Current Date

Search
Close this search box.
Search
Close this search box.

യോഗയും നമസ്‌കാരവും

ഫ്രാന്‍സില്‍ ഇസ്‌ലാമിലേക്ക് കടന്നു വരുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. എന്റെ കഴിഞ്ഞ യാത്രയില്‍ ഇസ്‌ലാം സ്വീകരണത്തിന്റെ പല കഥകളും ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്തു. അറിയപ്പെടുന്ന ഒരു യോഗ പരിശീലകയുടേത് അതില്‍ പെട്ട ഒന്നാണ്. യോഗയിലൂടെ ഏകാഗ്രതയും റിലാക്‌സും ശ്വാസോച്ഛാസ നിയന്ത്രണവുമെല്ലാമാണ് അവര്‍ പരിശീലിപ്പിക്കുന്നത്. യോഗ പരിശീലിക്കാനായി എത്തിയവരുടെ കൂട്ടത്തിലുള്ള ഒരു അറബി മുസ്‌ലിം യുവാവ് നമസ്‌കരിക്കുന്നത് കണ്ട് ആശ്ചര്യത്തോടെ അവര്‍ ചോദിച്ചു: ഏത് പരിശീലകനില്‍ നിന്നാണ് നീ ഈ സ്‌പോര്‍ട്‌സ് പഠിപ്പിച്ചത്? പുഞ്ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു, ഇത് ഞങ്ങളുടെ നമസ്‌കാരമാണ്. അത് കേട്ട് അത്ഭുതത്തോടെ അവര്‍ ചോദിച്ചു: ആളുകള്‍ക്ക് ആശ്വാസവും സമാധാനവും ലഭിക്കുന്നതിന് ഞാന്‍ പഠിപ്പിക്കുന്ന യോഗ പോലെയുണ്ടല്ലോ! അഞ്ച് നേരം ഞങ്ങള്‍ നിര്‍വഹിക്കുന്ന നമസ്‌കാരമാണിതെന്ന് പറഞ്ഞപ്പോള്‍ അതിലെ ചലനങ്ങളെ കുറിച്ച് വിശദീകരിച്ചു കൊടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. എല്ലാം കേട്ടുകഴിഞ്ഞ് അവര്‍ പറഞ്ഞത് ഇതായിരുന്നു: യോഗയില്‍ ഞങ്ങള്‍ പഠിപ്പിക്കുന്ന എല്ലാം നിങ്ങളുടെ ഈ നമസ്‌കാരത്തിലുണ്ട്. നോട്ടത്തിലെ ഏകാഗ്രത അതിലുണ്ട്. ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ചലനമുണ്ടതില്‍. തല, കഴുത്ത്, തോള്‍, മുതുക്, തുടകള്‍, കാലുകള്‍ തുടങ്ങി വിരലുകളെ വരെ ചലനങ്ങള്‍ അതിലുണ്ട്. വുദൂഅ് എടുക്കുമ്പോള്‍ കൈകളാല്‍ ശരീരം തടവുന്നതിലൂടെ മസ്സാജും ചെയ്യുന്നുമുണ്ട്.

നമസ്‌കരിക്കുന്ന ആള്‍ അതില്‍ ചൊല്ലുന്ന കാര്യങ്ങളെ കുറിച്ച് കൂടുതലായി അവള്‍ ചോദിക്കാന്‍ തുടങ്ങി. നമസ്‌കാരത്തില്‍ നിന്നുകൊണ്ട് പാരായണം ചെയ്യുന്ന സൂറത്തുല്‍ ഫാതിഹയുടെയും മറ്റ് സൂറത്തുകളുടെയും ഉള്ളടക്കം അവന്‍ വിവരിച്ചു കൊടുത്തു. സുജൂദിലും റുകൂഇലും അല്ലാഹുവെ വണങ്ങുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെയും ഇബ്‌റാഹീം നബിയുടെയും പേരില്‍ സ്വലാത്തും സലാമും ചൊല്ലുന്നതും നമസ്‌കാരത്തിന്റെ ഭാഗമാണ്. നമസ്‌കാരത്തിന് ശേഷം അല്ലാഹുവോട് നന്ദി പ്രകടിപ്പിച്ചും അവനെ പ്രകീര്‍ത്തിച്ചും ഇരിക്കുന്നു. ഇതുകൂടി കേട്ട പരിശീലക പറഞ്ഞു: ഇതെല്ലാം നിങ്ങളുടെ ഇസ്‌ലാമിലുണ്ടായിട്ടാണോ എന്റെയടുത്ത് യോഗപഠിക്കാന്‍ വന്നിരിക്കുന്നത്? ഞാന്‍ പഠിപ്പിക്കുന്ന യോഗയേക്കാള്‍ നൂറിരട്ടി ശ്രേഷ്ഠമാണ് നിങ്ങളുടെ ഈ സ്‌പോര്‍ട്‌സ്. കാരണം നിങ്ങളത് അഞ്ച് നേരം നിര്‍വഹിക്കുന്നു. അപ്രകാരം നിങ്ങളതില്‍ പറയുന്ന ഓരോ വാക്കും ആശ്വാസവും സ്വസ്ഥതയും സമാധാനവും നല്‍കുന്നതാണ്. അതിന് പുറമെ ശരീരത്തിലെ മുഴുവന്‍ അവയവങ്ങളെയും അത് ചലിപ്പിക്കുകയും ശ്വാസോച്ഛാസം നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ നിലപാടും സംഭാഷണവുമാണ് അവരെ ഇസ്‌ലാമില്‍ എത്തിക്കാന്‍ കാരണമായത്.

ബ്രസീലില്‍ വിനോദസഞ്ചാരത്തിനായി പോയ ജെന്നിഫര്‍ എന്നു പേരുള്ള ഫ്രഞ്ച് വനിതക്ക് സംഭവിച്ചതാണ് അത്ഭുതകരമായ മറ്റൊന്ന്. സുന്ദരമായ ഒരു ദ്വീപില്‍ രാത്രി കഴിച്ചു കൂട്ടല്‍ ടൂര്‍ പാക്കേജിന്റെ ഭാഗമായിട്ടുള്ളതായിരുന്നു. അവള്‍ കപ്പലില്‍ കയറി. വഴിമധ്യേ ശക്തമായ കാറ്റുവീശി. മരണം തന്റെ അടുത്തെത്തിയിരിക്കുന്നതായി അവള്‍ക്കു തോന്നി. താന്‍ പ്രാര്‍ഥിക്കുന്ന ദൈവത്തെ കുറിച്ച് ഒരിക്കല്‍ സംസാരിച്ച ഒരു മുസ്‌ലിം കൂട്ടുകാരി അവരുടെ ഓര്‍മയിലേക്ക് കയറിവന്നു. ആകാശത്തേക്ക് നോക്കി കൈകളുയര്‍ത്തി അതിന്റെ സ്രഷ്ടാവിനോടവര്‍ സംസാരിച്ചു. അവള്‍ പറഞ്ഞു: ആകാശത്തിന്റെ നാഥാ.. ഈ കൊടുങ്കാറ്റില്‍ നിന്നും ഉറപ്പായിരിക്കുന്ന മരണത്തില്‍ നിന്നും നീയെന്നെ രക്ഷിച്ചാല്‍ മുസ്‌ലിംകള്‍ വായിക്കുന്ന ഗ്രന്ഥം വായിച്ച് നിന്നെ ഞാന്‍ മനസ്സിലാക്കും. മണിക്കൂറുകള്‍ പിന്നെയും പിന്നിട്ടു, കാറ്റ് അടങ്ങി അന്തരീക്ഷം സാധാരണ ഗതിയിലായി. ഫ്രാന്‍സില്‍ മടങ്ങിയെത്തിയ അവര്‍ ഗ്രന്ഥം വായിക്കുമെന്ന തന്റെ വാഗ്ദാനം മറന്നു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് സ്രഷ്ടാവിനോടുള്ള തന്റെ വാഗ്ദാനത്തെ കുറിച്ച് ഓര്‍ത്തതെന്ന് അവള്‍ പറയുന്നു. അങ്ങനെ ഖുര്‍ആന്റെ ഒരു ഫ്രഞ്ച് പരിഭാഷ വാങ്ങി വായിക്കാന്‍ തുടങ്ങി. ‘നിങ്ങളെ കരയിലും കടലിലും സഞ്ചരിപ്പിക്കുന്നത് ആ അല്ലാഹു തന്നെയാകുന്നു. അങ്ങനെ, നിങ്ങള്‍ കപ്പലുകള്‍ക്ക് അകത്തായിരിക്കുകയും അനുകൂലമായ കാറ്റിനാല്‍ സന്തുഷ്ടരും സംതൃപ്തരുമായി സഞ്ചരിച്ചു കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍, പെട്ടെന്ന് ഒരു കൊടുങ്കാറ്റ് അടിച്ചുവീശുകയും നാനാവശങ്ങളില്‍നിന്നും തിരമാലകള്‍ ഉയര്‍ന്നുവരികയും, തങ്ങള്‍ പ്രളയത്താല്‍ വലയംചെയ്യപ്പെട്ടുപോയി എന്നു സഞ്ചാരികള്‍ക്കു തോന്നുകയും ചെയ്യുന്നു. ആ സന്ദര്‍ഭത്തില്‍ എല്ലാവരും അവരുടെ വണക്കം നിഷ്‌കളങ്കമായി അല്ലാഹുവിനു മാത്രം സമര്‍പ്പിച്ചുകൊണ്ട് അവനോട് പ്രാര്‍ഥിക്കുന്നു: `നീ ഞങ്ങളെ ഈ വിപത്തില്‍നിന്നു മോചിപ്പിക്കുകയാണെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നന്ദിയുളള ദാസന്മാരായിത്തീരും.`’ എന്ന സൂക്തത്തില്‍ അവരുടെ വായനയെത്തിയപ്പോള്‍ ബ്രസീലില്‍ വെച്ച് താനനുഭവിച്ച അവസ്ഥയുടെ സൂക്ഷ്മമായ വിവരണം അതില്‍ കണ്ട് അത്ഭുതപ്പെട്ടു. ആ സൂക്തം അവര്‍ ഇസ്‌ലാമില്‍ എത്തുന്നതിന് കാരണമായി മാറുകയും ചെയ്തു. പിന്നീട് അവര്‍ ഇസ്‌ലാമിന്റെ ആഴത്തിലേക്ക് ഇറങ്ങി ചെല്ലുകയും ഖുര്‍ആനും അറബി ഭാഷയും പഠിക്കുകയും ചെയ്തു. ഇസ്‌ലാമുമായി അടുക്കാത്ത സമയത്തെ വലിയൊരു കാലം ജീവിതത്തില്‍ നിന്നും പാഴാക്കിയതായിട്ടാണ് അവര്‍ക്ക് തോന്നിയത്. പിന്നീട് ഫ്രഞ്ച് മുസ്‌ലിം കുട്ടികളെ പഠിപ്പിക്കുന്നതിനായി അവര്‍ ഒരു സ്‌കൂള്‍ തുടങ്ങി. മുസ്‌ലിംകള്‍ക്ക് അനുയോജ്യമായ വ്യവസ്ഥകളായിരുന്നു അതില്‍ നടപ്പാക്കിയത്. ഹിജാബണിഞ്ഞ അധ്യാപികമാരെ നിയമിക്കുകയും നമസ്‌കാരത്തിനായി ക്ലാസ്സുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്നതില്‍ സജീവ സാന്നിദ്ധ്യമാണ് അവരിപ്പോള്‍.

ഫ്രഞ്ചുകാരുടെ ഇസ്‌ലാം സ്വീകരണത്തെ കുറിച്ച് ഞാനറിഞ്ഞ ഒരു കൂട്ടം കഥകളില്‍ നിന്ന് തെരെഞ്ഞെടുത്ത രണ്ടെണ്ണമാണ് നിങ്ങളുടെ മുന്നില്‍ വെച്ചത്. ഒരു സന്താനപരിപാലന ക്ലാസിനിടയില്‍ അന്ധനായ ഒരു ഫ്രഞ്ചുകാരന്‍ അത്യപൂര്‍വമായ കാര്യമാണ് എന്നോട് പറഞ്ഞത്. അദ്ദേഹം പറഞ്ഞു: ‘ഇസ്‌ലാമിലേക്ക് കടന്നു വരുന്നതിനെ കുറിച്ച് തീരുമാനമെടുക്കാനിരിക്കുകയാണ് ഞാന്‍. താങ്കളുടെ അവതരണത്തില്‍ നിന്നും കുടുംബത്തെയും സന്താനപരിപാലത്തെയും കുറിച്ച ഇസ്‌ലാമിക വീക്ഷണത്തിന്റെ സൗന്ദര്യം കേട്ടതാണ് അതിന് കാരണം.’ ശേഷം ഇസ്‌ലാമിലേക്കുള്ള വരവ് എളുപ്പമാക്കാന്‍ പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ടാണ് അയാള്‍ പോയത്.

മൊഴിമാറ്റം: നസീഫ്‌

Related Articles