Vazhivilakk

പാപമോചനത്തിലേക്ക് മത്സരിച്ച് മുന്നേറുക

വിജനമായ ഒരു മരുഭൂമി. മരുഭൂമിയിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾ ഇടക്കെപ്പൊഴോ ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങി വിശ്രമിക്കുകയാണ്. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. കണ്ണുതുറന്നു നോക്കിയപ്പോൾ തന്റെ വാഹനമായ ഒട്ടകം അപ്രത്യക്ഷമായിരിക്കുന്നു. ഒട്ടകം ഒരു വാഹനം മാത്രമല്ല ജീവൻ നിലനിർത്താൻ ആവശ്യമായ വെള്ളവും മറ്റു വിഭവങ്ങളും എല്ലാം ഒട്ടക പുറത്താണ് ഉള്ളത്. യാത്രക്കാരൻ ആകെ പരിഭ്രാന്തനായി ചുറ്റുപാടും നോക്കി ഒട്ടകത്തെ കാണുന്നില്ല. ജീവൻ തന്നെ വഴിമുട്ടി പോയ അവസ്ഥയിലായിരുന്നു അപ്പോൾ അയാൾ. ഒട്ടകത്തെ അന്വേഷിച്ച് അയാൾ ഒരുപാട് അലഞ്ഞു നടന്നു ഒടുവിൽ കണ്ടെത്താൻ കഴിയില്ലെന്ന തീരുമാനത്തിൽ അദ്ദേഹമെത്തി.
നിരാശയോടെ പ്രയാസപ്പെട്ടു തളർന്നിരുന്നു. പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം! താൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒട്ടകം തൻറെ കൺമുന്നിൽ വന്നു നിൽക്കുന്നു. സന്തോഷം കൊണ്ട് അയാൾ തുള്ളിച്ചാടി. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ ജീവിതം തന്നെയാണ് തനിക്ക് തിരിച്ചു കിട്ടിയിട്ടുള്ളത്. അത്, മരുഭൂമിയെ അറിയുന്ന, മരുഭൂമിയിലെ ഒട്ടക യാത്രയെക്കുറിച്ച് പരിചയമുള്ള ആളുകൾക്ക് കൂടുതൽ ബോധ്യപ്പെടുന്ന അവസ്ഥയാണ്.

ഇപ്പോൾ ഇവിടെ ഇത് പറഞ്ഞത്, യാത്രക്കാരന് തന്റെ ഒട്ടകത്തെ തിരിച്ചു കിട്ടിയപ്പോൾ ഉണ്ടാകുന്ന സന്തോഷം, അതിനേക്കാൾ വലിയ സന്തോഷമാണ്, ദുർമാർഗത്തിൽ അകപ്പെട്ടുപോയ ഒരു മനുഷ്യൻ തിരിച്ചുവരികയും പശ്ചാത്തപിക്കുകയും സന്മാർഗത്തിൽ സഞ്ചരിക്കാൻ ആരംഭിക്കുകയും ചെയ്താൽ ദൈവത്തിന് ഉണ്ടാകുന്നത്. നഷ്ടപ്പെട്ടുപോയ ഒരു അടിമ, തന്റെ നേർമാർഗത്തിൽ നിന്ന് വേറിട്ട പോയ ഒരാൾ തിരിച്ചു പശ്ചാത്തപിച്ചു മടങ്ങുമ്പോൾ ദൈവം അങ്ങേയറ്റത്തെ സന്തോഷവാൻ ആകുന്നു. തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുക എന്നത് പൈശാചികമായ വികാരമാണ്. എന്നാൽ സംഭവിച്ചുപോയ തെറ്റ് ഏറ്റുപറയുകയും ദൈവത്തിനു മുന്നിൽ പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് ശരിയായ മനുഷ്യന്റെ നിലപാട്.

Also read: ദാമ്പത്യത്തിലെ സംശയങ്ങളെ ചികിത്സിക്കാം

തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുകയും എന്നിട്ട് മാപ്പ് അപേക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുക എന്ന പ്രവണത ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നുമാത്രമല്ല തെറ്റുകൾ പൊറുക്കപ്പെടാനും പശ്ചാത്താപം സ്വീകരിക്കപ്പെടാനും ചില ഉപാധികൾ പണ്ഡിതന്മാർ നമ്മെ പഠിപ്പിക്കുന്നു. ഉപാധികളിൽ ഒന്ന്, സംഭവിച്ചുപോയ തെറ്റിൽ അങ്ങേയറ്റത്തെ ഖേദം ഉണ്ടാവുക എന്നതാണ്. ആത്മാർത്ഥമായ ഖേദം. സംഭവിച്ചുപോയ തെറ്റിനെ, സാഹചര്യത്തിന്റെയോ മറ്റുള്ളവരുടെയോ മേൽ ആരോപിച്ച് ന്യായീകരിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്. ആത്മാർത്ഥമായ ഖേദം, വിഷമം എന്നിവ ആ സംഭവിച്ചുപോയ തെറ്റിനെ കുറിച്ച് ഉണ്ടാകണം.

മറ്റൊന്ന് തെറ്റിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുക എന്നതാണ്. ഒരു വശത്ത് തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക എന്നത് വൈരുദ്ധ്യം ആണല്ലോ. സംഭവിച്ചുപോയ തെറ്റിനെപ്പറ്റി ഖേദം ഉണ്ടാകുന്നതോടൊപ്പം തെറ്റിൽ നിന്ന് വിട്ടുനിൽക്കുക.
അത് ദൈവത്തോടുള്ള തെറ്റാണെങ്കിലും മനുഷ്യനോടുള്ള തെറ്റാണെങ്കിലും
പ്രപഞ്ചത്തോട് ഉള്ള തെറ്റാണെങ്കിലും തന്നോട് തന്നെയുള്ള തെറ്റാണെങ്കിലും.

മൂന്നാമത്തേത്, തെറ്റിലേക്ക് ഒരിക്കലും തിരിച്ചു പോകില്ല എന്ന ദൃഢനിശ്ചയമാണ്.
ഇനി ആ തെറ്റ് ആവർത്തിക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുക .

സംഭവിച്ച തെറ്റിനെ കുറിച്ചുള്ള ഖേദവും തെറ്റിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കലും തെറ്റിലേക്ക് ഇനി പോവില്ല എന്ന ദൃഢനിശ്ചയത്തോടും കൂടി ദൈവത്തിനു മുൻപിൽ തല കുമ്പിടുകയും, തന്നെ സൃഷ്ടിച്ച തന്റെ മനസ്സിന്റെ ചെറിയ അനക്കങ്ങൾ പോലും അറിയുന്ന
നടന്നു കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതും എന്ന വ്യത്യാസമില്ലാതെ സകലതും മനസ്സിലാക്കുന്ന സർവ്വശക്തനായ ദൈവത്തിനു മുമ്പാകെ ആത്മാർത്ഥമായി നിഷ്കപടമായി ഖേദിച്ച് പശ്ചാത്തപിച്ചു മടങ്ങുക എന്നതാണ് വിശ്വാസികൾ ചെയ്യേണ്ടത്.

Also read: കൊറോണ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്ന വിധം

ഇതോടു ചേർത്തു പറയേണ്ട മറ്റൊരു കാര്യമുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിൽ സംഭവിക്കുന്ന തെറ്റുകളെ സംബന്ധിച്ചുള്ള പശ്ചാത്താപത്തെക്കുറിച്ചാണത്.
ഇടപാടിൽ, പെരുമാറ്റത്തിൽ, അയൽവാസികളോ, ബന്ധുക്കളോ മറ്റാരെങ്കിലുമോ ആവട്ടെ, വരുത്തിയ വീഴ്ചകൾ സാമ്പത്തികമായ ഇടപാടുകളിൽ സംഭവിച്ചു പോയിട്ടുള്ള തെറ്റുകൾ അത് അവരോട് തന്നെ തിരുത്തേണ്ടതാണ്.

അയൽവാസിയുമായി അന്യായമായ രീതിയിൽ പെരുമാറിയിട്ടുണ്ടെങ്കിൽ അന്യായമായി വല്ലതുമൊക്കെ കവർന്നെടുത്തിട്ടുണ്ടെങ്കിൽ ബോധപൂർവ്വം, അതിർത്തി തെറ്റിച്ച് വെക്കുകയും അന്യന്റെ സ്വത്ത് കൈവശപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, തിരിച്ചു കൊടുക്കുക എന്നത് തന്നെയാണ് ഈ വഴിയിൽ ആദ്യമായി ചെയ്യേണ്ടത്.
അർഹമല്ലാത്ത സമ്പത്ത് ആസ്വദിച്ചു കൊണ്ടിരിക്കെ ദൈവത്തിന് മുന്നിൽ എത്ര കുമ്പസരിച്ചാലും സ്വീകരിക്കപ്പെടുകയില്ല.

അതുപോലെ ആരുടെയെങ്കിലും അഭിമാനം ക്ഷതപ്പെടുത്തിയിട്ടുണ്ടെങ്കിൽ പരമാവധി അവരോട് തന്നെ പൊറുത്തു തരാൻ ആവശ്യപ്പെടണം. അവരോട് തന്നെ അതിന്റെ കണക്കുകൾ തീർക്കണം. പരദൂഷണം ഏഷണി കള്ളം തുടങ്ങിയ മനുഷ്യന്റെ അഭിമാനത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്തു പോയാൽ ജീവിച്ചിരിക്കുന്ന ആളെ കുറിച്ചാണെങ്കിൽ, തനിക്ക് ബന്ധപ്പെടാൻ സാധിക്കുന്ന ആളാണെങ്കിൽ അവരുടെ അടുക്കൽ പോയി മനസ്സ് തുറന്നു ക്ഷമ ചോദിക്കുക എന്നത് വിശ്വാസിയുടെ പദവി വർദ്ധിക്കാൻ മാത്രമേ കാരണമാവുന്നുള്ളൂ. എന്നാൽ ആരെക്കുറിച്ചാണോ പരദൂഷണം പറഞ്ഞിട്ടുള്ളത്, ആരുടെയാണോ അഭിമാനമാനം കവർന്നെടുത്തിട്ടുള്ളത് , അവർ മരണപ്പെട്ടു പോവുകയോ
തന്നിൽ നിന്നും വളരെ അകലത്തിൽ ആവുകയോ അതുമല്ലെങ്കിൽ മാപ്പുപറയുകയും കുറ്റം ഏറ്റുപറയുകയും ചെയ്യുന്നത് ബന്ധം നന്നാക്കുന്നതിന് പകരം ബന്ധം കൂടുതൽ വഷളാകാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന് തോന്നുന്ന പക്ഷം അവരുടെ നന്മകൾ , സാധ്യമാണെങ്കിൽ നേരത്തേ അദ്ദേഹത്തിൻറെ മോശപ്പെട്ട വശങ്ങൾ ആരുടെ മുന്നിലാണോ അവതരിപ്പിച്ചത് അവരോട് തന്നെ പറയുക. അതിനു സാധ്യമല്ലെങ്കിൽ സാധ്യമായ സദസ്സിൽ സാധ്യമായ വ്യക്തികളുടെ മുന്നിൽ അവരുടെ നന്മകൾ പറയുകയും സ്വകാര്യമായി അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതുണ്ട്.

“നിങ്ങള്‍ മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ. ” (Sura 57 : Aya 21)

Facebook Comments
Related Articles
Close
Close