Current Date

Search
Close this search box.
Search
Close this search box.

അസ്വസ്ഥപ്പെടുത്തുന്ന ആശങ്ക

self-love.jpg

അയാള്‍ പറയാന്‍ തുടങ്ങി: വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ അവള്‍ കന്യകയല്ലെന്ന കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. ഭാര്യയെ വിവാഹമോചനം ചെയ്യുന്നതിനെ കുറിച്ചാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് മൂന്ന് ദിവസം മാത്രമേ ആയിട്ടുള്ളൂ. ഞാന്‍ എന്താണിനി ചെയ്യേണ്ടത്? അവളോട് തന്നെ തുറന്നു പറഞ്ഞാലോ? അവള്‍ തന്റെ ഭൂതകാലത്തെ കുറിച്ച് തുറന്നു പറഞ്ഞാല്‍ ഞാനെന്താണ് ചെയ്യേണ്ടത്? ഞാന്‍ പറഞ്ഞു: താങ്കള്‍ ശാന്തനാവൂ… അല്ലാഹുവോട് സഹായം തേടുകയും ചെയ്യൂ… ഞാന്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിക്കട്ടെ?

അതെയെന്ന അനുകൂല മറുപടി അയാളില്‍ നിന്നും ലഭിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു: അവള്‍ കന്യകയല്ലെന്നത് എങ്ങനെയാണ് നീ മനസ്സിലാക്കിയത്? അതിനുള്ള വല്ല സവിശേഷമായ കഴിവും താങ്കള്‍ക്കുണ്ടോ? അല്‍പം ശങ്കിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: അങ്ങനെ അറിയാനുള്ള കഴിവൊന്നും ഇല്ല, എന്നാലും എനിക്ക് അങ്ങനെ തോന്നുകയാണ്. ഞാന്‍ പറഞ്ഞു: നിങ്ങളുടെ തോന്നല്‍ തെറ്റാവാം. അക്കാര്യം സ്ഥിരീകിക്കുന്നത് വരെ ഒന്നും സംഭവിക്കാത്തതു പോലെ അവളോടൊപ്പം ജീവിക്കാന്‍ നിനക്ക് സാധിക്കുമോ? അവന്‍ പറഞ്ഞു: ഇല്ല.. കാരണം അക്കാര്യത്തില്‍ എന്റെ ഉള്ള് അസ്വസ്ഥപ്പെടുന്നു. മോശപ്പെട്ട ഭൂതകാലം ഇല്ലാത്ത, ദീനീനിഷ്ഠയുള്ള ഒരു യുവാവാണ് ഞാന്‍. കളങ്കപ്പെട്ട ഭൂതകാലമുള്ള ഒരു യുവതിയോടൊപ്പം ജീവിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.

ഞാന്‍ പറഞ്ഞു: എങ്കില്‍ പിന്നെ നീ അവളോടത് തുറന്നു പറയണം. അതിന് തയ്യാറാണോ? അവന്‍ പറഞ്ഞു: ശരി, പക്ഷേ എങ്ങിനെ? എപ്പോള്‍? ഞാന്‍ പറഞ്ഞു: കന്യകാത്വം നഷ്ടപ്പെട്ട എല്ലാ യുവതികളും വ്യഭിചാരിണികളല്ലെന്ന കാര്യം നീ ഒന്നാമതായി മനസ്സിലാക്കണം. ചെറുപ്പത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായവരുണ്ടാവാം. അതുപോലെ കായിക വിനോദങ്ങളിലേര്‍പ്പെട്ടതു കൊണ്ട് കന്യാചര്‍മം നഷ്ടമായവരുണ്ടാവാം. അങ്ങനെ വല്ല കാരണവുമാണ് അവള്‍ പറയുന്നതെങ്കില്‍ നീ വിശ്വസിക്കുമോ? രണ്ടാമതായി, കന്യാചര്‍മം തന്നെ പലവിധത്തിലുണ്ടായിരിക്കെ അവള്‍ കന്യകയല്ലെന്ന തോന്നല്‍ താങ്കള്‍ക്കെങ്ങനെ ഉണ്ടാവുന്നു? ഒരു ഡോക്ടര്‍ അവള്‍ കന്യകയാണെന്നത് സ്ഥിരീകിച്ചാല്‍ താങ്കളത് വിശ്വസിക്കുമോ? മൂന്നാമതായി, ഇനി അവള്‍ക്കൊരു മോശപ്പെട്ട ഭൂതകാലമുണ്ടായിരുന്നു എന്നും എന്നാല്‍ അതില്‍ പശ്ചാത്തപിച്ച് മടങ്ങിയിട്ടുണ്ടെന്നുമാണ് പറയുന്നതെങ്കിലോ? അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയ, ദീനിനിഷ്ട പുലര്‍ത്തുന്ന അവളോടൊപ്പം അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് ജീവിക്കാന്‍ താങ്കള്‍ തയ്യാറാകുമോ?

അയാള്‍ പറഞ്ഞു: ഈ മൂന്ന് അവസ്ഥകളിലിലും അവളെ സ്വീകരിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. പക്ഷേ, ഞാന്‍ എങ്ങനെ അവളോടത് തുറന്നു പറയും? ഞാന്‍ പറഞ്ഞു: എനിക്ക് നിന്നെ കുറിച്ച് ഇങ്ങനെയൊരു തോന്നലുണ്ടെന്ന് പറഞ്ഞു കൊണ്ട് നിനക്ക് തുടങ്ങാം. ഒരിക്കലും സ്ഥിരീകരിക്കപ്പെട്ട ഒരു കാര്യം പറയുന്ന ശൈലി അതില്‍ സ്വീകരിക്കരുത്. നിങ്ങളത് സ്ഥിരീകരിച്ചിട്ടില്ലെന്നത് തന്നെ കാരണം. സംഭാഷണത്തിന് അനുയോജ്യമായ സമയവും തെരെഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. തന്റെ കഴിഞ്ഞ കാലത്ത് അങ്ങനെയൊരു സംഭവവും ഉണ്ടായിട്ടില്ലെന്നാണ് അവള്‍ പറയുന്നതെങ്കില്‍, ഒന്നുകില്‍ അവളുടെ വാക്കുകളെ വിശ്വാസത്തിലെടുത്ത് സമാധാനത്തോടെ ജീവിക്കാം. അല്ലെങ്കില്‍ നിങ്ങള്‍ രണ്ടു പേര്‍ക്കുമിടയില്‍ പൈശാചികമായ ആ ചിന്ത ഒരിക്കല്‍ കൂടി കടന്നു വരാതിരിക്കാന്‍ ഒരു ഡോക്ടറെ സമീപിച്ച് പരിശോധന നടത്താമെന്ന നിര്‍ദേശം മുന്നോട്ടു വെക്കാം. അതിലൂടെ സംശയം ഇല്ലാതാക്കാമല്ലോ. ഡോക്ടറെ സമീപിക്കുന്നതിന് അവള്‍ വിസമ്മതം പ്രകടിപ്പിച്ചാല്‍ അവള്‍ വ്യഭിചാരിണിയാണെന്ന് നീ വിധിയെഴുതരുത്. പതിവ്രതകളായ നിരവധി സ്ത്രീകള്‍ അത്തരം ഒരു പരിശോധനക്ക് വിസ്സമ്മതിക്കുന്നവരാണ്. അതുകൊണ്ട് വളരെ യുക്തിയോടെ വേണം താങ്കള്‍ പെരുമാറാന്‍. സ്ത്രീകള്‍ക്കുണ്ടാകുന്ന ലജ്ജ കാരണമാണ് അതെന്ന് നീ മനസ്സിലാക്കണം. അവന്‍ ചോദിച്ചു: ആദ്യ സംഭാഷണത്തില്‍ അതിന് സമ്മതിച്ചില്ലെങ്കിലോ? ഞാന്‍ പറഞ്ഞു: നീ ഒരിക്കലും ധൃതിവെക്കരുത്. കാര്യങ്ങള്‍ നീ കരുതുന്നത്ര എളുപ്പമല്ല, അതുകൊണ്ട് സാവകാശം നല്‍കണം. യുക്തിയോട് കൂടി ഒരു ഇടവേളക്ക് ശേഷം വിഷയം അവളുടെ മുന്നില്‍ വെക്കാം.

