Current Date

Search
Close this search box.
Search
Close this search box.

വീടും കുടുംബവും റമദാനും

ഞാന്‍…
പഴയ കാലം… വലിയ തറവാടു വീട്, അവിടെ കുടുംബാംഗങ്ങള്‍ ഒരുമിച്ച് കൂടുന്നു, അനുഭവങ്ങള്‍ പങ്കുവെക്കുന്നു, രോഗിയെ ശുശ്രൂഷിക്കാനും ദുര്‍ബലനെ സഹായിക്കാനും നിരവധി പേര്‍, മുതിര്‍ന്നവര്‍ അവിടെ ആദരിക്കപ്പെടുന്നു, കുട്ടികള്‍ ലാളനയേറ്റ് വളരുന്നു.

തറവാടു വീട്ടില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഇറങ്ങിയിരുന്നു, വിശക്കുന്നവനോ കടക്കാരനോ ദുഃഖിതനോ ഇല്ല, തേനീച്ച കൂടുപോലെ എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്നു, എല്ലാവരും ജോലി ചെയ്യുന്നു, എല്ലാവരും സഹായിക്കുന്നു….

റമദാനിലെ ഇഫ്താറിന്റെ സമയം… ഭക്ഷണത്തിലേക്ക് നീട്ടുന്നതിന് മുമ്പായി ആകാശത്തേക്ക് കൈകളുയര്‍ത്തി പ്രാര്‍ഥനാ നിരതരായി എല്ലാവരും, നിരത്തിവെച്ച ഭക്ഷണത്തളികക്ക് സമീപം കുട്ടികളും അക്ഷമരായി ഇരിക്കുന്നു! ചരിത്രത്തിലെ ഈ സുന്ദര ഓര്‍മ്മകള്‍ മനസ്സില്‍ നിന്ന് എത്രമായ്ച്ചിട്ടും നീങ്ങിപ്പോവുന്നില്ല.

പുതിയ കാലം… കുടുംബാംഗങ്ങള്‍ അവിടെയും ഇവിടെയുമായി ചിതറിപ്പോയിരിക്കുന്നു, പരസ്പരം ബന്ധം പുലര്‍ത്താതെ വീടുകള്‍ വിദൂര ദിക്കുകളില്‍, കുടുംബാംഗങ്ങളെ പരസ്പരം ബന്ധപ്പെടുത്താന്‍ കുടുംബ നാഥന്മാരുമില്ല.

വ്യക്തിപരവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ചുറ്റുപാടുകളാണ് കുടുംബങ്ങളെ ഇങ്ങനെ തുണ്ടംതുണ്ടാക്കി മാറ്റിയത്. മരണപ്പെടുമ്പോള്‍ കരയാന്‍ പോലും ആളുകളില്ലാ, സന്തോഷത്തിന്റെ വേളകളില്‍ അഭിനന്ദിക്കാനും ആരുമില്ല! വീടുകള്‍ അടുത്താണെങ്കില്‍ പോലും പരസ്പരം സന്ദര്‍ശിക്കുകയും ബന്ധം ചേര്‍ക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന സ്വഭാവം കുടുംബാംഗങ്ങളില്‍ നിന്ന് നാമാവശേഷമായിത്തീര്‍ന്നിരിക്കുന്നു.

എന്റെ പ്രിയതമേ, നോമ്പിനെ കുറിച്ച വിശുദ്ധ ഖുര്‍ആന്റെ നിര്‍ദ്ദേശം നീയൊന്ന് പരിശോധിച്ച് നോക്കുക, ‘വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.’ (അല്‍ബഖറ 183,184). ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ബഹുവചന പ്രയോഗം വിശ്വാസി സമൂഹം ഒരുമിച്ച് ഒരേ സമയം നോമ്പനുഷ്ടിക്കേണ്ടതിലേക്കാണ് സൂചന നല്‍കുന്നത്.

മാതാപിതാക്കളും മക്കളും മാത്രമുള്ള ചെറിയ കുടുംബങ്ങളുടെ ഒത്തുചേരലിനേക്കാള്‍ എത്ര സുന്ദരമാണ് സഹോദരീ സഹോദരന്മാരും മാതൃ-പിതൃ സഹോദരീ സഹോദന്മാരും അവരുടെ കുട്ടികളും പേരക്കുട്ടികളുമൊക്കെ ഒരുമിച്ചു കൂടിയുള്ള നോമ്പും നോമ്പുതുറയും. കല്യാണം പോലുള്ള വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും ഇവരെല്ലാവരും ഒരുമിച്ച് കൂടുന്നത്. റമദാനും പെരുന്നാളും ഇതുപോലെ സന്തോഷത്തിന്റെ വേളകളല്ലേ?  ‘പറയൂ: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് അവനങ്ങനെ ചെയ്തത്. അതിനാല്‍ അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണവര്‍ നേടിക്കൊണ്ടിരിക്കുന്നതിനെക്കാളെല്ലാം ഉത്തമം.’ (യൂനുസ് 58)

ബന്ധുക്കള്‍ അടുത്തടുത്ത വീടുകളില്‍ മനസ്സകന്ന് കഴിയുന്നത് എന്തുമാത്രം നിരാശാജനകമാണ്! ഒരു ഗ്രാമത്തില്‍ ഒരു പ്രദേശത്ത് കഴിയുന്ന സഹോദരങ്ങള്‍, മാതാവിന്റെ ഗര്‍ഭാശയവുമായി തങ്ങളെ ബന്ധിപ്പിച്ചിരുന്ന പൊക്കിള്‍ കൊടി ബന്ധം പോലും മുറിച്ച് കഴിയുന്നു. റമദാന്‍ അതിന്റെ ദൗത്യം നിര്‍വഹിക്കേണ്ടതുണ്ട്, ഹൃദയങ്ങളെ യോജിപ്പിക്കുന്ന മാസമാണ് റമദാന്‍.

സന്ദര്‍ശനം, പണവും പാരിതോഷികങ്ങളും നല്‍കല്‍, സുഖാന്വേഷണങ്ങള്‍ നടത്തല്‍ എന്നിവയൊക്കെയാണ് കുടുംബ ബന്ധം സ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍. കുടുംബാംഗങ്ങളില്‍ പാവപ്പെട്ടവരെ സാമ്പത്തികമായി സാഹായിക്കുക, മുതിര്‍ന്നവരെ ആദരിക്കുക, കുടുംബാംഗങ്ങള്‍ക്ക് ആഥിത്യമരുളുക, അവരുടെ ദുഃഖത്തിലും സന്തോഷത്തിലും പങ്കുകൊള്ളുക, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക, അവരുടെ ക്ഷണം സ്വീകരിക്കുകയും രോഗികളെ സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ സല്‍പാന്ഥാവിലേക്ക് ക്ഷണിക്കുകയും ചെയ്യുക.

ഇസ്‌ലാം വിലകല്‍പ്പിക്കുന്ന വീടും കുടുംബവും ഇങ്ങനെയുള്ളതാണ്. കുടുംബ ബന്ധം വിഛേദിച്ചവന്റെ റമദാന്‍ മാസത്തിലെ ആരാധനാ കര്‍മ്മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുകയില്ലെന്ന് ഓര്‍ത്തിരിക്കുക. പ്രവാചകന്‍ പറഞ്ഞിരിക്കുന്നു ‘ആദം സന്തതികളുടെ കര്‍മ്മങ്ങള്‍ എല്ലാ വെള്ളിയാഴ്ച്ച രാവിലും അല്ലാഹുവിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടും, കുടുംബ ബന്ധം മുറിച്ചവന്റെ പ്രവര്‍ത്തനങ്ങളൊന്നും സ്വീകരിക്കപ്പെടുകയില്ല’. (അഹ്മദ്)

അതിനാല്‍ പ്രിയ പത്‌നീ, നമ്മുടെ കുടുംബത്തെ ഛിന്നഭിന്നമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, ചില നാടുകളില്‍ കാണുന്നത് പോലെ – ഒരേ നഗരത്തില്‍ തന്നെ താമസിക്കുന്നവര്‍ കത്തുകളയച്ചും ഫോണ്‍ വിളിച്ചും ബന്ധം പുലത്തുന്നതുപോലുള്ള രീതി നമ്മുടെ കുടുംബത്തിലും ഉണ്ടായിക്കൂടാ!

അവള്‍…
എന്റെ പ്രിയനേ, കുടുംബാംഗങ്ങളെല്ലാം ഭക്ഷണത്തളികക്ക് ചുറ്റും കൂടിയിരിക്കുന്ന റമദാനിലെ ആദ്യ ദിനത്തെ കുറിച്ചുള്ള ഓര്‍മ്മ എന്റെ മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നു, നോമ്പ് നോറ്റിട്ടില്ലാത്ത കുട്ടികള്‍ മധുരപലഹാരങ്ങളും പിടിച്ച് സന്തോഷത്തോടെ തുള്ളിച്ചാടി കളിക്കുന്നുണ്ടാകും… പെരുന്നാളിന് സമാനമായ ഒരു ഒത്തുചേരലായിരിക്കും അത്. റമദാനിന്റെ ആദ്യ ദിവസത്തില്‍ തന്നെയുള്ള കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന ഈ വലിയ ഒത്തുചേരലിന്റെ ആനന്ദവും അനുഭൂതിയും സന്തോഷവും അവരുടെ കണ്ണുകളില്‍ നിനക്ക് കാണാനാകും, ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അവര്‍ക്ക് അന്യമായ സന്തോഷം.

റമദാനിലെ ആ നിമിഷങ്ങള്‍ എത്ര ആനന്ദകരമാണ്… കുടുംബക്കാര്‍ ഒരുമിച്ചു കൂടാത്ത റമദാനിലെ ഒരു ദിവസവുമുണ്ടാകില്ല, കുട്ടികള്‍ക്കും അത് സന്തോഷത്തിന്റെ വേളയാണ്, ഇഫ്താറിലും രാത്രി നമസ്‌കാരത്തിലും പ്രാര്‍ഥനയിലും അവരും പങ്കെടുക്കുന്നു, നന്മയിലും ഭക്തിയിലും എല്ലാവരും പരസ്പരം സഹകരിക്കുന്നു, റമദാന്‍ ഭക്തിയുടെ മാസമാണല്ലോ.

വല്യുപ്പയുടെയും വല്യുമ്മയുടെതുമായിരിക്കും വീട്, അവര്‍ക്കവിടെ അര്‍ഹിച്ച ആദരവും ബഹുമാനവും സ്‌നേഹവും ലഭിക്കുന്നു, കുട്ടികള്‍ സന്തോഷത്താല്‍ തുള്ളിച്ചാടുന്നു, വല്യുപ്പയുടെയും വല്യുമ്മയുടെയും മുന്നില്‍ കുട്ടികള്‍ അവരുടെ പരാതികള്‍ പറയുന്നു, അവരുടെ അടുത്തിരിക്കാനായിരിക്കും എല്ലാവര്‍ക്കും ഇഷ്ടം, രാജാവിനെയും രാജ്ഞിയെയും പോലെ അവര്‍ രണ്ടുപേരും! അതെല്ലാം ഓര്‍ത്ത് കണ്ണു നനഞ്ഞുപോകുന്നു…

റമദാനില്‍ കുടുംബം ഇങ്ങനെയൊക്കെയായിരുന്നു, ഇപ്പോഴും ചില കുടംബങ്ങളിലെങ്കിലും ഈ രീതി നിലനില്‍ക്കുന്നുണ്ട്. കുടുംബത്തില്‍ നിലനിന്നിരുന്ന ഈ സമ്പ്രദായം റമദാനിന്റെ ശ്രേഷ്ടത ഒട്ടും നഷ്ടപ്പെടുത്തിയിരുന്നില്ല, എന്നല്ല കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും വിത്തുകള്‍ പാകിയിരുന്ന ഉത്തമമായ ചര്യകൂടിയായിരുന്നു ഇത്. വലിയ ഒരു മരത്തിന്റെ വേരും ചില്ലകളും ഇലകളും ഫലങ്ങളും തമ്മിലുള്ള ബന്ധം അതുവഴി സുദൃഢമാകുന്നു, പിതാക്കന്മാരും മക്കളും പേരക്കുട്ടികളും എല്ലാം ചേര്‍ന്ന് ഒരൊറ്റ ശരീരമാകുന്നു, ഒരൊറ്റ സമൂഹം, ഒരൊറ്റ ജനത!

എന്റെ പ്രിയനേ, കുടുംബ ബന്ധം ചേര്‍ക്കല്‍ ഐഛികമായ കാര്യമല്ല, മറിച്ച് അതൊരു നിര്‍ബന്ധ ബാധ്യതയാണ്, അതില്‍ നിന്നാരും ഒഴിവല്ല. എന്നാല്‍ കുടുംബ ബന്ധം മുറിക്കുന്ന പ്രവണത ഇന്ന് ചിലര്‍ക്കിടയില്‍ മുളപൊട്ടിയിരിക്കുന്നു, ചിലര്‍ ദീര്‍ഘനാള്‍ ഇങ്ങനെ അകന്നു കഴിയുന്നു. എന്നാല്‍ കുടുംബ ബന്ധം ശക്തമാക്കാനുള്ള സുവര്‍ണാവസരമാണ് റമദാന്‍.

ഇന്ന് കുടുംബ ബന്ധം നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ വ്യത്യസ്തമാണ്. മക്കള്‍ മാതാപിതാക്കളുമായി ഫോണിലൂടെയും കത്തുകളിലൂടെയും മാത്രം ബന്ധം പുലര്‍ത്തിയാല്‍ പോരാ, അവരെ സന്ദര്‍ശിക്കുക തന്നെ വേണം. സഹോദരനുമായി ഫേസ്ബുക്ക് വഴിയും കത്തിടപാടുകളിലൂടെയുമുള്ള ബന്ധം തന്നെ മതിയെന്ന് കരുതുന്നവരുമുണ്ട്, എന്നാല്‍ കുടുംബ ബന്ധം ചേര്‍ക്കല്‍ സന്ദര്‍ശനത്തിലൂടെയും കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയുമാണ് നടക്കേണ്ടത്. മറ്റുള്ളവര്‍ക്കില്ലാത്ത സ്ഥാനം ബന്ധുക്കള്‍ക്കുണ്ട്. അതുകൊണ്ടാണ് പ്രവാചകന്‍ പറഞ്ഞത് ‘അഗതിക്ക് നല്‍കുന്ന ദാനം ദാനം മാത്രമാണ്, ബന്ധുവിന് നല്‍കുന്ന ദാനം ദാനവും ബന്ധം ചേര്‍ക്കലുമാണ്’.

Related Articles