Current Date

Search
Close this search box.
Search
Close this search box.

വിജ്ഞാനത്തേക്കാള്‍ പ്രതാപമുള്ള ഒന്നുമില്ല

old-books.jpg

അലി(റ) കമീല്‍ ബിന്‍ സിയാദിനോട് പറഞ്ഞു: ‘കമീല്‍, നീ ധനത്തിന് കാവല്‍ നില്‍ക്കുന്നു.  വിജ്ഞാനമാകട്ടെ, നിനക്ക് വേണ്ടിയും. വിജ്ഞാനമാണ് ഭരിക്കുന്നത്, സമ്പത്ത് ഭരിക്കപ്പെടുന്നതും. ചിലവഴിക്കുന്നതു മൂലം സമ്പത്ത് തീര്‍ന്നുപോകുന്നു. വിജ്ഞാനമാകട്ടെ, ഇതരര്‍ക്ക് പകര്‍ന്നു നല്‍കുമ്പോള്‍ അതിന്റെ മാറ്റ് കൂടിക്കൊണ്ടിരിക്കുന്നു’.

അബൂല്‍ അസവദ് വിവരിക്കുന്നു: ‘ വിജ്ഞാനത്തേക്കാള്‍ പ്രതാപമുള്ള ഒന്നുമില്ല. രാജാക്കന്മാര്‍ ജനങ്ങളെ ഭരിക്കുന്നു. രാജാക്കന്മാരെ ഭരിക്കുന്നത് പണ്ഡിതന്മാരാണ്’.

ഇബ്‌നു മുബാറക്കിനോട് ചോദിച്ചു: ആരാണ് ജനങ്ങള്‍? പണ്ഡിതന്മാരെന്ന്  അദ്ദേഹം പ്രതികരിച്ചു. ആരാണ് രാജാക്കന്മാര്‍? ഭൗതിക വിരക്തന്മാര്‍-,. ആരാണ് നീചര്‍? ദീനിനെ വിറ്റ് ദുനിയാവ് നേടുന്നവര്‍! മനുഷ്യരെ ഇതരജീവികളില്‍ നിന്നും സവിശേഷമാക്കുന്നത് ബുദ്ധികൊണ്ടാണ്. അത് പ്രകടമാകുന്നത് വിജ്ഞാനം കൊണ്ടും!

ഇബ്‌നു അബ്ബാസ്: ‘രാത്രി മുഴുവന്‍ ഇബാദത്തുകള്‍ക്കായി വിനിമയം ചെയ്യുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് രാത്രിയില്‍ അല്‍പനേരം വിജ്ഞാനം നേടുന്നതാണ്’.

ഹസന്‍(റ) പറഞ്ഞു: രക്തസാക്ഷിയുടെ രക്തത്തുള്ളികളേക്കാള്‍ പണ്ഡിതന്റെ മഷിത്തുള്ളികള്‍ക്കാണ് ഞാന്‍ പ്രാമുഖ്യം നല്‍കുന്നത്.

‘നാഥാ! ഇഹത്തിലും പരത്തിലും ഞങ്ങള്‍ക്ക് നന്മ നല്‍കേണമേ’ എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ അദ്ദേഹം ഇപ്രകാരം വിവരിച്ചു. ഐഹിക ജീവിതത്തിലെ നന്മ കൊണ്ട് വിജ്ഞാനവും ഇബാദതുമാണ് ഉദ്ദേശിക്കുന്നത്. പരലോകത്തെ നന്മ സ്വര്‍ഗപ്രവേശനമാണ്.

അഹ്മദ് ബിന്‍ ഹമ്പല്‍ പറഞ്ഞു: ഭക്ഷണ-പാനീയങ്ങളേക്കാള്‍ ജനങ്ങള്‍ക്ക് ആവശ്യമായിട്ടുള്ളത വിജ്ഞാനമാണ്. കാരണം ദിനേന ഒന്നോ രണ്ടോ സന്ദര്‍ഭത്തിലാണ് ഭക്ഷണം ആവശ്യമുള്ളത്. എന്നാല്‍ ഒരോ സ്പന്ദനത്തിലും മനുഷ്യന് വിജ്ഞാനം ആവശ്യമാണ്.

പൂര്‍വീക പണ്ഡിതരില്‍ ചിലര്‍ ഇപ്രകാരം രേഖപ്പെടുത്തി: ‘ഐഹിക വിജയം നേടാന്‍ ആഗ്രഹിക്കുന്നവന് വിജ്ഞാനം അനിവാര്യമാണ്. പാരത്രികവിജയത്തിനും വിജ്ഞാനം അത്യാവശ്യമാണ്. ഇഹപര വിജയത്തിനും നിദാനം വിജ്ഞാനം തന്നെ.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles