കഴിഞ്ഞ ഡിസംബര്‍ പകുതിയോടെ ശഹീന്‍ ബാഗിലെ സ്ത്രീകള്‍ സ്വയം സംഘടിച്ചു തുടങ്ങിയപ്പോള്‍, ഒരു 160 കിലോ മീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ദയൂബന്ദ് പ്രദേശത്തെ മുസ്‌ലിം സ്ത്രീകള്‍ക്കും അടങ്ങിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യവ്യാപകമായി ഉയര്‍ന്നു വരുന്ന സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ പ്രക്ഷോഭങ്ങളുടെ യു.പി പതിപ്പ് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രതിനികളുടെയും മതനേതാക്കളുടെയും ദാറുല്‍ ഉലൂമിന്റെയും അടുക്കല്‍ നിന്ന് അക്ഷമരായി കാത്തിരിക്കുകയായിരുന്നു അവര്‍. ആരും ഒരുക്കമല്ല എന്ന് കണ്ടപ്പോള്‍ സ്ത്രീകള്‍ സ്വയം സമരമുഖം ഏറ്റെടുക്കുകയായിരുന്നു.
വെറും നാലു പേരില്‍ ആരംഭിച്ച സമരപരിപാടികള്‍ പതിനൊന്ന് ദിവസം പിന്നിടുമ്പോഴേക്കും ആയിരത്തിലേറെ സ്ത്രീകള്‍ പങ്കെടുക്കുന്ന വന്‍ ജനകീയ പ്രക്ഷോഭമായി മാറിക്കഴിഞ്ഞു. ദിനേന പല രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സമുദായ സംഘടനകളും ഐക്യദാര്‍ഢ്യവുമായി ഇവിടെ വന്നുചേരുകയാണ്. കഠിനതണുപ്പും ഇടക്കിടെയുള്ള മഴയും അവഗണിച്ച് ജാക്കറ്റും മുഖമക്കനയുമണിഞ്ഞ സ്ത്രീകള്‍ ആ നീല കൂടാരത്തിനു കീഴില്‍ തടിച്ചുകൂടിയിരിക്കുകയാണ്.


ബുര്‍ഖ ധരിച്ച ഫൗസിയ ഉസ്മാനി എന്ന യുവതിയായിരുന്നു ദയൂബന്ദിലെ സ്ത്രീകള്‍ക്കിടയില്‍ പ്രതിരോധത്തിന്റെ തീനാളം ആളിക്കപ്പടര്‍ത്തിയത്. ‘രാജ്യവ്യാപകമായി പ്രതിരോധ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. പലപ്പോഴും അരികുവല്‍ക്കരിക്കപ്പെട്ടിട്ടുള്ള ജനങ്ങള്‍ കേന്ദ്രത്തിന്റെ മനുഷ്യത്വരഹിതമായ നയങ്ങള്‍ക്കെതിരെ സമരപാതയിലാണ്. ഈ ചരിത്രനിമിഷത്തിന്റെ ഭാഗമാവാന്‍ ഞാനും താത്പര്യപ്പെട്ടു. പക്ഷെ സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോവുമെന്നറിഞ്ഞിരുന്നില്ല’ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ ഫൗസിയ ‘ദി വയറി’നോട് പറഞ്ഞു. പക്ഷെ സമരലക്ഷ്യവുമായി സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ മുസ്‌ലിം സ്ത്രീകളും ബഹുജന്‍ സമുദായങ്ങളിലെ സ്ത്രീകളുമായി ഒത്തിരിപേരായിരുന്നു ആവേശപൂര്‍വം മുന്നോട്ടു വന്നതെന്നും ഫൗസിയ പറയുന്നു.
Also read: ‘നൂറ്റാണ്ടിന്‍റെ കരാറെ’ന്നത് കൊണ്ട് ട്രംപ് എന്താണ് ഉദ്ദേശിക്കുന്നത്?
സമരപരിപാടികളുടെ മീഡിയ കോര്‍ഡിനേഷനും ഔദ്യോഗികത ഉറപ്പുവരുത്താനും അമ്‌ന റോഷി ഡയറക്ടറും ഫൗസിയ ഡെപ്യൂട്ടി ഡയറക്ടറും ഇംറാന്‍ ഉസ്മാനി സെക്രട്ടറിയും സല്‍മ അഹ്‌സന്‍ ഡെപ്യൂട്ടി സെക്രട്ടറിയുമായ സമിതിയും നിലവിലുണ്ട്. ജനകീയ വനിതാ കമ്മിറ്റി എന്നര്‍ഥം വരുന്ന ‘മുത്തഹിദ ഖവാതീന്‍ കമ്മിറ്റി’ (എം.കെ.സി) എന്നാണ് ഈ മുന്നേറ്റത്തിന് പേരിട്ടിരിക്കുന്നത്. പ്രക്ഷോഭപരിപാടികളുടെ പതിനൊന്നാം ദിവസം ഡല്‍ഹിയിലെ ശഹീന്‍ ബാഗ് മോഡലില്‍ വന്‍ പ്രക്ഷോഭ പരിപാടികളായിരുന്നു അരങ്ങേറിയത്. ദയൂബന്ദില്‍ നടന്ന പ്രതിരോധ സമരങ്ങളുടെ ആരംഭവും രാജ്യവ്യാപകമായി അരങ്ങേറിയ പലതിനും സമാനമായിരുന്നു. പക്ഷെ ഇവിടെ ഇതിന്റെ സംഘാടകരായ നാലു സ്ത്രീകളെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകമുണ്ട്. ‘ഇവിടെ ആരും ലീഡര്‍മാരല്ല, നമ്മള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സംഘമാണ്’, നാലുപേരും ഒരേസ്വരത്തില്‍ പറയുന്നു. സത്യത്തില്‍ അവര്‍ പറഞ്ഞതു ശരിയായിരുന്നു. വൃദ്ധജനങ്ങള്‍ മുതല്‍ ഉമ്മമാരടക്കം സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ വരെയും എല്ലാവരും ഈ കരിനിയമത്തിനെതിരെ ശബ്ദിക്കാന്‍ ഒരുക്കമായിരുന്നു.
സമരപരിപാടികളുടെ ആദ്യദിവസത്തെ റാലി മുതല്‍ പരിപാടിയില്‍ പങ്കെടുക്കുന്നവളാണ് അസ്മ എന്ന പെണ്‍കുട്ടി. സ്‌കൂളില്‍ പോകാന്‍ വേണ്ടി മാത്രം അഞ്ചു മണിക്കൂര്‍ അവധിയെടുക്കുന്നു. സ്‌കൂള്‍ യൂണിഫോമായ ആകാശനീല നിറത്തിലുള്ള ഖമീസും പൈജാമയും ധരിച്ച് പിന്നെ നെറ്റിയില്‍ ഒരു കറുത്ത ശീലയും കെട്ടി സമരവേദിയില്‍ ഇരിക്കുന്നു. ”സി.എ.എ നഹീ ആനേ ദേഗാ… കാഗസ് നഹീ ബതായേഗാ”(സി.എ.എ നമ്മള്‍ അംഗീകരിക്കില്ല… ഒരു രേഖകളും കാണിച്ചു തരുകയുമില്ല) എന്ന മുദ്രാവാക്യം മുഴങ്ങുമ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദവും അസ്മയുടേതാണ്.
സമരപരിപാടികള്‍ സജീവമായി നടക്കുമ്പോഴും ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പോസ്റ്ററുകള്‍ പതിപ്പിക്കാന്‍ അനുവാദം നല്‍കാതിരിക്കാന്‍ സംഘാടകര്‍ ബദ്ധശ്രദ്ധരായിരുന്നു. ജാതിസമ്പ്രദായത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഡോ.ബി.ആര്‍ അംബേദ്കര്‍, ജോതിബാ ഭൂലേ, സാവിതിഭായ് ഭൂലേ, ഫാത്തിമി ശൈഖ് എന്നിവരുടെ ഫോട്ടോകള്‍ മാത്രമാണ് ഇവിടെ പതിച്ചിട്ടുള്ളത്. മഹാത്മാ ഗാന്ധിയുടെ മുഴു ഫോട്ടോയും ടെന്റിന്റെ പുറം ഭാഗത്ത് കാണാം. ഇന്ത്യന്‍ ഭൂപടത്തിന്റെ വലിയൊരു കട്ടൗട്ടും വലിയൊരു പതാകയും സമരവേദിക്കടുത്തായി ഒരുക്കിയിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും ഒരുപോലെ ഭരിക്കുന്ന ബി.ജെ.പിക്ക് വിമര്‍ശനത്തിനോ വിലക്കിനോ ഒരു പഴുതുകളും നല്‍കാതിരിക്കാന്‍ സമരവേദിയിലെ എല്ലാ സ്ത്രീകളും ഒരുപോലെ ബോധവാന്മാരുമാണ്.
Also read: എല്ലാവരെയും പരിഗണിച്ചാവണം തീരുമാനം
തുടങ്ങിയതു മുതല്‍ തന്നെ സ്ത്രീകളൊക്കെ പൂര്‍ണമായും സജീവസാന്നിധ്യമായിരുന്നുവെന്ന് ഇംറാന്‍ പറയുന്നു. ‘ഈ നിയങ്ങളെ കുറിച്ച് അതേപടി നിയമവശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങുമ്പോള്‍ സ്ത്രീകളൊക്കെ പതിയെ ഉറക്കിലേക്ക് വഴുതിവീഴുകയാണ്. വഴിയെ നിയമം നടപ്പിലായാലുള്ള തിക്തഫലങ്ങളെ കുറിച്ചും അപകടങ്ങളെ കുറിച്ചും ഓരോ സ്ത്രീകളും അവരുടെ ജീവിതപരിസരങ്ങളുടെ വെളിച്ചത്തില്‍ സംസാരിച്ചു തുടങ്ങാം എന്ന രീതി ആരംഭിക്കുകയായിരുന്നു. ഇതുവഴി കൂടുതല്‍ സ്ത്രീകളെ പരിപാടിയിലേക്ക് അടുപ്പിക്കാനും വിഷയം ഗൗരവത്തില്‍ മനസ്സിലാക്കാനും സഹായകമായി’. ഇംറാന്‍ പറയുന്നു.
ഇത് ജീവിതത്തിലെ ഒരു അനിര്‍വചനീയ നിമിഷങ്ങളാണെന്നും നിലനില്‍പ്പിനു വേണ്ടിയുള്ള സമരമാണെന്നും പരിപാടിയിലെ സജീവസാന്നിധ്യമായ എഴുപതുകാരി താഹിറ പറയുന്നു. ‘ഞാന്‍ ജനിച്ച സമയത്ത് പൗരത്വം തെളിക്കാന്‍ രേഖകള്‍ വേണ്ടിവന്നിരുന്നില്ല. പക്ഷെ ഇന്ന് ഗവണ്‍മെന്റ് എന്റെ പൗരത്വത്തിന് രേഖകള്‍ ചോദിക്കുന്നു. നമ്മെ കൂടുതല്‍ അരികുവല്‍ക്കരിക്കാനുള്ള നീക്കമാണിത്’ അവര്‍ പറയുന്നു. തുടര്‍ന്ന് സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ തമ്മിലുള്ള അന്തരങ്ങളും അവ ഓരോന്നും എങ്ങനെ ബാധിക്കുമെന്നും അവര്‍ പറയുന്നു. ‘വീട്ടിനു പുറത്തിറങ്ങാത്ത, പര്‍ദക്കുള്ളിലൂടെയല്ലാതെ പുറംലോകം കണ്ടിട്ടില്ലാത്ത മുസ്‌ലിം സ്ത്രീയെയാണ് ഇത് കൂടുതല്‍ ബാധിക്കുക’ അവര്‍ കൂട്ടിച്ചേര്‍ത്തു.


അതേസമയം സമരപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ ബന്ധുജനങ്ങളുടെ പിന്തുണയും വലിയ തോതില്‍ ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ‘എന്റെ ഭര്‍ത്താവും മരുമക്കളും സമ്പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. ഒരേസമയം വീട്ടുജോലി ചെയ്തും സമരത്തില്‍ പങ്കെടുത്തും ഞാന്‍ ഒരുപാട് ക്ഷീണിച്ചിട്ടുണ്ട്. എങ്കിലും ഒരടി പിന്നോട്ടു പോവാന്‍ ഒരുക്കമല്ല’ സമരത്തിന്റെ ആദ്യ ദിവസം മുതല്‍ തന്നെ അഞ്ചു മണിക്കൂറോളം സമരപ്പന്തലില്‍ ചെലവിടുന്ന മസ്‌കാന്‍ എന്നവര്‍ പറയുന്നു.
പൗരത്വ നിയമ വിരുദ്ധ സമരങ്ങള്‍ക്ക് നേരെ ശക്തമായ അടിച്ചമര്‍ത്തല്‍ ഉണ്ടായതും ഉത്തര്‍പ്രദേശില്‍ തന്നെയാണ്. കഴിഞ്ഞ ഡിസംബര്‍ മാസം തന്നെ 23 പേരുടെ ജീവന്‍ കവര്‍ന്നെടുത്ത് ഭീകരമായ അഴിഞ്ഞാട്ടമാണ് സംസ്ഥാന പൊലീസ് നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം ഒന്നുകില്‍ മുസ്‌ലിംകളോ താഴ്ന്ന ജാതിക്കാരോ പസ്മന്ദാ വിഭാഗക്കാരോ ആയിരുന്നു. ദയൂബന്ദില്‍ സമരം ആളിപ്പടരുമ്പോഴും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള അടിച്ചമര്‍ത്തലാണ് സ്ത്രീകള്‍ ഭയപ്പെടുന്നത്. നാം ധരിച്ച പര്‍ദകള്‍ ഉള്ളകാലത്തോളം പൊലീസ് അക്രമം പേടിക്കണമെന്ന് ഇംറാന്‍ ചിരിച്ചുകൊണ്ട് പറയുന്നു. സ്ത്രീകള്‍ തടിച്ചുകൂടിയ ആ ഈദ്ഗാഹ് മൈതാനത്ത് ആകാംക്ഷ തളംകെട്ടി നില്‍ക്കുന്നുണ്ട്. പല സ്ത്രകീളും തങ്ങളുടെ വിദ്യാഭ്യാസമോ ജോലിയോ കുടുംബക്കാരുടെ പേരുകളോ വെളിപ്പെടുത്താന്‍ താത്പര്യം കാട്ടാത്തവരുമാണ്. ‘യോഗി സര്‍ക്കാറാണ്, എന്തും ചെയ്യാന്‍ മടിക്കില്ല’ അവരിലൊരാള്‍ പറയുന്നു.
Also read: സംഘ പരിവാറിന് ആമയെ ചുടാൻ പഠിപ്പിക്കുന്ന സന്യാസിയായി മാറരുത്
തുടക്കം മുതല്‍ സമരവേദിയില്‍ പ്രഭാഷണത്തിനായാലും പ്രതിഷേധങ്ങള്‍ക്കായാലും സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചുള്ളൂ. എങ്കിലും സമരവേദിയുടെ സുരക്ഷ മാനിച്ച് ജാഗ്രതക്ക് വേണ്ടി വേദിയുടെ സമീപത്തായി നിലയുറപ്പിച്ച പുരുഷന്മാരുമുണ്ടായിരുന്നു. ഭാര്യയും മക്കളുമെല്ലാം സമരത്തില്‍ പങ്കെടുക്കുന്ന മുഹമ്മദ് മുസ്തഫ എന്ന കര്‍ഷകനായ വ്യക്തിയെ ഈ റിപ്പോര്‍ട്ടര്‍ കണ്ടത് ഈദ്ഗാഹ് മൈതാനത്തിന് പുറത്തുവെച്ചായിരുന്നു. ‘സമരക്കാര്‍ക്ക് ആവശ്യസാധനങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പലപ്പോഴും ഞാന്‍ ഇവിടെ തന്നെയാണ് ഉണ്ടാവാറ്. അവിശ്വസനീയമായ പല കാര്യങ്ങളുമാണ് ദയൂബന്ദിലെ സ്ത്രീകള്‍ ചെയ്യുന്നത്. അവര്‍ നമുക്ക് വഴി കാണിച്ചു തരികയാണ്. ഇതിനു അകമഴിഞ്ഞ പിന്തുണ നല്‍കുക മാത്രമാണ് നമുക്ക് സാധിക്കുക ‘ സമര വേദിയിലേക്കുള്ള വെള്ളം തയ്യാറാക്കിക്കൊണ്ടിരിക്കെ മുസ്തഫ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദാറുല്‍ ഉലൂമിലെ വിദ്യാര്‍ഥികളോട് സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. പക്ഷെ അതൊന്നും ഇവിടത്തെ സ്ത്രീകളെ ബാധിച്ചിരുന്നില്ല. സമരപരിപാടികള്‍ മുന്നോട്ടു പോവുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്, ബി.എസ്.പി, സമാജ് വാദി പാര്‍ട്ടി, സഹാറന്‍പൂരില്‍ തന്നെ രൂപീകൃതമായ ജാതിവിരുദ്ധ പ്രസ്ഥാനം ഭീം ആര്‍മി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ സജീവമായ പിന്തുണ ലഭിച്ചിരുന്നു. അതേസമയം പ്രക്ഷോഭപരിപാടികള്‍ അവസാനിപ്പിക്കാന്‍ സ്ത്രീകളെ നിരന്തരം നിര്‍ബന്ധിപ്പിക്കുകയാണ് യു.പി പൊലീസ്. ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ച ‘കൃത്യമായ ഇടവേളകളില്‍ മാത്രമുള്ള പ്രതിഷേധം’ സത്യത്തില്‍ പ്രക്ഷോഭത്തെ തളര്‍ത്താനുള്ള നീക്കങ്ങളാണെന്ന് സ്ത്രീകള്‍ പറയുന്നു. യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കോ കൂടിയാലോചനകള്‍ക്കോ ഒരുക്കവുമല്ല ഇവിടുത്തെ സ്ത്രീകള്‍. ‘ഈ നിയമം ഇതുവരെ തന്നെ ധാരാളം കൊലകള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണമായിട്ടുണ്ട്, ഇനിയും നമ്മുടെ പ്രതിരോധസമരത്തിന്റെ വീര്യം ചോര്‍ത്തുന്ന ഒരു ഒത്തുതീര്‍പ്പുകള്‍ക്കും നമ്മള്‍ ഒരുക്കമല്ല’ ഇംറാന്‍ പറയുന്നു.
വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