Editors Desk

പുകപടലമൊഴിയാതെ ഇദ്‌ലിബ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ പ്രഭാതവും പ്രദോഷവുമെല്ലാം പൊതുവെ അതിമനോഹരവും സുന്ദരവുമായിരിക്കും. എന്നാല്‍ വര്‍ഷങ്ങളായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ബോംബിന്റെയും വെടിയൊച്ചകളുടെയും ശബ്ദമുഖരിതയില്‍ ജീവിച്ചു തീര്‍ക്കുകയാണ് വടക്കുകിഴക്കന്‍ സിറിയയിലെ ഇദ്‌ലിബ് നിവാസികള്‍. വര്‍ഷങ്ങളായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുന്നവരാണ് ഇദ്‌ലിബ് പ്രവിശ്യയിലുള്ളവര്‍. രാജ്യത്തെ അവസാന വിമത കേന്ദ്രമായ ഇദ്‌ലിബും തിരിച്ചു പിടിക്കുക എന്ന പേരിലാണ് റഷ്യയുടെ നേതൃത്വത്തിലുള്ള ബശ്ശാര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ സിറിയന്‍ സഖ്യസൈന്യം വര്‍ഷങ്ങളായി ഇദ്‌ലിബില്‍ വ്യോമാക്രമണം നടത്തുന്നത്. തീവ്രവാദികളെ തുരത്താനെന്നു പറഞ്ഞാണ് വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളുടമടക്കം നടത്തുന്നതെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് മുഴുവന്‍ ഇവിടുത്തെ സാധാരണക്കാരായ ജനതയാണ്. ദിവസവും രാവിലെ ഉറങ്ങിയെണീക്കുമ്പോള്‍ സ്വന്തം വീടിനു മുകളിലോ തൊട്ടടുത്ത കെട്ടിടങ്ങളിലോ ബോംബ് വന്ന് വീണ കാഴ്ച ഇവിടെ സര്‍വസാധാരണമാണ്. സ്‌കൂളുകളും ആശുപത്രികളും വരെ ബോംബാക്രമണത്തില്‍ നിന്നും ഒഴിവാകുന്നില്ല.

വര്‍ഷങ്ങളായി ഇവിടുത്തെ ജനത ഇത്തരം ദുരിതം അനുഭവിക്കുന്നതിനാല്‍ ലക്ഷക്കണക്കിന് പേരാണ് നാടും വീടും വിട്ട് ഇവിടെ നിന്നും അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. അയല്‍രാജ്യമായ തുര്‍ക്കിയിലേക്കാണ് ഏറ്റവു കൂടുതല്‍ പേര്‍ പലായനം ചെയ്തിട്ടുള്ളത്. ആദ്യത്തില്‍ അഭയാര്‍ത്ഥികളായി വരുന്ന സിറിയന്‍ ജനതക്ക് വേണ്ടതെല്ലാം ചെയ്യുകയും ക്യാംപുകള്‍ ഒരുക്കുകയും ചെയ്ത തുര്‍ക്കി അഭയാര്‍ത്ഥി പ്രവാഹം അനിയന്ത്രിതമായി വര്‍ധിച്ചതോടെ പ്രതിസന്ധിയിലായി. സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് പുറമെ അഭയാര്‍ത്ഥികള്‍ക്ക് കൂടി വിഭവങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ തുര്‍ക്കിയടക്കമുള്ള രാജ്യങ്ങള്‍ പ്രയാസപ്പെട്ടു.

Also read: ‘ഇനി ഒരടി പിറകോട്ടില്ല’: ദയൂബന്ദില്‍ ശഹീന്‍ ബാഗ് മോഡല്‍ സമരം നയിച്ച് സ്ത്രീകള്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് സിറിയ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് യു.എന്നും യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും പ്രസ്താവനയിറക്കുകയും ആകുലത പ്രകടിപ്പിക്കുയും ചെയ്തു. എന്നാല്‍ വെള്ളപ്പേപ്പറിലോ ട്വിറ്റര്‍ അക്കൗണ്ടിലൂടെയോ പുറത്തുവിടുന്ന പ്രസ്താവനകള്‍ക്കപ്പുറത്ത് കാര്യമായ നടപടികളെടുക്കാനോ വിഷയത്തില്‍ ഇടപെടാനോ യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ തയാറാകുന്നില്ല.

പതിവുപോലെ ദുരന്തത്തിന്റെ കെടുതികള്‍ ഏറെയും നേരിടുന്നത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ്. കൈയില്‍ കിട്ടിയ സാധനങ്ങളുമെടുത്ത് കൈകുഞ്ഞുങ്ങളുമായി പിറന്ന നാടും വീടും ഉപേക്ഷിച്ച് പോകുന്ന കാഴ്ച ദിനേന ഇവിടെ നിന്നും പുറത്തുവരുന്നതാണ്. സിറിയയിലെ ബോംബിങ് അവസാനിപ്പിക്കാന്‍ വേണ്ടി യുദ്ധ മുന്നണിയിലുള്ള ഇരു വിഭാഗവുമായും വെടിനിര്‍ത്തല്‍ കരാറും സമാധാന ഉടമ്പടികളും തയാറാക്കാറുണ്ടെങ്കിലും അവയെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയാവുകയാണ് ചെയ്യാറുള്ളത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ ശക്തികള്‍ ഇടപെടുന്നത് അയല്‍രാജ്യങ്ങള്‍ സ്വന്തം രാഷ്ട്രത്തിന്റെ നേട്ടങ്ങള്‍ക്കായി യുദ്ധത്തെ ചൂഷണം ചെയ്യുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

ബോംബിങ്ങില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഇദ്‌ലിബ്. അതിനാല്‍ തന്നെ അവസാനത്തെ കുടുംബവും ഇവിടം വിട്ടുപോയാലും ഇദ്‌ലിബിലെ മേഘങ്ങള്‍ പുകച്ചുരുള്‍ കൊണ്ട് മൂടപ്പെട്ടു തന്നെ കിടക്കും.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker