Current Date

Search
Close this search box.
Search
Close this search box.

റമദാനില്‍ അനുഷ്ടിക്കുവാന്‍ പത്ത് പുണ്യകര്‍മ്മങ്ങള്‍

നമ്മളെല്ലാം പ്രതീക്ഷയോടെ കാത്തിരുന്ന പുണ്യ മാസം ഒരിക്കല്‍ കൂടി സമാഗതമായിരിക്കുകയാണ്. കോവിഡ് 19 ന്‍റെ ദാരുണമായ ദിനങ്ങളിലാണ് ഈ വര്‍ഷം റമദാന്‍ കടന്ന് വരുന്നത് എന്ന  പ്രത്യകേത കൂടി അതിനുണ്ടെങ്കിലും അതിലെ ഓരോ ധന്യ നിമിഷങ്ങളും സല്‍കര്‍മ്മങ്ങള്‍ ചെയ്ത് നാം സജീവമാകേണ്ട അപൂര്‍വ്വ സന്ദര്‍ഭമാണിത്. കാരണം വലിയ പുണ്യം ആര്‍ജ്ജിക്കാനുള്ള അവസരം പാഴാക്കുന്നത് ബുദ്ധിപൂര്‍വ്വമല്ലല്ലോ ? റമദാനിലെ ഈ സുദിനങ്ങളില്‍ നിര്‍വ്വഹിക്കേണ്ട ആരാധനകള്‍ എന്താണ്? കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സാമൂഹ്യ സമ്പര്‍ക്കത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കെ, എങ്ങനെയാണ് അത് നിര്‍വ്വഹിക്കേണ്ടത്? റമദാനില്‍ അനുഷ്ടിക്കേണ്ട സുപ്രധാനമായ പത്ത് പുണ്യകര്‍മ്മങ്ങളാണ് ചുവടെ:

1. നിയ്യത്ത്
ഇസ്ലാമിലെ ഏതൊരു കര്‍മ്മവും അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുന്നത് അവയുടെ ഉദ്ദശേങ്ങള്‍ക്കനുസരിച്ചാണ്. നിഷ്കളങ്കമായ ഉദ്ദശേത്തോടെയായിരിക്കണം ഏതൊരു ആരാധനയും നാം നിര്‍വ്വഹിക്കേണ്ടതെന്ന് ചെറുപ്പം മുതലേ നമ്മെ പഠിപ്പിച്ച കാര്യമാണ്. റമദാനിലെ നോമ്പ് അനുഷ്ടിക്കുന്നതിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‍റെ പ്രീതി മാത്രം കാംക്ഷിച്ച്കൊണ്ട്,റമദാന്‍ മാസം മുഴുവന്‍ വൃതമനുഷ്ടിക്കാന്‍ ഉദ്ദശേിക്കുന്നുവെന്ന് തുടക്കത്തില്‍ തന്നെ നിയ്യത്ത് വെക്കുന്നതും പിന്നീട് എല്ലാ ദിവസവും അത് ബോധപൂര്‍വ്വം സുബഹിക്ക് മുമ്പായി ഉറപ്പിക്കേണ്ടതുമാണ്.

Also read: കൊറോണ കാലത്തെ നോമ്പും തറാവീഹ് നമസ്കാരവും

2. വൃതാനുഷ്ടാനം
റമദാനിലെ ഏറ്റവും സുപ്രധാന കര്‍മ്മം പ്രഭാതം മുതല്‍ പ്രദോഷം വരേയുള്ള വൃതാനുഷ്ടാനം തന്നെയാണ്. സൗം എന്ന അറബി വക്കിന്‍റെ അര്‍ത്ഥം വര്‍ജ്ജിക്കുക എന്നാണ്. അന്ന പാനീയങ്ങളും ലൈംഗികമായ ബന്ധങ്ങളും അനാവശ്യ സംസാരങ്ങളും വര്‍ജ്ജിക്കലാണ് അത്കൊണ്ട് ഉദ്ദശേിക്കുന്നത്. ഇസ്ലാമിന്‍റെ പഞ്ച സ്തംഭങ്ങളില്‍ നാലാമത്തേതാണത്. ഖുര്‍ആന്‍ കല്‍പിക്കുന്നു: “വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലത്തെന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.” 2:183

അബൂഹുറൈറയില്‍ നിന്ന് ഉദ്ദരിക്കുന്ന ഒരു നബി വചനം ഇങ്ങനെ: ഈമാനോടും പ്രതഫലേഛയോടും കൂടി ആര്‍ റമദാന്‍ മാസത്തില്‍ വൃതം അനുഷ്ടിക്കുന്നുവൊ അയാളുടെ കഴിഞ്ഞ കാല പാപങ്ങളെല്ലാം പൊറുത്ത് കൊടുക്കുന്നതാണ്.

3. ഖുര്‍ആന്‍ പാരായണം
മാനവരാശിക്ക് സന്മാര്‍ഗ്ഗ ദായകമായി ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. നോമ്പും ഖുര്‍ആനും അന്ത്യദിനത്തില്‍ നമുക്ക് ശുപാര്‍ശകരായി വരുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. റമദാന്‍ മാസത്തില്‍ അനുഷ്ടിക്കേണ്ട ഏറ്റവും പുണ്യകരമായ രണ്ടാമത്തെ കര്‍മ്മമാണ് ഖുര്‍ആന്‍ പാരായണം. ഖുര്‍ആന്‍ അവതരിച്ചതിനുള്ള നന്ദി സൂചകമായിട്ടാണ് വൃതാനുഷ്ടാനം നിര്‍ബന്ധമാക്കീട്ടുള്ളത്. അബ്ദുല്ല ഇബ്ന് മസ്ഊദില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു നബി വചനം ഇങ്ങനെ: ആരെങ്കിലും അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്ന് ഒരു അക്ഷരം ഉച്ചരിച്ചാല്‍ അതൊരു സല്‍കര്‍മ്മമായി രേഖപ്പെടുത്തും. ഓരോ സല്‍കര്‍മ്മത്തിനും പത്തിരട്ടി പ്രതിഫലം ലഭിക്കും. അലിഫ് ലാമീം എന്നത് ഒരു വാക്കാണെന്ന് ഞാന്‍ പറയില്ല. അലിഫ് ഒരു അക്ഷരം, ലാം മറ്റൊരു അക്ഷരം, മീം മറ്റൊരു അക്ഷരം.

ഖുര്‍ആന്‍ പാരായണത്തിന്‍റെ പ്രധാന്യം ബോധ്യപ്പെടുത്തുന്ന മറ്റൊരു നബി വചനം ഇങ്ങനെ: ഒരു കൂട്ടം ആളുകള്‍ അല്ലാഹുവിന്‍റെ ഭവനങ്ങളിലൊന്നില്‍ ഒരുമിച്ച് കൂടുകയും അല്ലാഹുവിന്‍റെ ഗ്രന്ഥം പരായണം ചെയ്യകയും പഠിക്കുകയും ചെയ്താല്‍, അവര്‍ക്ക് സമാധാനം ലഭിക്കുന്നതാണ്. കാരുണ്യം അവരെ വലയം ചെയ്യന്നു. മാലഖമാര്‍ അവര്‍ക്ക് ചുറ്റും ഒരുമിച്ച് കൂടുന്നു. അല്ലാഹു അവന്‍റെ കൂടെയുള്ളവരോടൊപ്പം അവരെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്യന്നു.

Also read: അവിവാഹിതരുടെ ചെവിയിലൊരു മന്ത്രം!

4. അല്ലാഹുവിനെ കുറിച്ച സ്മരണ
അബുദര്‍ദ (റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ്: നബി പറഞ്ഞു:നിന്‍റെ രക്ഷിതാവിന്‍റെ കാഴ്ചയില്‍ ഏറ്റവും പരിശുദ്ധമായ, നിങ്ങളുടെ പദവിയെ ഉന്നതിയിലേക്കുയര്‍ത്തുന്ന, ഏറ്റവും നല്ല പ്രവര്‍ത്തനത്തെ കുറിച്ച് ഞാന്‍ പറഞ്ഞ് തരട്ടെയൊ? നിങ്ങളുടെ ശത്രുവിനെ കണ്ട്മുട്ടുന്നതിനെക്കാളും അവരുടെ കഴുത്തിന് നിങ്ങള്‍ പ്രഹരമേല്‍പ്പില്‍ക്കുന്നതിനെക്കാളും അവര്‍ നിങ്ങളുടെ കഴുത്തിന് പ്രഹരമേല്‍പ്പിക്കുന്നതിനെക്കാളും ഉത്തമമാണത്. അവര്‍ പ്രതിവചിച്ചു: തീര്‍ച്ചയായും. അല്ലാഹുവിനെ കുറിച്ച സ്മരണയത്രെ അത്. വൃതമനുഷ്ടിച്ച് വയര്‍ വിശന്നിരിക്കെ മറ്റു ദുര്‍വിചാരങ്ങളൊന്നും നമ്മെ കീഴ്പ്പെടുത്താതെ സൂക്ഷിക്കുന്നത് ഈ മഹത്തായ പ്രതിഫലത്തിന് അര്‍ഹനായിത്തീരും.

5. ദാനധര്‍മ്മം ചെയ്യക
മുകളില്‍ പറഞ്ഞ നാല് കാര്യങ്ങളില്‍ നിന്നും പ്രചോതിദനായി ചെയ്യണ്ട റമദാനിലെ മറ്റൊരു സുപ്രധാന കര്‍മ്മമാണ് ദാനധര്‍മ്മം. ഖുര്‍ആന്‍ ഇങ്ങനെ കല്‍പിക്കുന്നു: വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കു നല്‍കിയതില്‍നിന്ന് ചെലവഴിക്കുക. കൊള്ളക്കോടുക്കയോ സൗഹൃദമോ ശിപാര്‍ശയോ ഒന്നും നടക്കാത്ത നാള്‍ വന്നത്തെും മുമ്പെ. സത്യനിഷേധികള്‍ തന്നെയാണ് അക്രമികള്‍. 2:254 കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും നമ്മുടെ സഹോദരന്മാരെ രക്ഷപ്പെടുത്താനുള്ള മാര്‍ഗ്ഗമാണ് ദാനധര്‍മ്മം. സകാത്തായും സദഖയായും അല്ലാഹുവിനുള്ള ഉത്തമ കടമായും അവന്‍റെ മാര്‍ഗ്ഗത്തിലുള്ള ചിലവഴിക്കലുമായും ദാനധര്‍മ്മം ചെയ്യവുന്നതാണ്. അനാഥ സംരക്ഷണം, അഗതി പരിപാലനം, സാധു കുടുംബ സംരക്ഷണം തുടങ്ങി നിരവധി നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ദാനധര്‍മ്മം ചെയ്യക. കാരണം നബി ഏറ്റവും ഉദാരനായിരുന്നത് റമദാനിലായിരുന്നു. ആ മാതൃക നാമൂം പിന്തുടരുക.

