Jumu'a Khutba

ഇനി ഉറക്കത്തിന്റെയല്ല; നമസ്കാരത്തിന്റെ രാത്രികൾ

രോഗ ശയ്യയിൽ കിടന്ന് മരിച്ച ഷെഹീദ് അഥവാ രക്ത സാക്ഷി എന്നറിയപ്പെട്ട ധീരനായ പോരാളിയായിരുന്നു ഷെഹീദ്‌ നൂറുദ്ധീൻ സങ്കി. അദ്ദേഹത്തിന്റെ പേര് കേട്ടാൽ കുരിശു സൈനികരുടെ മുട്ട് വിറക്കുമായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പ്രശസ്‌ത മുസ്ലിം ചരിത്രകാരൻ ഇബ്നുൽ അസീർ പറയുന്നു: ഇസ്ലാമിന് മുൻപും ശേഷവുമുള്ള എല്ലാ ഭരനാധികാരികളെയും കുറിച്ചു ഞാൻ പഠിച്ചിട്ടുണ്ട്. ഉമർ ബിൻ ഖത്വാബ് (റ) ക്കും ഉമർ ബിൻ അബ്ദുൽ അസീസ്(റ) ക്കും ശേഷം നൂറുദ്ധീൻ സങ്കിയെ പോലെ നീതിമാനായ മറ്റൊരു ഭരണാധികാരിയെയും ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന് ഒരു സ്വപ്നം ഉണ്ടായിരുന്നു. ക്രൈസ്തവ അധീനതയിലുള്ള മുഴവൻ മുസ്ലിം ദേശങ്ങളും മോചിപ്പിക്കുകയും മസ്ജിദുൽ അഖ്‌സയെ വീണ്ടെടുക്കുകയും ചെയ്യുക. ഒരു കാലം വരും അന്ന് മുസ്ലിംകൾ ക്രൈസ്തവർക്ക് മേൽ വിജയം നേടും എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കാലങ്ങൾ കഴിഞ്ഞു.അദ്ദേഹത്തിന്റെ ശിഷ്യൻ ആയിരുന്ന സ്വലാഹുദ്ധീൻ അയ്യൂബി ഹിത്വീൻ യുദ്ധത്തിൽ ക്രൈസ്തവരെ തോല്പിക്കുകയും മസ്ജിദുൽ അഖ്‌സയെ വീണ്ടെടുക്കുകയും ചെയ്തു. ശേഷം മസ്ജിദുൽ അഖ്‌സയുടെ മിഹ്റാബ് അലങ്കരിക്കുന്നതിന് വേണ്ടി അദ്ദേഹം മിമ്പർ കൊണ്ടുവന്നത് ദമസ്കസിൽ നിന്നായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പിൽകാലത്ത് അത് ‘മിമ്പർ സ്വലാഹുദ്ധീൻ’ എന്നറിയപ്പെട്ടു. എന്നാൽ അത് അദ്ദേഹം നിർമിച്ചതായിരുന്നില്ല.1168ൽ അഥവാ ഹിത്വീന് യുദ്ധം നടക്കുന്നതിന് 20 വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ ഉസ്താദായ നൂറുദ്ധീൻ സങ്കി ബാഗ്ദാദിലെയും ദമസ്കസിലെയും ഹലബിലെയും പ്രശസ്ത മരപ്പണിക്കാരുടെ നേതൃത്വത്തിൽ നിര്മിച്ചെടുത്ത മിമ്പർ ആണത്. മസ്ജിദുൽ അഖ്‌സ മോചിപ്പിക്കുമ്പോൾ ഈ മിമ്പർ കൊണ്ട് അഖ്‌സയെ അലങ്കരിക്കണം എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു എന്ന് ചരിത്രം സാക്ഷി.
അദ്ദേഹത്തിന്റെ ജിഹാദി ആവേശം വ്യക്തമാക്കുന്നതിന് അദ്ദേഹത്തിന്റെ കാലത്തു തന്നെ ധാരാളം തെളിവുകൾ കാണാൻ സാധിക്കും.

അദ്ദേഹത്തെ കുറിച്ച് കുരിശു സൈനികർ പറയുന്ന ഒരു വാക്ക് ഉണ്ട്. അതിനാണ് ഇവിടെ പ്രസക്തി കൂടുതൽ. അവർ പറയുമായിരുന്നു: “നൂറുദ്ധീൻ സങ്കി നമുക്കെതിരിൽ യുദ്ധങ്ങൾ വിജയിക്കുന്നത് അദ്ദേഹത്തിന്റെ കരുത്തു കൊണ്ടോ അദ്ദേഹത്തിന്റെ സൈന്യത്തിന്റെ ബാഹുല്യം കൊണ്ടോ അല്ല. മറിച്ചു അദ്ദേഹം നടത്തുന്ന നമസ്കാരങ്ങളും പ്രാർത്ഥനകളും ആണ് അദ്ദേഹത്തെ വിജയിപ്പിക്കുന്നത്. അദ്ദേഹത്തിന് ദൈവവുമായി രഹസ്യ ഇടപാടുകൾ ഉണ്ട്. അദ്ദേഹം രാത്രി കാലങ്ങളിൽ എഴുന്നേറ്റ് നിന്ന് നമസ്കരിക്കുകയും ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യും.അദ്ദേഹത്തിന്റെ പ്രാർത്ഥന കേട്ടാൽ ദൈവം തള്ളികളയുകയില്ല.അതിനാലാണ് അദ്ദേഹം നമുക്കെതിരെയുള്ള യുദ്ധങ്ങളിൽ വിജയം നേടുന്നത്”. ഇസ്‌ലാമിലെ വിപ്ലവങ്ങളുടെ ചരിത്രം വിജയ പരമ്പര്യങ്ങളുടെ ചരിത്രം അത് നമസ്കാരത്തിന്റെയും പ്രാര്ഥനയുടേയും ചരിതമാണെന്ന് നമ്മെ പഠിപ്പിച്ചു തരുന്നുണ്ട്. നമസ്കാരത്തിനും ജിഹാദിനുമിടയിൽ ഒരു പാരസ്പര്യം ഉണ്ട്. ആ പാരസ്പര്യം ബദറിലും തബൂക്കിലും ഖന്തക്കിലും കാണുവാൻ സാധിക്കും.

Also read: പള്ളിയില്‍ കിടന്നുറങ്ങാമോ?

അലി (റ) പറയുന്നു: ബദറിലേക്ക് പുറപ്പെട്ടു പോകുന്ന വേളയിൽ ഞങ്ങളോടൊപ്പം കുതിര പുറത്തു സഞ്ചരിച്ചിരുന്നത് മിഖ് ദാദ് (റ) മാത്രമായിരുന്നു. സൈനിക ബലം കൊണ്ട് അത്രക്കും മോശമായിരുന്നു ഞങ്ങളുടെ അവസ്ഥ. ബദർ യുദ്ധത്തിന്റെ രാത്രിയിൽ ഞങ്ങൾ എല്ലാവരും ഉറങ്ങാൻ കിടന്നു. എന്നാൽ റസൂൽ (സ) മാത്രം ഉറങ്ങിയില്ല. അവിടുന്ന് ആ രാത്രി മുഴുവൻ നമസ്കാരത്തിലും പ്രാർത്ഥനയിലും കഴിഞ്ഞു കൂടി. അന്നേ രാത്രി നല്ല രീതിയിൽ മഴപെയ്തു. സ്വഹാബാക്കളിൽ പലരും മരത്തിന്റെ ചുവട്ടിലും തങ്ങളുടെ പരിച്ച കൊണ്ടും മഴയെ പ്രതിരോധിച്ചു. എന്നാൽ റസൂൽ (സ) മാത്രം ആ പേമാരിയിലും അനങ്ങിയില്ല. മഴ വകവെക്കാതെ അദ്ദേഹം പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു എന്ന് അലി (റ) ഉദ്ധരിക്കുന്നു.

അബ്ദുല്ലഹിബ്നു മസൂദ് (റ) പറയുന്നു: ഒരു മനുഷ്യൻ തന്റെ യജമാനനോട് ആവര്‍ത്തിച്ചു ആവർത്തിച്ചു ആണയിട്ടു കൊണ്ട് പറയുന്നത് ഞാൻ കണ്ടിട്ടില്ല, ബദറിന്റെ രാത്രിയിൽ അല്ലാതെ. ആ സമയത്തു റസൂൽ (സ) തന്റെ യജമാനൻ ആയ അല്ലാഹുവിനോട് ആവർത്തിച്ചു ആവർത്തിച്ചു ആണയിട്ടു കൊണ്ട് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. പ്രാർത്ഥന വേളയിൽ അദേഹം തന്റെ കൈകൾ ആകാശത്തേക്ക് ഉയർത്തും അപ്പൊ പ്രവാചകന്റെ മേൽ വസ്ത്രം താഴെ പോകും. അപ്പോൾ അബൂബക്കർ (റ) അത് നേരെയിട്ടു കൊടുക്കും. ഇത് പല തവണ ആവർത്തിച്ചപ്പോൾ അബൂബക്കർ (റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ താങ്കൾക്ക് മതിയാക്കാം. താങ്കളുടെ പ്രാർത്ഥനക്ക് അല്ലാഹു മറുപടി നല്കുകതന്നെ ചെയ്യും. അപ്പോൾ വിശുദ്ധ ഖുർആൻ അവതരിച്ചു.

Also read: ഹിജാസ് റെയിൽവേ പദ്ധതിയും ബോസ്നിയൻ മുസ് ലിംകളും

إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ [الأنفال : 9] നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി. പ്രാർത്ഥനകളും നമസ്കാരങ്ങളും ശത്രുവിന്റെ കയ്യിൽ നിന്ന് വിജയം പിടിച്ചു വാങ്ങാനുള്ള ആയുധമാണെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു. ആദ്യകാലങ്ങളില്‍ അവതീർണ്ണമായ ഖുർആൻ വചനങ്ങൾ പരിശോധിക്കുമ്പോൾ കാണാൻ കഴിയും

{يَا أَيُّهَا الْمُزَّمِّلُ (1) قُمِ اللَّيْلَ إِلَّا قَلِيلًا (2) نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا (3)} [المزمل : 1-3] ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ,
രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുക. അതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക.

നിങ്ങൾക്ക് എത്രത്തോളം വിജയം ആണോ നേടേണ്ടത് അത്രത്തോളം നിങ്ങൾ നമസ്ക്കരിക്കുക. ഇവ അല്ലാഹുവിന്റെ വചനങ്ങൾ ആണ്. താങ്കളുടെ ജീവിതത്തിൽ ഇനിയും ധാരാളം പ്രതിസന്ധികൾ തരണം ചെയ്യേണ്ടിയിരിക്കുന്നു. ആയതു കൊണ്ട് താങ്കൾ ഉറക്കത്തിന്റെയും വിശ്രമത്തിന്റെയും അളവ് കുറക്കുക. നമസ്കാരങ്ങളും പ്രാർത്ഥനകളും ദീർഘിപ്പിക്കുക. ഈ വചനങ്ങൾ വിശ്വാസിയെ ഉറക്കത്തിൽ നിന്നും സമരമുന്നണിയിലേക്ക് നയിക്കുന്നതാണ് എന്നു മനസ്സിലാക്കാൻ സാധിക്കും.

രണ്ടു തരം മനുഷ്യർ ഉണ്ട്. ഒന്ന് സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവർ. അവർക്ക് എല്ലാം ഉണ്ട്. എന്നാൽ ഒന്നുമില്ലാത്തവനെ പോലെയാണ് ജീവിക്കുന്നത് ഇല്ലാത്തവനെ പോലെ മരണപ്പെടുകയും ചെയ്യും. രണ്ടാമത്തെ വിഭാഗം, മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാണ്. അവരാണ് വലിയവർ. അവർക്ക് ഉറക്കമുണ്ടായിരിക്കുകയില്ല. പട്ടു മെത്തകൾ ഉണ്ടായിരിക്കുകയില്ല. അതു കൊണ്ടാണ് ഈ വചനങ്ങൾ അവതരിച്ചപ്പോൾ നബി തിരുമേനി(സ) യുടെ പ്രിയ പത്നി ഖദീജ (റ)അവിടുന്നിനെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു. അപ്പോൾ റസൂൽ (സ) പറഞ്ഞു: ഉറക്കത്തിന്റെയും എംബക്കത്തിന്റെയും നാളുകൾ കഴിഞ്ഞു ഖദീജ എന്നു മറുപടി പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഈ ആയത്ത് അവതരിച്ചതിനു ശേഷം ഒരു വർഷക്കാലം നബി(സ) അവിടുന്നിന്റെ അനുയായികളും രാത്രികാലങ്ങളിൽ തങ്ങളുടെ കാലിൽ നീരു വന്നു വീർക്കുന്നത് വരെ നിന്ന് നമസ്കരിക്കാറുണ്ടായിരുന്നു എന്നു ഹദീസ് ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു.
വിശ്വാസി ഫിതന യുടെ കാലത്ത് ഉറങ്ങുകയല്ല വേണ്ടത് മറിച്ച് ജാഗരൂകനായി ഉണർന്നിരിക്കുകയാണ് വേണ്ടത്.

Also read: എന്ത് കൊണ്ടാണ് ചില ഇസ് ലാമിസ്റ്റുകള്‍ സയ്യിദ് ഖുതുബിനെ നിരാകരിക്കുന്നത് ?

പ്രമുഖ താബിഈ പണ്ഡിതനായ സുഫ്യാന് അസൗരി (റ) പറയുന്നു: ഒരു വിശ്വാസിയെ സംബന്ധിചിടത്തോളം ഏറ്റവും മോശമായ സമയം അവൻ കിടന്നുറങ്ങുന്ന സമയങ്ങൾ ആണ്.ഒരു തെമ്മാടിയെ സംബന്ധിച്ചിടത്തോളം അവന് ഏറ്റവും സുഖകരമായ സമയം അവൻ കിടന്നുറങ്ങുന്ന നിമിഷങ്ങൾ ആണ്. വിജയത്തിന്റെ അടിസ്ഥാനം നാഥനോടുള്ള പ്രാർത്ഥനയാണ്. അവന്റെ സഹായമാണ്. ഇതു തന്നെയാണ് കുരിശു സൈനികർ നൂറുദ്ധീൻ സങ്കിയെ കുറിച്ചും പറഞ്ഞത്. അതു കൊണ്ടാണ് മുസ്ലിം പോരാളികളെ കുറിച്ചു റോമൻ സൈന്യാധിപനായ മാഹാന്റെ മുന്നിൽ അദ്ദേഹം പറഞ്ഞയച്ച ഒരു ദൂതൻ ഒരു റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്. മുസ്ലിം പോരാളികളെ കുറിച്ചു അദ്ദേഹം ഒരു വാക്കിൽ വർണിക്കുന്നത് رهبان بالليل وفرسان بالنهار പുരോഹിതന്മാരെ പോലെ രാത്രിയിലും പടയാളികളെ പോലെ പകലിലും ജീവിക്കുന്നവരാണവർ എന്നാണ്.

മുസ്ലിം ഉമ്മത്തിന്റെ നിലവിലെ സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണ്. പൂർവ്വ സൂരികൾ ചെയ്തിരുന്നത് പോലെയല്ല ഇപ്പോൾ അവരുടെ ജീവിതം എന്നു മനസ്സിലാക്കാൻ സാധിക്കും. നാം നമ്മുടെ കരുത്തു വർധിപ്പിക്കേണ്ടിയിരിക്കുന്നു. വിശ്വാസിയുടെ കരുത്ത് വർധിക്കാനുള്ള മാർഗം ആരാധനകൾ ആണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. അഞ്ചു നേരം നമ്മുടെ പള്ളികളിൽ നിന്ന് കേൾക്കുന്ന ബാങ്കിൽ ഒരു വചനം ഉണ്ട്.
حي على الصلاة
حي على الفلاح
നിങ്ങൾ നമസ്കാരത്തിലേക്ക് കടന്നു വരിക
നിങ്ങൾ വിജയത്തിലേക്ക് കടന്നു വരിക.
വിശ്വാസിയുടെ നമസ്ക്കാരത്തിലേക്കുള്ള യാത്ര, വിജയത്തിലേക്കുള്ള യാത്രയാണെന്ന് അല്ലാഹു പഠിപ്പിക്കുന്നു. ജയം ഉറ്റുനോക്കുന്ന സമരങ്ങളിൽ വിജയത്തിന്റെ ആദ്യ പടി എന്നോണം നമസ്ക്കാരം മുറപോലെ നിർവഹിക്കുന്നവരാകുക. മറ്റൊന്ന് വിശുദ്ധ ഖുർആൻ പറയുന്നു:
وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ} [البقرة : 45] സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു.

Also read: പുരുഷ മനസ്സിലെ നാല് പെണ്ണുങ്ങള്‍

കുഴപ്പങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പൂർവ്വ സൂരികളുടെ പാഠശാലയിലേക്ക് തിരിച്ചു പോകേണ്ടിയിരിക്കുന്നു നാം. അവരുടെ പാഠശാല രാത്രി കാലങ്ങളിലെ നമസ്‌കാരവും പ്രാര്ഥനയുമായിരുന്നു എന്നു ചരിത്രം പറയുന്നുണ്ട്. നമസ്കാരത്തെയും ജിഹാദിനെയും ചേർത്തു നിർത്തുന്ന പാഠശാല. നൂറുദ്ധീൻ സങ്കിയെ കുറിച്ചു ഇമാം ഇബ്നു കസീർ (റ) പറയുന്നു: كان كثير الصلاة بالليل من وقت السحر إلى أن يركب രാത്രിയിൽ അദ്ദേഹം നമസ്കാരം തുടങ്ങും.പ്രഭാതത്തിൽ ജിഹാദിന് വേണ്ടി കുതിരപ്പുറത്തു കയറുന്നത് വരെ അദ്ദേഹം നമസ്കാരം തുടരുമായിരുന്നു.

والله يا مولانا السلطان لا تخاطر بنفسك فإنك لو قتلت قتل جميع من معك، واخذ البلاد وفسد حال المسلمين
أسقط يا قطب الدين فإن قولك إساءة ادب على الله، ومن كان يحفظ الدين والبلاد قبلي غير الذي لا إله إلا هو

ഒരിക്കൽ അദ്ദേഹത്തോട് ഖുതുബുദ്ധീൻ നൈസാബൂരി ചോദിച്ചു: അല്ലയോ സുൽത്താൻ.
താങ്കൾ സ്വയം അപകടങ്ങളിൽ ചാടരുത്. താങ്കൾ കൊല്ലപ്പെട്ടാൽ തങ്കളോടൊപ്പം ഉള്ളവരും കൊല്ലപ്പെടും. അങ്ങനെ നാട് പിടിച്ചെടുക്കപ്പെടുകയും മുസ്ലിങ്ങളുടെ അവസ്‌ഥ മോശമാകുകയും ചെയ്യും. എന്നാൽ അദ്ദേഹത്തിന്റെ മറുപടി: ഖുതുബുദ്ധീൻ താങ്കൾ മിണ്ടാതിരിക്കുക. അല്ലാഹുവിനോടുള്ള മര്യാദകേടാണ് താങ്കളുടെ വാക്കുകൾ.താങ്കൾ എന്താണ് എന്നെ കുറിച്ചു കരുതിയത്? എനിക്ക് മുൻപും എനിക്ക് ശേഷവും ഞാൻ ആയിരിക്കുകയില്ല ഈ നാടിനെ സംരക്ഷിക്കുക. എനിക്ക് മുൻപും ശേഷവും ഈ നാടിന് കാവൽ നിൽക്കുന്നത് അല്ലാഹു മാത്രമായിരിക്കും.സമര മുഖത്തുനിന്ന് ഈ നാടിനെ എപ്പോഴും സംരക്ഷിച്ചു നിർത്തുന്നത് അള്ളാഹു മാത്രമാണ്. ആ അല്ലാഹുവിന്റെ മുന്നിലാണ് പോരാളികൾ രാത്രി കാലങ്ങളിൽ സുജൂദ് ചെയ്യുന്നത്. അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ ശിഷ്യൻ സ്വലാഹുദ്ധീൻ അയ്യൂബി കടന്നു വന്നു. മുസ്ലിം നടുകളുടെ മേൽ ശത്രുക്കൾ ആധിപത്യം സ്ഥാപിച്ചു എന്ന് കേട്ടാൽ അദ്ദേഹം നേരെ മുസല്ലായിലേക്ക് തിരിയും. എന്നിട്ട് പടച്ചവനോട് കരഞ്ഞു പ്രാർത്ഥിക്കും

إلهي .. قد انقطعت أسبابي الأرضية في نصرة دينك ، ولم يبق إلا الإخلاد إليك ، والاعتصام بحبلك ، والاعتماد على فضلك ، أنت حسبي و نعم الوكيل .
നിന്റെ ദീനിനെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി എന്തെല്ലാം വഴിയുണ്ടോ ആ വഴികൾ എല്ലാം ഞാൻ അവലംബിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി നിന്റെ ഊഴമാണ്.ഞാൻ നിന്നിൽ അഭയം പ്രാപിച്ചിരിക്കുന്നു. എനിക്ക് തുണയായി നീ മാത്രം മതി എന്നായിരുന്നു സ്വലാഹുദ്ധീൻ അയ്യൂബി പ്രാർത്ഥിച്ചിരുന്നത്. രാത്രിയിൽ അല്ലാഹുവിന്റെ മുന്നിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സുജൂദിൽ വീഴുന്ന അദ്ദേഹത്തിന്റെ മറ്റൊരു മുഖം പകലിൽ നമുക്ക് കാണാം കഴിയും. പ്രഭാതമായൽ അദ്ദേഹം കുത്തിറപ്പുറത്തു കയറി വീട് വീടാന്തരം കയറിയിറങ്ങി ആളുകളെ ഇസ്ലാമിലേക്ക് പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.

Also read: മുസ്‌ലിം രാഷ്ട്രങ്ങള്‍ നിഖാബ് നിരോധിക്കുമ്പോള്‍!

عَنِ ابْنِ عَبَّاسٍ ، قَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ” عَيْنَانِ لَا تَمَسُّهُمَا النَّارُ : عَيْنٌ بَكَتْ مِنْ خَشْيَةِ اللَّهِ، وَعَيْنٌ بَاتَتْ تَحْرُسُ فِي سَبِيلِ اللَّهِ “.
രണ്ടു കണ്ണുകൾ ആ കണ്ണുകളെ നരകം സ്പർശിക്കുകയില്ല. ഒന്ന് നമസ്കാരത്തിൽ അല്ലാഹുവിനെ ഓർത്തു കരയുന്ന കണ്ണുകൾ.മറ്റൊന്ന് അല്ലാഹുവിന്റെ മാർഗത്തിൽ ഇസ്ലാമിന് വേണ്ടി കാവൽ നിൽക്കുന്ന കണ്ണുകൾ. ഈ രണ്ടു കണ്ണുകളും സ്വലാഹുദ്ധീൻ അയ്യൂബിക്ക് നേടിയെടുക്കാൻ സാധിച്ചു എന്നതാണ് ചരിത്രം മുന്നോട്ട് വെക്കുന്ന യാഥാർഥ്യം

നമസ്കാരത്തെയും ജിഹാദിനെയും ചേർത്തു വെക്കുന്ന സമുദായമായി ഈ ഉമ്മത്ത് മാറേണ്ടതുണ്ട്. രാത്രിയിൽ സൽകർമികളായ പുരോഹിതന്മാരെ പോലെയും പകൽ യോദ്ധാക്കളെ പോലെയും ജീവിക്കുന്ന ഈ സമുദായത്തോട് യുദ്ധം ചെയ്യാൻ റോമൻ സൈന്യാധിപൻ ആയ മാഹാൻ തയ്യാറായില്ല എന്നു ചരിത്രം വ്യക്തമാക്കുന്നു.

ഇമാം ഹസനുൽ ബന്നയുടെ പ്രശസ്തമായ ഒരു വാക്ക്. دقائق الليل غالية فلا ترخصواها بالغفلة രാത്രിയിലെ നിമിഷങ്ങൾ വളരെ അമൂല്യമായതാണ്. അശ്രദ്ധ കാരണമായി ഒരിക്കലും നിങ്ങൾ അതിനെ നഷ്ടപ്പെടുത്തരുത്. ഇസ്ലാമിലെ ഓരോ വിജയവും വിശ്വാസിയുടെ രാത്രി കാലങ്ങളിലെ കണ്ണുനീരും പകലിലെ വിയർപ്പു തുള്ളികളും ചോരത്തുള്ളികളും ചേർന്നതാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നൂറുദ്ധീൻ സങ്കി ഉയർത്തിപ്പിടിച്ച ആയുധം, ബദറിന്റെ രാത്രികളിൽ റസൂൽ (സ) ഉയർത്തി പിടിച്ച ആയുധം, ഇവയെ മാറ്റി നിർത്തിയാൽ വിജയം സാധ്യമല്ല എന്ന് ഉമ്മത്ത് തിരിച്ചറിയുക.

തയ്യാറാക്കിയത്: ഹാഫിസ് ബഷീർ

Facebook Comments
Related Articles

ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

1984 ഏ. ആര്‍ നഗറിനടുത്ത ധര്‍മഗിരിയില്‍ ജനനം. ശാന്തപുരം അല്‍ജാമിഅയില്‍ നിന്നും ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്തര ബിരുദവും നേടി. മലേഷ്യയിലെ ഇന്റന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് തോട്ടില്‍ മാസ്റ്റേഴ്സ് ബിരുദവും ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ പി.എച്ച്.ഡി യും പൂര്‍ത്തിയാക്കി. വിവിധ ഇന്റര്‍നാഷണല്‍ ജേര്‍ണലുകളില്‍ എഴുത്തുകാരനും, ശാന്തപുരം അല്‍ജാമിഅയില്‍ ശരീഅ:ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡീനായും സേവനം ചെയ്യുന്നു.
Close
Close