Current Date

Search
Close this search box.
Search
Close this search box.

യു.പി പൊലിസിന് പഠിക്കുന്ന ചെന്നൈ പൊലിസ്

പൗരത്വ ഭേദഗതി നിയത്തിനെതിരെ രാജ്യത്തെങ്ങും അരങ്ങേറുന്ന പ്രക്ഷോഭങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഇന്ത്യയിലെ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും ജാതി-മത ഭേദമന്യേ തെരുവില്‍ പോരാട്ടം തുടരുകയാണ്. സമരക്കാരെ ഭരണകൂടങ്ങള്‍ പൊലിസിനെയും പട്ടാളത്തെയും ഉപയോഗിച്ച് തല്ലിച്ചതക്കുന്നത് നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയിലുമായിരുന്നു പൊലിസ് സമരക്കാര്‍ക്കു നേരെ ക്രൂരമായ രീതിയില്‍ നരനായാട്ട് നടത്തിയിരുന്നത്.

പൗരത്വ വിരുദ്ധ പ്രക്ഷോഭം നടന്ന യു.പിയില്‍ പൊലിസ് മുസ്ലിം വീടുകളും ഗ്രാമങ്ങളും മാത്രം തെരഞ്ഞെുപിടിച്ച് അടിച്ചൊതുക്കി. പ്രതിഷേധങ്ങളില്‍ പങ്കെടുക്കാത്തവര്‍ക്ക് നേരെയും അവരുടെ വീടുകളും പൊലിസ് തല്ലിത്തകര്‍ത്തു. കൊള്ളയടിക്കപ്പെട്ടു. ജാമിഅ മില്ലിയ്യ,അലീഗഢ്,ഡല്‍ഹി സര്‍വകലാശാല തുടങ്ങിയ കോളേജ് ക്യാംപസുകളില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനി -വിദ്യാര്‍ത്ഥികളെ പൊലിസ് വളരെ ക്രൂരമായാണ് നേരിട്ടത്. പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗീകാതിക്രമങ്ങള്‍ വരെയുണ്ടായി. ഏറെ ഭീകരമായിരുന്നു ഉത്തര്‍പ്രദേശ്,ദില്ലി പൊലിസിന്റെ നടപടികള്‍.

Also read: ഇനി ഉറക്കത്തിന്റെയല്ല; നമസ്കാരത്തിന്റെ രാത്രികൾ

എന്നാല്‍ സമാനമായ അവസ്ഥയിലേക്കാണ് തമിഴ്‌നാട് പൊലിസും പോകുന്നതെന്നാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന സംഭവം ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകുക. ചെന്നൈ വണ്ണാര്‍പേട്ടില്‍ നടന്ന സമരത്തെയാണ് വെള്ളിയാഴ്ച പൊലിസ് ക്രൂരമായ രീതിയില്‍ അടിച്ചൊതുക്കിയത്. തീര്‍ത്തും സമാധാനപരമായിട്ടായിരുന്നു ഇവിടെ സമരം അരങ്ങേറിയത്. സി.എ.എ പിന്‍വലിക്കുക,സംസ്ഥാന സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രമേയം പാസാക്കണം, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമരക്കാര്‍ക്ക് നേരിട്ട് ഉറപ്പ് നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു സമരം ആരംഭിച്ചത്. ഉച്ചയോടെ തുടങ്ങിയ സമരം രാത്രിയോടെ അവസാനിപ്പിക്കാന്‍ പൊലിസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നിരസിച്ച സമരക്കാര്‍ പ്രക്ഷോഭവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് പൊലിസ് ലാത്തിച്ചാര്‍ജും അതിക്രമവും അഴിച്ചുവിട്ടത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. എന്നാല്‍ ഇതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ ചെന്നൈയില്‍ പ്രതിഷേധവുമായി രംഗത്തു വന്നു. ഷഹീന്‍ ബാഗ് മോഡല്‍ സമരം ചെന്നൈയിലും തുടരുമോ എന്ന ഭയമാണ് സമരത്തെ അടിച്ചൊതുക്കാന്‍ അണ്ണാ ഡി.എം.കെ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചുള്ള സമരം ഇപ്പോഴും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്.

അണ്ണാ ഡിഎംകെ സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. പാര്‍ലമെന്റില്‍ അവരുടെ എം.പിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഡി.എം.കെ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും തമിഴ്‌നാട്ടില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത്. പൊലിസ് ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് സേലം, കോയമ്പത്തൂര്‍, തൂത്തുക്കുടി, ചെങ്കല്‍പേട്ട്, രാമനാഥപുരം, കരൂര്‍, ചെന്നൈയില്‍ ഗിണ്ടി, മണ്ണടി, പുതുപ്പേട്ട്, മൗണ്ട് റോഡ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നു. ദേശീയ പതാകകളും ആസാദി മുദ്രാവാക്യങ്ങളും സി.എ.എ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തിയാണ് പ്രക്ഷോഭം തുടരുന്നത്. തമിഴ്‌നാട്ടില്‍ ചരിത്രത്തില്‍ അപൂര്‍വമായിട്ടാണ് ഇത്രയും വലിയ ജനകീയ പ്രക്ഷോഭം നടക്കുന്നത്. നേരത്തെ ജല്ലിക്കെട്ട് നിരോധനത്തിനെതിരെയായിരുന്നു തമിഴ്‌നാട്ടില്‍ ഇത്രയും വലിയ സമരം അരങ്ങേറിയിരുന്നത്. തമിഴ്‌നാട്ടിലെ പ്രധാന തെരുവകളിലെല്ലാം പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്ന കാഴ്ചയാണ് ശനിയാഴ്ച പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Also read: ജനാധിപത്യസൂചികയില്‍ ഇന്ത്യ പിറകോട്ടടിക്കുമ്പോള്‍

പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ജാമിഅ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഡല്‍ഹിയിലെ തമിഴ്‌നാട് ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പൗരത്വ നിമയത്തിനെതിരെ രാജ്യത്ത് നടക്കുന്ന ശ്രദ്ധേയമായ സമരങ്ങളുടെ പട്ടികയിലേക്കാണ് ഇപ്പോള്‍ ചെന്നൈയും ഇടം പിടിക്കുന്നത്. മറ്റൊരു ശഹീന്‍ ബാഗായി മാറുകയാണ് തമിഴ് മക്കളുടെ ജാതി-മത ഭേദമന്യേ നടക്കുന്ന ഈ ഐതിഹാസിക സമരം. സമരത്തെ ബി.ജെ.പി-ഫാസിസ്റ്റ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്ന പോലെ തല്ലിക്കെടുത്താനാണ് തമിഴ്‌നാട് പൊലിസും ശ്രമിക്കുന്നത്. എന്നാല്‍ മറ്റെല്ലാ ജനകീയ പ്രക്ഷേഭത്തെയും പോലെ തല്ലിക്കെടുത്തും തോറും ആളിപ്പടരുകയാണ് ഇവിടെയും ചെയ്യുന്നത്. ഇത് അധികാരികള്‍ക്ക് മനസ്സിലാക്കാന്‍ അല്‍പം സമയം എടുക്കുമെന്ന് മാത്രം.

Related Articles