Interview

‘ബാബരി മസ്ജിദ് തകര്‍ക്കാന്‍ പോയ ഞാൻ ആര്‍.എസ്.എസ് വിട്ടതെന്തിന്?’

ബാബരി മസ്ജിദ് തകര്‍ക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നൊരു കര്‍സേവകനായിരുന്നു ഒരിക്കല്‍ ബന്‍വര്‍ മേഗ്‌വന്‍ഷി. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ദലിതനായ കാരണം അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആര്‍.എസ്.എസ് വിട്ടു. ഇന്ന് സാമൂഹ്യ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായി മാറിയ മേഗ്‌വന്‍ഷി 1987 മുതല്‍ 91 വരെയുള്ള തന്റെ ആര്‍.എസ്.എസ് അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട് ‘മേം ഏക് കര്‍സേവക് താ’ (ഞാനൊരു കര്‍സേവകനായിരുന്നു) എന്ന പുസ്തകത്തില്‍. ഐ കുഡ് നോറ്റ് ബി എ ഹിന്ദു(എനിക്കൊരു ഹിന്ദുവാകാനായില്ല) എന്ന പേരില്‍ നിവേദിത മേനോന്‍ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്ത ഈ പുസ്തകം ഈ വര്‍ഷം ജനുവരിയില്‍ പ്രകാശിതമായി. ബന്‍വര്‍ മേഗ്‌വന്‍ഷിയുമായി ദി ക്വിന്റ്(thequint.com) നടത്തിയ അഭിമുഖമാണ് ചുവടെ.

നിങ്ങള്‍ എങ്ങനെയാണ് ആര്‍.എസ്.എസിന്റെ ഭാഗമായി തീരുന്നത്?

എനിക്ക് പതിമൂന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സമയം, ഗ്രാമത്തിലെ ഒരു പാടത്തേക്ക് കളിക്കാനും വ്യായാമം ചെയ്യാനും പോവുക എന്റെ പതിവായിരുന്നു. ഞങ്ങളുടെ ഭൂമിശാസ്ത്രം അധ്യാപകന്റെ പ്രത്യേക നിര്‍ദ്ദേശം മാനിച്ചായിരുന്നു ഇത്. അവിടെ ഏകദേശം ഒരു മണിക്കൂര്‍ സമയം കളികളിലും വ്യായാമങ്ങളിലും ഏര്‍പ്പെടുകയും പാട്ടുകളും മുദ്രാവാക്യങ്ങളും ഏറ്റുചൊല്ലുകയും ചെയ്യാറുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ വെറുതെ ഒത്തുകൂടുകയോ കളിക്കുകയോ ചെയ്യുകയല്ല എന്ന് തിരിച്ചറിയുമ്പോഴേക്കും അഞ്ചോ ആറോ മാസം കഴിഞ്ഞിരുന്നു. അത് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ഒരു ശാഖയായിരുന്നു, ഞങ്ങള്‍ ആ പ്രസ്ഥാനത്തിന്റെ ഭാഗവും!

ആര്‍.എസ്.എസ് നിങ്ങളെ പഠിപ്പിച്ചിരുന്ന കാര്യങ്ങള്‍ എന്തൊക്കെയായിരുന്നു? ഇതര മതങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നോ?

ആദ്യമൊക്കെ ഞങ്ങളുടെ മതത്തിന്റെയും ഗ്രാമത്തിന്റെയും സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മഹത്വത്തെയും ആഭിജാത്യത്തെയും കുറിച്ചായിരുന്നു സംസാരങ്ങളൊക്കെ. ആര്യന്‍ രക്തത്തിന്റെ പരിശുദ്ധിയെ കുറിച്ച് അവര്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഈ രാജ്യത്തോടുള്ള കൂറിനെ കുറിച്ചും, ഇത് ഹിന്ദുക്കളുടെ ജന്മഭൂമിയാണെന്നതിനെ സംബന്ധിച്ചും അവര്‍ സംസാരിച്ചു. ഓരോ മതങ്ങള്‍ക്കും ഓരോ പുണ്യയിടങ്ങളുണ്ടെന്നും ക്രിസ്ത്യാനികള്‍ക്കത് ജറുസലേമും മുസ് ലിംകള്‍ക്ക് മക്ക-മദീനയുമാണെന്നും അവര്‍ പഠിപ്പിച്ചു.

Also read: സ്വാതന്ത്രനാവുന്നതിനെക്കാള്‍ പ്രവാചകനെ സ്നേഹിച്ച ബാലന്‍

ക്രമേണ, ഞങ്ങള്‍ പോലുമറിയാതെ ഇതര മതങ്ങളെയാകെ ഞങ്ങള്‍ വെറുത്തുതുടങ്ങി. മുസ് ലിംകള്‍ അതിവേഗം, ഭീഷണമാം വിധം ജനസംഖ്യ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യം ഞങ്ങളുടെ മനസ്സിലും ബോധത്തിലും പതിഞ്ഞു കിടന്നു. അവര്‍ പല തവണ വിവാഹം കഴിക്കുന്നു, അവര്‍ ഒരുപാട് കുട്ടികളെ ജൻമം നൽകുന്നു, അവര്‍ പള്ളികളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചുവെക്കുന്നു, അവരാണ് ഏറ്റവും ദുഷ്ടരായ ജനങ്ങള്‍, അങ്ങനെ പലതും.

ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ നിങ്ങളുടെ പങ്ക് എന്തായിരുന്നു? അയോധ്യയിലേക്കുള്ള നിങ്ങളുടെ യാത്രയെ കുറിച്ച് പറയൂ…

1990-ല്‍ ബില്‍വാരയില്‍ നിന്ന് അയോധ്യയിലേക്കുള്ള യാത്രയില്‍, അജ്മീര്‍ വരെ വിശ്വ ഹിന്ദു പരിഷത്തിന്റെയും ആര്‍.എസ്.എസിന്റെയും മുതിര്‍ന്ന നേതൃത്വം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. എന്നാല്‍, അജ്മീറില്‍ നിന്ന് അയോധ്യയിലേക്കുള്ള ട്രെയിന്‍ കയറുമ്പോള്‍, അവര്‍ ഞങ്ങളെ യാത്രയയക്കാനുണ്ടായിരുന്നെങ്കിലും ട്രെയിനില്‍ കൂടെ കയറിയില്ല. ‘എന്തുപറ്റി? അവരാരും ഞങ്ങളുടെ കൂടെ വരുന്നില്ലേ?’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘അവര്‍ കൂടുതല്‍ ആളുകളെ സംഘടിപ്പിച്ച് അയോധ്യയില്‍ വെച്ച് സന്ധിക്കുമെന്ന്’ മറുപടി കിട്ടി.

അന്ന് ഞങ്ങള്‍ കയറിയ ബോഗിയില്‍ കുറച്ച് മുസ് ലിം യാത്രികരുണ്ടായിരുന്നു. അവരെ കണ്ടപ്പോഴേ ഞങ്ങളുടെ ദേഷ്യം ഇരച്ചുപൊങ്ങി. രാം മന്ദിറിന്റെ നിര്‍മാണം തടസ്സപ്പെടാന്‍ കാരണക്കാരായ ഇവരിവിടെ സമാധാനത്തോടെ ഇരുന്ന് യാത്ര ചെയ്യുകയും ഞങ്ങള്‍ നിന്ന് പ്രയാസമനുഭവിക്കുകയും ചെയ്യുന്നു. അതോടെ ഞങ്ങള്‍ മുദ്രാവാക്യം വിളി ആരംഭിച്ചു, സൗഗന്ദ് രാം കീ കാതേ ഹൈ, മന്ദിര്‍ വഹേം ബനായേംകേ, യഹീ രഹ്നേ കൊ വന്ദേ മാതരം കഹ്നാ ഹോഗാ, അങ്ങനെ പലതും.

മുദ്രാവാക്യങ്ങളുടെയും പാട്ടുകളുടെയും അകമ്പടിയൊടെ ഞങ്ങള്‍ യാത്ര തുടര്‍ന്നുവെങ്കിലും തുന്ദ്‌ലാ സ്റ്റേഷനില്‍ വെച്ച് തടയപ്പെടുകയും ആഗ്രാ സ്റ്റേഡിയത്തിലെ താത്കാലിക ജയിലില്‍ അടക്കപ്പെടുകയും ചെയ്തു. പത്ത് ദിനങ്ങള്‍ അവിടെ ചെലവഴിച്ച ശേഷം ഞാന്‍ തിരികെ നാട്ടിലേക്ക് വന്നു. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോഴേക്കും ഞാന്‍ ആര്‍.എസ്.എസ് വിട്ടുകഴിഞ്ഞിരുന്നു.

1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ എന്തുതോന്നി?

ഒരിക്കല്‍ ബാബരി എന്റെ സ്വന്തം കരങ്ങള്‍ കൊണ്ട് തകര്‍ക്കണമെന്ന് ശക്തമായി ആഗ്രഹിച്ചിരുന്ന ആളാണ് ഞാന്‍. എന്നാല്‍ 92-ല്‍ അത് നടന്നപ്പോള്‍ എനിക്ക് സന്തോഷമോ ദുഃഖമോ തോന്നിയില്ല. ഒരു ആഘോഷപരിപാടികളിലും ഞാന്‍ പങ്കെടുത്തതുമില്ല.

എന്തു സംഭവിച്ചതിനെ തുടര്‍ന്നാണ് നിങ്ങള്‍ ആര്‍.എസ്.എസ് വിടാന്‍ തീരുമാനിക്കുന്നത്?

ഞങ്ങളുടെ ആദ്യ കര്‍സേവക്ക് ശേഷം, രാം മന്ദിറിന് വേണ്ടിയൊരു പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അതില്‍ രണ്ട് കര്‍സേവകര്‍ കൊല്ലപ്പെട്ടു. അവരുടെ ചിതാഭസ്മവുമേന്തി ആര്‍.എസ്.എസിന്റെയും വി.എച്ച്.പിയുടെയും മുതിര്‍ന്ന നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന ഒരു പ്രതിഷേധ യാത്ര എന്റെ ഗ്രാമത്തിലൂടെ കടന്നുപോയി. ഈ സമയത്ത് അവരെന്റെ ക്ഷണം സ്വീകരിച്ച് വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. തങ്ങളുടെ കൂടെയുള്ള സന്യാസി ശ്രേഷ്ഠര്‍ക്കാര്‍ക്കും ഇതൊരു ദലിതന്റെ ഭവനമാണെന്ന കാര്യമറിയില്ലെന്നാണ് അവരെന്നോട് പറഞ്ഞത്. അതുകൊണ്ട് അവര്‍ ഞാനുണ്ടാക്കിയ ഭക്ഷണം പൊതിഞ്ഞ് കൊണ്ടുപോയി മറ്റെവിടെയെങ്കിലും വെച്ച് കഴിക്കാമെന്ന് എന്നെ ധരിപ്പിച്ചു. എന്നാല്‍, അവരാരും ആ ഭക്ഷണം കഴിക്കുകയുണ്ടായില്ല. യഥാര്‍ത്ഥത്തില്‍, അവരത് എവിടെയോ വലിച്ചെറിഞ്ഞ് നശിപ്പിച്ചു. ഈ വിവരം ഞാനറിയാനിട വന്ന നിമിഷം എന്റെ ജീവിതത്തിലെ വഴിത്തിരിവുണ്ടായി. ഞാന്‍ ആര്‍.എസ്.എസ് വിടാനുള്ള തീരുമാനം കൈക്കൊണ്ടു.

ആര്‍.എസ്.എസ് വിട്ടപ്പോള്‍ നിങ്ങള്‍ മതം മാറാനുള്ള തീരുമാനം കൂടെ കൈക്കൊണ്ടിരുന്നു, ശരിയല്ലേ? ഇതുവരെ അത് അവസാനിപ്പിക്കാത്തതെന്താണ്?

ഞാന്‍ ചിന്തിച്ചു, ഇനിയൊരിക്കലും ആര്‍.എസ്.എസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു മതവുമായി മുന്നോട്ടുപോവാനാവില്ല. അതുകൊണ്ട് തന്നെ എനിക്ക് പരിവര്‍ത്തനം ചെയ്യാവുന്ന മതങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഞാന്‍ മുഴുകി. സിഖുകാരും, ബുദ്ധിസ്റ്റുകളും, ജൈനന്മാരും ഹിന്ദുമതത്തിന്റെ തന്നെ ഭാഗമാണെന്ന് ആര്‍.എസ്.എസ് എന്നെ പഠിപ്പിച്ചിരുന്നു. അതുകൊണ്ട് അവയൊന്നും തന്നെ എനിക്ക് മുന്നിലെ ഒപ്ഷനുകളായി വന്നില്ല. ഞാന്‍ ആര്‍.എസ്.എസ് വിട്ടിരുന്നുവെങ്കില്‍ കൂടെയും മുസ് ലിംകള്‍ക്കെതിരെയുള്ള ശക്തമായ വികാരം എന്റെ മനസ്സിലെവിടെയോ അവശേഷിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാവും ഇസ് ലാമിലേക്കുള്ള പരിവര്‍ത്തനത്തെ കുറിച്ചുള്ള ചിന്ത തന്നെ എനിക്കുദിച്ചില്ല. ആര്‍.എസ്.എസ് ക്രിസ്ത്യാനികള്‍ക്ക് കൂടെ എതിരായിരുന്നുവെന്നതിനാല്‍, ഞാന്‍ ചിന്തിച്ചു, അതു മാത്രമാണ് എനിക്ക് മുന്നിലെ വഴിയെന്ന്. പക്ഷെ, ക്രിസ്ത്യാനിറ്റിക്കുള്ളിലെ ആഭ്യന്തര കലഹങ്ങള്‍ കണ്ടപ്പോള്‍ എനിക്കവിടെയും സംതൃപ്തി കണ്ടെത്താനായില്ല. അങ്ങനെ, ഞാന്‍ പരിവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെയായി.

Also read: പാപമോചനത്തിലേക്ക് മത്സരിച്ച് മുന്നേറുക

ആര്‍.എസ്.എസ് എങ്ങനെയാണ് ദലിത് ആദിവാസി ബാല്യങ്ങളെ ലക്ഷ്യം വെക്കുന്നത്?

ആര്‍.എസ്.എസ് ദലിത് ആദിവാസി കുട്ടികളെ പ്രത്യേകം ലക്ഷ്യം വെക്കുകയും അവരെ തങ്ങളുടെ സംഘടനയുടെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. പ്രത്യേകമൊരു വീക്ഷണമോ കാഴ്ചപ്പാടോ ഇല്ലാത്ത ഈ ബാല്യങ്ങളെ ശാഖകളിലെത്തിച്ച് അവര്‍ക്ക് ബഹുമാനവും ആദരവും നല്‍കി തങ്ങളുടെ ഭാഗമാക്കുകയാണ് അവര്‍. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കള്‍ പലരും ഈ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്.
ദലിതുകള്‍ക്ക് തങ്ങളുടെ മുസ് ലിം അയല്‍വാസികളുമായി ചെറിയ പിണക്കമോ തര്‍ക്കങ്ങളോ ഉണ്ടെങ്കില്‍ അത് ഊതി വലുതാക്കി ശത്രുതയാക്കി പരിവര്‍ത്തിപ്പിക്കാന്‍ ആര്‍.എസ്.എസ് കിണഞ്ഞു ശ്രമിക്കാറുണ്ട്. ആദിവാസികള്‍ക്കിടയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെയുള്ള വിദ്വേഷം വളര്‍ത്തലും അവരുടെ പ്രധാന അജണ്ടയാണ്.

ആര്‍.എസ്.എസ് ഒരു ജാതിവാദ(casteist) സംഘടനയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ആര്‍.എസ്.എസ് മുഴുക്കെ ഒരു ജാതിവാദ സംഘമാണ്. അതില്‍ സംശയമില്ല! നിങ്ങള്‍ ആര്‍.എസ്.എസ് അണികളെ നിരീക്ഷിച്ചാല്‍ അവരിലധികവും ദലിത് വിരുദ്ധരും അംബേദ്കര്‍ വിരുദ്ധരും ഭരണഘടനാ വിരുദ്ധരുമാണെന്ന് കാണാം. ആര്‍.എസ്.എസിന്റെ അജണ്ടകളും തീരുമാനങ്ങളും കൈക്കൊള്ളുന്ന കമ്മിറ്റികളിലൊന്നും ഒരു ആദിവാസിയെയോ ദലിതനെയോ കാണാനാവില്ല, അത്രത്തോളം അവരെ ഉയരാന്‍ വിടില്ല എന്നതു തന്നെ കാരണം.

 

പരിഭാഷ: സീന തോപ്പില്‍

Facebook Comments
Related Articles
Tags
Show More
Close
Close