷേ അത് നിങ്ങളെ നിന്ദിക്കാനൊ അപമാനിക്കാനൊ അല്ല. അവരുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ടതു മൂലമാണ്. ശേഷം, അവർ ഒറ്റക്കിരിക്കുന്നതും പറ്റിപോയ കാര്യത്തിനുമേൽ ഖേദിക്കുന്നതും ആത്മവിചാരണ നടത്തുന്നതും നിങ്ങൾക്ക് കാണാം. രോഗമവരെ അലട്ടുന്നുണ്ടെങ്കിലും പ്രയാസങ്ങൾ വരിഞ്ഞു മുറുക്കുന്നുണ്ടെങ്കിലും, നിങ്ങൾക്ക് വേണ്ടി, നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി അവർ ഉപജീവനം തേടുന്നു. അവർ ഭക്ഷണപ്പൊതി വാങ്ങി നിങ്ങളുടെ അരികിൽ വെക്കും. നിങ്ങൾ തിന്നുന്നത് മൗനം പാലിച്ച് നോക്കിയിരിക്കും. അതിലൂടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം അവർ അനുഭവിക്കുന്നു.

നിങ്ങൾക്ക് വേണ്ടി പലതും അവർ ഉപേക്ഷിക്കുന്നു. എന്ത് ജോലിയും ചെയ്യുന്നു. എവിടേക്കെങ്കിലും യാത്ര തിരിച്ചാൽ നിങ്ങൾക്ക് വേണ്ടി പലതും കരുതിവെക്കുന്നു. ഇതൊക്കെയും അവരുടെ സ്നേഹത്തിന്റെ പ്രകടഭാവമാണ്. അവരുടെ മുഖത്തുള്ള ഓരോ ചുളിവുകൾക്കും നിങ്ങളും നിങ്ങളുടെ സഹോദരങ്ങളും കൊണ്ട സന്തോഷത്തിന്റെ കഥ പറയാനുണ്ട്. അവർ നിങ്ങളുടെ കുടുംബത്തിന്റെ രക്ഷാകവചമാണ്. “എല്ലാവരുടെ ഖൽബും നിറച്ചതിനു ശേഷമേ ഉപ്പാന്റെ ഖൽബ് നിറയുകയുള്ളു” എന്നൊരു ചൊല്ലുണ്ട്. കഠിനാദ്ധ്വാനം ചെയ്യുന്ന ഉപ്പ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിറയെ ഫലങ്ങൾ തരുന്ന മരം പോലെയാണ്. ഒരു ദിവസം അവർ ഒന്നും സംസാരിക്കാതെ ചലനമറ്റ് കട്ടിലിൽ കിടക്കുകയാണെങ്കിൽ ഇത്രയും നാളും നിങ്ങളെ താങ്ങി നിർത്തിയ തണ്ടില്ലാതായിരിക്കുന്നുവെന്ന് മനസിലാക്കണം. ഒരിക്കൽ നബി (സ) ഇങ്ങനെ പറഞ്ഞു: “ഒരു മകനും തന്റെ പിതാവിന് പ്രതിഫലം നൽകാൻ സാധ്യമല്ല (ഒരാൾക്കും ഒരു സന്ദർഭത്തിലും തന്റെ പിതാവിനോടുള്ള കടമകൾ ചെയ്തു തീർക്കാൻ സാധ്യമല്ല), തന്റെ പിതാവ് അടിമയാക്കപ്പെട്ടതായി കാണുകയും അങ്ങനെ അയാളെ (യജമാനനിൽ നിന്ന്) വിലക്ക് വാങ്ങി മോചിപ്പിക്കയും ചെയ്താൽ അല്ലാതെ”. ഈ നബിവചനത്തെ വിശദീകരിച്ച് ഇമാം നവവി (റ) പറയുന്നു: “അടിമയായ ഉപ്പയെ മകൻ മോചിപ്പിക്കുന്നതിലൂടെയല്ലാതെ മറ്റൊരു വിധത്തിലും അദ്ധേഹത്തോടുള്ള ബാധ്യത നിറവേറ്റാൻ സാധിക്കുകയില്ല”.

“ഇപ്പോൾ എനിക്കെല്ലാം മനസിലായി, ഉപ്പാക്കും ഉമ്മാക്കും ഒരുപോലെ സ്നേഹമുണ്ട്, പക്ഷേ അവരത് രണ്ട് രീതിയിൽ പ്രകടിപ്പിക്കുന്നു എന്ന് മാത്രം”, എന്റെ വിശദീകരണം കേട്ട ചെറുപ്പക്കാരൻറെ ഈ വാക്കുകൾ കേട്ടാണ് ഞങ്ങൾ പിരിഞ്ഞത്.

 

വിവ: അഫ്‍ലഹുസ്സമാൻ 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles