Current Date

Search
Close this search box.
Search
Close this search box.

കേരളത്തിലെ കൊലപാതകങ്ങള്‍

murdered

കഴിഞ്ഞ മൂന്നാഴ്ച  കൊണ്ട് കേരളത്തില്‍ നടന്നത് ഒമ്പത് കൊലപാതകങ്ങള്‍. കേരളം കൊലകളുടെ കാര്യത്തില്‍ മുന്നേറുകയാണ്. കൊലകളെ അപലപിക്കുക അകറ്റി നിര്‍ത്തുക എന്നതിനേക്കാള്‍ പലപ്പോഴും സമൂഹത്തിനു താല്പര്യം അതിനു പിന്നിലെ രാഷ്ട്രീയം അന്വേഷിക്കുന്നതിലാണ്. ദൈവം ആദരിച്ച ആത്മാവാണ് മനുഷ്യന്‍. ദൈവം ആദരിച്ചതിനെ മനുഷ്യനും ആദരിക്കണം. അത് കൊണ്ട് തന്നെ കൊല ഒരു വന്‍പാപമായി എല്ലാ നിയമ സംഹിതകളും കണക്കാക്കുന്നു.
ഒരാളും മറ്റൊരാളെയും കൊല്ലരുത് എന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നു. മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മതമില്ലാത്തവരും ഈ നിയമം മൊത്തത്തില്‍ ശരിവെക്കുന്നു. എന്നിട്ടും എന്ത് കൊണ്ട് നമ്മുടെ നാട്ടില്‍ നിരന്തരമായി കൊലകള്‍ അധികരിച്ച് വരുന്നു എന്നത് പരിശോധന അര്‍ഹിക്കുന്ന ഒന്നാണ്. ശരിയും തെറ്റും ദൈവത്തിന്റെ സൃഷ്ടികളില്‍ മനുഷ്യന്‍റെ മാത്രം വിഷയമാണ്‌. മറ്റു ജീവികള്‍ക്ക് അത് ബാധകമല്ല എന്ന് നാം അംഗീകരിച്ച തത്വമാണ്. അത് കൊണ്ട് തന്നെ നിയമവും നടപടികളും മനുഷ്യന് മാത്രമായി ഒതുങ്ങി പോകുന്നു. സ്വന്തം വര്‍ഗത്തെ ബോധപൂര്‍വം കൊല്ലുക എന്ന രീതിയും മനുഷ്യനില്‍ മാത്രമേ നമുക്ക് കാണാന്‍ കഴിയൂ എന്ന് കൂടി ചേര്‍ത്ത് പറയണം.
കൊലകളുടെ മനശ്ശാസ്ത്രം എന്നത് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ്. ഒരാള്‍ തന്നെ പലരെയും കൊലചെയ്യുന്ന “ സീരിയല്‍ കില്ലിംഗ്” ഒരു പഠന വിഷയം തന്നെയാണ്. വ്യക്തിയുടെ മനോവൈകല്യമാണ് അത്തരം കൊലകളുടെ കാരണമായി പറയപ്പെടുന്നത്. പക്ഷെ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കൊലകള്‍ വ്യക്തികളുടെ മോനോവൈകല്യം എന്ന ഗണത്തില്‍ പെടുത്താന്‍ കഴിയില്ല. ഇത് വ്യവസ്ഥയുടെ വൈകല്യം എന്ന് പറയേണ്ടി വരും. അധികം കൊലകള്‍ക്കും പിന്നിലെ പ്രചോദനവും കാരണവും രാഷ്ട്രീയമാണ്.

രാഷ്ട്രീയവും കൊലപാതകവും തമ്മില്‍ ഒരു ബന്ധവുമില്ല. രാഷ്ട്രീയം എന്നത് പൊതു പ്രവര്‍ത്തനത്തിന്റെ മറ്റൊരു പേരാണ്. പിന്നെ എങ്ങിനെയാണ് നാട്ടിലെ ഗൂണ്ടകള്‍ക്ക് രാഷ്ട്രീയ അഭയം ലഭിക്കുന്നത് എന്ന ചോദ്യമാണ് പൊതു സമൂഹം ഉയര്‍ത്തേണ്ടത്. കേരളത്തില്‍ അടുത്തിടെ നടന്ന കൊലകളുടെ ചരിത്രം പരിശോധിച്ചാല്‍ അതിനു പിന്നില്‍ പഴയ കുടിപ്പക കാണാം. അതും പലപ്പോഴും വ്യക്തിപരമാകില്ല.  കൊല്ലപ്പെട്ടവന്റെ കുടുബവും കുട്ടികളും സമൂഹത്തിന്റെ മൊത്തം ആകുലത എന്നിടത്ത് നിന്നും കൊലചെയ്യപ്പെട്ടവന്റെ പാര്‍ട്ടിയുടെ മാത്രം ആകുലതയാകുക എന്നത് നാം അനുഭവിക്കുന്ന സത്യമാണ്. ഒരു കാര്യം നാം അംഗീകരിച്ചേ മതിയാകൂ. കേരള മണ്ണ് കൊലപാതകത്തിന്റെ രക്തക്കറ കൊണ്ട് ചുവന്നു കൊണ്ടിരിക്കുന്നു.

Also read: ആദം- ഹവ്വയുടെ ഭൂമിയിലേക്കുള്ള ഇറക്കം

അന്ത്യ ദിനത്തിന്റെ അടയാളമായി ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞത് അധികരിച്ച് വരുന്ന കൊലകളെന്നാണ്. ശേഷം പ്രവാചകന്‍ ഇങ്ങിനെ കൂടി പറഞ്ഞു “ എന്തിനു കൊല്ലുന്നു എന്നു കൊലയാളിക്കോ എന്തിനു കൊല്ലപ്പെട്ടു എന്ന് കൊല്ലപ്പെടുന്നവനോ അറിയില്ല” എന്നായിരുന്നു. കൊലകള്‍ അധികവും ക്വട്ടേഷന്‍ സംഘങ്ങള്‍ ഏറ്റെടുത്ത ഈ കാലത്ത് ഈ പ്രവാചക വചനത്തിനു കൂടുതല്‍ പ്രാധാന്യമുണ്ട്. നമ്മുടേത്‌ വിശ്വാസികള്‍ കൂടുതലുള്ള സമൂഹമാണ്‌. എന്നിട്ടും ദിനേന എന്ത് കൊണ്ട് കൊലകള്‍ വര്‍ധിച്ചു വരുന്നു എന്നത് നാം സ്വയം ചോദിക്കേണ്ട ചോദ്യവും.

കുറ്റവാളികള്‍ കൃത്യമായി ശിക്ഷിക്കപ്പെടുക എന്നതാണ് കുറ്റകൃത്യം കുറക്കാനുള്ള ഉപാധി . അതെ സമയം കുറ്റവാളികളെ ഏറ്റെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്ന കാലത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ സ്വയം കുറയുമെന്ന ധാരണ വെറുതെയാണ്. അതോടു ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് പോലീസിലെ ക്രിമിനല്‍ വല്‍ക്കരണവും. പ്രതിയും പോലീസും ഒന്നാകുന്ന അവസ്ഥയില്‍ എന്നും കുറ്റവാളി സുരക്ഷിതമായ സ്ഥാനത്താകും എന്നതുറപ്പാണ്. പ്രവാചകന്റെ മക്കാ കാലത്ത് മക്കയിൽ കൊല ഒരു തമാശ മാത്രമായിരുന്നു. കൊലയെ കുറിച്ച് അന്ന് തന്നെ ഖുര്‍ആന്‍ മുന്നയിയിപ്പ് നല്‍കിയിരുന്നു . മദീനയില്‍ കൊലക്ക് പകരം കൊല എന്ന നിയമം നിലവില്‍ വന്നു. പ്രതിക്രിയയെ ഇസ്ലാം നിര്‍ബന്ധമാക്കി. ഒരാളുടെ ജീവന്‍ അന്യായമായി അപഹരിക്കുക എന്നത് തന്നെ ഒരാളുടെ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നു എന്നതാണ് മൂല്യവത്തായ കാഴ്ചപ്പാട്.

Related Articles