Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ വായനക്കാരോട്

ഖുര്‍ആന്‍ ബനൂ ഇസ്രാഈല്‍ ജനതയെ വിമര്‍ശിച്ചിട്ടുണ്ട്. നിശിതമായ വിമര്‍ശനം. വിശുദ്ധ റമദാനിൽ ആദ്യംമുതൽ അവസാനം വരെ ഖുർആൻ വായിക്കുമെന്ന് തീരുമാനിച്ചവരായിരിക്കും നമ്മിൽ അതികപേരും. ഖുർആനിൻെറ പേജുകളിലൂടെ കടന്ന്പോകുമ്പേൾ ബനൂ ഇസ്രാഈല്‍സമൂഹത്തെ പരാമർശിക്കുന്ന ഭാഗങ്ങൾ ഒന്ന് ശാന്തമായി വായിക്കുക. അവരെ കുറിച്ച് ഖുർആൻ വിമർശിച്ച കാര്യങ്ങൾ ഖുർആൻ വായിക്കുന്ന നമ്മെകുറിച്ചുമല്ലെ എന്ന് ചിന്തിക്കുക.

ജൂത ക്രൈസ്തവ വിമര്‍ശനം എന്ന മാനസികാവസ്ഥയില്‍ അല്ല അത്തരം വചനങ്ങൾ നാം വായിക്കേണ്ടത്. നമ്മുടെ പോരായ്മകൾ നികത്തുവാനുള്ള ആഭ്യന്തര വിമർശനമായി അത്തരം വചനങ്ങളെ കാണണം.

എന്താണ് അഹ്‌ലുല്‍ കിതാബിനെ കുറിച്ച് പറഞത്? അഹ്‌ലുല്‍ കിതാബിനെക്കുറിച്ച മുഴുവന്‍ ഖുര്‍ആന്‍ വിമര്‍ശനങ്ങളും സമുദായത്തില്‍ ഇന്ന് നമുക്ക് കാണാവുന്നതേയുള്ളൂ.

1) അല്ലാഹുവിൻെറ വചനങ്ങൾ അവര്‍ തുഛ വിലയ്ക്ക് കച്ചവടം ചെയ്യുന്നു.  അവര്‍ തുച്ഛവിലയ്ക്ക് അല്ലാഹുവിന്റെ വചനങ്ങളെ വിറ്റു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുകയും ചെയ്തു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ. (Sura 9 : Aya 9)

ഭൗതിക ലാഭത്തിന് വേണ്ടി ഖുർആനിക വചനങളെ വളച്ചോടിക്കുകയും, ദുർവ്യാഖ്യാനം ചെയ്യുകയും അതിൻെറ അടിസ്ഥാനത്തിൽ പുത്തൻ ആചാരങ്ങളും സമ്പ്രദായവും നടപ്പിലാക്കി പാമരജനത്തെ വഞ്ചിക്കുന്നു. വേദത്തിൻെറ അടിസ്ഥാനങൾ പഠിപ്പിക്കുന്നതിന് പകരം വേദക്കാരിലെ പണ്ഡിത പുരോഹിതർ ചെയ്ത ത്പോലെ ഐതീഹ്യങ്ങളും ഊഹങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ജാഹിലിയ്യത്തുകളും ദീനായി കരുതിപോരുന്നു.

Also read: റമദാനില്‍ അനുഷ്ടിക്കുവാന്‍ പത്ത് പുണ്യകര്‍മ്മങ്ങള്‍

അവരില്‍ ചിലര്‍ നിരക്ഷരരാണ്. വേദഗ്രന്ഥമൊന്നും അവര്‍ക്കറിയില്ല; ചില വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നതല്ലാതെ. ഊഹിച്ചെടുക്കുക മാത്രമാണവര്‍ ചെയ്യുന്നത്. (Sura 2 : Aya 78)

വേദം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പകരം വ്യാമേഹങ്ങൾക്കും കെട്ടുകഥകൾക്കും പിന്നലെ പായുന്ന ജനതയായി അവർ മാറി. നിലവിലെ മുസ്ലിം സമുദായവും പല വിഷയങളിലും വേദക്കാരെപോലെ ആയിട്ടില്ലേയെന്ന ആഭ്യന്തര വിമർശനത്തിന് നാം തയ്യാറാവണം. ഈ റമദാനിലെ ഖുർആൻ വായന ഇത്തരം തിരിച്ചറിവുകൾ നമുക്ക് പകരേണ്ടതുണ്ട്.

2) സത്യവും അസത്യവും അവര്‍ കൂട്ടിക്കുഴക്കുന്നു. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കരുത്. നിങ്ങള്‍ അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കരുത്. (Sura 2 : Aya 42)

3) വേദം പാരായണം ചെയ്യുകയും,നന്മ കല്‍പിക്കുകയും, സ്വയം മറന്നുപോവുകയും ചെയ്യുന്നു. നിങ്ങള്‍ ജനങ്ങളോട് നന്മ ചെയ്യാന്‍ കല്‍പിക്കുകയും സ്വന്തം കാര്യത്തിലത് മറക്കുകയുമാണോ?അതും വേദഗ്രന്ഥം ഓതിക്കൊണ്ടിരിക്കെ? നിങ്ങള്‍ ഒട്ടും ആലോചിക്കുന്നില്ലേ? (Sura 2 : Aya 44)

4)ഭൗതിക താല്‍പര്യത്തിനു വേണ്ടി ദൈവവചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ വില വാങ്ങാനാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു കൊടിയ ശിക്ഷയുണ്ട്! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം! (Sura 2 : Aya 79)

5)ശിര്‍ക്കന്‍ ആചാരങ്ങള്‍ നടപ്പാക്കുന്നു. പ്രവാചകൻ (സ) വേദക്കാരെക്കുറിച്ച് എത്ര ഗൗരവത്തിലാണ് സംസാരിച്ചത്. ‘അവരുടെ പ്രവാചകൻമാരുടെ ഖബറിടങൾ ആരാധനാലയങളാക്കിയതിനാൽ അല്ലാഹു അവരെ ശപിച്ചിരിക്കുന്നു ‘( സ്വഹീഹുൽബുഖാരി, കിത്താബുസ്വലാത്ത്)

Also read: നമസ്ക്കാരത്തിൽ നോക്കി ഓതാമോ?

പശുക്കുട്ടിയെ ആരാധ്യവസ്തുവാക്കിയ സംഭവം ഖുർആനും പരാമർശിക്കുന്നുണ്ടു. തൗഹീദ് ജീവിതത്തിൽ പുലർത്താൻ കൽപ്പിക്കപ്പട്ടവർ ശിർക്കിൻെറ വക്താക്കളായി മാറി. നിലവിലെ മുസ്ലിം സമുദായത്തിൽ വേദക്കാരുടെ ശിർക്കൻ രീതികളോട് സമാനമായ എത്രയോ കാര്യങൾ നമുക്ക് ഇന്ന് കാണാൻ കഴിയും. ഖുർആൻ നാവുകൊണ്ടല്ല ഹൃദയംകൊണ്ട് വായിക്കാൻ കഴിഞാൽ മാത്രം ഖുർആൻ നമ്മെ സ്വർഗത്തിലേക്ക് വഴിനടത്തും. ശിർക്കിൽ നിന്ന് നമ്മെ മോചിപ്പിക്കും.

6)എല്ലാ അനാചാരങ്ങള്‍ക്ക് ശേഷവും സ്വര്‍ഗം തങ്ങളുടെ സമുദായ സ്വത്താണെന്ന് വിശ്വസിക്കുന്നു. നിര്‍ണിതമായ ഏതാനും നാളുകളല്ലാതെ നരകത്തീ തങ്ങളെ തൊടില്ലെന്ന് വാദിച്ചതിനാലാണ് അവരങ്ങനെയായത്. അവര്‍ സ്വയം കെട്ടിച്ചമച്ച വാദങ്ങള്‍ അവരുടെ മതകാര്യത്തിലവരെ വഞ്ചിതരാക്കിയിരിക്കുന്നു. (Sura 3 : Aya 24)

ഞങ്ങൾ മാത്രമാണ് സ്വർഗ്ഗത്തിൽ, ബാക്കിയുള്ളവരെല്ലാം പിഴച്ചർ. ഈ ആറ് വിമർശനങ്ങളും മുസ്ലിം സമുദായം ആഭ്യന്തരവിമർശനമായി കരുതുകയും സ്വയം നന്നാവാൻ തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. അാല്ലത്ത പക്ഷം ഖുർആനിൻെറ ആളുകളും വേദക്കാരപ്പോലെ അല്ലാഹുവിനാൽ ശപിക്കപ്പെടും.ഖുർആനിൻെറ ഈ താക്കീത് ഒരിക്കൽക്കൂടി നാം വായിക്കേണ്ടിയിരിക്കുന്നു.

ഈ ഗ്രന്ഥത്തില്‍ അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ മറച്ചുപിടിക്കുകയും അതിനു തുച്ഛമായ വില വാങ്ങുകയും ചെയ്യുന്നവര്‍, തങ്ങളുടെ വയറുകളില്‍ തിന്നുനിറക്കുന്നത് നരകത്തീയല്ലാതൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവര്‍ക്കുള്ളത് വേദനയേറിയ ശിക്ഷയാണ്. (Sura 2 : Aya 174)

ഖുർആൻ വായിക്കുന്നവനും അല്ലാത്തവനും ജീവിത മൈതാനത്തിൽ ഒരുപോലെയാണങ്കിൽ എത്ര റമദാനുകളിൽ എത്ര ഖത്തമ് തീർത്തിട്ടെന്ത് കാര്യം. കർമ്മം ചോർന്നുപേകുന്ന ഹൃദയത്തിലേക്കിറങ്ങാത്ത വായനയല്ല നാം നടത്തേണ്ടത്.
കണ്ണും കാതും ഹൃദയവും തുറന്ന് വെച്ച് ഖുർആൻ വായിക്കുക.

Also read: ലോക്ഡൗൺ കാലത്തെ ഇഅ്തികാഫ്

അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ? (Sura 47 : Aya 24) ഹൃദയം തുറന്ന് വായിക്കാനാണ് അല്ലാഹുവിൻെറ കൽപ്പന.

അവര്‍ ഖുര്‍ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത ആരില്‍ നിന്നെങ്കിലുമായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു. (Sura 4 : Aya 82)

ഖുർആൻ ചിന്തിച്ച് വായിക്കണം. ചിന്താശൂന്യമായ, ജീവിതസ്പർശിയല്ലാത്ത വായനയെകുറിച്ചല്ല ഖുർആൻ സംസാരിച്ചത്. ഈ റമദാൻ നമുക്ക് നമ്മെതന്നെ മാറ്റിപണിയാനുള്ളതാണ്. ഖുർആൻ അതിനുള്ളതാണ്. മാറും എന്ന് സ്വയം തീരുമാനിക്കുക. നമ്മെമാറ്റാൻ നമുക്കേ കഴിയൂ.  അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ. (Sura 13 : Aya 11).

പ്രവാചകൻ (സ) ഖുർആൻ പഠനത്തെ കുറിച്ച് പറഞത്,  ‘നിങ്ങളില്‍ ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ്.’(ബുഖാരി)
‘ഖൈറുകും’ എന്നാല്‍ നിങ്ങളില്‍ ഏറ്റം ഉത്തമര്‍ എന്നര്‍ഥത്തോടൊപ്പം തന്നെ നിങ്ങളുടെ നന്മ എന്ന ആശയത്തിലും വായിക്കാവുന്നതാണ്. ഖെെറിന് അറബിയിൽ നന്മ എന്ന അർത്ഥവും ഉണ്ടല്ലോ. ആ അർത്ഥത്തിൽ പരിഗണിച്ചാൽ മുസ് ലിംകളുടെ വിജയവും നന്മയും ഉയര്‍ച്ചയും എല്ലാം ഈ വിശുദ്ധ ഖുര്‍ആനുമായാണ് അല്ലെങ്കില്‍ അത് പഠിക്കുന്നതുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത് എന്നര്‍ഥം.

പ്രവാചകന്‍ തിരുദൂതര്‍ ഒരിക്കല്‍ പറഞ്ഞല്ലോ: തീര്‍ച്ചയായും ഖുര്‍ആന്റെ ആളുകളാണ് അല്ലാഹുവിന്റെ ആളുകളും അവന്റെ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരും. അതുകൊണ്ട് വിശ്വാസികളേ, നമ്മിലെത്ര പേരാണ് അല്ലാഹുവിന്റെ തെരഞ്ഞെടുക്കപ്പെട്ട ആളുകളാവന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഇപ്പോള്‍ തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. ഈ റമദാൻ അതിനുള്ളതാവട്ടെ.

Related Articles