Politics

ജനാധിപത്യസൂചികയില്‍ ഇന്ത്യ പിറകോട്ടടിക്കുമ്പോള്‍

1843 സെപ്തംബര്‍ മുതല്‍ ഇംഗ്ലീഷ് ഭാഷയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കപ്പെടുന്ന വാരികയാണ് ദി ഇക്കണോമിസ്റ്റ്. 2015-ലെ കണക്കുപ്രകാരം 1.5 മില്യണിലേറെ വരിക്കാരുള്ള ഇക്കണോമിസ്റ്റ് ലോകരാഷ്ട്രീയവും സാമ്പത്തിക രംഗവുമെല്ലാം വിശകലനം ചെയ്യുന്ന ലോകത്തെ മുന്‍നിര മാഗസിനുകളിലൊന്നാണ്. ലോകമെമ്പാടുമുള്ള ജനാധിപത്യ രാഷ്ട്രങ്ങളുടെ അവസ്ഥയെപ്പറ്റി അടിമുടി പരിശോധിച്ചുള്ള ഒരു ജനാധിപത്യ സൂചിക വര്‍ഷംതോറും ഇക്കണോമിസ്റ്റിന്റെ ഗവേഷണവിഭാഗമായ EIU പുറത്തിറക്കാറുണ്ട്. ഈ വര്‍ഷത്തെ അവരുടെ കണക്കുകള്‍ എല്ലാ ജനാധിപത്യ, സ്വാതന്ത്ര്യസ്‌നേഹികളെയും ആശങ്കയിലാഴ്ത്തുന്നതാണ്. 2018-ല്‍ 5.48 ആയിരുന്ന ശരാശരി ആഗോള ജനാധിപത്യ നിരക്ക് ഇക്കുറി 5.44 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 2006-ലാണ് ഏറ്റവും മോശം നിരക്ക് പ്രകടമായത്. സാമ്പത്തിക പ്രതിസന്ധി കാരണമായി 5.46 റിപ്പോര്‍ട്ട് ചെയ്ത 2010-നേക്കാള്‍ പരിതാപകരമാണ് ഈ വര്‍ഷം. ലോകമെമ്പാടുമുള്ള ഈ ജനാധിപത്യശോഷണം കമ്പോളമേഖലകളില്‍ വരെ വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.
ആഗോള ജനാധിപത്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം പത്തെണ്ണം പിന്നിലേക്കുമാറിയത് നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്നുണ്ട്. സിവില്‍ സ്വാതന്ത്ര്യങ്ങളുടെ ശോഷണമാണ് ഈ ഇടിവിന് കാരണമായി അന്വേഷണസംഘം പറയുന്നത്. 2018-ല്‍ 7.23 ആയിരുന്ന നമമുടെ നിരക്ക് 6.90 ലേക്ക് താഴ്ന്നു. തെരെഞ്ഞെടുപ്പ് സംവിധാനവും ബഹുസ്വരതയും, ഭരണകൂടത്തിന്റെ പ്രവര്‍ത്തനക്ഷമത, രാഷ്ട്രീയ പങ്കാളിത്തം, സിവില്‍ സ്വാതന്ത്ര്യങ്ങള്‍ എന്നിവ മാനദണ്ഡങ്ങളാക്കിയാണ് പട്ടിക തയാറാക്കുന്നത്. നിരക്കിനനുസൃതമായി നാലു വിഭാഗങ്ങളായി തിരിച്ചിട്ടുള്ളതില്‍ ‘ദുര്‍ബല ജനാധിപത്യം’ എന്ന കാറ്റഗറിയിലാണ് ഇന്ത്യയുടെ സ്ഥാനം.

ജനാധിപത്യത്തെ നാണിപ്പിക്കുന്ന സംഭവവികാസങ്ങള്‍
ഇന്ത്യ പിന്നോട്ടടിക്കാനുള്ള കാരണം സിവില്‍ സ്വാതന്ത്ര്യങ്ങളുടെ ശോഷണമാണെന്ന് നേരത്തെ പറഞ്ഞല്ലോ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ സര്‍വീസുകള്‍ വിഛേദിക്കല്‍, ഇന്ത്യാവിരുദ്ധരല്ലാത്ത രാഷ്ട്രീയനേതാക്കളെ വരെ അന്യായമായി തടവിലിടല്‍ തുടങ്ങി കശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകളും അസമില്‍ എന്‍ആര്‍സി വഴി രണ്ടു മില്യണ്‍ ജനങ്ങളുടെ പൗരത്വം ആശങ്കയിലാക്കിയതും അന്വേഷണസംഘത്തെ ഏറെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തം.

Also read: ഇനി ഉറക്കത്തിന്റെയല്ല; നമസ്കാരത്തിന്റെ രാത്രികൾ

‘ മുസ് ലിംകളൊഴിച്ച് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാന്‍ എന്നീ അയല്‍രാഷ്ട്രങ്ങളില്‍ നിന്നുമെത്തിയ അനധികൃത കുടിയേറ്റക്കാര്‍ക്ക് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി നിയമം പാസാക്കിയതും ആഭ്യന്തരമന്ത്രി തന്നെ എന്‍ ആര്‍ സി രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതും മുസ് ലിം ജനസാമാന്യത്തെ രോഷാകുലരാക്കുകയും വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിമരുന്നിടുകയും ചെയ്തു’. ഈ വിവേചനപരമായ നിലപാടുകളാണ് ജനാധിപത്യ സൂചികയിലെ രാജ്യത്തെ പിന്നോട്ടടിക്കലിന് കാരണമായതെന്ന് വ്യക്തം.

ദേശീയ പ്രതികരണങ്ങള്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി. ചിദംബരം ജനാധിപത്യസൂചികയിലെ ഇന്ത്യയുടെ ഇടിവു പരാമര്‍ശിച്ച് ട്വറ്ററില്‍ കുറിച്ചതിങ്ങനെ: ‘ജനാധിപത്യവും ജനാധിപത്യസ്ഥാപനങ്ങളും അപകടാവസ്ഥയിലാണെന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തെ രാജ്യത്തെ സംഭവവികാസങ്ങള്‍ വീക്ഷിക്കുന്ന ആര്‍ക്കും മനസിലാകും. അധികാരത്തിലിരിക്കുന്നവരാണ് യഥാര്‍ഥ ടുക്‌ഡേ ടുക്‌ഡേ ഗ്യാങ്. ലോകം ഇന്ത്യയെപ്പറ്റി ഏറെ ജാഗരൂകരാണ്. പിറന്നമണ്ണിനെ സ്‌നേഹിക്കുന്ന പൗരന്മാരും അതിനെപ്പറ്റി ജാഗ്രത്തായിരിക്കേണ്ടതുണ്ട്’.

ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായ ശിവസേന അതിന്റെ മുഖപത്രമായ സാമ് നയുടെ എഡിറ്റോറിയലുകളിലൂടെ അതിന്റെ നിലപാടുകള്‍ പരസ്യപ്പെടുത്താറുണ്ട്. ഈയടുത്തായി വന്നൊരു മുഖപ്രസംഗത്തില്‍ ഇങ്ങനെ വായിക്കാം: ‘വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് എങ്ങും നടക്കുന്നത്. അക്രമിക്കപ്പെട്ട ജെ എന്‍ യു വിദ്യാര്‍ഥികളോട് സഹതാപം പ്രകടിപ്പിച്ചവരാണ് ജയിലില്‍ കിടക്കുകയും കുറ്റക്കാരെപ്പോലെ പെരുമാറപ്പെടുകയും ചെയ്യുന്നത്. ഇതെല്ലാമാണ് ഇന്ത്യ ജനാധിപത്യസൂചികയില്‍ 51-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ കാരണം. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുകയില്ലെങ്കില്‍പ്പോലും അത്തരമൊരു പ്രതിസന്ധി രാജ്യം എന്തുകൊണ്ടാണ് അനുഭവിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്’.

Also read: പുരുഷ മനസ്സിലെ നാല് പെണ്ണുങ്ങള്‍

ജനാധിപത്യസൂചികയിലെ ഇന്ത്യയുടെ പരിതാപകരമായ അവസ്ഥയെപ്പറ്റി ദി ടെലിഗ്രാഫ് എഴുതിയതിങ്ങനെ: ‘ഈയൊരു വിശകലനം ഒട്ടനവധി ചോദ്യങ്ങളാണുയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയുടെ സവിശേഷ ജനാധിപത്യ പാരമ്പര്യത്തെ സൂചിപ്പിക്കാനായി ഉദ്ധരിക്കപ്പെടാറുള്ളത് കാര്യക്ഷമമായ തെരെഞ്ഞെടുപ്പുകളാണ്. അതൊരു പ്രശ്‌നബദ്ധമായ കാഴ്ചപ്പാടാണ്. കാരണം, പൊതുതെരെഞ്ഞെടുപ്പുകളും ഇന്ത്യയിലെ ജനാധിപത്യ ശോഷണവും ഒരേസമയത്താണ് നടക്കുന്നത്. വോട്ടര്‍മാരുടെ മനോനിലയില്‍നിന്നാണ് ജനാധിപത്യം പുഷ്‌കലമാകുന്നതെന്നതാണ് ശരിയായ വാദം. ഇതാണ് പിന്നീട് ജനാധിപത്യത്തെപ്പറ്റിയുള്ള പൊതുവ്യവഹാരങ്ങള്‍ക്ക് പുതുചിന്തകള്‍ തുറന്നിട്ടുതരുന്നത്. ജനാധിപത്യത്തെ വെറുമൊരു രാഷ്ട്രീയ വ്യവസ്ഥയായിമാത്ര കാണാതെ അതിനുവേണ്ട ധാര്‍മികബലത്തെ സൃഷ്ടിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്’.

എന്താണ് യഥാര്‍ത്ഥ ജനാധിപത്യം?
ഏകാധിപതികള്‍ പോലും ജനാധിപത്യത്തിന് പാവനത്വം കല്‍പിക്കുകയും തങ്ങളുടെ ഭരണകൂടത്തെ ആ വ്യവസ്ഥയോട് കൂട്ടിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, ജമാല്‍ അബ്ദുന്നാസര്‍ തന്റെ ഭരണകൂടത്തെ വിശേഷിപ്പിച്ചത് പ്രസിഡന്‍ഷ്യല്‍ ജനാധിപത്യമെന്നാണ്. അയൂബ് ഖാന്‍, സുകാര്‍ണോ, ഫ്രാങ്കോ തുടങ്ങിയവരെല്ലാം ഈ വഴി പിന്തുടര്‍ന്നവരാണ്.

‘ഡെമോക്രസി: എ വെരി ഷോര്‍ട്ട് ഇന്‍ട്രൊഡക്ഷന്‍’ എന്ന പുസ്തകത്തില്‍ ബെര്‍നാഡ് ക്രിക്ക് ഇങ്ങനെ എഴുതുന്നു:’സ്വാതന്ത്ര്യം, ലിബറലിസം എന്നൊക്കെയാണ് ചിലര്‍ ജനാധിപത്യത്തെ നിര്‍വചിക്കുന്നത്. ജനാധിപത്യ രാഷ്ട്രത്തില്‍ നിന്നും ജനാധിപത്യപൗരനെ സംരക്ഷിക്കാന്‍ നിയമങ്ങള്‍ക്കാകണം. തങ്ങളുടെ ആവശ്യങ്ങള്‍ ജനങ്ങള്‍ക്കുമുമ്പില്‍ വെക്കുകയും വശീകരിച്ചോ അല്ലാതെയോ ജനസമ്മതി നേടുകയുമാണ് ആധുനികകാലത്തെ ഏകാധിപതികളുടെ പതിവുരീതി. അതുകൊണ്ടുതന്നെ, പേരിന് രാഷ്ട്രീയനീതിയും സമത്വവും സ്വാതന്ത്ര്യവുമുള്ള ഒരു ഭരണകൂടത്തെപ്പറ്റി അതാണ് യഥാര്‍ഥ ജനാധിപത്യമെന്ന നിഗമനത്തിലെത്തിച്ചേരാന്‍ പാടില്ല’.

Also read: മുസ്‌ലിം രാഷ്ട്രങ്ങള്‍ നിഖാബ് നിരോധിക്കുമ്പോള്‍!

ജനാധിപത്യസൂചികയുടെ അഞ്ചു മാനദണ്ഢങ്ങള്‍ ജനാധിപത്യത്തെ മനസിലാക്കാന്‍ ഉപകരിക്കുമെന്ന് ഞാന്‍ കരുതുന്നു. തെരെഞ്ഞെടുപ്പ് ക്രമങ്ങള്‍ സുതാര്യമാണോ അല്ലേയെന്നും ഏതാനും പേര്‍ക്ക് തീരുമാനിക്കാന്‍ പറ്റുന്ന ഒന്നാണോ ഫലമെന്നുമുള്ള ചോദ്യങ്ങള്‍ ഉയരേണ്ടതുണ്ട്. എന്തുകൊണ്ടാണ് വലിയൊരു വിഭാഗം ന്യൂനപക്ഷങ്ങള്‍ക്ക് മുഖ്യധാരാ പാര്‍ട്ടികള്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കുകയും അവരെ അരികുവല്‍കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്?ഇങ്ങനെ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കാനും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും കഴിയുന്നിടത്താണ് ജനാധിപത്യം സമ്പൂര്‍ണമായിത്തീരുന്നത്.

നമ്മള്‍ പൗരന്മാരെന്തുചെയ്യണം?
ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയതുമുതല്‍ നിരന്തരഭീഷണിയിലായിരുന്നു ഇന്ത്യയിലെ ജനാധിപത്യം. ഒരു പ്രത്യേക മതവിഭാഗത്തിലെ ഒരു പ്രത്യേക വിഭാഗത്തിനാണ് രാജ്യം ഭരിക്കാനുള്ള അവകാശമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം പണ്ടുമുതലേ ഇവിടെയുണ്ടായിരുന്നു. നേരിട്ടോ അല്ലാതെയോ അവര്‍ ഭരണരംഗത്ത് ചരടുവലികള്‍ നടത്തിയെങ്കിലും ഭരണഘടനയും അവരുടെ നികൃഷ്ട ലക്ഷ്യം മണത്തറിഞ്ഞ ആളുകളുമാണ് ഒരു മതാധിഷ്ഠിത രാഷ്ട്രമെന്ന അവരുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തത്.
പൗരന്മാരെന്ന നിലയില്‍ രണ്ട് ഉത്തരവാദിത്തങ്ങളാണ് നമുക്കുള്ളത്. അവരുടെ പ്രവര്‍ത്തനങ്ങളെ ജാഗ്രതയോടെ വീക്ഷിക്കുകയും അവരുടെ അജണ്ടകള്‍ക്കെതിരെ സമാധാനപരവും ജനാധിപത്യപരവുമായ പ്രക്ഷോഭങ്ങളിലേര്‍പ്പെടുകയുമാണ് ആദ്യം ചെയ്യേണ്ടത്. സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഫാഷിസത്തെയും വര്‍ഗീയ വിദ്വേഷത്തെയും ധ്രുവീകരണത്തെയും തുടച്ചുനീക്കുക എന്നതാണ് രണ്ടാമതായുള്ള ശ്രമകരമായ ജോലി. വരുംതലമുറകള്‍ക്കായി ഈ ദൗത്യം നമ്മളേറ്റെടുത്താല്‍ അവര്‍ നമ്മോട് എപ്പോഴും കടപ്പാടുള്ളവരായിരിക്കും.

വിവ. അഫ്‌സല്‍ പിടി മുഹമ്മദ്

Facebook Comments
Related Articles
Tags
Close
Close