Current Date

Search
Close this search box.
Search
Close this search box.

യുവജനതയും വിദ്യാഭ്യാസത്തിലെ പിഴവുകളും

യുവതലമുറയുടെ മൂല്യബോധത്തിൽ സംഭവിക്കുന്ന മുരടിപ്പിനെ കുറിച്ചാണ് ഇന്നത്തെ ചർച്ച. കൃത്യമായ ലക്ഷ്യമോ ദിശാബോധമോ ഇല്ലാതെ അലഞ്ഞുതിരിയുന്ന യുവ സമൂഹം ഇന്ന് സർവകലാശാലകളിൽ നിത്യ കാഴ്ചയാണ്. ഉള്ളിൽ ഒറ്റപ്പെടലിന്റെയും ശൂന്യതയുടെയും കൈപ്പിറക്കി, മുന്നോട്ടുള്ള വഴിയെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെയാണ് അവർ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇളം പ്രായവും ലോക പരിചയമില്ലായ്മയും അതിനൊരു കാരണമാണ്. പലപ്പോഴും കുടുംബങ്ങളിൽ നിന്നും പരിചരണമോ പരിഗണനയോ കിട്ടാത്തതിന്റെ ഫലം. ശൂന്യമാണെന്ന് കരുതിയ ജീവിതത്തിന്റെ അർത്ഥതലങ്ങളെ മനസ്സിലാക്കാൻ മാനസികമായി അവരെ സഹായിക്കേണ്ട ചുമതല നമുക്കുണ്ട്.

പ്രണയം
സർവ്വകലാശാല വിദ്യാർത്ഥികളായ യുവതലമുറ ഈ മാനസിക സമ്മർദ്ദത്തിന് തിരഞ്ഞെടുക്കുന്ന പരിഹാരം മിക്കപ്പോഴും സ്നേഹബന്ധങ്ങളിലേർപ്പെടുക എന്നതായിരിക്കും. ആഴത്തിലുള്ള പ്രണയ ബന്ധങ്ങൾ അവരെ ലക്ഷ്യങ്ങളെ മറന്ന് സ്വപ്നലോകത്തെക്ക് ആനയിക്കുന്നു. വ്യക്തിപരമായി നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ പോലും പലപ്പോഴും താളം തെറ്റി എന്ന് വരും. അങ്ങനെ വെറും പൊള്ളയായ സ്വപ്നലോകത്ത് കഴിഞ്ഞുകൂടി ആരോഗ്യകരമായ പഠനകാലത്തെ കളഞ്ഞുകുളിക്കാൻ ഇതുവഴിയൊരുക്കും.
പുതുയുഗത്തിലെ ചലചിത്രങ്ങളും സമൂഹമാധ്യമങ്ങളും രൂപപ്പെടുത്തിയ കഥാപാത്രങ്ങളാവാൻ അവർ കിണഞ്ഞു ശ്രമിക്കും. വെറും ഭാവനയുടെ നിർമ്മിതികളെ അന്ധമായി അനുകരിച്ച് വ്യക്തി മൂല്യങ്ങളെ തള്ളിക്കളയാൻ അവർ മുതിരും. പതിയെ പടുത്തു കെട്ടിയ സ്വപ്നലോകവും കുറഞ്ഞ ആയുസ്സിൽ തട്ടിത്തകരുന്നു. തകർച്ചയെ താങ്ങാനാവാതെ സ്വന്തം ജീവിതത്തെ തന്നെ വഴിയാധാരമാക്കുകയാണ് യുവ സമൂഹം.

പരിചരണവും പരിഗണനയും
ആരോഗ്യകരമായ കുടുംബപരിസരവും സൗഹൃദ വലയങ്ങളും അന്യമാകുമ്പോഴാണ് ഇത്തരം കെണികളിൽ യുവത പെട്ടു പോകുന്നത്, പ്രധാനമായും യുവതികൾ. താൻ ചെന്നെത്തുന്ന ബന്ധങ്ങളിൽ ആദ്യം അവൾക്ക് പ്രകാശമായി തോന്നുന്നു. മാനസികമായി നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും അവൾ പരിഹാരമായി ഒരൊറ്റ ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു . ഇത്തരം ആഹ്ലാദങ്ങൾക്ക് അല്പായുസ്സ് മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കാൻ അവൾക്ക് സാധിക്കുന്നില്ല.

തെറ്റായ അറിവും മിഥ്യാധാരണകളും യുവജനതയെ കൂടുതൽ ധാർമിക സംഘർഷത്തിലേക്ക് നയിക്കുന്നു. പക്വതയിലെത്തുന്നത് വരെ കുട്ടി സുരക്ഷിതമായി കടന്നുപോകുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യം. എന്നാൽ വിദ്യാലയങ്ങളാണ് മിക്ക പ്രശ്നങ്ങളുടെയും ഉറവിടമായി മാറുന്നത്.

ബിരുദ പഠനത്തിലേക്ക് എത്തുമ്പോഴും ധാർമികമായ ബോധം അവരിൽ അന്യമാകുന്നു. കാപട്യത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും ഇടയിൽ ദിശയറിയാതെ അവർ ഉഴറും. തെറ്റായ കൂട്ടുകെട്ടിലും അനാരോഗ്യകരമായ ബന്ധങ്ങളിലും അവർ ഏർപ്പെടുന്നു. ശരിയായ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കുറവ് തന്നെയാണ് ഇതിന്റെ മൂല കാരണം.

ബിരുദ വിദ്യാർത്ഥികൾ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല?
ഈ ചോദ്യം വളരെ പ്രസക്തി അർഹിക്കുന്നുണ്ട്. നേരത്തെയുള്ള വിവാഹം സമൂഹത്തെ അനവധി തെറ്റുകളിൽ നിന്ന് സംരക്ഷിക്കും. എന്നിട്ടും എന്തുകൊണ്ടാണ് യുവജനത അതിനു തയ്യാറാവാത്തത്? മതനിയമങ്ങൾക്കെതിരായ ബന്ധങ്ങളിൽ ഹരം കണ്ടെത്തുകയാണ് പടിഞ്ഞാറൻ യുവത്വം. പഠനത്തിന് പുറമെ ജോലി ചെയ്യുന്നുണ്ടെങ്കിലും വീട്ടിനകത്ത് ചെറിയ കുട്ടിയായി അവർ ഗണിക്കപ്പെടുന്നു. അത് കാരണമായി നീണ്ട ബിരുദ പഠനവും ശേഷം തൊഴിലും ആയ ശേഷമാണ് അവർ വിവാഹത്തിലേക്ക് കടക്കുന്നത്. ഇത്രയും നീണ്ട കാത്തിരിപ്പിനിടയിൽ എത്രയെത്ര അന്യായങ്ങളിൽ അവർ ചെന്നുചാടും!!.

പറഞ്ഞുവരുന്നത്, വൈകാരികമായ പക്വത കൈവരിച്ചെങ്കിൽ ജോലിയും മറ്റും പറഞ്ഞു വിവാഹത്തെ നീട്ടി വെക്കുന്നതിനേക്കാൾ അവരെ ഇരു കുടുംബവും മനസ്സിലാക്കി സഹകരിച്ചാൽ ആരോഗ്യകരമായ വിവാഹമാണ് ഏറ്റവും അനുയോജ്യമായത് എന്നാണ്.

സ്വകാര്യവിവാഹങ്ങൾ
കോളേജുകൾക്കകത്ത് പ്രോത്സാഹിപ്പിക്കപ്പെടുന്ന സ്വകാര്യവിവാഹങ്ങൾ അമ്പരപ്പിക്കുന്ന വിധം പെരുകുകയാണ്. വിവേകത്തോടെ തന്റെ ചോദനകളെ സമീപിക്കാതെ വീട്ടുകാരുമായോ ബന്ധുക്കളുമായോ പ്രായോഗിക മാർഗങ്ങൾ തിരക്കാതെ സ്വകാര്യമായ ജീവിതത്തിലേക്ക് രണ്ടുപേർ ഒളിച്ചുകയറുന്നു.

ഈ പ്രവണതകളെ നിസ്സാരവത്കരിക്കുന്ന യുക്തിവാദികളാണ് ഏറ്റവും അപകടകരം. ഇത്തരം ചിന്താധാരകളുടെ ഇടപെടലുകൾ യുവജനതയെ തെറ്റായ വഴിയിൽ തുടരാനും അന്യായമായി അതിനെ ന്യായീകരിക്കാനും പ്രാപ്തനാക്കും. പുരുഷന്റെ അധികാരവകാശം പോലുള്ള നിയമവ്യവസ്ഥയെ കുറിച്ച് സംശയങ്ങളും അസ്വസ്ഥതകളും സൃഷ്ടിച്ചെടുക്കാൻ യുക്തിവാദികൾക്ക് സാധിക്കുന്നു. ഇരു കക്ഷിയുടെയും സമ്മതപ്രകാരമാണെങ്കിൽ എന്തും ചെയ്യാമെന്ന ചിന്തയിൽ നിന്ന് തുടങ്ങി തന്റെ ചിന്തകളുടെയും ശരീരത്തിന്റെയും നിയന്ത്രണാവകാശം തന്റേത് മാത്രമാണെന്ന ധാരണയിൽ യുവജനത അഭിരമിച്ചു കഴിഞ്ഞു കൂടുകയും ചെയ്യുന്നു. മതനിയമങ്ങൾക്കോ ധാർമിക മൂല്യങ്ങൾക്കോ പിന്നെയവിടെ
ഒരു സ്ഥാനവുമില്ല.

സർവകലാശാലയും വിദ്യാഭ്യാസവും
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന കോഴ്‌സുകൾക്കൊപ്പം മൂല്യബോധവും ജീവിതത്തിന്റെ ശരിയായ അർത്ഥവും അവർക്ക് കാണിച്ചു കൊടുക്കണം. നേരംപോക്കിനായി കാണിച്ചു കൂട്ടുന്ന എല്ലാ വിനോദങ്ങൾക്കും അപ്പുറത്ത് അർത്ഥപൂർണ്ണമാവേണ്ട ജീവിതത്തെ കുറിച്ച പാഠങ്ങൾ പകർന്നു നൽകാൻ ഇന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവണം.

സ്വയം ചിന്തിക്കാനും ശരിയായത് തെരെഞ്ഞെടുക്കാനുമുള്ള ചിന്താശേഷി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണം. തന്റെ വൈകാരിക മാനസികാവസ്ഥയെ ഔചിത്യത്തോടെ സമീപിക്കാനും പെരുമാറ്റത്തിലും മറ്റുമുള്ള മര്യാദകളെ പക്വമായി ഉൾക്കൊള്ളാനും യുവതലമുറക്ക് കഴിയേണ്ടതുണ്ട്.

യഥാർത്ഥത്തിൽ, ഇത്തരം കാര്യങ്ങളിൽ മുൻകയ്യെടുക്കാൻ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും മുന്നോട്ട് വരുന്നില്ല എന്നതാണ് ഖേദകരം. പാഠ്യേതരമായ പല പ്രോഗ്രാകൾക്കും രൂപം നൽകുന്ന കൂട്ടത്തിൽ ഭാവിജീവിതത്തെ മൂല്യബോധത്തോടെ സമീപിക്കാനുള്ള പരിശീലനം നൽകുന്നതിൽ അവർ പിന്നിലായി പോകുന്നു. കേവലം അനൗദ്യോഗികമായി പോലും ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ അധ്യാപകർ തയ്യാറാവുന്നില്ല എന്നതും ഖേദകരമാണ്. വെറും പഠനവും പരീക്ഷയും ബിരുദവും മാത്രമായി അത് ചുരുങ്ങിപോകുകയാണ്.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles