Current Date

Search
Close this search box.
Search
Close this search box.

മകനെ, ചേതനയുള്ളവരുടെയും ഇല്ലാത്തവരുടെയും ഉറക്കിനെ നീ വേര്‍തിരിച്ച് മനസ്സിലാക്കണം

ഖാബൂസ്‌നാമ - 10

ഹമ്മാമിലെ കുളി കഴിഞ്ഞാല്‍ പുറത്തുപോകും മുമ്പ് കുറച്ചുനേരത്തേക്ക് സ്വകാര്യമുറിയില്‍ വിവസ്ത്രരായി ഉറങ്ങുന്നത് ഗ്രീക്ക് ജ്ഞാനികളുടെ ആചാരമായിരുന്നു. അവരല്ലാതെ മറ്റൊരു സമൂഹത്തിലും അങ്ങനെയൊരു ആചാരമില്ല. എങ്കിലും, ഉറക്കത്തെ അവര്‍ ചെറുമരണം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കാരണം, ഉറങ്ങുന്നവനും മരിച്ചവനും സമന്മാരാണ്. രണ്ടുപേര്‍ക്കും ലോകത്തെക്കുറിച്ച് യാതൊന്നും അറിയുന്നില്ല. ഒരാള്‍ ആത്മാവോടെ മരിച്ചുകിടക്കുകയാണെങ്കില്‍ മറ്റൊരാള്‍ ആത്മാവില്ലാത്ത മൃതശരീരമായി മാറുന്നു.
അമിതമായ ഉറക്കം സ്തുത്യര്‍ഹമായ ശീലമല്ല. അത് ശരീരത്തെ അലസനാക്കും. ജീവിത പ്രകൃതത്തിന്റെ താളം പിഴപ്പിക്കും. മുഖഭാവങ്ങള്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് നിലയില്ലാതെ മാറിക്കൊണ്ടിരിക്കും. ജനപഥത്തിന്റെ മുഖഭാവത്തെ അനായാസം മാറ്റിക്കളയാന്‍ കഴിയുന്ന ആറു കാര്യങ്ങളുണ്ട്; അവിചാരിത സന്തോഷം, അപ്രതീക്ഷിത ദുഃഖം, ദേഷ്യം, ഉറക്കം, മദ്യാസക്തി, വാര്‍ധക്യം. വാര്‍ധക്യം മനുഷ്യന്റെ രൂപത്തെത്തന്നെ മാറ്റിക്കളയും. വാര്‍ധക്യമെന്നത് അതിപ്രധാനമായൊരു കാലം തന്നെയാണ്.
ഉറങ്ങുന്നവരെക്കുറിച്ച് ഒരിക്കലും മരിച്ചവരെന്നോ ജീവിക്കുന്നവരെന്നോ തീര്‍പ്പു കല്‍പ്പിക്കാനാകില്ല. മൃതശരീരത്തിനുമേല്‍ എന്നപോലെത്തന്നെ ഉറങ്ങുന്നവരുടെമേലും വിചാരണ നടത്താനാകില്ല. ഒരു കവിതയുണ്ട്:
‘നിന്റെ ക്രൂരതക്കു മുന്നില്‍
ഞാനെത്ര മുതുകു കുനിച്ചാലും
ഹൃദയത്തിനകത്ത് നിന്നോടുള്ള സ്‌നേഹത്തിന്
ഒരു അളവുപോലും കുറവു വരില്ല
പറയിപ്പെറ്റ സ്‌നേഹിതാ,
നിന്നെ ഞാന്‍ ഉപേക്ഷിക്കില്ല
കാരണം, നീ ഉറങ്ങുന്നവനാണ്
ഉറങ്ങുന്നവനുമേല്‍ എങ്ങനെയാണ് 
തീര്‍പ്പു കല്‍പ്പിക്കുക!’
അമിതമായ ഉറക്കം ദോഷംചെയ്യുന്നതുപോലെ തീരെ ഉറങ്ങാതിരിക്കുന്നതും അപകടമാണ്. ഒരാള്‍ അല്പംപോലും ഉറങ്ങാതെ എഴുപത്തിരണ്ട് മണിക്കൂര്‍ കഴിച്ചുകൂട്ടുകയാണെങ്കില്‍ അവന് അപ്രതീക്ഷിത മരണം സംഭവിച്ചേക്കാം. എന്തു കാര്യമാണെങ്കിലും അതിനൊരു നിശ്ചിത പരിതിയുണ്ടാകും. ജ്ഞാനികള്‍ പറയുന്നു: ‘ഒരു ദിവസമെന്നു പറയുന്നത് ഇരുപത്തിനാല് മണിക്കൂറാണ്. അതിന്റെ മൂന്നില്‍ രണ്ട് ഭാഗം ഉണര്‍ന്നിരിക്കുകയും ഒരു ഭാഗം ഉറങ്ങുകയും ചെയ്യണം. എട്ടു മണിക്കൂര്‍ ദൈവികാരാധനയിലായി മുഴുകുക. മറ്റൊരു എട്ടു മണിക്കൂര്‍ ലൈംഗികബന്ധം, കൂടിയിരിക്കല്‍ പോലെ ആത്മാവിനെയും ശരീരത്തെയും ആനന്ദിപ്പിക്കുകയും സംതൃപ്തമാക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്കുവേണ്ടി നീക്കിവക്കുക. ബാക്കി വരുന്ന എട്ടു മണിക്കൂര്‍ വിശ്രമത്തിനായി മാറ്റി വക്കുക. കഴിഞ്ഞ പതിനാറ് മണിക്കൂറിലെ അധ്വാനംകൊണ്ട് ശരീരത്തിനുണ്ടായ ക്ഷീണം അകറ്റാനുള്ള സമയമാണ് അത്.’
ഇരുപത്തിനാല് മണിക്കൂറില്‍ പകുതി ഉറങ്ങുകയും പകുതി ഉണര്‍ന്നിരിക്കുകയും ചെയ്യുന്നവരാണ് വിഡ്ഢികള്‍. ബുദ്ധിമാന്മാരാണെങ്കില്‍ നാം സൂചിപ്പിച്ചതുപോലെ എട്ടു മണിക്കൂര്‍ മാത്രം ഉറങ്ങുകയും ബാക്കി പതിനാറ് മണിക്കൂര്‍ ഉണര്‍ന്നിരിക്കുകയും ചെയ്യും. ഓരോ എട്ട് മണിക്കൂറിലും മനുഷ്യന്‍ വ്യത്യസ്ത ഭാവങ്ങളിലായിരിക്കും. തന്റെ അടിമകള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടിയാണ് രാത്രിവേളകളെ അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനിലൂടെ അവന്‍ പറയുന്നത് നോക്കൂ: ‘നിങ്ങളുടെ നിദ്രയെ വിശ്രമവും രാത്രിയെ വസ്ത്രവും പകലിനെ ഉപജീവന വേളയാക്കുകയും ചെയ്തില്ലേ?’ (സൂറത്തുന്നബഅ്: 9-11).
ആത്മാവാണ് ജീവിതത്തിന്റെ അടിസ്ഥാനം. ആത്മാവില്ലെങ്കില്‍ ജീവനുമില്ല. ശരീരം കേവലമൊരു ഇടം മാത്രമാണ്. ആത്മാവിന് മൂന്ന് പ്രത്യേകതകളുണ്ട്; ജീവനും ചലനവും ലഘുത്വവും. ആത്മാവിനെപ്പോലെ ശരീരത്തിനും മൂന്ന് പ്രത്യേകതകളുണ്ട്; മരണവും നിശ്ചലതയും ഭാരവും. രണ്ടും ഒരിടത്തായിരിക്കുന്ന കാലത്തോളം ആത്മാവ് അതിന്റെ പ്രത്യേകതകളാല്‍ ശരീരത്തെ സംരക്ഷിക്കും. ഒരു സമയം പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും മറ്റുചില സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. ചിലപ്പോള്‍ ശരീരത്തെ അശ്രദ്ധയിലാക്കിയേക്കാം. ശരീരം അതിന്റെ ഗുണങ്ങള്‍ (മരണം, നിശ്ചലനം, ഭാരം) വെളിവാക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അത് തകര്‍ന്നുകൊണ്ടിരിക്കുന്നൊരു വീടുപോലെയാണ്.
ഒരു വീട് തകരുമ്പോള്‍ അതിനകത്ത് ഉള്ളവരെക്കൂടി അത് നശിപ്പിച്ചു കളയുന്നു. അതുപോലെ ഒരു ശരീരം നശിക്കുമ്പോള്‍ മനുഷ്യന്റെ എല്ലാ ഇന്ദ്രിയങ്ങളെക്കൂടി അത് നശിപ്പിക്കുന്നു. അതോടെ കണ്ണുണ്ടെങ്കിലും കാണാന്‍ കഴിയാതാകും. കാതുണ്ടെങ്കിലും കേള്‍ക്കാനാകില്ല. നാവുണ്ടെങ്കിലും രുചിക്കാനാകില്ല. ഭാരമേറിയതാണോ അല്ലേ, മാര്‍ദ്ദവമാണോ അല്ലേ എന്നൊന്നും സ്പര്‍ശിച്ച് അറിയാന്‍ സാധിക്കില്ല. അതുവരെ സംസാരിച്ചിരുന്നവന് സംസാരശേഷി ഇല്ലാതാകും. അതുവരെ മനുഷ്യനിലുണ്ടായിരുന്ന എല്ലാത്തിനെയും അത് പിടികൂടും. എന്നാല്‍ ചിന്തകളും ഓര്‍മകളും അവക്ക് പുറത്തായിരിക്കും. അവ രണ്ടിനെയും സ്വാധീനിക്കാന്‍ കഴിയില്ല.
ശരീരം ഉറങ്ങിക്കിടക്കുമ്പോള്‍ അത് പലതും സ്വപ്‌നം കാണുകയും പല കാര്യങ്ങളും ചിന്തിച്ചുകൂട്ടുകയും ചെയ്യുന്നു. പിന്നീട് ഉണരുംനേരം ഞാന്‍ ഇന്നാലിന്ന സംഗതികളെല്ലാം കണ്ടു എന്ന് അതെല്ലാം ഓര്‍ത്തെടുക്കുന്നത് കണ്ടിട്ടില്ലേ? ചിന്തകളും ഓര്‍മകളും അവയുടെ സ്ഥാനത്തല്ലാതെ ശരീരത്തിന്റെ ആന്തരികമോ ബാഹ്യമോ ആയ ഇടങ്ങളില്‍ എവിടെയെങ്കിലും ആയിരുന്നെങ്കില്‍ ശരീരത്തോടൊപ്പം അവയും നശിച്ചുപോകുമായിരുന്നു. ചിന്തക്ക് ദര്‍ശിക്കാനോ ഓര്‍മകള്‍ക്ക് സൂക്ഷിക്കാനോ കഴിയുമായിരുന്നില്ല. സംസാരശേഷിയും അതിന്റെ ഇടത്തില്‍തന്നെ ആയിരുന്നെങ്കില്‍ ശരീരത്തിന് ഉറങ്ങാനാകുമായിരുന്നില്ല. ഉറങ്ങുന്ന സമയം സംസാരം നിര്‍ബാധം തുടരുകയാണെങ്കില്‍ ഒരു ജീവിക്കും വിശ്രമിക്കാനോ ഉറങ്ങാനോ കഴിയില്ല. കൃത്യമായ തന്ത്രത്തോടെയും യുക്തിയോടെയുമല്ലാതെ ഈ ഭൂലോകത്ത് ഒന്നുംതന്നെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല.
മകനേ, പകല്‍സമയത്തെ ഉറക്ക് ആവുന്നതും ഒഴിവാക്കുക. ഇനി അത് ഉപേക്ഷിക്കാന്‍ കഴിയുന്നില്ലായെങ്കില്‍ അല്പം മാത്രം ഉറങ്ങാന്‍ ശ്രദ്ധിക്കുക. ഉറക്കംകൊണ്ട് പകലിനെ രാത്രിയാക്കുന്നത് യുക്തിസഹമല്ല. എങ്കിലും, വേനല്‍കാലം ഖൈയ്‌ലൂലതിന്റെ (ഏകദേശം ഉച്ചയോട് അടുത്ത സമയം) സമയം അല്പനേരം വിശ്രമിക്കാന്‍ കിടക്കുക. അത് സല്‍വൃത്തരുടെയും മാന്യന്മാരുടെയും ശീലത്തില്‍പ്പെട്ടതാണ്. അതുതന്നെ ഒരു മണിക്കൂര്‍ സമയത്തേക്ക് മാത്രം പതിവാക്കാന്‍ കഴിയുകയെന്നത് അനുഗ്രഹമാണ്. ആ ഒരു മണിക്കൂര്‍ അവര്‍ എല്ലാവരില്‍നിന്നും ഒഴിഞ്ഞിരിക്കും. പിന്നീട് സൂര്യന്‍ അസ്തമിച്ച് ചൂടെല്ലാം കെട്ടടങ്ങിയതിനുശേഷം മാത്രമേ അവര്‍ പുറത്തിറങ്ങൂ. ചുരുക്കത്തില്‍, ജീവിതത്തിന്റെ സിംഹഭാഗവും ഉണര്‍വില്‍തന്നെ ആയിരിക്കാന്‍ പരിശ്രമിക്കുക. കാരണം, അനന്തമായ ഉറക്കിന്റെ നാളുകള്‍ നിന്നെയും കാത്ത് ഇരിപ്പുണ്ട്.
രാത്രിയായാലും പകലായാലും ഉറങ്ങുമ്പോള്‍ തനിച്ചാകാതിരിക്കാന്‍ ശ്രദ്ധിക്കുക. മനസ്സിന് ശാന്തിയും സമാധാനവും നല്‍കുന്ന ആരെങ്കിലും കൂടെ ഉണ്ടായിരിക്കുന്നത് നല്ലതാണ്.  ഉറങ്ങുന്നവനും മരിച്ചവനും ഒരുപോലെയാണ്. ലോകത്തു നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് രണ്ടുപേരും അജ്ഞരാണ്. ഒരാള്‍ ജീവനോടെ ഉറങ്ങുന്നു. മറ്റവന്‍ മൃതശരീരനായി ഉറങ്ങുന്നു എന്ന വ്യത്യാസം മാത്രമേ അവര്‍ക്കിടയില്‍ ഉള്ളൂ. ഈ രണ്ട് ഉറക്കക്കാരെയും പരസ്പരം വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
മരിച്ചവന് ആരും കൂട്ടില്ലാതെ തനിച്ച് കിടക്കേണ്ടി വരും. അവനെ സംബന്ധിച്ചിടിത്തോളം യാതൊരു പരിഭവവും പറയാനില്ല. എന്നാല്‍, ജീവനുള്ള ഉറക്കക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ വിരിപ്പും കിടപ്പറയും കൂടെക്കിടക്കുന്നവരും തനിക്ക് ആശ്വാസവും സുരക്ഷിതത്വവും പകരുന്നവയായിരിക്കണം. മരിച്ചവന് അതിന്റെ ആവശ്യമേ ഇല്ല. ചേതനയുള്ളവരുടെയും ഇല്ലാത്തവരുടെയും ഉറക്കിനെ വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള ലളിതരൂപമാണിത്.
സൂര്യന്‍ ഉദിക്കുംമുന്നേ ഉറക്കമുണരുന്നതില്‍ കണിശത പുലര്‍ത്തണം. സൂര്യന്‍ ഉദിക്കുംമുന്നേ അല്ലാഹുവിന് നല്‍കേണ്ട ബാധ്യതകള്‍ ചെയ്തുവീട്ടുകയും വേണം. പുലര്‍ച്ച വൈകി ഉണരുന്നവരുടെയെല്ലാം ജീവിതോപാദികളില്‍ പ്രയാസങ്ങള്‍ അനുഭവപ്പെടും. നമസ്‌കാരം നഷ്ടപ്പെടുത്തിയതുതന്നെ കാരണം. അതിന്റെ അവലക്ഷണം അവനെ വേട്ടയാടുകയും ചെയ്യും. അതുകൊണ്ട് പുലര്‍ച്ചെ നേരത്തെ എഴുന്നേല്‍ക്കുകയും നമസ്‌കരിക്കുകയും ചെയ്യുക. പിന്നീട് മാത്രം നിന്റേതായ കാര്യങ്ങളില്‍ വ്യാപൃതനാവുക. പുലര്‍ച്ചെ ഒരു ജോലിയുമില്ലെങ്കില്‍, വല്ല ആനന്ദവും നീ ഉദ്ദേശിക്കുകയും ചെയ്യുന്നുവെങ്കില്‍ നിനക്ക് വേട്ടയാടാനോ മറ്റു വിനോദങ്ങള്‍ക്കോ ഇറങ്ങാം.
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles