Current Date

Search
Close this search box.
Search
Close this search box.

തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചില പൊടിക്കൈകള്‍

വിയോജിപ്പുകളിലും തര്‍ക്കങ്ങളിലും അകപ്പെട്ട് എങ്ങനെ സുരക്ഷിതമായി അതില്‍ നിന്ന് പുറത്ത് കടക്കുമെന്നറിയാത്ത നിരവധി സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാവാറുണ്ട്. വിയോജിപ്പുകളെ ഗുണപ്രദമായ ഫലത്തിലേക്കെത്തിക്കും വിധം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഒന്നാമതായി നാം മനസ്സിലാക്കേണ്ടതുണ്ട്. മിക്ക തര്‍ക്കങ്ങളും ദോഷകരമായിട്ടാണ് പര്യവസാനിക്കാറുള്ളത്. അതിന്റെ ഫലമായി സംസാരവും നോട്ടവും സഹവാസവും വരെ മുറിക്കപ്പെടുകയും ബന്ധങ്ങള്‍ കലുഷിതമാവുകയും ചെയ്യും. പലപ്പോഴും നേരത്തെയുണ്ടായിരുന്ന രീതിയിലുള്ള ബന്ധത്തിലേക്ക് ഇരുകൂട്ടര്‍ക്കും മടങ്ങാനാവാത്ത അവസ്ഥയിലേക്ക് അതെത്തുന്നു. തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നൈപുണ്യം ആവശ്യമാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടത്ര കഴിവില്ലാത്ത കാരണത്താലുണ്ടായ നിരവധി പ്രശ്‌നങ്ങളെ കുറിച്ച് ബോധ്യമുള്ളതിനാലാണ് ഞാനിതെഴുതുന്നത്. നിസ്സാരമായ വിഷയങ്ങള്‍ പെരുപ്പിച്ച് വലിയ പ്രശ്‌നങ്ങളാവുകയും ബന്ധങ്ങള്‍ മുറിക്കുന്ന തലത്തിലേക്കത് എത്തുകയും ചെയ്യുന്നത് നാം കാണുന്നു.

തര്‍ക്കത്തെ ഗുണകരമായി കൈകാര്യം ചെയ്യാനാഗ്രഹിക്കുന്നവന്‍ ഒന്നാമതായി സ്വീകരിക്കേണ്ട കാല്‍വെപ്പ് പ്രതിയോഗിയെ പ്രകോപിപ്പിക്കുന്നതും അദ്ദേഹത്തില്‍ ദേഷ്യം ഉയര്‍ന്നുവരുന്നുണ്ടെന്നറിയുമ്പോള്‍ അത് അധികരിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കാതിരിക്കുകയെന്നതാണ്. അദ്ദേഹം ദേഷ്യപ്പെടുകയാണെന്ന് തിരിച്ചറിയുന്ന നിമിഷം സംഭാഷണത്തിന്റെ ശൈലി മാറ്റണം. അപ്പോള്‍ സത്യം തന്റെ ഭാഗത്താണെന്ന് സ്ഥാപിക്കാനുള്ള ശ്രമം മാറ്റിവെച്ച് അദ്ദേഹത്തെ ശാന്തനാക്കാനും ഇരുവര്‍ക്കുമിടയിലെ കഴിഞ്ഞകാലത്തെ പരസ്പര സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മകളെ കുറിച്ച് സംസാരിക്കണം. അത് കേള്‍ക്കുന്നതോടെ അദ്ദേഹത്തിലെ ദേഷ്യവും ക്ഷോഭവും താനേ അടങ്ങും. ക്രിയാത്മകമായ രീതിയില്‍ സംസാരം മുന്നോട്ടു കൊണ്ടുപോകാനുള്ള വാതില്‍ അതിലൂടെ തുറക്കുകയും ചെയ്യും. പ്രതിയോഗി താന്‍ പറയുന്നതിനപ്പുറം മറ്റൊന്നും കേള്‍ക്കാന്‍ തയ്യാറല്ലെന്നും ചര്‍ച്ച നിഷ്ഫലമാണെന്നും തോന്നിയാല്‍ അവിടെ വെച്ച് അത് നിര്‍ത്താന്‍ പഠിക്കുകയെന്നതാണ് രണ്ടാമത്തെ കാല്‍വെപ്പ്. അത്തരം സന്ദര്‍ഭങ്ങളില്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുന്നതിന് ബുദ്ധിപരമായ തന്ത്രം സ്വീകരിക്കണം. എന്തെങ്കിലും കാരണം കാണിച്ച് മറ്റൊരു സന്ദര്‍ഭത്തില്‍ ഈ വിഷയം സംസാരിക്കാമെന്ന് പറഞ്ഞുകൊണ്ട് പിന്‍വാങ്ങാം. മറ്റൊരു അവസരത്തില്‍ ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യുമ്പോള്‍ പരിഹാരം കാണാന്‍ ഇത്തരം തന്ത്രങ്ങള്‍ സഹായിക്കും.

തര്‍ക്കത്തിന്റെ തെറ്റായ രീതികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തുടര്‍ സംസാരങ്ങളില്‍ സ്വീകരിക്കേണ്ട നിയമങ്ങളും വ്യവസ്ഥകളുമുണ്ടാക്കുകയെന്നതാണ് മൂന്നാമത്തെ കാര്യം. വര്‍ത്തമാനകാല പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ ഭൂതകാലം പരാമര്‍ശിക്കാതിരിക്കുക, ശകാരം, ആക്ഷേപം, പരിഹാസം, കുടുംബാംഗങ്ങളെ കുറിച്ച് മോശം പരാര്‍മശം നടത്തുക തുടങ്ങിയവ ഉണ്ടാവാതിരിക്കാന്‍ ഇരുവരും പരസ്പര ധാരണയിലെത്തുക. ഇത്തരം കാര്യങ്ങള്‍ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചര്‍ച്ചയുടെ വാതിലുകള്‍ തന്നെ അടക്കുകയും ചെയ്യുന്നു. സംസാരരീതിയിലുള്ള ചര്‍ച്ച ഫലം കാണില്ലെന്ന് മനസ്സിലാക്കിയാല്‍ മറ്റ് രീതികള്‍ ഉപയോഗപ്പെടുത്തുകയെന്നതാണ് നാലാമത്തെ നീക്കം. എഴുത്തിന്റെ രീതി അതിന്നായി ഉപയോഗപ്പെടുത്താം. നാം ഉദ്ദേശിക്കുന്ന വിഷയം എഴുതി അയക്കാം അതിന്ന് മറുപടിയും എഴുതി അയക്കുമ്പോള്‍ അതിവൈകാരികതക്കുള്ള സാധ്യത അതില്ലാതാക്കുന്നു. മറുപടി തയ്യാറാക്കാന്‍ സമയമെടുക്കുന്നതിനാല്‍ ശകാരവും ആക്ഷേപവുമെല്ലാം ഇല്ലാതാവുന്നു.

ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് അഞ്ചാമത്തെ കാര്യം. ചര്‍ച്ചക്കിടയില്‍ മറ്റ് കഥകളും ഉദാഹരണങ്ങളും വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്നത് മനുഷ്യപ്രകൃതമാണ്. രണ്ട് പേരിലൊരാള്‍ക്ക് ചര്‍ച്ച കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ബോധ്യമുണ്ടാവുകയും അഭിപ്രായാന്തരമുള്ള വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുയും ചെയ്താല്‍ മാത്രമേ അത് ഫലപ്രാപ്തിയിലെത്തുകയുള്ളൂ. ചിന്താപരമായ വിഷയമാണ് ആറാമത്തേത്. സ്‌നേഹവും തര്‍ക്കവും ഒന്നിച്ചു വരില്ലെന്നാണ് ചിലരെല്ലാം വിശ്വസിക്കുന്നത്. എന്നാലത് തെറ്റായ ധാരണയാണ്. ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തില്‍ പൊതുവെ ദമ്പതികള്‍ തങ്ങള്‍ക്കിടയിലെ അഭിപ്രായൈക്യമുള്ള വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളതെങ്കില്‍ കുറച്ച് കാലം പിന്നിടുന്നതോടെ ഇരുവരും തങ്ങള്‍ക്ക് വിയോജിപ്പുള്ള കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങും. മക്കളുണ്ടാകുന്നതോടെ അവരുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഇരുവരെയും ബാധിക്കുന്നു. പ്രായമാകുന്നതോടെ ഇരുവരും തങ്ങളിലേക്ക് കൂടുതല്‍ ഒതുങ്ങുകയും അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മടങ്ങിവരികയും ചെയ്യും. ഓരോരുത്തരും മറ്റേയാളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും അവര്‍ക്കിടയിലെ വ്യത്യാസങ്ങളില്‍ ഊന്നല്‍ കൊടുക്കുകയും ചെയ്യുന്നുവെന്നതാണ് അതിന് കാരണം. പലതവണ ചര്‍ച്ച ചെയ്തിട്ടും ഫലം കാണുന്നില്ലെങ്കില്‍ ഒരു വിദഗ്ദനെ സമീപിക്കണമെന്നതാണ് ഏഴാമത്തെ കാര്യം. ചര്‍ച്ച ഒരു നല്ല ഫലത്തിലെത്തുന്നതിന് സഹായിക്കാന്‍ അവര്‍ക്ക് സാധിച്ചേക്കും. വിഷയം സാമ്പത്തികമാണെങ്കില്‍ സാമ്പത്തിക വിദഗ്ദനെയും ആരോഗ്യ സംബന്ധമാണെങ്കില്‍ ആരോഗ്യവിദഗ്ദനെയുമായിരിക്കണം സമീപിക്കേണ്ടത്. മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ വിജയകരമായി നിലനിര്‍ത്തുന്നതിന് അനിവാര്യമായും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണ് അവസാനമായി സൂചിപ്പിക്കാനുള്ളത്. ന്യൂനതകള്‍ തിരഞ്ഞ് കണ്ടെത്തുകയെന്നത് ഒരിക്കലും നിങ്ങളുടെ ലക്ഷ്യമായി മാറരുത് എന്നതാണ് അതില്‍ ഒന്നാമത്തേത്. എല്ലാത്തിനെയും സൂക്ഷമമായി വിലയിരുത്താതിരിക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. സ്‌നേഹിക്കുന്നവര്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കാന്‍ നിങ്ങളെയത് സഹായിക്കും.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles