Current Date

Search
Close this search box.
Search
Close this search box.

ആദം- ഹവ്വയുടെ ഭൂമിയിലേക്കുള്ള ഇറക്കം

Adam and Eve

സ്വർഗ്ഗ ലോകത്ത് നിന്നും ഭൂമി ലോകത്തേക്കിറങ്ങിയ ആദം നബിയും ഹവ്വാ ബീവിയും ഇവിടുത്തെ ജീവിതത്തില്‍ സംതൃപ്തരായി. ആനന്ദകരമായിരുന്ന സ്വർഗ്ഗ ജീവിത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി വേദനയും പ്രയാസവും നിറഞ്ഞതായിരുന്നിട്ടും ഭൂമി ലോകത്തെ ജീവിതത്തില്‍ അവര്‍ സന്തുഷ്ടരായി. പുതിയ ജീവിതവുമായി ആദം നബി പതിയെ പൊരുത്തപ്പെട്ടു. ഭൂമിയിലെ ജീവിതം എങ്ങനെയായിരിക്കണമെന്നും ജീവിത രീതികളെ എങ്ങനെ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യണമെന്നും ആദം നബിക്ക് അല്ലാഹു ദിവ്യ ബോധനം നല്‍കിയിരുന്നു. അപ്രകാരം, പ്രവാചകന്‍ ബീവി ഹവ്വയെ വിവാഹം കഴിച്ചു. അതില്‍ നിരവധി സന്താനങ്ങള്‍ പിറവിയെടുക്കുകയും ചെയ്തു.

വിവാഹവും സന്താനോല്‍പാദനവും

കളിമണ്ണുകൊണ്ട് അല്ലാഹു സൃഷ്ടിച്ച ആദം നബി മനുഷ്യകുലത്തിന്‍റെ അടിത്തറയാണ്. പിന്നീട് അല്ലാഹു അവന്‍റെ അലംഘനീയമായ കഴിവുകൊണ്ട് ഹവ്വാ ബീവിയെ സൃഷ്ടിച്ചു. എന്നിട്ട് ഇരുവരിലൂടെയും ഉണ്ടാകുന്ന സന്താനങ്ങള്‍ സൃഷ്ടിപ്പിന്‍റെ വിചിത്രവും മഹോന്നതവുമായ മറ്റൊരു രീതിയിലായിരിക്കണമെന്ന് അല്ലാഹു തീരുമാനിക്കുകയും ചെയ്തു. എല്ലാത്തിനും കഴിവുറ്റവനും മഹോന്നതനും എല്ലാം സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനുമായ അല്ലാഹുവിന്‍റെ കഴിവിന്‍റെമേല്‍ അറിയിക്കുന്നതാണതെല്ലാം. ആദം നബിയുടെ സൃഷ്ടിപ്പ് വളരെ വിചിത്രമായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായി വളരെ അത്ഭുതകരമായിരുന്ന ഹവ്വാ ബിവിയുടെ സൃഷ്ടിപ്പ്. ഇരുവരുടെയും സൃഷ്ടിപ്പില്‍ നിന്നും വ്യത്യസ്തമായ രീതിയായിരുന്നു സന്താനങ്ങളുടേത്. അല്ലാഹുവിന്‍റെ വ്യത്യസ്തമായ കഴിവിനും സൃഷ്ടിപ്പിലെ വൈജാത്യങ്ങള്‍ക്കുമെല്ലാമുള്ള തെളിവുകളാണത്. ‘ഉദ്ദേശിക്കുന്നതെന്തും പൂര്‍ണമായി അനുവര്‍ത്തിക്കുന്നവനാണവന്‍(ബൂറൂജ്: 16).

ആദം നബിയുടെയും ഹവ്വാ ബീവിയുടെയും ആദ്യ ലൈംഗിക ബന്ധത്തെക്കുറിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നു:
അല്ലാഹു പറയുന്നു: ‘ഒരേയൊരു ശരീരത്തില്‍ നിന്നു നിങ്ങളെ പടച്ചത് അവനാണ്. എന്നിട്ട് അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയെയും അവന്‍ സൃഷ്ടിച്ചു. അവളോടൊത്ത് മനസ്സമാധാനം നേടാന്‍ അങ്ങനെ പുരുഷന്‍ അവളുമായി ഇണചേരുമ്പോള്‍ അവള്‍ ലഘുവായ ഗര്‍ഭഭാരം വഹിക്കുകയും അതുമായി നടക്കുകയും ചെയ്യുന്ന. എന്നിട്ട്, അവള്‍ക്ക് ഗര്‍ഭഭാരം വര്‍ധിക്കുമ്പോള്‍ ഇരുവരും നാഥനായ അല്ലാഹുവിലേക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കും; നീ ഒരുത്തമ സന്തതിയെ തരികയാണെങ്കില്‍ ഞങ്ങള്‍ കൃതജ്ഞരുടെ ഗണത്തില്‍ തന്നെയായിരിക്കും, തീര്‍ച്ച(അഅ്റാഫ്: 189).

ആദം നബിയെന്ന ഒറ്റ ശരീരത്തില്‍ നിന്നുമാണ് നിങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടതെന്ന് ഈ സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നു. ആദം നബിക്ക് മനസ്സമാധാനത്തിനും ഇണചേരാനും വേണ്ടി ആ ശരീരത്തില്‍ നിന്നു തന്നെ ഹവ്വാ ബീവിയെ സൃഷ്ടിച്ചു. ഇണചേര്‍ന്നതോടെ ഹവ്വാ ബീവി ലഘുവായ ഗര്‍ഭഭാരം വഹിച്ചു. അല്‍പം മാസത്തെ ഇടവേളക്ക് ശേഷം  ലഘുവായിരുന്ന ഗര്‍ഭം ഭാരമേറിയതാവുകയും പ്രസവ സമയം അടുക്കുകയും ചെയ്തു. അന്നേരം അവര്‍ രണ്ടു പേരും ചേര്‍ന്ന് തങ്ങളുടെ സന്താനം സല്‍വൃത്തനാകണേയെന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. അവര്‍ രണ്ടു പേരില്‍ നിന്നും ഉണ്ടായിത്തീര്‍ന്ന സന്താനം സൃഷ്ടിപ്പിലും ചിന്താപരമായും മതപരമായും സല്‍വൃത്തനായിരുന്നു. മേല്‍പറഞ്ഞ സൂക്തത്തില്‍ നിന്നുമുള്ള ചില ചിന്തകള്‍:

Also read: നഗോര്‍ണോ-കരാബാഹ്; വെടിയൊച്ച നിലക്കുമോ ?

1- ലൈംഗികതയെക്കുറിച്ചുള്ള പ്രതിപാദ്യം. മനുഷ്യകുലത്തിലെ ആദ്യ ലൈംഗിക ബന്ധത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചു. ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും മര്യാദകളെക്കുറിച്ചും ഖുര്‍ആന്‍ പറഞ്ഞു. വളരെ ലളിതമായ വാക്യങ്ങളിലൂടെ ഹൃദയത്തിലേക്ക് പെട്ടെന്ന് ആഴ്ന്നിറങ്ങുന്ന ഭാഷയില്‍ മര്യാദപൂര്‍വമാണ് ഖുര്‍ആന്‍ അതെല്ലാം വിശദീകരിച്ചത്. ലൈംഗികതയെക്കുറിച്ചും അതിന്‍റെ പദാവലികളെക്കുറിച്ചും എപ്പോഴെങ്കിലും, എവിടെയെങ്കിലും വെച്ച് പറയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ മാന്യമായ രീതിയിലായിരിക്കണം അവന്‍ പറഞ്ഞുകൊടുക്കേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ച് വിശദീകരിച്ചത് വളരെ മാന്യമായ രീതിയിലും സാഹിത്യപരവുമായിട്ടാണ്. അത്തരം കാര്യങ്ങളെക്കുറിച്ച് ഒരാള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അവര്‍ക്ക് വേദനിക്കുന്നുവെങ്കില്‍ ഭാഷയിലും സംവേദന രീതിയിലും അവന്‍ അതിരുവിട്ടിരിക്കുന്നുവെന്നതാണ് അതിനര്‍ത്ഥം.

2- ഗര്‍ഭത്തിന്‍റെ പ്രാരംഭഘട്ടം നേര്‍മയുള്ളതായിരിക്കും. സ്ത്രീകള്‍ക്ക് അതിന്‍റെ ഭാരം ഒരിക്കലും അനുഭവപ്പെടുകയില്ല. ക്രമേണ മാസങ്ങള്‍ കഴിഞ്ഞാണ് അത് ഭാരമേറിയതാകുന്നത്. തുടക്കത്തിലേ അതിന്‍റെ ഭാരവും വേദനയും അറിയുമായിരുന്നെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധ്യമാവുകയില്ല. പക്ഷെ, അതെല്ലാം അല്ലാഹുവിന്‍റെ അതിരറ്റ കരുണകൊണ്ട് പരിഭവമില്ലാതെ മറികടക്കാനാകും. അതുകൊണ്ട് തന്നെ അല്ലാഹുവിനെ കൂടുതല്‍ സ്മരിക്കാനും അവനോട് കൂടുതല്‍ കൃതജ്ഞയുള്ളവരാകാനും നാം ബാധ്യസ്ഥരാണ്. സന്താനം ആണോ പെണ്ണോ ആണെങ്കില്‍ പെട്ടെന്ന് തന്നെ പുറത്തു വരും ഇനി ചാപ്പിള്ളയാണെങ്കില്‍ പതിയെ മാത്രമേ പുറത്തു വരികയുള്ളൂ. ആര്‍ത്തവ, പ്രസവ രക്തത്തിന്‍റെ സമയത്ത് സ്ത്രീക്ക് നിസ്കാരത്തില്‍ നല്‍കപ്പെടുന്ന ഇളവ് അവള്‍ ഗര്‍ഭിണിയായ സമയത്ത് അനുവദിക്കുകയില്ല.

3- ഒരു മനുഷ്യനില്‍ നിന്നും മറ്റൊരാള്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രവര്‍ത്തിയാണ് പ്രസവം. അല്ലാഹുവിലേക്ക് കൂടുതല്‍ പ്രാര്‍ത്ഥിക്കുകയും ആരാധനകളില്‍ മുഴുകുകയും ചെയ്യേണ്ട സമയങ്ങളാണത്. ഗര്‍ഭിണിയെ സംബന്ധിച്ചെടുത്തോളം വളരെ വേദനയും പ്രയാസവും സഹിക്കേണ്ടി വരുന്ന നിമിഷങ്ങളാണ് പ്രസവത്തിന്‍റേത്. സ്വന്തം ഉമ്മയെ ചുമലിലേറ്റി വിശുദ്ധ കഅ്ബാലയം ത്വവാഫ് ചെയ്യുന്നതിനോട് ഒരിക്കലും അവര്‍ സഹിച്ച പ്രസവ വേദനയയെ നമുക്ക് തുലനം ചെയ്യാന്‍ സാധ്യമാകില്ല.

വിവാഹവും സന്താനോല്‍പാദനവും വഴി ഇങ്ങനെയാണ് ഭൂമിയില്‍ മനുഷ്യ ജീവിതം ആരംഭിച്ചത്. ആദം നബിയും ഹവ്വാ ബീവിയും അവരുടെ അന്തരീക്ഷത്തോട് ചേര്‍ന്ന രീതിയില്‍ കുടുംബകാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ഉത്തരവാദിത്തങ്ങള്‍ വീതം വെക്കുകയും പ്രശ്നങ്ങളെല്ലാം ഉചിതമായ രീതിയില്‍ പരിഹരിക്കുകയും ചെയ്തു. അവര്‍ക്ക് ചുറ്റുമുള്ള പ്രപഞ്ച സത്യങ്ങളെ മനസ്സിലാക്കാനും അല്ലാഹുവിനുള്ള ആരാധനകള്‍ ഉറപ്പുവരുത്താനും പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനും അവര്‍ പ്രയത്നിച്ചു. മാനവരാശിയുടെയും നാഗരികതയുടെയും ചരിത്രത്തില്‍ ഹവ്വാ ബീവിയെ രേഖപ്പെടുത്തിയ രൂപം നമുക്ക് അറിയാം. തന്‍റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ചുറ്റുമുള്ള സംഭവവികാസങ്ങളില്‍ നിന്നും ഒരിക്കലും വിദൂരത്തായിരുന്നില്ല മഹതി. അവരെപ്പോഴും ആദം നബിയുടെ നിഴലിലായിരുന്നു. ശറഇയ്യും നാഗരികവും സാംസ്കാരികവുമായ എല്ലാ ബാധ്യതകളിലും പ്രയാസങ്ങളിലും ഹവ്വാ ബീവി ആദം നബിക്കൊപ്പം നില്‍ക്കുകയും ശക്തി പകരുകയും ചെയ്തു. ആദം നബി നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ഉചിതമായ പരിഹാരം കണ്ടെത്താന്‍ അവര്‍ ഉത്സാഹിച്ചു.
മനുഷ്യകുലം മുഴുവനും ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. ‘നിശ്ചയം നാം ആദമിന്‍റെ സന്തതികളെ ആദരിച്ചിരിക്കുന്നു'(ഇസ്റാഅ്: 70).

Also read: അബ്ദുല്ലക്കുട്ടി ഒരു കുതന്ത്രമാവുന്നത്..

ആദം സന്തതികള്‍ പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും അതിന്‍റെ ഭാഗം തന്നെയാണ്. ആണ്‍, പെണ്‍ പുരുഷന്മാരെ ചേര്‍ത്താണ് അല്ലാഹു ‘ആദം സന്തതികള്‍ എന്ന് പറഞ്ഞത്. വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും ഇതുപോലെത്തന്നെ പറയുന്നുണ്ട്. കാരണം, മാനവികതയുടെ ചരിത്രം ആദം, ഹവ്വാ എന്ന ഇണളില്‍ നിന്നുമാണ് ആരംഭിച്ചിട്ടുള്ളത്. ഇതേ രീതിയില്‍ തന്നെ അവരുടെ സന്താനങ്ങളും സന്താനങ്ങളുടെ സന്താനങ്ങളുമായി ഇപ്പോഴും മനുഷ്യകുലം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ആദരിക്കുന്ന വിഷയത്തില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ല. ബഹുമാനത്തിലും കല്‍പനകള്‍ സ്വീകരിക്കുന്നതിലും അല്ലാഹുവിന്‍റെ അടുക്കല്‍ സ്രേഷ്ഠരാക്കപ്പെടുന്നതിലും എല്ലാവരും സമന്മാരാണ്. പുരുഷനായാലും സ്ത്രീയായാലും അവരിലെ മാനവികതയെയാണ് അല്ലാഹു ബഹുമാനിച്ചിരിക്കുന്നത്. അതിനാല്‍ ഭൂമിയില്‍ ജീവിതം മുഴുവനും പ്രാപഞ്ചികമായ മറ്റെല്ലാം സജ്ജീകരണങ്ങളിലും പങ്കാളികളായിരുന്നത് പോലെ ആദരിക്കപ്പെടുന്ന വിഷയത്തിലും ആദം നബിയെപ്പോലെ തന്നെയാണ് ഹവ്വാ ബീവിയും. ജ്ഞാനവും ഉള്‍കാഴ്ചയും സ്വതസിദ്ധമായ കഴിവും സമര്‍പ്പണബോധവുമെല്ലാം ഇരുവരിലുമുണ്ടായിരുന്നു.

പരസ്പരം വെറുപ്പോ വിദ്വേഷമോ ഇല്ലാതെയായിരുന്നു ഇരുവര്‍ക്കുമിടയിലെ ജീവിതം. എന്നു മാത്രമല്ല, പരസ്പരം ഇണക്കവും സ്നേഹവും കരുണയും അങ്ങേയറ്റം കാത്തുസൂക്ഷിച്ചവരായിരുന്നു അവര്‍. പ്രഥമ കുടുംബത്തിന്‍റെ വിജയകരമായ ജീവിതം എങ്ങനെയാണെന്ന് ആദം നബിയും ഹവ്വാ ബീവിയും നമുക്ക് കാണിച്ചു തന്നു. മനുഷ്യകുലത്തെ ഭൂമിയിലെ തന്‍റെ പ്രതിനധികളാക്കിയ അല്ലാഹുവിന്‍റെ മനുഷ്യ ജീവിതവും ദൈവിക ആരാധനയും വിധേയത്വവും എങ്ങനെയായിരിക്കണമെന്ന ഉദ്ദേശത്തിന്‍റെ മാതൃകയായിരുന്ന ഇവര്‍. അവരെയും അന്ത്യനാളില്‍ അല്ലാഹു ഭൂമിയും അതിലുള്ള സകലതും തിരിച്ചെടുക്കുന്നത് വരെയുള്ള മറ്റെല്ലാ സന്താനങ്ങളെയും പരീക്ഷിക്കാന്‍ ആജീവനാന്ത ശത്രുവായി ഇബ് ലീസും ഭൂമിയിലെത്തി. ആ പരീക്ഷണങ്ങളിലെല്ലാം വിജയിച്ച സദ് വൃത്തര്‍ക്കായിരിക്കും നന്മയും പ്രതിഫലമായി സ്വര്‍ഗവും ലഭിക്കുന്നത്. ഇബ് ലീസിന്‍റെ കെണിയില്‍ വഞ്ചിതരാകുന്നവര്‍ക്ക് അഭയകേന്ദ്രം നരഗമായിരിക്കും. ഇപ്രകാരം തന്നെയാണ് നമ്മുടെ ആദ്യ മാതവായ ഹവ്വാ ബീവിക്കും ആദ്യ പിതാവായ ആദം നബിക്കും. അല്ലാഹു ഹവ്വാ ബീവിയെ ആദം നബിക്ക് ഇണയും തുണയുമാക്കിക്കൊടുത്തു. മനുഷ്യകുലത്തിന്‍റെ ഉത്ഭവം ആദമും ഹവ്വായുമടങ്ങുന്ന പുരുഷനും സ്ത്രീയുമാണ്. ഒറ്റ ശരീരത്തില്‍ നിന്നാണ് അവര്‍ സൃഷ്ടിക്കപ്പെട്ടത്.

ജീവിതത്തില്‍ യാതൊരു പങ്കുമില്ലാത്ത ഒരു നാമമാത്ര സൃഷ്ടിയല്ല ഹവ്വാ ബീവി, മറിച്ച് ആദം നബിയെപ്പോലെ തന്നെ ആരാധന, ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ എന്നിവയെല്ലാം അവളുടെ കൂടി ബാധ്യതകളാണ്. അതുകൊണ്ട് തന്നെ ഹവ്വാ ബീവി തെറ്റ് ചെയ്താല്‍ അവരും അതിന്‍റെ പേരില്‍ വിചാരണ ചെയ്യപ്പെടും. പക്ഷെ, ആദം നബി വിചാരണ ചെയ്യപ്പെട്ട കാര്യത്തില്‍ ഹവ്വാ ബീവി വിചാരണ ചെയ്യപ്പെട്ടില്ല. കാരണം, ആദം നബി മാത്രമാണ് ആ തെറ്റ് ചെയ്തത്. പക്ഷെ, ആ തെറ്റില്‍ ഹവ്വാ ബീവിയും പങ്കാളിയായിരുന്നു. അടുക്കരുതെന്നും കഴിക്കരുതെന്നും അല്ലാഹു നിര്‍ദ്ദേശിച്ച മരത്തില്‍ നിന്നും ആദം നബി ഭക്ഷിച്ചു. അതിന് പ്രേരിപ്പിച്ചത് ഹവ്വാ ബീവിയായിരുന്നു. അതുകൊണ്ട് തന്നെ അതിനുള്ള ശിക്ഷ നേരിടേണ്ടി വരികയും ചെയ്തു. അത് ആദം നബിയുടെ പ്രശ്നമായിരുന്നില്ല. മനുഷ്യത്വത്തിന്‍റെ പൂര്‍ണ്ണതയുടെയും സ്വതന്ത്ര്യ ബോധത്തിന്‍റെയും സ്വഭാവമായിരുന്നു അത്. നന്മ- തിന്മകളില്‍ നിന്ന് അവര്‍ ചെയ്യുന്ന ഏതൊരു കാര്യത്തെക്കുറിച്ചും അവര്‍ ചോദ്യം ചെയ്യപ്പെടും. അതിന് പ്രതിഫലവും ശിക്ഷയും നല്‍കപ്പെടും. ഭര്‍ത്താവിനും സന്താനങ്ങള്‍ക്കുമുള്ള ആത്മാര്‍പ്പണത്തിന്‍റെയും മാതൃസ്നേഹത്തിന്‍റെയും ഉറവിടമാണ് ബീവി ഹവ്വാ. പിന്നീട്, ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായി അല്ലാഹു ഉന്നത പദവിയും ബഹുമാനവും നല്‍കുന്നത് സ്വാഭാവികമാണ്.

Also read: പുതിയ ഭരണഘടന അൾജീരിയക്ക് പുതുതായി എന്താണ് നൽകുക?

പുരുഷനും സ്ത്രീയും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും. അവര്‍ രണ്ടുപേരും ഇഹലോകത്തും പരലോകത്തുമായി അവരുടെ ജീവിത സത്തയെ സമ്പൂര്‍ണമാക്കുന്നവരാണ്. ഓരോരുത്തര്‍ക്കും അവരുടേതായ പ്രകാശമുണ്ട്. ഒരാളുടേത് മറ്റൊരാള്‍ കെടുത്തിക്കളയുകയോ മോഷ്ടിക്കുകയോ ചെയ്യുന്നില്ല, മറിച്ച് ഓരോരുത്തരും അവരവരുടെ പ്രകാശത്തെ കൂടുതല്‍ പ്രോജ്ജ്വാലിപ്പിച്ച് നിര്‍ത്തുകയും മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ആദം നബിയുടെ മറവിയിലും പിഴവിലും വേദനയിലും ദുഖത്തിലുമെല്ലാം ഹവ്വാ ബീവി ഒരുപോലെ പങ്കാളിയായത്. അല്ലാഹുവിനോട് പാപമോചനം തേടി പ്രാര്‍ത്ഥിക്കുമ്പോള്‍ കൂടെ ചേര്‍ന്നത്. വാനഭുവനങ്ങളിലെ ജീവിതത്തിലും അതിന്‍റെ ജീവിത ചിട്ടകളിലും കൂട്ടായി നിന്നത്. മാനവികതയുടെ ചരിത്രത്തില്‍ ഹവ്വാ ബീവിയുടെ ഇടം പറയാതെ ആ ചരിത്രം പരിപൂര്‍ണമാവുകയില്ല.

അല്ലാഹു സൃഷ്ടികളില്‍ സംവിധാനിച്ച ചര്യയുടെ ഭാഗമായി വിവാഹം കഴിച്ച് ചെറു കുടുംബമായി കഴിഞ്ഞ ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നുമാണ് മനുഷ്യ നാഗരികതയുടെ പ്രാരംഭം. ഭൂമിയിലെ എല്ലാ ഉമ്മമാരുടെയും ഉമ്മയാണ് ഹവ്വാ ബീവി. സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളിലും മാതൃത്വത്തിലും അവര്‍ക്കുള്ള മാതൃകയുമാണ്. പത്തിരിയുണ്ടാക്കല്‍, മാവ് കുഴക്കല്‍, നൂല് നൂല്‍ക്കല്‍ തുടങ്ങി സ്ത്രീകള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഹവ്വാ ബീവി ചെയ്തിരുന്നു. മാത്രവുമല്ല, ജീവിതത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം അവര്‍ സന്താനങ്ങളെ പഠിപ്പിച്ചു. അതുപോലെത്തന്നെ, എല്ലാ മനുഷ്യന്മാരുടെയും പിതാവാണ് ആദം. അദ്ദേഹം പിതാവില്ലാത്തവനാണെന്നത് ഒരു പ്രശ്നമേയല്ല. ആദം നബിയുടെ മക്കളെല്ലാം മനുഷ്യരാണ്. അവരുടെ കൂട്ടത്തില്‍ പ്രവാചകത്വം നല്‍കപ്പെട്ടവരുണ്ടാകും. ഇബ്രാഹീം നബിയുടെ കുടുംബമുണ്ടാകും. ഇംറാന്‍റെയും ദാവൂദ് നബിയുടെയും മുഹമ്മദ് നബിയുടെയും കുടുംബമുണ്ടാകും. ലുഖ്മാന്‍റെ(അ) കുടുംബം പോലെ അവരുടെ കൂട്ടത്തില്‍ ഹികമത്ത് നല്‍കപ്പെട്ടവരുണ്ടാകും. പരിത്യാഗികളുണ്ടാകും. സമ്പന്നരും അധികാരികളുമുണ്ടാകും. സത്യവിശ്വാസികള്‍, സത്യനിഷേധികള്‍, അക്രമികള്‍, അക്രമിക്കപ്പെടുന്നവര്‍, സൂക്ഷമാലുക്കള്‍, പാപികള്‍ തുടങ്ങി എല്ലാവരും ആദം നബിയുടെയും ഹവ്വാ ബീവിയുടെയും സന്തതികളാണ്. അവര്‍ വന്നിടത്തും ഇനി മടങ്ങി ചെല്ലുന്നിടത്തും ഉണ്ടാകുന്ന സമത്വമാണ് ഇരുവര്‍ക്കുമിടയിലെ അടിസ്ഥാനം. നന്മകൊണ്ടും സൂക്ഷ്മത കൊണ്ടുമല്ലാതെ ഒരാള്‍ക്കും മറ്റൊരാളെക്കാള്‍ സ്ഥാനമില്ല. ആദം നബി ജീവിച്ചിരിക്കെ അദ്ദേഹത്തിന് എത്ര സന്തതികളുണ്ടായിരുന്നവെന്നതിന് കൃത്യമായ രേഖകളില്ല. 25, 40, 240 തുടങ്ങി പല അഭിപ്രായ വ്യത്യസങ്ങളും അതിലുണ്ട്.

Also read: മികച്ച പ്രഭാഷകൻറെ ഗുണങ്ങള്‍

ജീവിതോപാതികളുടെ ലഭ്യത

ഭൂമിയിലെ അല്ലാഹുവിന്‍റെ പ്രതിനിധികളായി ആദം നബിയും ഹവ്വാ ബീവിയും പരസ്പരം വിവാഹം ചെയ്തും സന്താനോല്‍പാദനം നടത്തിയും ജീവിതം ആരംഭിച്ചു. പുതിയ ജീവിത രീതികളോട് അവര്‍ പതിയെ പൊരുത്തപ്പെട്ടു. ഭൂമിയില്‍ തന്‍റെ ഉത്തരവാദിത്തങ്ങളെല്ലാം ആദം നബി കൃത്യമായി നിര്‍വ്വഹിച്ചു. നബിക്ക് പ്രായമായപ്പോള്‍ സന്താനങ്ങള്‍ അവരെ സഹായിച്ചു. കൃഷിയിലും നിര്‍മ്മാണങ്ങളിലും മൃഗത്തെ മേക്കുന്നതിലും അവര്‍ നിപുണത കാണിച്ചു. അവരുടെ ജീവിത്തിന്‍റെ രീതികളെയെല്ലാം അവര്‍ പതിയെ മാറ്റിയെടുത്തു. കാരണം, പുതിയ ഓരോന്നും കണ്ടെത്താനും ചിന്തിച്ചു മനസ്സിലാക്കാനുമുള്ള ബുദ്ധി അവര്‍ക്കും നല്‍കപ്പെട്ടിരുന്നു. അതുകൊണ്ടവര്‍ പ്രാപഞ്ചിക രഹസ്യങ്ങളെല്ലാം മനസ്സിലാക്കിയെടുത്തു. ഭക്ഷണത്തിന്‍റെ ഉറവിടങ്ങളെ കുറിച്ചും അത് പാചകം ചെയ്ത് ഭക്ഷിക്കേണ്ട രീതികളെക്കുറിച്ച് പഠിച്ചു. സസ്യങ്ങളില്‍ നിന്നും പക്ഷിമൃഗാദികളില്‍ നിന്നും ഭക്ഷ്യ യോഗ്യമായത് വേര്‍തിരിച്ചെടുത്തു. മരങ്ങളിലെ പഴങ്ങള്‍, മറ്റു ഫലങ്ങള്‍ തുടങ്ങി അല്ലാഹുവിന്‍റെ അനവധി അനുഗ്രഹങ്ങളെയവര്‍ ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റി.
വന്യജീവികളുടെ അക്രമത്തില്‍ നിന്നും കാലവസ്ഥ പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. അതില്‍ ഭാര്യമാരോടൊത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും സന്താനേല്‍പാദനം നടത്തുകയും ചെയ്തു. കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിലായിരുന്നു വീടുകളുടെ നിര്‍മ്മാണം. പിന്നീട് വസ്ത്രങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി. സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് ആദം നബിയും ഹവ്വാ ബീവിയും നെയ്തെടുത്ത വസ്ത്രമാണ് ലോകത്തിലെ പ്രഥമ വസ്ത്രം. മൃഗങ്ങളുടെ തോലിന് സാദൃഷ്യമായിരുന്നുവത്. ഓരോ ഇലകളും മറ്റൊന്നിനോട് ചേര്‍ത്തുവെച്ച രീതിയിലായിരുന്ന ആ സ്വര്‍ഗീയ വസ്ത്രം. അങ്ങനെയാണ് വസ്ത്രം മനുഷ്യന്‍റെ നഗ്നതക്കുള്ള മറയായി മാറിയത്. അതുകൊണ്ടവര്‍ സ്വന്തം ശരീരത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും രക്ഷ നേടി. ആദം നബിയും ഹവ്വാ ബീവിയും ഇതുപോലെ വസ്ത്രങ്ങള്‍ ധരിച്ചവരായിരുന്നു.

ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടിയില്‍ അനാവശ്യമായി നഗ്നത വെളിവാക്കുന്നത് അപലപനീയമാണ്. വസ്ത്രങ്ങള്‍ ഒരേസമയം മാന്യത നല്‍കുന്നതും നഗ്നത മറച്ചുവെക്കുന്നതും അലങ്കാരവും ആകര്‍ഷണവുമാണ്. അതുകൊണ്ടാണ് തുടക്കം തൊട്ടേ മനുഷ്യ സഹജാവബോധത്തിന്‍റെ പ്രതീകമായി അത് മാറിയത്. ആദം നബിയുടെയും ഹവ്വാ ബീവിയുടെയും ആത്മാവുകള്‍ ആദ്യമായി പരസ്പരം ചേര്‍ന്നപ്പോഴും പിന്നീട് വേര്‍പ്പെട്ട് ഭൂമിയിലെത്തിയപ്പോഴും വീണ്ടും പരസ്പരം ആഗ്രഹവും സ്നേഹവും ഉണ്ടാക്കിത്തീര്‍ത്തത് ഈ വസ്ത്രമായിരുന്നു. അതുകൊണ്ടാണ് വസ്ത്രം അലങ്കാരമാണെന്ന് പറഞ്ഞത്. സ്വര്‍ഗത്തില്‍ ഇലകള്‍ കൊണ്ടായിരുന്നവെങ്കില്‍ ഭൂമിയില്‍ആട്ടിന്‍ തോല് കൊണ്ടായിരുന്നു വസ്ത്രം. ആട്ടിന്‍ തോല്‍ എടുത്ത് ഉണക്കുകയും നെയ്യുകയും പിന്നീടതുകൊണ്ട് ആദം നബിയൊരു ജുബ്ബയും ഹവ്വാ ബീവി ജുബ്ബക്കൊപ്പം മൂടുപടവും ഉണ്ടാക്കിയെടുത്തു. നിര്‍മ്മാണത്തിന്‍റെയും കൈതൊഴിലിന്‍റെയും ആദ്യ ഘട്ടമായിരുന്നുവത്. പിന്നീട്, ആരാധനയുടെയും സഹവര്‍ത്തിത്വത്തിന്‍റെയും ജീവിതത്തിന്‍റെ തന്നെയും അഭിവാജ്യ ഘടമായി വസ്ത്രം മാറി.

Also read: സലാഹുദ്ദീന്റെ ഖുദ്സ് വിമോചനം

അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി വരെ പ്രാവാചകന്മാരെല്ലാം ഭംഗിയുള്ള വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെട്ടവരായിരുന്നു. ഖമീസ്, ജുബ്ബ, അരയുടുപ്പ്, മുഖമക്കന, മേല്‍വസ്ത്രം തുടങ്ങിയവയെല്ലാം അവര്‍ ധരിച്ചിരുന്നു. തങ്ങളുടെ വസ്ത്രവും ചെരുപ്പുമെല്ലാം എപ്പോഴും ഭംഗിയുള്ളതായിരിക്കാന്‍ താല്‍പര്യപ്പെട്ടവരായിരുന്ന സ്വഹാബികള്‍. അതെല്ലാം അഹങ്കാരത്തിന്‍റെ അടയാളമായി മാറുമോ എന്ന പേടിയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അന്നേരം പ്രവാചകന്‍ അവരോട് പറഞ്ഞു: ‘അല്ലാഹു ഭംഗിയുള്ളവനും ഭംഗി ഇഷ്ടപ്പെടുന്നവനുമാണ്’. മനുഷ്യ ജീവിതവുമായും സ്വഭാവവുമായും ബന്ധപ്പെട്ട് വലിയ പ്രാധാന്യമുള്ള ഒന്നാണ് വസ്ത്രം. അല്ലാഹു പറയുന്നു: ‘ഹേ മനുഷ്യരേ, നിങ്ങള്‍ക്ക് നഗ്നത മറയ്ക്കാനും അലങ്കാരത്തിനുമുള്ള വസ്ത്രം നാം തന്നിരിക്കുന്നു. എന്നാല്‍ ഭക്തയുടെ പുടവയാണ് ഏറ്റവും ഉദാത്തം’.(അഅ്ഫാഫ്: 26). മനുഷ്യനെ സംബന്ധിച്ചെടുത്തോളം പ്രകടമായ വസ്ത്രമാണ് അലങ്കാരമെന്ന് പറഞ്ഞത്. എന്നാല്‍ ആന്തരികമായ വസ്ത്രം സ്നേഹവും കാരുണ്യവുമാണ്. അല്ലാഹു ഇണകളെ പരിചയപ്പെടത്തിയത് നോക്കൂ: ‘നിങ്ങള്‍ പരസ്പരം വസ്ത്രമാണ്'(ബഖറ: 187).

ചിലര്‍ പൊതു പരിപാടികള്‍ക്ക് മേന്മയേറിയ വസ്ത്രം ധരിക്കുകയും ആരാധനക്ക് വേണ്ടി പോകുന്ന സമയത്ത് ഉറങ്ങാന്‍ നേരത്ത് ധരിക്കുന്ന വസ്ത്രവും ധരിക്കും. വസ്ത്രത്തിന്‍റെ ഉപയോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ് അതിന് കാരണം; ‘ഹേ മനുഷ്യരേ, ആരാധനാ വേളകളിലൊക്കെ നിങ്ങള്‍ വസ്ത്രാലങ്കാരണിയുക'(അഅ്റാഫ്: 31). ഭംഗിയുള്ള വസ്ത്രം സ്രേഷ്ഠവും അനുഗ്രഹവുമാണ്. തന്‍റെ അടിമക്ക് താന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ അവനില്‍ കാണണമെന്ന് ആഗ്രഹിക്കുന്നവനാണ് അല്ലാഹു. അമിതവ്യയം ചെയ്യുന്നവരേയും പിശുക്ക് കാണിക്കുന്നവരേയും അവന്‍ ഇഷ്ടപ്പെടുകയില്ല. അല്ലാഹു പറയുന്നു: ‘നബിയേ, ചോദിക്കുക: തന്‍റെ അടിമകള്‍ക്കായി അല്ലാഹു ഉല്‍പാദിപ്പിച്ച അലങ്കാര വസ്തുക്കളും ഉത്തമാഹാരങ്ങളും ആരാണ് നിഷിദ്ധമാക്കിയത്? ഭൗതിക ലോകത്ത് അവ സത്യവിശ്വാസം കൈകൊണ്ടവര്‍ക്കവകാശപ്പെട്ടതാണ്. അന്ത്യനാളില്‍ അവര്‍ക്കു മാത്രവും വിവരമുള്ള ജനങ്ങള്‍ക്കായി ഇപ്രകാരം നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു'(അഅ്റാഫ്: 32).

എളിമയും ലജ്ജയുമാണ് സത്രീകള്‍ക്ക് ഏറ്റവും ഉചിതം. പുരുഷന്മാരെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീകളെ നിന്ദ്യരാക്കുകയും ചെയ്യന്ന സംഭവങ്ങള്‍ ഇന്ന് സാധാരണമായി കേള്‍ക്കുന്നു. പ്രായപൂര്‍ത്തിയായ സ്ത്രീ അനാവശ്യമായി അവളുടെ മുടി വെളിപ്പെടുത്തുന്നത് നിഷിദ്ധമാണ്. അല്ലാഹുവിന്‍റെ ശരീഅത്തിന് വിരുദ്ധമായി പുരുഷന്മാര്‍ പരസ്യമായിത്തന്നെ തെറ്റു ചെയ്യുന്നത് പോലെയാണത്.

Also read: ഹത്രാസ് സംഭവവും ആർഎസ്എസ്സിന്റെ ബലാത്സംഗ രാഷ്ട്രീയവും

ഇക്കാരണങ്ങളെല്ലാം കൊണ്ടായിരിക്കണം അല്ലാഹു പറഞ്ഞത്: ‘ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനധിയെ നിശ്ചയിക്കുകയാണ് എന്ന് താങ്കളുടെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്'(ബഖറ: 30). അഥവാ, ആദം നബിക്കും ഹവ്വാ ബീവിക്കുമിടയില്‍ സംഭവിച്ചതെല്ലാം അല്ലാഹുവിന്‍റെ ഈയൊരു ലക്ഷ്യത്തിന്‍റെ സാക്ഷാല്‍കാരത്തിന് വേണ്ടിയായിരുന്നു. ഈ ലക്ഷ്യം പൂര്‍ണമാകണമെങ്കില്‍ മനുഷ്യന്‍ അന്നാപാനാദികള്‍ കഴിക്കുന്നവരും സന്താനോല്‍പാദനം നടത്തുന്നവരുമായിരിക്കണം. ആദം നബിയിലും ഹവ്വാ ബീവിയിലും ഉണ്ടായ വികാരങ്ങളും സ്വഭാവങ്ങളുമെല്ലാം ഭൂമിയില്‍ മനുഷ്യന്‍റെ നിലനില്‍പ്പിന് അല്ലാഹു അനിവാര്യ കാരണമാക്കി മാറ്റി. സ്ത്രീക്കും പുരുഷനും പരസ്പരം തോന്നുന്ന വികരാവും ഭക്ഷണത്തോടുള്ള ആഗ്രഹവും മനുഷ്യ ജീവിതത്തെ നിലനിര്‍ത്തിക്കൊണ്ട് പോകുന്നു. തനിക്ക് ആഗ്രഹിക്കുന്നത് ലഭിക്കാന്‍ വേണ്ടി മനുഷ്യന്‍ കഠിനാദ്ധ്വാനം ചെയ്യുന്നു. അക്കാരണത്താല്‍ തന്നെ ഭൂമിയിലെ നാഗരികതാ നിര്‍മ്മാണം അല്ലാഹു മനുഷ്യനെ ഏല്‍പിച്ചു. മനുഷ്യന് നല്‍കപ്പെട്ട ബുദ്ധി കൊണ്ട് മനുഷ്യന്‍ ചിന്തിക്കുകയും സാധ്യമാകുന്നതൊക്കെയും നേടിയെടുക്കുകയും ചെയ്തു. എല്ലാം അല്ലാഹുവിന്‍റെ അലങ്കനീയമായ അനുഗ്രഹം കൊണ്ട് മാത്രമാണ്. ഇന്ന് നാം കാണുന്ന നാഗരികതയെല്ലാം അതിന്‍റെ ഫലമായി ഉണ്ടായിത്തീര്‍ന്നതാണ്.

അവലംബം:
1 അഹ്മദ് ഖലീല്‍ ജുമുഅ, നിസാഉല്‍ അമ്പിയാഇ ഫീ ളൗഇല്‍ ഖുര്‍ആനി വസ്സുന്ന, പേ. 52.
2- ബഷീര്‍ മുഹമ്മദ്, തുഹാഫതു ആദം, പേ. 200, 212, 213.
3- ഡോ. മുഹമ്മദ് അല്‍-ഖര്‍ആന്‍, ഖിസ്സത്തുല്‍ ഖല്‍ഖ്, പേ. 24, 309.
4- ഡോ. അലി മുഹമ്മദ് സ്വലാബി, ഖിസ്സത്തു ബദ്ഇല്‍ ഖല്‍ഖി വ ആദം അലൈഹിസ്സലാം, പേ. 1174-1186.
5- സല്‍മാന്‍ ഔദ, അല്ലമനീ അബീ മഅ ആദം, പേ. 110, 112.
6- അബ്ദുറഹ്മാന്‍ ദാവൂദ്, അത്തര്‍ബിയത്തുല്‍ ജിന്‍സിയ്യത്തി ഫില്‍ ഇസ്ലാം, പേ. 245.
7- മുസ്ലിം, അല്‍ജാമിഉസ്വഹീഹ്, 91.
8- മന്‍സൂര്‍ അബ്ദുല്‍ ഹക്കീം, ഖസ്സത്തു അബീനാ ആദം, പേ. 162.
9- ഹുദാ അര്‍യാന്‍, അശ്ശഖ്സിയ്യത്തുന്നിസാഇയ്യത്തി ഫില്‍ ഖിസ്സത്തില്‍ ഖുര്‍ആനിയ്യ, പേ. 187,189, 197.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles