Knowledge

മറ്റുള്ളവരെ ഭയക്കുന്നത് എന്തിന്?

ഇറാഖിലെ ഗവർണർ ആയിരുന്നു ഉമർ ബിൻ ഖുബൈറ. ഒരിക്കൽ അദ്ദേഹം അന്നാട്ടിലെ പ്രമുഖ പണ്ഡിതരായ ഇമാം ഹസനുൽ ബസ്വരി(റ)യെയും ഇമാം ശഅബിയെയും തന്റെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി. ഖലീഫ യസീദ് ഇബ്നു അബ്ദിൽ മലിക്കിൽ നിന്ന് അദ്ദേഹത്തിന് ഒരു സന്ദേശം ലഭിച്ചിരുന്നു. അക്രമണത്തിന് പ്രോത്സാഹിപ്പിക്കുന്ന ഒരു കല്പനയായിരുന്നു ആ സന്ദേശത്തിന്റെ ഉള്ളടക്കം. ഈ സന്ദേശത്തിന് എന്തു നിലപാടാണ് സ്വീകരിക്കേണ്ടത് എന്നറിയാനാണ് ഉമർ ബിൻ ഖുബൈറ പണ്ഡിതരെ വിളിച്ചുവരുത്തിയത്.ആദ്യം ഗവർണർ ചോദിച്ചത് ഇമാം ശഅബിയോടായിരുന്നു. അദ്ദേഹം ഗവർണറെ സുഖിപ്പിച്ചു കൊണ്ട് ഖലീഫക്ക് യോജിക്കുന്ന രീതിയിലാണ് സംസാരിച്ചത്. ഇതെല്ലാം കേട്ടു കൊണ്ട് ഇമാം ഹസനുൽ ബസ്വരി മിണ്ടാതിരുന്നു. ഇമാം ശഅബിയുടെ സംസാരത്തിനു ശേഷം ഉമർ ബിൻ ഖുബൈറ ഇമാം ഹസനുൽ ബസ്വരിയോട് ചോദിച്ചു.
ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായം എന്താണ്? ഇമാം ഹസൻ ബസ്വരി ദേഷ്യത്തോടെ മറുപടി പറഞ്ഞു: ഖലീഫയോട് ഒരു നിലക്കും യോജിക്കേണ്ടതില്ല. അസത്യത്തോട് സന്ധിചെയ്യുന്ന നിലപാടല്ല വിശ്വാസി സ്വീകരിക്കേണ്ടത്. നന്മ കല്പിക്കാനും തിന്മ വിരോധിക്കാനുമാണ് വിശ്വാസികൾ നിയോഗിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ട് അദ്ദേഹം ഗവർണറോട് പറഞ്ഞു:
يا ابن هبيرة، خف الله في يزيد، ولا تخف يزيد في الله. إن الله يمنعك من يزيد، وإن يزيد لا يمنعك من الله، وأوشك أن يبعث إليك ملكا فيزيلك عن سريرك، ويخرجك من سعة قصرك إلى ضيق قبرك، ثم لا ينجيك إلا عملك
وإذا كنت مع الله -عز وجل- في طاعته كفاك بوائق يزيد، وإن كنت مع يزيد على معصية الله وكلك الله إلى يزيد حين لا يغني عنك شيئا.
فبكي عمر بن هبيرة بكاء شديدا
യസീദിന്റെ കാര്യത്തിൽ താങ്കൾ അല്ലാഹുവിനെ ഭയപ്പെടുക.അല്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ ഒരിക്കലും യസീദിനെ ഭയപ്പെടരുത്.താങ്കൾക്കറിയാം, യസീദിന്റെ ചെയ്തികളിൽ നിന്ന് താങ്കളെ രക്ഷിക്കുവാൻ അല്ലാഹുവിന് സാധിക്കും. എന്നാൽ അല്ലാഹുവിന്റെ ചെയ്തികളിൽ നിന്ന് ഒരിക്കലും യസീദിന് താങ്കളെ രക്ഷപെടുത്തുവാൻ സാധിക്കുകയില്ല. താങ്കൾ അറിയണം, ഒരിക്കൽ അല്ലാഹുവിന്റെ മലക്ക് നിന്നെ പിടിക്കാൻ വരും. ഈ കൊട്ടാരത്തിന്റെ സുഖ സൗകര്യങ്ങളിൽ നിന്ന് ഖബറിലേക്ക് നിന്നെ കൊണ്ടു പോകും.ആ സമയത്തു യസീദിനെ നിനക്കു അവിടെ കാണാൻ കഴിയില്ല. മറിച്ചു കൂട്ടിനുണ്ടാവുക താങ്കളുടെ കർമങ്ങൾ മാത്രമായിരിക്കും.താങ്കൾ അല്ലാഹുവിനോടൊപ്പം ആണെങ്കിൽ ഈ ലോകത്തെ യസീദിന്റെ ചെയ്തികളിൽ നിന്ന് അല്ലാഹു താങ്കളെ സംരക്ഷിക്കും. ഇനി തിന്മയുടെ കാര്യത്തിൽ താങ്കൾ യസീദിനോടൊപ്പം ആണെങ്കിൽ താങ്കൾക്ക് വേണ്ടി പ്രതിരോധിക്കാൻ യസീദിന് കഴിയില്ല എന്ന് ഉമർ ബിൻ ഖുബൈറയോട് ഹസനുൽ ബസ്വരി ഓർമപ്പെടുത്തുന്നു. ഇത് കേട്ട് ഉമർ ബിൻ ഖുബൈറ തന്റെ താടി നനയുന്ന രീതിയിൽ കരഞ്ഞു.ഇതിനു ശേഷം ഉമർ ബിൻ ഖുബൈറ ഹസനുൽ ബസ്വരിയെ ആദരിച്ചു. ഇമാം ശഅബിയെ തിരിഞ്ഞു പോലും നോക്കിയില്ല. അങ്ങനെ അവർ തിരിച്ചു പള്ളിയിലേക്ക് പോയി. അവരുടെ നിലപാട് എന്താണ് എന്നറിയാൻ ജനങ്ങൾ പള്ളിയിൽ ഒരുമിച്ചു കൂടി അപ്പോൾ ഇമാം ശഅബി അവരോട് പറഞ്ഞു: ഹസനുൽ ബസ്വരി പറഞ്ഞ കാര്യങ്ങൾ എനിക്കറിയാത്തതല്ല. എനിക്കും അദ്ദേഹത്തെ പോലെ സംസാരിക്കുവാൻ കഴിയുമായിരുന്നു. ഞാൻ ആഗ്രഹിച്ചത് ഖലീഫയുടെയും ഗവർണറുടെയും തൃപ്തി ആയിരുന്നു. എന്നാൽ ഹസനുൽ ബസ്വരി ആഗ്രഹിച്ചത് അല്ലാഹുവിന്റെ തൃപ്തി ആയിരുന്നു.
വളരെ പ്രസിദ്ധമായ ചരിത്രമാണ്.

ഒരു മനുഷ്യന് ആദ്യമായി ഉണ്ടാവേണ്ടത് സ്വന്തത്തോടുള്ള ബഹുമാനവും ആദരവും ആണ്.അതില്ലയെങ്കിൽ അവൻ ജനങ്ങളുടെ താൽപ്പര്യം നോക്കിയായിരിക്കും ജീവിക്കുക.ജനങ്ങൾ തന്നെ കുറിച്ചു എന്തു പറയും എന്ന് ഭയന്നാണ് അവൻ ജീവിക്കുക. മനുഷ്യൻ സാമൂഹിക ജീവിയാണ്. സാമൂഹികതയെ അവൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സമൂഹവുമായി ഇടപഴകി ജീവിക്കാനാണ് ഇസ്ലാമിന്റെ അധ്യാപനങ്ങൾ പഠിപ്പിക്കുന്നത്. സമൂഹവുമായി ഇടപഴകി ജീവിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ സഹിക്കുന്ന വിശ്വാസി, സമൂഹത്തിൽ നിന്ന് മാറി അവരോട് യാതൊരു പ്രതിബദ്ധതയുമില്ലാതെ ജീവിക്കുന്ന വിശ്വസിയേക്കാൾ ഉത്തമനാണ് എന്നു റസൂൽ (സ) പഠിപ്പിക്കുന്നു.ജനങ്ങളുടെ കൂടെ ജീവിക്കുക എന്നത് അവരെ ഏത്‌ വിധേനയും തൃപ്തി പെടുത്തനാണ് എന്നു ഇസ്ലാം പഠിപ്പിക്കുന്നില്ല. എത്ര വലിയ ബന്ധങ്ങൾ ആണെങ്കിൽ പോലും അവരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ജീവിക്കാനല്ല വിശുദ്ധ ഖുർആൻ പറയുന്നത്.മാതാപിതാക്കളോടുള്ള ബാധ്യതയെ സംബന്ധിച്ച് പറയുന്ന വചനത്തിൽ അല്ലാഹുവിനോട് പങ്കു ചേർക്കാൻ മാതാപിതാക്കൾ നിങ്ങളോട് കല്പിക്കുകയാണെങ്കിൽ അത് അനുസരിക്കേണ്ടതില്ല എന്ന് അല്ലാഹു പറയുന്നു:
{وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ۚ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ} [لقمان : 15] നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.

അല്ലാഹുവിനെ കൂടാതെ മറ്റൊരാളെയും പ്രീതി പെടുത്താനുള്ള ആവശ്യം വിശ്വാസിക്ക് ഇല്ല.
റസൂലിന്റെ കാലത്തു ഉണ്ടായ ഒരു സംഭവം വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്. റസൂലിന്റെ വളർത്തു മകൻ ആയിരുന്നു സൈദ് ബ്നു ഹാരിസ് (റ). അദ്ദേഹം വിവാഹം കഴിച്ചത് സൈനബ്‌ (റ) യെ ആയിരുന്നു. അവർ രണ്ടു പേരും ഒത്തു പോകുന്നില്ല. രണ്ടു പേരും സാമൂഹികമായും മാനസികമായും രണ്ടു തട്ടിലുള്ള ആളുകളായിരുന്നു. ഒരു നിലക്കും മുന്നോട്ട് പോവുകയില്ല എന്നതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിവാഹ മോചനത്തിന്റെ അടുത്തെത്തി . ആ അവസരത്തെ അല്ലാഹു വിശ്വാസികൾക്ക് ഗുണകരമായ രീതിയിൽ ഉപയോഗപെടുത്തി.അക്കാലത്തു അറബികൾക്കിടയിൽ ഉണ്ടായിരുന്ന ഒരു സമ്പ്രദായം, വളർത്തു മകൻ സ്വന്തം മകനെ പോലെ ആണ് എന്നതായിരുന്നു.സൈദ് ബിനു ഹാരിസ എന്നായിരുന്നു യഥാർഥത്തിൽ. എന്നാൽ അറബികൾക്കിടിയിൽ അറിയപ്പെട്ടിരുന്നത് സൈദ് ബ്നു മുഹമ്മദ് എന്നായിരുന്നു. ആ സമ്പ്രദായത്തിന്റെ കടക്കൽ കത്തി വെച്ചു കൊണ്ട് വളർത്തു മകൻ സ്വന്തം മകനെ പോലെയല്ല എന്ന് സ്ഥാപിക്കാൻ അല്ലാഹു സൈനബിനെ റസൂലിനോട് വിവാഹം കഴിക്കാൻ കൽപ്പിച്ചു. അല്ലാഹുവിന്റെ കൽപ്പന നിറവേറ്റുന്നതിൽ റസൂൽ (സ) ക്ക് ഒരു ഇഷ്ടകുറവും ഇല്ലായിരുന്നു. എന്നാൽ അദ്ദേഹം കുറച്ചു അവധാനത കാണിച്ചു. സ്വന്തം മകന്റെ ഭാര്യയെ താൻ വിവാഹം കഴിച്ചാൽ ജനങ്ങൾ എന്തു കരുതും എന്നാണ് അദ്ദേഹം ചിന്തിച്ചത്. ഈ സമയത്ത് അള്ളാഹു വചനമിറക്കി. وَاتَّقِ اللَّهَ وَتُخْفِي فِي نَفْسِكَ مَا اللَّهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّهُ أَحَقُّ أَن تَخْشَاهُ ۖ അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു.

പലരുടെയും ജീവിതം നശിപ്പിച്ച മറ്റു പലരുടെയും വ്യക്തിത്വം നശിപ്പിച്ച മോശമായ ചിന്തയാണ് ജനങ്ങൾ എന്തു വിചാരിക്കും എന്നത്. എല്ലാവരെയും തൃപ്തിപ്പെടുത്തി കൊണ്ട് ജീവിക്കുക എന്ന ആശയം ഖുർആന്റെയല്ല. ജനങ്ങളെ സുഖിപ്പിക്കുന്നതിന് വേണ്ടി സ്വന്തം അസ്തിത്വത്തെ പണയപ്പെടുത്തുന്നവരുണ്ട്. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം വിശ്വാസത്തെയും നിലപാടിനെയും മാറ്റി നിർത്തുന്നവരുണ്ട്. ആരാധന കർമ്മങ്ങളെ മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യുന്നവർ നമുക്കിടയിലുണ്ട്. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ അവരുടെ ജോലിയിൽ കൃത്രിമത്വം കാണിക്കാറുണ്ട്.എന്തു കൊണ്ട് തടയുന്നില്ല എന്ന് ചോദിച്ചാൽ എന്റെ മേധാവിക്ക് അതു ഇഷ്ടപ്പെടുകയില്ലേ എന്നാതാണ് നമ്മുടെ ഭയം. സംഘടനക്ക് വേണ്ടി കുടുംബത്തിന് വേണ്ടി കള്ള സാക്ഷ്യം പറയുന്നത് നിരവധി തവണ കാണുകയും ഞാൻ അതിൽ ഇടപെട്ടാൽ എന്നെ കുറിച്ച് കുടുംബക്കാർ പാർട്ടിയിലുള്ളവർ എന്താണ് വിചാരിക്കുക എന്നു ഭയപ്പെട്ട് കൊണ്ട് മാറി നിൽക്കുന്നത് നാം കാണാറുണ്ട്. നിരന്തരമായി മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഭാര്യയോടുള്ള നമ്മുടെ സമീപനം മൗനം (അവളെ തൃപ്തി പെടുത്താൻ) ആണെങ്കിൽ അതും ഈ ഗണത്തിൽ പെടുന്നതാണ്. കൂട്ടം കൂടി ആളുകളെ പരദൂഷണം പറയാറുണ്ട്. അതിനെതിരായി സംസാരിച്ചാൽ സദസ്സിന്റെ ഭംഗി നഷ്ടപ്പെടുമെന്ന് വിചാരിച്ച്, ആളുകൾ എന്നെ മറ്റൊരു രീതിയിൽ നോക്കികാണുമെന്ന ഭയത്താൽ മൗനം പാലിച്ചാൽ അതും ഇതിന്റെ ഉദാഹരണമാണ്.

ആളുകളെ തൃപ്തി പെടുത്തുക,ആളുകളെ ഭയക്കുക ഇവ രണ്ടും മനുഷ്യന് ഇരട്ട മുഖം നൽകുന്നു. അവിടെ പോയാൽ ചിരിക്കേണ്ടി വരും. ആ കൂട്ടത്തിൽ കൂടിയാൽ കരയേണ്ടി വരും. ഇഷ്ടമില്ലെങ്കിലും ചിരിക്കേണ്ടിയും കരയേണ്ടിയും വരും. ഈ അർത്ഥത്തിൽ മറ്റുള്ളവരെ തൃപ്തി പെടുത്തുക എന്ന സ്വഭാവം വിശ്വസികളുടെതല്ല.മറിച്ച് മുനാഫിഖുകളുടേതാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നു. {يَحْلِفُونَ بِاللَّهِ لَكُمْ لِيُرْضُوكُمْ وَاللَّهُ وَرَسُولُهُ أَحَقُّ أَن يُرْضُوهُ إِن كَانُوا مُؤْمِنِينَ} [التوبة : 62] നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിങ്ങളോടവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് സംസാരിക്കുന്നു. എന്നാല്‍ അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അവര്‍ തൃപ്തിപ്പെടുത്തുവാന്‍ ഏറ്റവും അവകാശപ്പെട്ടവര്‍ അല്ലാഹുവും അവന്‍റെ ദൂതനുമാണ്‌.

കപട വിശ്വാസികൾ നിങ്ങളുടെ അടുത്തു വന്നു പറയും ഞങ്ങൾ നിങ്ങളോടൊപ്പമാണ് എന്ന്. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി അവർ സത്യം ചെയ്യുന്നു. ഇങ്ങനെ രണ്ടു മുഖമുള്ള ആളുകൾ, എല്ലാവരെയും സുഖിപ്പിച്ചു കൊണ്ട് ജീവിക്കുന്ന ആളുകൾ കപട വിശ്വസികളാണെന്ന വിശുദ്ധ ഖുർആൻ പറയുന്നു. അവർ ശെരിക്കും വിശ്വാസികൾ ആയിരുന്നുവെങ്കിൽ അല്ലാഹുവിനെയും അവന്റെ റസൂലിനെയും ആയിരുന്നു അവർ തൃപ്തി പെടുത്തേണ്ടിയിരുന്നത്. ഇത് വിശ്വാസികളുടെ സ്വഭാവമല്ല. നമ്മുടെ ചുറ്റുപാടും ജീവിക്കുന്നവർ ജീവിക്കുകയല്ല മറിച്ചു അഭിനയിക്കുകയാണ് എന്ന് കാണാൻ സാധിക്കുന്നു. നമ്മുടെ വീടുകൾ വാഹനങ്ങൾ ഇടപാടുകൾ നമ്മുടെ വിവാഹ സൽകാരങ്ങൾ, ആവശ്യങ്ങളെക്കാൾ അനവശ്യങ്ങൾക്ക് പ്രാധാന്യം നല്കിയിട്ടുള്ള ഈ ഇടപാടുകളുടെ എല്ലാം മൂല കാരണം മറ്റുള്ളവരെ തൃപ്തി പെടുത്തുക അല്ലെങ്കിൽ മറ്റുള്ളവർ എന്തു പറയും എന്നു ഭയപ്പെടുക എന്നതാണ്. സമൂഹത്തിൽ ഉയർന്നവൻ ആണെങ്കിൽ, എന്റെ വീട്ടിൽ നടക്കുന്ന കല്യാണത്തിൽ ഇന്ന ഇന്ന ഭക്ഷണ പദാർത്ഥങ്ങൾ ഇല്ലെങ്കിൽ ആളുകൾ എന്തു പറയും എന്ന ഭയത്താൽ അനാവശ്യമായ രീതിയിൽ സൽക്കരിക്കുന്നു. ജീവിക്കുകയല്ല മറിച്ച് അഭിനയിക്കുകയാണ് ആയുസ്സ് മുഴുവനും. ജീവിക്കേണ്ടിയിരുന്ന ജീവിത സന്ദർഭങ്ങൾ, ജനങ്ങൾ എന്തു പറയും എന്ന ഭയത്താൽ മാറ്റിവെച്ച, ചെയ്യാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന എത്രയെത്ര കാര്യങ്ങൾ എല്ലാം നഷ്ടമായി. ജനങ്ങളുടെ തൃപ്തി എന്നത് ഒരു കർമത്തിന്റെയും അടിസ്ഥാനമാകാൻ പാടില്ല. ആ ഒരു തൃപ്തിയിലേക്ക് മനുഷ്യന് എത്തിച്ചേരാൻ സാധിക്കുകയുമില്ല.

അറബിയിൽ ഒരു ചൊല്ലുണ്ട്. لا تكن شاة من قطيع ആട്ടിൻ പറ്റങ്ങളിലെ ഒരു ആട്ടിൻ കുട്ടിയായി നീ മാറരുത്. ഓരോ മനുഷ്യനും സ്വന്തമായി നിലപാട് ഉണ്ടാകണം.അതിന്റെ അർത്ഥം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആണ് എന്നാണ്.അവൻ മറ്റുള്ളവരെക്കാൾ ശക്തനാണ് എന്നാണ്. മറ്റുള്ളവരിൽ ഇല്ലാത്ത ക്വാളിറ്റി (ഗുണങ്ങൾ) അവന്നുണ്ട് എന്നാണ്. ആട്ടിൻ പറ്റത്തിലെ ആട്ടിൻ കുട്ടിയല്ല എന്ന് ഓരോ വിശ്വാസിയും തെളിയിക്കാൻ ബാധ്യസ്ഥനാണ്.

മനുഷ്യന് തെരഞ്ഞെടുക്കുവാനുള്ള അവസരം ഉണ്ട്. ചെയ്യാനും ചെയ്യാതിരിക്കുവാനും അവകാശം ഉണ്ട്.എപ്പോഴും ജനങ്ങളുടെ കൂടെകൂടി ആയി നടക്കേണ്ടതില്ല.
അല്ലാഹുവിന്റെ ദൂതർ അരുൾ ചെയ്യുന്നു: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَنِ الْتَمَسَ رِضَى اللَّهِ بِسَخَطِ النَّاسِ ، رَضِيَ الله عَنْهُ ، وَأَرْضَى النَّاسَ عَنْهُ ، وَمَنِ الْتَمَسَ رِضَا النَّاسِ بِسَخَطِ اللَّهِ ، سَخَطَ اللَّهُ عَلَيْهِ ، وَأَسْخَطَ عليه الناس ) ജനങ്ങളുടെ തൃപ്തി വകവെക്കാതെ അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ചു കൊണ്ട് ആരെങ്കിലും പ്രവർത്തിച്ചാൽ അവന് അല്ലാഹുവിന്റെ തൃപ്തിയും ജനങ്ങളുടെ തൃപ്തിയും ലഭിക്കും.
ജനങ്ങളുടെ തൃപ്തി അല്ലാഹുവിന്റെ വെറുപ്പോടുകൂടി നേടിയെടുക്കാൻ ശ്രമിച്ചാൽ അല്ലാഹുവിന്റെ വെറുപ്പും ജനങ്ങളുടെ വെറുപ്പും അവനു ലഭിക്കുന്നതാണ്.

വിശ്വാസി ചിന്തിച്ചു തീരുമാനമെടുക്കേണ്ട സുപ്രധാനമായ ഒരു കാര്യമാണിത്. മറ്റുള്ളവരുടെ പ്രീതി കണക്കിലെടുത്തു കൊണ്ട് സ്വന്തം ജീവിതം അവരുടെ വാക്കുകൾക്ക് പണയപ്പെടുത്തി ജീവിച്ചാൽ നഷ്ടം മാത്രമാണ് സമ്പാദിക്കാൻ സാധിക്കുക.അങ്ങനെ ഒരിക്കലും സമൂഹത്തിൽ ജീവിക്കാൻ പാടില്ല. നമ്മുടെ സന്തോഷങ്ങൾ സഫലീകരിക്കപെടണമെങ്കിൽ മറ്റുള്ളവരുടെ വാക്കുകളെ പരിഗണിക്കാതിരിക്കുക. നമ്മുടെ ജീവിതത്തിന്റെ ഭൂപടം നാം തന്നെ വരക്കണം. നമ്മുടെ ജീവിതത്തിന്റെ നിറങ്ങൾ നാം തന്നെയാണ് നൽകേണ്ടത്. ഓരോ മനുഷ്യനും അവനവന്റെ ജീവിതത്തിന് നിറങ്ങൾ നൽകണം.

ഒരു കഥയുണ്ട്. മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു കഥ.
നസ്രുദീൻ ഹോജയും മകനും കൂടി നടക്കുകയാണ്. അവരുടെ കൂടെ ഒരു കഴുതയുമുണ്ട്. കഴുതയുടെ പുറത്തു ഭാണ്ഡകെട്ടുകളുമുണ്ട്. അതു കൊണ്ട് അവർ നടന്നാണ് പോകുന്നത്. അത് കണ്ട് ജനങ്ങൾ പറഞ്ഞു : ആ വിഡ്ഢികളെ കണ്ടില്ലേ.. ഒരു കഴുതയുണ്ടായിട്ട് അതിന്റെ പുറത്തു കയറാതെ നടന്നു പോയ്കൊണ്ടിരിക്കുന്നു. ഇത് കേട്ടപ്പോൾ ജുഹയും മകനും നേരെ കഴുത പുറത്ത് കേറി. ഇതു കണ്ടതും ജനങ്ങൾ പറഞ്ഞു: എന്തൊരു മനുഷ്യരാണ് ഇവർ. ഇവർക്ക് മനസ്സിൽ കാരുണ്യമില്ല. കഴുതപ്പുറത്ത് അതിനു വഹിക്കേണ്ട ചുമടുകൾ ഉണ്ട്.കൂടാതെ രണ്ടു മനുഷ്യരെയും അതു വഹിക്കുന്നു. ഇത് കേട്ട സന്ദർഭത്തിൽ ജൂഹായുടെ മകൻ നിലത്തിറങ്ങി.അവർ യാത്ര തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ മറ്റു ചില ആളുകൾ ഇവരെ കണ്ടിട്ടു പറഞ്ഞു: എന്ത് മനുഷ്യനാണ് ഇയാൾ. അയാളുടെ മകൻ നടന്നു ക്ഷീണിക്കുന്നു.അയാളോ കഴുത പുറത്തിരുന്നു സുഖിക്കുന്നു. ഇത് കേട്ടയുടനെ നസ്രുദീൻ ഹോജ കഴുതപ്പുറത്തു നിന്നിറങ്ങി മകനെ കഴുതപ്പുറത്തു കേറ്റി. എന്നിട്ട് യാത്ര തുടർന്നു. കുറച്ചു നടന്നപ്പോൾ വേറെ ചില ആളുകൾ പറഞ്ഞു: എന്തൊരു മകനാണ് ഇവൻ. ബാപ്പയെ നടത്തിച്ചിട്ട് അവൻ കഴുതപ്പുറത്തിരുന്നു സുഖിക്കുന്നു. ഇതു കേട്ടപ്പോൾ നസ്രുദീൻ ഹോജക്ക് അങ്ങേയറ്റത്തെ ദേഷ്യം വന്നു. മകനോട് കഴുതപ്പുറത്തു നിന്നിറങ്ങാൻ ആവശ്യപ്പെടുകയും എന്നിട്ട് ഹോജയും മകനും കൂടി കഴുതയെ ചുമന്നു കൊണ്ട് അങ്ങാടിയിലൂടെ നടന്നു എന്നതാണ് കഥ.

ജനങ്ങളുടെ തൃപ്തി നേടിയെടുക്കാൻ കഴിയില്ല എന്നതിനുള്ള ഉദാഹരണമാണ് ഈ കഥ.
ജനങ്ങളുടെ നാക്കുകൾക്ക് വിശ്രമമില്ല. അവർ പറഞ്ഞു കൊണ്ടേയിരിക്കും. വീട്ടിൽ വെറുതെ ഇരുന്നാൽ പോലും അവർ പറഞ്ഞു കൊണ്ടേയിരിക്കും. വിശ്വാസിയെ സ്വർഗ്ഗത്തിലോ നരകത്തിലോ പ്രവേശിപ്പിക്കുന്നത് ജനങ്ങളുടെ സംസാരമല്ല എന്ന് തിരിച്ചറിയുക. മനുഷ്യന്റെ വിശപ്പും ദാഹവും മാറ്റാൻ ആ സംസാരങ്ങൾക്ക് കഴിയില്ല. അത് അങ്ങാടിയിൽ നടന്നു കൊണ്ടിരിക്കുന്നു ഒരു പ്രതിഭാസമാണ്. മനുഷ്യൻ അതിന് ചെവി കൊടുക്കാതെ തന്റേതായ വ്യക്തിത്വം രൂപികരിക്കേണ്ടതുണ്ട്. ആളുകളുടെ വാക്കുകൾക്കനുസരിച്ചു ജീവിതത്തെ മാറ്റുക എന്നത് ബലഹീനമായ വ്യക്തിത്വത്തിന്റെ അടയാളമാണ്. സത്യത്തിന്റെ പാത ഏതാണെന്ന് ഉറപ്പിക്കുകയും അതിനെ സ്വീകരിക്കുകയും ചെയ്യലാണ് മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കുന്നതിനെക്കാൾ ഉത്തമം. അതു കൊണ്ടാണ് കവി പറഞ്ഞത്: واثق الخطوة يمشـي ملكـاً ദൃഢ നിശ്ചയത്തോടെ കാൽവെപ്പു നടത്തുന്നവൻ സമൂഹത്തിൽ രാജാവിനെ പോലെയാണ്. ചില ആളുകൾ ചുറ്റുമുള്ളവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ചു ദിനം തോറും അവരുടെ ജീവിതം മാറ്റി കൊണ്ടിരിക്കുന്നു. നിലപാടുകൾ മാറുന്നു. മുഖഭാവങ്ങൾ മാറുന്നു.

ഇമാം ഇബ്നുൽ ഖയ്യിം (റ) പറയുന്നു.
رضا الناس غاية لا تدرك ورضا الله غاية لا تترك فاترك ما لا يدرك وادرك ما لا يترك ജനങ്ങളുടെ തൃപ്തി എന്ന ലക്ഷ്യം നിനക്കൊരിക്കലും നേടിയെടുക്കാൻ സാധിക്കാത്തതാണ്. എന്നാൽ അല്ലാഹുവിന്റെ തൃപ്തി എന്ന ലക്ഷ്യം നീ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്തതാണ്. അതിനാൽ നിനക്ക് നേടിയെടുക്കാൻ കഴിയാത്തത് നീ മാറ്റി വെക്കുക. നിനക്കു നേടിയെടുക്കാൻ കഴിയുന്നത് നീ നേടിയെടുക്കുക.

ബശ്ശാർ ഇബ്നു ബുർദ് എന്ന കവിയുടെ പ്രസിദ്ധമായ ഒരു കവിതയുണ്ട്.
من راقب الناس لم يظفر بحاجته **
وفاز بالطَيبات الفاتك اللهِجُ
ജനങ്ങളുടെ സംസാരം നോക്കി നടന്നാൽ ജീവിതത്തിൽ ഒന്നും സമ്പാദിക്കുവാൻ സാധിക്കുകയില്ല.ജനങ്ങളുടെ സംസാരത്തിന് വില കൊടുക്കാത്തവർ അവർക്കാണ് ജീവവിതത്തിൽ എന്തെങ്കിലും നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ഓരോ മനുഷ്യനും അവന്റെ ജീവിതം നോക്കുക.അവന്റെ പോരായ്മകളെ തിരിച്ചറിയുക. അവയെ തിരുത്തുക.സ്വന്തം കഴിവുകളെ തിരിച്ചറിയുക. അവയെ ഉപയോഗപ്പെടുത്തുക. അങ്ങനെ ജീവിതത്തെ സ്വന്തമാക്കി ജീവിക്കുക.

തയ്യാറാക്കിയത് : ഹാഫിസ് ബഷീർ

Facebook Comments
Related Articles
Show More

ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

1984 ഏ. ആര്‍ നഗറിനടുത്ത ധര്‍മഗിരിയില്‍ ജനനം. ശാന്തപുരം അല്‍ജാമിഅയില്‍ നിന്നും ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്തര ബിരുദവും നേടി. മലേഷ്യയിലെ ഇന്റന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് തോട്ടില്‍ മാസ്റ്റേഴ്സ് ബിരുദവും ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ പി.എച്ച്.ഡി യും പൂര്‍ത്തിയാക്കി. വിവിധ ഇന്റര്‍നാഷണല്‍ ജേര്‍ണലുകളില്‍ എഴുത്തുകാരനും, ശാന്തപുരം അല്‍ജാമിഅയില്‍ ശരീഅ:ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡീനായും സേവനം ചെയ്യുന്നു.
Close
Close