Also read: വൈറസിനും ഹിന്ദുത്വ വയലൻസിനും ഇടയിലെ ഇന്ത്യൻ മുസ്ലിം ജീവിതം

6. ഐഛിക നമസ്കാരങ്ങള്‍
ഉമ്മു ഹബീബ (റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ്: ഏതൊരു മുസ്ലിമും അല്ലാഹവിന് വേണ്ടി എല്ലാ ദിവസവും അനൈഛിക നമസ്കാരങ്ങള്‍ക്ക് പുറമെ പന്ത്രണ്ട് റകഅത് നമസ്കരിച്ചാല്‍ അല്ലാഹു അവന് സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം നിര്‍മ്മിക്കുന്നതായിരിക്കും. മറ്റൊരു നബി വചനം ഇങ്ങനെ: വിശ്വാസത്തോടും പ്രതഫലേഛയോടും കൂടി റമദാന്‍ മാസത്തില്‍ രാത്രിയില്‍ നിന്ന് നമസ്കരിച്ചാല്‍ അയാളുടെ പൂര്‍വ്വകാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അല്ലാഹുവുമായുള്ള സംഭാഷണമാണ് നമസ്കാരം. നബി (സ) ക്ക് ഏറ്റവും ആശ്വാസം നല്‍കിയിരുന്ന ആരാധനയും നമസ്കാരമായിരുന്നു. ഇപ്പോള്‍ പള്ളിയില്‍ നമസ്കരിക്കാന്‍ വിലക്കുള്ളതിനാല്‍ കുടുംബാംഗങ്ങളെ പങ്കടെുപ്പിച്ച് കൊണ്ട് വീട്ടില്‍ നിന്ന് തന്നെ തറാവീഹ് ഉള്‍പ്പടെയുള്ള നമസ്കാരങ്ങള്‍ സംഘടിതമായി നിര്‍വ്വഹിക്കുന്നതാണ് ഉത്തമം.

7. പ്രാര്‍ത്ഥന
ഇസ്ലാമിലെ ആരാധനകളുടെ മജ്ജ പ്രാര്‍ത്ഥനയാണ്. ഖുര്‍ആനില്‍ വൃതാനുഷ്ടാനത്തെ പറഞ്ഞ ശേഷം വിശ്വാസികളോട് അല്ലാഹു ആവശ്യപ്പെടുന്ന കാര്യം പ്രാര്‍ത്ഥനയാണ്. “എന്‍റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്‍റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്‍റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം. 2:186

റമദാനിന്‍റെ വിശിഷ്ട ദിനങ്ങളില്‍ ചെയ്യവാനുള്ള ഏറ്റവും സുപ്രധാനമായ മറ്റൊരു കര്‍മ്മമാണ് ദുആ അഥവാ ഉള്ളുരുകിയ പ്രാര്‍ത്ഥന. നോമ്പ് തുറക്കുമ്പോാഴുള്ള പ്രാര്‍ത്ഥന അതില്‍ ഏറ്റവും ശ്രേഷ്ടതയുള്ളതാണ്. നബി (സ) പറഞ്ഞു: നോമ്പുകാരന്‍റെ പ്രാര്‍ത്ഥന നിരസിക്കപ്പെടുന്നതല്ല. ബൈഹഖി. ആദ്യ പത്ത് കാരുണ്യത്തിന് വേണ്ടിയും രണ്ടാമത്തെ പത്തില്‍ പാപമോചനത്തിന് വേണ്ടിയും അവസാന പത്തില്‍ നരഗ മോചനത്തിന് വേണ്ടിയും പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ പ്രത്യകേം പ്രാര്‍ത്ഥിക്കുക.

8. നോമ്പ് തുറപ്പിക്കുക
സാമൂഹ്യ സമ്പര്‍ക്കത്തിന് വിലക്കുള്ളതിനാല്‍ വീടുകളില്‍ നിന്നുള്ള നോമ്പ് തുറപ്പിക്കല്‍ ഉപേക്ഷിക്കാമെങ്കിലും കോവിഡ് 19 ന്‍റെ ദുരിതത്തിലകപ്പെട്ട നമ്മുടെ സഹോദരീ സഹോദരന്മാരുടെ നോമ്പുതുറ സംരംഭങ്ങളിലേക്ക് കഴിവുള്ളവര്‍ ഉദാരമായി സംഭാവന ചെയ്യണ്ട നാളുകളാണിത്. ഉത്തരേന്ത്യയിലും കേരളത്തിലും അതിന് നിരവധി അവസരങ്ങള്‍ നമുക്ക് ലഭ്യമാണ്. മനുഷ്യര്‍ക്കിടയില്‍ സേനഹവും സൗഹൃദവും വളര്‍ത്തുകയാണ് നോമ്പ് കൊണ്ട് ഉദ്ദശേിക്കുന്ന ഒരു ലക്ഷ്യം. നബി (സ) പറഞ്ഞു: ആരെങ്കിലും നോമ്പ് തുറപ്പിച്ചാല്‍ അയാള്‍ക്കും നോമ്പ് നോറ്റ ആളുടെ പ്രതിഫലം ലഭിക്കുന്നതാണ്. നോമ്പ് നോറ്റ ആള്‍ക്ക് ഒട്ടും കുറയാതെ തന്നെ.

Also read: നോമ്പിന്‍റെ ഫിദ്‌യ

9. അത്താഴം കഴിക്കലും നോമ്പ് മുറിക്കലും
ശരീരത്തെ പീഡിപ്പിക്കുകയും വെല്ല്വിളിക്കുകയും ചെയ്യന്നതില്‍ ആത്മഹര്‍ഷം കൊള്ളുന്ന ചിലരെ കാണാം. പക്ഷെ അതൊന്നും ഇസ്ലാമികമല്ളെന്ന് ഉണര്‍ത്തുകയാണ് പ്രവാചകന്‍്റെ ഈ വചനം. അനസ് (റ) നിവേദനം: നബി (സ) അരുളി: നിങ്ങള്‍ അത്താഴം കഴിച്ചു കൊള്ളുക. തീര്‍ച്ചയായും അത്താഴത്തില്‍ ബര്‍ക്കത്തുണ്ട്. (ബുഖാരി 4120).
അബൂഹുറൈറ (റ) നിവേദനം: നബി (സ) അരുളി: അല്ലാഹു പറയുന്നൂ: എന്‍റെ ദാസന്മാരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ അവരില്‍ നോമ്പ് മുറിക്കാന്‍ ധൃതി കാണിക്കുന്നവരാണ്.

10. ഉത്തമ സ്വഭാവം സ്വീകരിക്കുക
നമ്മുടെ സ്വഭാവ രൂപീകരണത്തിനുള്ള ഏറ്റവും നല്ല പാഠശാലയാണ് റമദാന്‍. ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന വളരെ ക്ളേഷകരമായ ഒരു ആരാധനയാണ് വൃതാനുഷ്ടാനം. ഉത്തമ സ്വഭാവത്തിന് ഉടമകളായിത്തീരുകയാണ് അതിന്‍റെ മറ്റൊരു സുപ്രധാന ലക്ഷ്യം. അബൂഹുറൈറ (റ) നിവേദനം: നബി (സ) അരുളി: വല്ല നോമ്പുകാരനും തെറ്റായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ളെങ്കില്‍ അവന്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു താല്‍പര്യവുമില്ല. സഹാനുഭൂതിയും സദ്സ്വഭാവവുമാണ് ഉപവാസത്തിന്‍റെ കാമ്പും കാതലുമെന്ന കാര്യം വിസ്മരിക്കരുത്.

മുകളില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ നിരവധി സല്‍കര്‍മ്മങ്ങള്‍ കൊണ്ട് റമദാന്‍ ദിനങ്ങള്‍ പുണ്യകരമാക്കുക. ഇത്രയും ദുരിതപൂര്‍ണ്ണമായ ഒരു റമദാന്‍ കാലം നമ്മുടെ തലമുറയില്‍ അനുഭവിച്ചവര്‍ വളരെ വിരളമായിരിക്കും. അത്കൊണ്ട് തന്നെ റമദാനിന്‍റെ ദിനരാത്രങ്ങളെ അതിന്‍റെ പൂര്‍ണ്ണ ചൈതന്യത്തോടെ സ്വീകരിക്കുവാനും മാനവരാശിയെ കീഴ്പ്പെടുത്തിയ ഈ മഹാമാരിയില്‍ നിന്ന് രക്ഷനേടാനും സര്‍വ്വശക്തനായ നാഥനോട് നിരന്തരമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക.

Related Articles