അയാള്‍ പറഞ്ഞു: അവള്‍ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നു എന്നും അതില്‍ പശ്ചാത്തപിക്കാതെ ഇപ്പോഴും ബന്ധം തുടരുന്നുണ്ടെന്നും അറിയാനിട വന്നാല്‍ വലിയ ഷോക്കായിരിക്കുമത്. ഞാന്‍ പറഞ്ഞു: അങ്ങനെയാണെങ്കില്‍ ബന്ധം വേര്‍പിരിയാം. അയാള്‍ തുടര്‍ന്നു: തെറ്റ് ചെയ്തതിന് ശേഷം പശ്ചാത്തപിച്ചിട്ടുണ്ടെന്നാണ് അവള്‍ പറയുന്നതെങ്കില്‍ അവള്‍ക്കൊപ്പം ജീവിക്കാന്‍ എനിക്ക് സാധിക്കില്ല. എന്റെ മനസ്സ് അതംഗീകരിക്കില്ല.

വിവാഹം കഴിഞ്ഞ് ആറു മാസം പോലും കഴിയുന്നതിന് മുമ്പ് അവളെ വിവാഹമോചനം ചെയ്യരുതെന്ന് ഞാന്‍ നിര്‍ദേശം വെച്ചു. വിവാഹം കഴിഞ്ഞ് മൂന്നു ദിവസത്തിനകം വിവാഹമോചനം ചെയ്യപ്പെടുമ്പോള്‍ അവളുടെ ചാരിത്രം ആളുകള്‍ക്കിടയില്‍ സംസാരവിഷയമാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണത്. ഇക്കാലയളവില്‍ കുട്ടികളുണ്ടാവാതെ ശ്രദ്ധിക്കാനും വേര്‍പിരിയുന്നത് സംബന്ധിച്ച് അവളുമായി ആലോചിച്ച് തീരുമാനമെടുക്കാനും ഞാന്‍ നിര്‍ദേശിച്ചു. ആറ് മാസത്തിന് ശേഷം വിവാഹമോചനം നടന്നാല്‍ അതിന്റെ കാരണത്തെ കുറിച്ച് ഇരുവര്‍ക്കും ഒരേ മറുപടിയായിരിക്കണം. അല്ലാഹുവോട് പശ്ചാത്തപിച്ച അവളുടെ ഭാവി ജീവിതം തകര്‍ക്കപ്പെടാതിരിക്കാനാണത്.

അയാള്‍ പറഞ്ഞു: താങ്കളുടെ ഈ സംസാരത്തിന് നന്ദി. ഇന്നു തന്നെ ഞാന്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങും. എന്റെ മനസ്സിലുണ്ടായിരുന്ന ചിന്തകള്‍ ശരിയല്ലാതിരിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം അത്രയധികം അവളെ ഇഷ്ടപ്പെടുന്നുണ്ട്. നല്ല ഒരു ജീവിതം ആശംസിച്ചു കൊണ്ട് ഞാന്‍ അയാളെ യാത്രയച്ചു. പിന്നീട് അയാള്‍ എന്റെയടുത്ത് വന്നിട്ടില്ല, പിന്നീട് എന്താണ് അവരുടെ ജീവിതത്തില്‍ സംഭവിച്ചത് എന്നതിനെ കുറിച്ചും എനിക്കറിയില്ല.

Related Articles