Current Date

Search
Close this search box.
Search
Close this search box.

വിജയത്തിന് വഴിയൊരുക്കിയ വിട്ടുവീഴ്ച

ഹുദൈബിയാ സന്ധി ചരിത്രപ്രസിദ്ധമാണ്. പ്രവാചകനും മക്കയിലെ ശത്രുക്കളും തമ്മില്‍ നടന്ന ഏക സന്ധിയാണത്. പ്രത്യക്ഷത്തിലത് മുസ്ലിംകള്‍ക്ക് ഏറെ പ്രതികൂലമായിരുന്നു. എന്നാല്‍, അതാണ് പ്രവാചകനും അനുയായികള്‍ക്കും വിജയികളായി മക്കയിലേക്ക് മടങ്ങിവരാന്‍ വഴിയൊരുക്കിയത്.
സന്ധിസംഭാഷണത്തിലും അത് രേഖപ്പെടുത്തുന്നതിലും ഖുറൈശികളെ പ്രതിനിധാനം ചെയ്തത് സുഹൈലാണ്. സന്ധി വ്യവസ്ഥകള്‍ രേഖപ്പെടുത്തിയത് അലിയ്യുബ്‌നു അബീത്വാലിബും.
പ്രവാചകന്‍ സന്ധിവാചകങ്ങള്‍ പറഞ്ഞുകൊടുത്തു. അതിന്റെ ആരംഭത്തില്‍ ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’ എന്നെഴുതാന്‍ നബി തിരുമേനി ആവശ്യപ്പെട്ടു. ഉടനെ സുഹൈല്‍ ഇടപെട്ടു. അയാള്‍ പറഞ്ഞു: ‘പരമകാരുണികനും കരുണാനിധിയുമോ? ഞങ്ങള്‍ക്കതറിയില്ല. അതിനാല്‍ ‘അല്ലാഹുവിന്റെ നാമത്തില്‍’ എന്ന് എഴുതിയാല്‍ മതി.’
മുസ്ലിംകള്‍ക്ക് ഇതംഗീകരിക്കാനായില്ല. പ്രവാചകന്‍ പറഞ്ഞുകൊടുത്തപോലെത്തന്നെ എഴുതണമെന്ന് അവര്‍ ശഠിച്ചു. എന്നാല്‍ നബിതിരുമേനി സുഹൈലിന്റെ ആവശ്യം അംഗീകരിക്കുകയാണുണടായത്. അവിടുന്ന് അരുള്‍ചെയ്തു: ‘അല്ലാഹുവിന്റെ നാമത്തില്‍ എന്ന് എഴുതിക്കൊള്ളൂ.’
‘തുടര്‍ന്ന് എഴുതൂ: ഇത് അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍നിന്നുള്ള സന്ധിവ്യവസ്ഥകളാണ്.’ പ്രവാചകന്‍ ആവശ്യപ്പെട്ടു. ഹദ്‌റത് അലി അതെഴുതിയപ്പോഴേക്കും സുഹൈല്‍ ഇടപെട്ടു. അയാള്‍ പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമുണടാകുമായിരുന്നില്ലല്ലോ. കഅ്ബാ സന്ദര്‍ശനത്തില്‍നിന്ന് നിങ്ങളെ ഞങ്ങള്‍ തടയുമായിരുന്നില്ല. നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുകയോ നിങ്ങളോട് യുദ്ധം നയിക്കുകയോ ചെയ്യുമായിരുന്നില്ല. അതിനാല്‍ ‘അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്’ എന്ന് മാത്രം എഴുതിയാല്‍ മതി.”
‘നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെ. ഇതാണ് സത്യം’ പ്രവാചകന്‍ പ്രതിവചിച്ചു. തുടര്‍ന്ന് അലിയോട് ‘അല്ലാഹുവിന്റെ ദൂതന്‍’ എന്നതു മായ്ച്ച് ‘അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്’ എന്ന് എഴുതാനാവശ്യപ്പെട്ടു. എങ്കിലും അലി ‘അല്ലാഹുവിന്റെ ദൂതന്‍’ എന്നെഴുതിയത് മായ്ക്കാന്‍ സന്നദ്ധനായില്ല. അപ്പോള്‍ പ്രവാചകന്‍ അതെഴുതിയ ഭാഗം കാണിച്ചുകൊടുക്കാനാവശ്യപ്പെടുകയും സ്വന്തം കൈകൊണട് അത് മായ്ക്കുകയും ചെയ്തു.
‘ഞങ്ങള്‍ കഅ്ബ സന്ദര്‍ശിക്കും. ത്വവാഫ് ചെയ്യും. ആരും അതില്‍ തടസ്സം നില്‍ക്കില്ല’ എന്ന് എഴുതാനാവശ്യപ്പെട്ടു. അപ്പോള്‍ അതിലും സുഹൈല്‍ ഇടപെട്ടു. അയാള്‍ പറഞ്ഞു: ‘ഇക്കൊല്ലമല്ല, അടുത്ത കൊല്ലം. ഇത്തരമൊരു ഒത്തുതീര്‍പ്പിന് ഞങ്ങള്‍ നിര്‍ബന്ധിതരായതാണെന്ന് അറബികള്‍ വിചാരിക്കാനിടവരരുത്.’
തുടര്‍ന്ന് സുഹൈല്‍ ഇത്രകൂടി എഴുതാനാവശ്യപ്പെട്ടു: ‘നിങ്ങളില്‍നിന്ന് ആരെങ്കിലും ഞങ്ങളിലേക്ക് വന്നാല്‍ അയാളെ തിരിച്ചയക്കുകയില്ല. എന്നാല്‍, ഞങ്ങളില്‍നിന്ന് നിങ്ങളുടെ മതം സ്വീകരിച്ചവരുള്‍പ്പെടെ ആരു വന്നാലും നിങ്ങള്‍ തിരിച്ചയക്കണം.’
പ്രവാചകന്‍ ഈ വ്യവസ്ഥയും അംഗീകരിച്ചു. എങ്കിലും അനുയായികള്‍ക്ക് അത് അരോചകമായിത്തോന്നി.
അവരുടെ രോഷം പൊട്ടിയൊഴുകിയത് ഉമറുല്‍ ഫാറൂഖിലൂടെയായിരുന്നു. അദ്ദേഹം വിളിച്ചുചോദിച്ചു: ‘പ്രവാചകരേ, താങ്കള്‍ ദൈവദൂതനാണെന്നത് സത്യം തന്നെയല്ലേ?’ ‘അതെ, ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെ, തീര്‍ച്ച.’ പ്രവാചകന്‍ പ്രതിവചിച്ചു. ആരെയും അലോസരപ്പെടുത്തും വിധമുള്ള ഇത്തരമൊരു ചോദ്യം അടുത്ത അനുയായിയില്‍നിന്നുണടായിട്ടും അവിടുന്ന് അന്യാദൃശമാംവിധം അക്ഷോഭ്യനായിരുന്നു; തീര്‍ത്തും ശാന്തനും.
‘നാമെല്ലാം മുസ്ലിംകളല്ലേ?’ ഉമറുല്‍ ഫാറൂഖ് ഗൌരവസ്വരത്തില്‍ ചോദിച്ചു.
‘അതെ, തീര്‍ച്ചയായും നാമൊക്കെ മുസ്ലിംകള്‍തന്നെ’തിരുമേനി ശാന്തമായി മറുപടി നല്‍കി.
‘ഈ ശത്രുക്കളെല്ലാം വിഗ്രഹാരാധകരല്ലേ? ദുര്‍മാര്‍ഗികളും?’
‘തീര്‍ച്ചയായും’അവിടുന്ന് പ്രതിവചിച്ചു.
‘പിന്നെ നാമെന്തിന് ഈ അപമാനം സഹിക്കണം? ദീനിന്റെ കാര്യത്തില്‍ ഭീരുക്കളാകണം?’ ഉമര്‍ വീണടും ചോദിച്ചു.
‘ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്. അവന്റെ ആജ്ഞകളൊക്കെ അനുസരിക്കാന്‍ ബാധ്യസ്ഥനും. അവനൊരിക്കലും എന്നെ അപമാനിക്കുകയില്ല, കൈവെടിയുകയില്ല.’ നബി തിരുമേനി വളരെ വിനീതനായി, തന്റെ അനുചരന്മാരെ കാര്യങ്ങളുടെ യാഥാര്‍ഥ്യം ധരിപ്പിച്ചു. അല്ലാഹുവിന്റെ നിര്‍ദേശാനുസരണം നബിയുണടാക്കിയ കരാര്‍ പ്രത്യക്ഷത്തില്‍ ദോഷകരവും അപമാനകരവുമായിരുന്നെങ്കിലും ഫലത്തില്‍ ഏറെ പ്രയോജനപ്രദവും വിജയകരവുമായിരുന്നുവെന്ന് പ്രവാചകശിഷ്യന്മാര്‍ക്ക് ഏറെത്താമസിയാതെ ബോധ്യമായി. യഥാര്‍ഥത്തില്‍ മക്കാവിജയത്തിന് വഴിയൊരുക്കിയത് ഹുദൈബിയ്യാസന്ധിയായിരുന്നു.
ഇവിടെ ഉമറുല്‍ ഫാറൂഖിന്റെ കര്‍ക്കശവും പരുഷവുമായ ചോദ്യങ്ങള്‍ക്കുമുമ്പില്‍ പ്രവാചകന്‍ പുലര്‍ത്തിയ അതുല്യമായ സഹനവും വിനയവും എക്കാലത്തെയും ഏതു നേതാവിനും അനുകരണീയമത്രെ. പക്ഷേ, അധികപേര്‍ക്കും അത് പ്രാപ്യമല്ലെന്നു മാത്രം.
 

Related Articles