Current Date

Search
Close this search box.
Search
Close this search box.

ബന്ദികള്‍ മടങ്ങിവരുന്നതുവരെ യുദ്ധം തുടരും, ഹമാസിന്റെ ഭരണം പൊളിക്കും: ഇസ്രായേല്‍ പ്രതിരോധ മന്ത്രി

gaza updates

ഗസ്സ സിറ്റി: ബന്ദികള്‍ മടങ്ങിവരുന്നതുവരെ ഗസ്സയ്ക്കെതിരായ യുദ്ധം തുടരുമെന്നും ഹമാസിന്റെ ഭരണം പൊളിക്കുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചു. ബന്ദികളാക്കിയവരെ മോചിപ്പിക്കുകയും ഹമാസിന്റെ ഭരണവും അതിന്റെ സൈനിക ശേഷിയും ഇല്ലാതാക്കുകയും ചെയ്യുന്നതുവരെ ഗസ്സക്കെതിരായ യുദ്ധം തുടരുമെന്ന് ഗാലന്റ് പറഞ്ഞു, പ്രാദേശിക പത്രമായ ഹാരെറ്റ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ‘വരാനിരിക്കുന്ന പതിറ്റാണ്ടുകള്‍ക്കുവേണ്ടി’ ഈ യുദ്ധം ഇസ്രായേലികളുടെ ജീവിതത്തെ രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രായേലിന്റെ ഗസ്സ വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 35000 കടന്നു. തിങ്കളാഴ്ച വരെ കൊല്ലപ്പെട്ടവര്‍ 35,034 ആണ്. ഇതില്‍ 14,500 പേര്‍ കുട്ടികളാണ്. കൊല്ലപ്പെട്ടവരില്‍ എഴുപത് ശതമാനവും പിഞ്ചുകുഞ്ഞുങ്ങളും കുട്ടികളും സ്ത്രീകളുമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചതായി കരുതപ്പെടുന്ന ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഗസ്സയിലെ കെട്ടിടാവഷ്ടങ്ങള്‍ക്കടിയിലാണ്. 78,755 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ബോംബാക്രമണം പ്രദേശത്തെ ജനസംഖ്യയുടെ 85% ആളുകളെയും ആഭ്യന്തരമായി കുടിയിറക്കി. ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ രൂക്ഷമായ ക്ഷാമവും ഗസ്സ മുനമ്പ് നേരിടുന്നുണ്ട്. ഇസ്രായേല്‍ ഉപരോധം മൂലം ഗസ്സയുടെ 60% അടിസ്ഥാന സൗകര്യങ്ങളും പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
ഇസ്രായേലിനെതിരെ വംശഹത്യ ആരോപിച്ചുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജനുവരിയിലെ ഒരു ഇടക്കാല വിധി ഇസ്രായേലിനോട് വംശഹത്യ അവസാനിപ്പിക്കാനും ഗസ്സയിലെ സാധാരണക്കാര്‍ക്ക് മാനുഷിക സഹായം നല്‍കുമെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിന് പുല്ലുവിലയാണ് ഇസ്രായേല്‍ നല്‍കിയത്. ഇസ്രയേലിനെതിരെ ഐ.സി.ജെയില്‍ ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത കേസില്‍ തങ്ങളും ഔദ്യോഗികമായി ചേരുമെന്ന് ഈജിപ്ത് അറിയിച്ചു.

വടക്കന്‍ ഗസ്സയിലെ ജബാലിയയിലേക്ക് ഇസ്രായേല്‍ സൈന്യവും ടാങ്കുകളും എത്തിയതോടെ ഏറ്റുമുട്ടല്‍ രൂക്ഷമാണ്. കഴിഞ്ഞ രാത്രി തീവ്രമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് കരസേന ആക്രമണം നടത്തിയത്.സുരക്ഷിത ഇടമെന്ന് ഇസ്രായേല്‍ വിശേഷിപ്പിച്ച റഫയിലും ആക്രമണം ആരംഭിച്ചതോടെ കുറഞ്ഞത് 360,000 ഫലസ്തീനികള്‍ റഫയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്ന് യു.എന്‍ അറിയിച്ചു. റഫയില്‍ നിന്നും തെക്കന്‍ ഗസ്സയിലേക്കാണ് വീണ്ടും പലായനം ചെയ്തത്. എന്നാല്‍ ഫലസ്തീനികള്‍ തെക്കന്‍ ഗസ്സയില്‍ തിരിച്ചെത്തിയതോടെ ഇസ്രായേല്‍ അവിടെയും ആക്രമണം ആരംഭിച്ചു.

 

Related Articles