Current Date

Search
Close this search box.
Search
Close this search box.

ബാസിം ഖൻദഖ്ജി: ഇരുമ്പഴികൾ ഭേദിച്ച് ലോകം കീഴടക്കുകയാണ്

2024 ലെ അറബ് അന്താരാഷ്ട്ര ഫിക്ഷനുള്ള പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ അതിന്നൊരു പ്രത്യേകതയുണ്ട്. അറ്റമില്ലാതെ തുടരുന്ന ഇസ്രായേലിന്റെ ക്രൂര വിനോദങ്ങൾക്കെതിരെയുള്ള പ്രതികരണം കൂടിയായി അത് മാറുന്നു. ഫലസ്തീനിയൻ സാഹിത്യകാരനും നോവലിസ്റ്റും കവിയുമൊക്കെയായ ബാസിം ഖൻദഖ്ജിയെ തേടിയാണ് ഇത്തവണത്തെ അറബ് പുരസ്കാരമെത്തിയത്. അദ്ദേഹത്തിന്റെ ‘എ മാസ്ക് ദി കളർ ഓഫ് ദി സ്കൈ’ എന്ന നോവലിനാണ് പുരസ്കാരം. പക്ഷെ, ഈ അംഗീകാരം ഖന്ദഖ്ജിയെ തേടിയെത്തുമ്പോൾ അദ്ദേഹം ജയിലിലാണ്. ടെൽ അവീവിൽ  മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് 2004 ൽ  തീവ്രവാദ കുറ്റം ആരോപിക്കപ്പെടുകയും മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയുമായിരുന്നു. പുരസ്കാരം പ്രഖ്യാപിച്ചതിൻെ വാർത്ത നൽകിയ ജൂതപത്രം ‘ഹാരെറ്റ്സ്’ എഴുതിയത് മൂന്ന് ഇസ്രായേലികളെ വധിച്ച ഫലസ്തീനിയൻ സാഹിത്യകാരൻ എന്നായിരുന്നു. 

1983 ൽ പലസ്തീനിലെ നാബുലുസിലാണ് ഖൻദഖ്ജിയുടെ ജനനം. വടക്കൻ വെസ്റ്റ് ബാങ്കിലെ അൻ-നജാ നാഷണൽ  യൂണിവേഴ്സിറ്റിയിൽ  നിന്ന് ജേണലിസവും മീഡിയയും പഠിച്ച ഖൻദഖ്ജി പിന്നീട് സാഹിത്യത്തിലേക്ക് തിരിഞ്ഞു. തന്റെ 21-ാം വയസ്സിൽ  ജയിൽ വാസം ആരംഭിക്കുന്നത് വരെ ഖൻദക്ജി നിരവധി ചെറുകഥകൾ എഴുതി. തങ്ങളുടെ ദുരിതപൂർണമായ ജീവിതത്തെ വരച്ചു കാട്ടാനും പുറം ലോകത്തെ അറിയിക്കാനും സാഹിത്യത്തെക്കാൾ മികച്ച ഒന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു കാണണം. ജയിലിലെത്തിയതിന് ശേഷവും ഖൻദഖ്ജി രചന തുടർന്നു. തടവറയിരുട്ടിനുള്ളിൽ  സാഹിത്യത്തിൻെ, നേരനുഭവത്തിന്റെ സത്യപ്രകാശം അനുഭവിക്കുകയായിരുന്നു ഖൻദഖ്ജി. 

2010ൽ  ‘റിച്വൽസ് ഓഫ് ദി ഫസ്റ്റ് ടൈം’ എന്ന കവിതാ സമാഹാരം പുറത്തിറക്കി. ഒരു രാത്രികാല കവിതയുടെ ശ്വാസം (2013), ദി നാർസിസസ് ഓഫ് ഐസൊലേഷൻ (2017) തുടങ്ങിയ കവിതാസമാഹരങ്ങളും  ദി എക്ലിപ്സ് ഓഫ് ബദറുദ്ദീൻ (2019), ദി ബ്രീത്ത് ഓഫ് എ വുമൺ ലെറ്റ് ഡൗൺ (2020), കൂടാതെ എ മാസ്ക് ദി കളർ ഓഫ് ദി സ്കൈ (2023) തുടങ്ങിയ അനേകം അമൂല്യ രചനകളാണ് ഇക്കാലയളവിൽ  ഖൻദഖ്ജി എഴുതിത്തീർത്തത്. ചരിത്രവും ഫിക്ഷനും ഇഴചേരുന്ന രചനയാണ് ദി എക്ലിപ്സ് ഓഫ് ബദറുദ്ദീൻ എന്ന നോവൽ . 14, 15 നൂറ്റാണ്ടുകളുടെ അവസാനത്തിലെ യൂറോപ്യൻ തുർക്കിയാണ് പ്രസ്തുത നോവലിൻ്റെ പശ്ചാത്തലം. ശൈഖ് ബദറുദ്ദീൻ മഹ്മൂദിന്റെ ജീവിതമാണ് ഇതിവൃത്തം. കൂലീനതയില്ലാത്ത അറിവിന്റെ മൂല്യത്തെ ചോദ്യം ചെയ്യുന്ന ബദറുദ്ദീന്റെ അഴിമതിക്കെതിരായ കലാപത്തോടൊപ്പം വായനക്കാരനും അദ്ദേഹത്തെ അനുഗമിക്കുന്നു.

അദ്ദേഹത്തിന്റെ 2020ൽ  പുറത്തിറങ്ങിയ ‘ദി ബ്രീത്ത് ഓഫ് എ വുമൺ ലെറ്റ് ഡൗൺ’ ആദ്യ ഇൻതിഫാദയ്ക്ക് ശേഷമുള്ള വർഷങ്ങളിലെ പലസ്തീനിലെ ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്നുണ്ട്. ഇന്റർനാഷണൽ  പ്രൈസ് ഫോർ അറബിക് ഫിക്ഷൻ വെബ്സൈറ്റ് അനുസരിച്ച്, അദ്ദേഹം ജറുസലേമിലെ അൽ -ഖുദ്സ് യൂണിവേഴ്സിറ്റിയിൽ  രജിസ്റ്റർ ചെയ്യുകയും ജയിലിൽ  നിന്ന് തന്നെ പൊളിറ്റിക്കൽ  സയൻസ് പഠനം തുടരുകയും ചെയ്തു.

ജനുവരിയിൽ  അറബിക് ഫിക്ഷനുള്ള 2024 ലെ അന്താരാഷ്ട്ര സമ്മാനത്തിന്റെ ലോംഗ്ലിസ്റ്റിൽ  ഖന്ദക്ജിയെ പ്രഖ്യാപിച്ചപ്പോൾ, സമ്മാന സംഘാടകർ അദ്ദേഹത്തിൻ്റെ പേര് വെളിപ്പെടുത്താത്ത സഹോദരനുമായി നടത്തിയ അഭിമുഖത്തിൽ  സഹോദരൻ സംഘാടകരോട് പറഞ്ഞു, “കഴിഞ്ഞ നാല് മാസമായി ഖൻദഖ്ജിയുമായി ആശയവിനിമയം നടത്താൻ ഒരു മാർഗവുമില്ല”. ജയിലിൽ  നിന്നുള്ള തന്റെ സഹോദരന്റെ എഴുത്ത് ശീലങ്ങളെക്കുറിച്ച് പറയുമ്പോൾ, താൻ ദിവസവും രാവിലെ 5 മുതൽ  7 വരെ എഴുതാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു, സാധാരണയായി രണ്ട് പേജുകളാണ എഴുതാറുള്ളത്.

കഴിഞ്ഞ ഞായറാഴ്ച അബുദാബിയിൽ  വെച്ചാണ് ഖന്ദഖ്ജിയുടെ പുരസ്കാരം സമ്മാനിച്ചത്. ‘എ മാസ്ക് കളർ ഓഫ് ദി സ്കൈ’യുടെ ലെബനീസ് പ്രസാധകനായ ദാറുൽ  അദബിന്റെ സ്ഥാപകൻ റാണ ഇദ്രിസ് അദ്ദേഹത്തിന്റെ പേരിൽ  സമ്മാനം ഏറ്റുവാങ്ങി. 50000 യു.എസ്. ഡോളറാണ് സമ്മാനത്തുക. ബാസിം ഖൻദക്ജിയുടെ സമ്മാനാർഹമായ ‘എ മാസ്ക്. ദി കളർ ഓഫ് സ്കൈ’ എന്ന് പുസ്തകം ‘ഖിനാഉൻ ബി ലൗനി സ്സമാഅ്’ എന്ന അറബി മൂലത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. 

റാമല്ലയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ  താമസിക്കുന്ന പലസ്തീനിയൻ പുരാവസ്തു ഗവേഷകനായ നൂറിന്റെ ജീവിതമാണ് നോവൽ  പിന്തുടരുന്നത്. ഒരു പഴയ കോട്ടിന്റെ പോക്കറ്റിൽ  നിന്ന് ഒരു ഇസ്രായേലി പൗരന്റെ നീല ഐഡിന്റിറ്റി കാർഡ് കണ്ടെത്തുന്ന നൂർ ഇസ്രായേലി സുരക്ഷാ വേലിക്ക് പിന്നിലെ ജീവിതം മനസ്സിലാക്കാനുള്ള ശ്രമം നടത്തുന്നതാണ് നോവലിന്റെ ആകെത്തുക. ചരിത്രത്തിന്റെയും സ്ഥലത്തിന്റെയും ഘടകങ്ങൾ ഉജ്ജ്വലവും അവിസ്മരണീയവുമായ സ്വഭാവസവിശേഷതകളോടെ വീണ്ടെടുക്കാൻ പുറപ്പെടുന്ന ഒരു പരീക്ഷണാത്മകവും മൾട്ടി-ലേയേർഡ് ആഖ്യാനവുമാണ് നോവലിന്റെ പ്രധാന സവിശേഷത.

ജയിലിൽ  നിന്നും നോവൽ  എഴുതി പൂർത്തിയാക്കാൻ ബാസിം ഖൻദക്ജി ഏകദേശം ആറ് മാസമെടുത്തു. 2021 ജൂണിനും നവംബറിനും ഇടയിലാണ് നോവൽ  എഴുതിയത്. 2021 ജൂണിനും നവംബറിനും ഇടയിലാണ് നോവൽ  എഴുതപ്പെട്ടതെങ്കിലും നോവലെഴുത്തിനാവശ്യമായ ഗവേഷണങ്ങൾക്കായി വർഷങ്ങളാണദ്ദേഹം ചിലവഴിച്ചത്. ഫലസ്തീൻ ചരിത്രപഠനത്തിൽ  അഗാധജ്ഞാനവും അതിലേറെ താത്പര്യവും ബാസിമിനുണ്ടെന്ന് സഹോദരൻ സാക്ഷ്യപ്പെടുത്തുന്നു. 

2022 ജൂലായ് മുതൽ 2023 ജൂൺ വരെയുള്ള കാലയളവിൽ  അറബിയിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച നോവലിനായി സമർപ്പിച്ച 133 നോവലുകളിൽ  നിന്നാണ് ഖൻദഖ്ജിയുടെ പുസ്തകം വിധികർത്താക്കൾ തിരഞ്ഞെടുത്തത്. അഞ്ച് ജഡ്ജ്മാരുള്ള പാനലിൽ  സിറിയൻ എഴുത്തുകാരൻ നബീൽ  സുലൈമാൻ അധ്യക്ഷനായിരുന്നു. ഫലസ്തീനിയൻ എഴുത്തുകാരിയും ഗവേഷകയും അക്കാദമിക് വിദഗ്ധയുമായ സോണിയ നിമർ, ചെക്ക് അക്കാദമിക് ഫ്രാന്റിസെക് ഒൻഡ്രാസ്, ഈജിപ്ഷ്യൻ നിരൂപകനും പത്രപ്രവർത്തകനുമായ മുഹമ്മദ് ഷൊയർ, സുഡാനീസ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഹമ്മൂർ സിയാദ എന്നിവരും അദ്ദേഹത്തോടൊപ്പം പാനലിൽ  ഉണ്ടായിരുന്നു.

വിധികർത്താക്കളുടെ തലവൻ നബീൽ  സുലൈമാൻ പറഞ്ഞ വാക്കുകൾ ഇവിടെ പ്രസക്തമാണ്: “ആ നോവൽ  വ്യക്തിത്വത്തെ രാഷ്ട്രീയവുമായി നൂതനമായ രീതിയിൽ  സംയോജിപ്പിക്കുന്നു. മൂന്ന് തരം ബോധങ്ങളെ പര്യവേഷണം ചെയ്യുന്നതിനായി പുതിയ ആഖ്യാന രൂപങ്ങൾ പരീക്ഷിക്കാൻ അത് ശ്രമിക്കുന്നു: സ്വയം, അപരൻ, ലോകം, കൂടാതെ കുടുംബ ശിഥിലീകരണം, കുടിയിറക്കം, വംശഹത്യ, വംശീയത എന്നിവയുടെ സങ്കീർണ്ണവും കയ്പേറിയതുമായ യാഥാർത്ഥ്യത്തെ ഇത് വിഭജിക്കുന്നു. ചരിത്രത്തിന്റെയും പുരാണത്തിന്റെയും വർത്തമാനകാലത്തിന്റെയും ഇഴകൾ, മനുഷ്യത്വവൽക്കരണത്തിന്റെ മുഖത്ത് അനുകമ്പയോടെ സ്പന്ദിക്കുന്ന ഒരു ആഖ്യാനം  സൂക്ഷ്മമായി  നോവലിൽ  ഇഴചേർന്നിരിക്കുന്നു. മറ്റെല്ലാ ബന്ധങ്ങൾക്കും ഉപരിയായി ഈ നോവൽ  മനുഷ്യ സ്വത്വത്തിന്റെ കേന്ദ്രമായി സ്നേഹവും സൗഹൃദവും പ്രഖ്യാപിക്കുന്നു”.

ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ പ്രൊഫസർ യാസിർ സുലൈമാൻ പറയുന്നു: “നോവലിലെ നായകൻ, ഒരു യാത്ര ആരംഭിക്കുന്നു. അപരന്റെ മറവി  സമർത്ഥമായി നെയ്ത ഏറ്റുമുട്ടലുകളിൽ  അത് മറ്റൊരാളെ അഭിമുഖീകരിക്കുന്നു. ഡാവിഞ്ചി കോഡിലെ മേരി മഗ്ദലീനെ രക്ഷിക്കാനുള്ള ദൗത്യത്തിന് സമാനമായ കഥാ പരിസരം തന്നെയാണ് ഖൻദഖ്ജിയും സൃഷ്ടിക്കുന്നത്. ആധുനിക ഫലസ്തീനിന്റെ ആഘാതം അനാവരണം ചെയ്യുന്നു. ഹൈഫയിൽ  നിന്നുള്ള ഒരു ഫലസ്തീനിയൻ സ്ത്രീ നായകനെ മുഖംമൂടിയില്ലാത്ത സ്വത്വത്തിലേക്ക് മടങ്ങാൻ സഹായിക്കുന്നു. സൂക്ഷ്മമായ രംഗ ക്രമീകരണത്തിന് ശേഷം, നോവൽ  വേഗത കൈവരിക്കുന്നു, അതിന്റെ കുതിച്ചുചാട്ടമുള്ള കഥാ സന്ദർഭങ്ങളിലും അപ്രതീക്ഷിതമായ സൂക്ഷ്മമായ നർമ്മത്തിലും വായനക്കാരനെ വലയിലാക്കുന്നു”.

Related Articles