Current Date

Search
Close this search box.
Search
Close this search box.

‘ഞങ്ങളെക്കുറിച്ച് എല്ലാവരും മറന്നു’- ഹിജാബ് അഴിക്കാന്‍ തയാറാകാത്ത വിദ്യാര്‍ത്ഥികള്‍

അടുത്തിടെയാണ് കര്‍ണാടക പി.യു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തബസ്സും ഖാന്‍ എന്ന വിദ്യാര്‍ത്ഥിനിയെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയത്. അവര്‍ക്ക് പരീക്ഷ എഴുതാന്‍ ഹിജാബ് അനുവദിക്കാത്തത് വളരെയധികം നീതിനിഷേധം തന്നെയാണ്. അതേസമയം, തങ്ങളുടെ ദുരിതങ്ങള്‍ക്ക് നേരെ ആളുകള്‍ ‘അന്ധമായ കണ്ണടച്ചിരിക്കുകയാണ്’ എന്നാണ് ശിരോവസ്ത്രം ഉപേക്ഷിക്കാന്‍ തയാറാകാത്ത മറ്റ് നിരവധി ഹിജാബി വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനം ശരിവച്ചുകൊണ്ട് 2022 മാര്‍ച്ചിലെ കര്‍ണാടക ഹൈക്കോടതിയുടെ വിധിക്ക് ശേഷം, നിരവധി ഹിജാബ് ധാരികളായ വിദ്യാര്‍ത്ഥികളെയാണ് പി.യു, ഡിഗ്രി കോളേജുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അവരെ വിലക്കിയത്. തബസ്സും ശൈഖിനെപ്പോലുള്ള വലിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ വേണ്ടി അവരുടെ ഹിജാബ് അഴിച്ചുമാറ്റിയപ്പോള്‍, സര്‍ക്കാര്‍ ഉത്തരവിന് വഴങ്ങാന്‍ തയ്യാറാകാത്തതിനാല്‍ ജീവിതം വഴിമുട്ടിയ മറ്റ് നിരവധി പേരുമുണ്ട്. സര്‍ക്കാര്‍ കോളേജുകളിലെ മാത്രമല്ല, സര്‍ക്കാര്‍ ഉത്തരവ് സാങ്കേതികമായി ബാധകമല്ലാത്ത സ്വകാര്യ കോളേജുകളിലെയും ഹിജാബി വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷം ഈ പ്രശ്‌നം നേരിട്ടിരുന്നു.

മറ്റ് ചില വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവി വിദ്യാഭ്യാസത്തിനായി നഗരങ്ങള്‍ മാറേണ്ടി വന്നിട്ടുണ്ട്, പക്ഷേ അത്‌കൊണ്ടും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല.

നഗരം മാറി, സ്വകാര്യ കോളേജുകള്‍, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവേശനം തേടി; ഒന്നും അവരെ സഹായിച്ചില്ല

ഹിജാബ് ഉപേക്ഷിക്കില്ലെന്ന തീരുമാനത്തില്‍ തനിക്ക് ഒരു വര്‍ഷം നഷ്ടമായെന്നും ഇതോടെ ഭാവി അനിശ്ചിതത്വത്തിലാണെന്നുമാണ് 18 കാരിയായ ഫാത്തിമ കുല്‍സും പറയുന്നത്. ‘ഒന്നാമതായി, പഠിക്കാന്‍ വേണ്ടി ഹിജാബ് ഉപേക്ഷിച്ച പല പെണ്‍കുട്ടികളും അത് വിമുഖതയോടെയും നിര്‍ബന്ധിതാവസ്ഥയിലും ചെയ്യുകയായിരുന്നു. അവര്‍ ആഘോഷിക്കപ്പെടുന്നു. എന്നാല്‍്, ഹിജാബ് മുറുകെ പിടിക്കാന്‍ തന്നെ തീരുമാനിച്ച എത്രയോ പേര്‍ നമ്മിലുണ്ട്. ഞങ്ങളുടെ അവസ്ഥ എന്താണ് ? മറ്റുള്ളവരെല്ലാം ആഘോഷിക്കപ്പെടുന്നു, പക്ഷേ ഞങ്ങള്‍ക്ക് നേരെ എല്ലാവരും കണ്ണടച്ചിരിക്കുന്നു, അവര്‍ ഞങ്ങളെ മറന്നു”ഫാത്തിമ ദി ക്വിന്റിനോട് പറഞ്ഞു.

ഹിജാബ് നിരോധനം നടപ്പാക്കി ആഴ്ചകള്‍ക്ക് ശേഷം 2022 മാര്‍ച്ചില്‍ നടക്കേണ്ട തന്റെ അവസാന പി.യു പരീക്ഷ (12ാം ക്ലാസ്) എഴുതേണ്ടതായിരുന്നു കൊപ്പല്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ. എന്നെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല, ഞാന്‍ നിരന്തരം ആവശ്യപ്പെട്ടു, പക്ഷേ അവര്‍ എന്നോട് ഹിജാബ് അഴിച്ചുവെക്കാനോ അല്ലെങ്കില്‍ ഇവിടെ നിന്നും പുറത്തുപോകാനോ ആണ് ആവശ്യപ്പെട്ടത്.” അവള്‍ പറഞ്ഞു.

നിസ്സഹായയായ ഫാത്തിമയും കുടുംബവും ഏതാനും മാസങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിലേക്ക് താമസം മാറി, ആ വലിയ നഗരത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ കോളേജുകള്‍ ഉള്‍പ്പെടെ നിരവധി കോളേജുകളില്‍ വീണ്ടും പ്രവേശനത്തിന് ശ്രമിച്ചു- അവര്‍ മ പറയുന്നു. എന്നെ ഹിജാബ് ധരിച്ച് പഠിക്കാന്‍ കോളേജ് അനുവദിക്കുകയാണെങ്കില്‍ എന്റെ പി.യു രണ്ടാം വര്‍ഷം ആവര്‍ത്തിക്കാന്‍ ഞാന്‍ തയാറായിരുന്നു, എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട്, സ്വകാര്യ കോളേജുകള്‍ പോലും എന്നെ ഹിജാബ് ധരിച്ച് അവിടെ പഠിക്കാന്‍ അനുവദിച്ചില്ല,’ അവള്‍ പറഞ്ഞു.

ഹിജാബിനെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ, സ്വകാര്യ കോളേജുകള്‍ക്ക് ബാധകമല്ല. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ പ്രവേശനം തേടാന്‍ ശ്രമിച്ചെങ്കിലും അവരും സഹായിച്ചില്ലെന്നും ഫാത്തിമ പറഞ്ഞു. ”അവര്‍ എനിക്ക് പ്രവേശനം നല്‍കിയിരുന്നു, എന്നാല്‍, പരീക്ഷാ സമയത്ത് ഞാന്‍ ഹിജാബ് ധരിക്കുന്നതില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല,” അവള്‍ പറഞ്ഞു. ഫാത്തിമയുടെ വിഷമങ്ങള്‍ അവിടെയും തീര്‍ന്നില്ല. മാസങ്ങള്‍ക്കുശേഷം, ജൂണില്‍ സപ്ലിമെന്ററി (നേരത്തെ പരീക്ഷകള്‍ വിജയിക്കുന്നതില്‍ പരാജയപ്പെട്ടവരെ ഉദ്ദേശിച്ചുള്ള) പരീക്ഷകള്‍ നടക്കുമ്പോള്‍ മറ്റൊരു അപേക്ഷ നല്‍കാന്‍ അവള്‍ തീരുമാനിച്ചു.
‘ഇപ്പോഴെങ്കിലും പേപ്പറുകള്‍ എഴുതാന്‍ അവര്‍ എന്നെ അനുവദിക്കുമെന്ന് ഞാന്‍ കരുതി, പക്ഷേ അവര്‍ എന്നോട് തര്‍ക്കിച്ചു. ഒടുവില്‍ ഹിജാബ് ധരിക്കാതെ തൊപ്പി ധരിച്ച് മാത്രമാണ് അവര്‍ എന്നെ പരീക്ഷ എഴുതാന്‍ അനുവദിച്ചത്. പക്ഷേ, പരീക്ഷയെഴുതാന്‍ എത്തിയപ്പോഴേക്കും വിഷമിച്ച മാനസികാവസ്ഥയിലായിരുന്നു ഞാന്‍ അതിനാല്‍ തന്നെ എനിക്ക് നന്നായി സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല’ അവള്‍ പറഞ്ഞു.

ഒടുവില്‍, 2023 മാര്‍ച്ചില്‍, കൃത്യം ഒരു വര്‍ഷം കഴിഞ്ഞ്, ഫാത്തിമയെ വീണ്ടും പരീക്ഷ എഴുതാന്‍ അനുവദിച്ചു. എന്നാല്‍ അവരുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ‘ഇതിന് ശേഷം ഡിഗ്രി കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ വരുന്നു, പിന്നെ ഡിഗ്രി കോളേജുകളിലെ അഡ്മിഷനുള്ള സമയം വരുന്നു…. അവിടെയെല്ലാം ഇപ്പോള്‍ നമ്മള്‍ ഹിജാബ് ഉപേക്ഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇനി ഇപ്പോള്‍ എന്തുചെയ്യണമെന്ന് അറിയില്ല,’ അവള്‍ പറഞ്ഞു.

സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ത്ഥികളും ഏറ്റവും മോശം സാഹചര്യത്തെ നേരിടണം

ഹിജാബ് നിരോധനം യൂണിഫോം ഉള്ള പിയു കോളേജുകളിലും ഡിഗ്രി കോളേജുകളിലും മാത്രമേ നടപ്പാക്കൂ എന്ന് 2022 ഫെബ്രുവരിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് വ്യക്തമാക്കിയിട്ടും കര്‍ണാടകയില്‍ ഉടനീളം യൂണിഫോം ഇല്ലാത്ത നിരവധി ഡിഗ്രി കോളേജുകളിലും സമ്പൂര്‍ണ്ണ ഹിജാബ് നിരോധനം നടപ്പിലാക്കി. മാത്രമല്ല, ഒരു അധികാരപരിധിയും ഇല്ലാത്ത കോളേജ് വികസന സമിതികള്‍ (ഇഉഇ) ഉള്ള സ്വകാര്യ കോളേജുകള്‍ പോലും ഹിജാബ് നിരോധനം നടപ്പിലാക്കുന്നു.

ഹിജാബ് ധരിച്ചിരുന്നതിനാല്‍ 2023 മാര്‍ച്ചില്‍ പരീക്ഷയ്ക്കിടെ തന്നോട് പരീക്ഷ കേന്ദ്രം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായി ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഡിഗ്രി കോളേജില്‍ പഠിക്കുന്ന ഹീന കൗസര്‍ പറഞ്ഞു. ‘ഹിജാബ് പ്രശ്നമില്ലാത്ത ഒരു സ്വകാര്യ കോളേജിലാണ് കഴിഞ്ഞ വര്‍ഷം ഞാന്‍ പഠിക്കുന്നത്. ഞാന്‍ പരീക്ഷയെഴുതുന്ന കേന്ദ്രം പോലും ഒരു പ്രൈവറ്റ് കോളേജ് ആയിരുന്നു…അപ്പോള്‍ എന്താണ് പ്രശ്‌നം? അവര്‍ക്ക് ഏകപക്ഷീയമായി ഒരു പുതിയ നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഞാന്‍ വാദിച്ചു. ഒരു മണിക്കൂര്‍ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ച ശേം ഹീനയെ പരീക്ഷാ ഹാളിലേക്ക് തിരികെ പോകാന്‍ അനുവദിച്ചെങ്കിലും അപ്പോഴേക്കും അവളുടെ വിലപ്പെട്ട സമയം നഷ്ടപ്പെട്ടിരുന്നു. ‘

‘പേപ്പര്‍ നന്നായി എഴുതാന്‍ കഴിയില്ലെന്ന തര്‍ക്കം കാരണം എന്റെ മനസ്സ് പൂര്‍ണ്ണമായും ശൂന്യയായി. ഇനി എപ്പോഴെങ്കിലും പരീക്ഷ എഴുതേണ്ടി വരുമ്പോള്‍ ഇതുപോലെ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാന്‍ നിരന്തരം ആശങ്കപ്പെടുന്നു’- ഹീന പറഞ്ഞു.

സമപ്രായക്കാര്‍ മുന്നോട്ട് പോകുമ്പോഴും ജുഡീഷ്യറിയിലാണ് ഇനി പ്രതീക്ഷ

‘ഒരു വര്‍ഷമായി കാര്യങ്ങള്‍ ശരിയാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഒരു അധ്യയന വര്‍ഷം മുഴുവന്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തന്റെ കോളേജില്‍ വീണ്ടും ചേരാന്‍ തീരുമാനിച്ചു’ കര്‍ണാടകയിലെ ഷിമോഗയിലെ വിദ്യാര്‍ത്ഥിനിയായ ഷഹീന്‍ ഇറാം പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷം നഷ്ടപ്പെട്ടപ്പോള്‍, എന്റെ സമപ്രായക്കാരെല്ലാം അവരുടെ പഠനവുമായി മുന്നോട്ട് പോയെന്ന് ഞാന്‍ മനസ്സിലാക്കി, ഞാന്‍ മാത്രം വഴിയില്‍ കുടുങ്ങിപ്പോയി, ”ഷഹീന്‍ പറഞ്ഞു.

2022 ഡിസംബറില്‍, ഷഹീന്‍ അതേ കോളേജില്‍ വീണ്ടും പ്രവേശനം തേടി, പക്ഷേ അവള്‍ക്ക് ഒരു വര്‍ഷം വീണ്ടും ആവര്‍ത്തിക്കേണ്ടിവന്നു. ‘ഇപ്പോള്‍ ഞങ്ങള്‍ കോളേജിന്റെ ഗേറ്റിന് സമീപം വെയ്റ്റിംഗ് റൂമില്‍ വെച്ച് ഹിജാബ് അഴിക്കുന്നു, തുടര്‍ന്ന് അകത്തേക്ക് പോകുന്നു,’ അവള്‍ വിശദീകരിച്ചു.

‘എന്റെ സമപ്രായക്കാരെല്ലാം അവരുടെ വിദ്യാഭ്യാസവുമായി മുന്നോട്ട് പോകുന്നത് കാണുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ ഞങ്ങളുടെ ജുഡീഷ്യറി ഇടപെട്ട് ഹിജാബ് ധരിച്ച് പഠിക്കാന്‍ ഞങ്ങളെ അനുവദിക്കുമെന്നാണ് ഇനി പ്രതീക്ഷ. ക്ലാസ് മുറിയിലായിരിക്കുമ്പോള്‍ ഹിജാബ് ധരിക്കാതിരിക്കാന്‍ താന്‍ ‘അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു’, എന്നാല്‍ അത് ‘മാനസികമായി വളരെ പ്രയാസകരമാണ്’ എന്നും ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.

ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്ന ഒരു കോളേജ് കണ്ടെത്താന്‍ എട്ട് മാസമെടുത്തതായി മംഗലാപുരം സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ത്ഥിനി ഗൗസിയ പറഞ്ഞു. ‘എട്ട് മാസത്തോളം ഞാന്‍ വീട്ടില്‍ ഇരുന്നു, ഒരു കോളേജില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവേശനത്തിനായി ശ്രമിച്ചു. അതൊരും വേദനാജനകമായ പ്രക്രിയയായിരുന്നു- ഗൗസിയ കൂട്ടിച്ചേര്‍ത്തു.

അവലംബം: ദി ക്വിന്റ്
വിവ: സഹീര്‍ വാഴക്കാട്

Related Articles