Current Date

Search
Close this search box.
Search
Close this search box.

രണ്ടാം മനുഷ്യ നാഗരികതയുടെ ധാര്‍മിക വശങ്ങള്‍

ഉദാത്തമായ സ്വഭാവം വിശ്വാസത്തിന്റെ സുപ്രധാനമായ ഭാഗമാണ്. സദ്‌സ്വഭാവമില്ലാതെ വിശ്വാസം ശരിയാകുന്നില്ല. നൂഹ്(അ) വ്യത്യസ്തമാര്‍ന്ന ശൈലികളിലൂടെ തന്റെ അനുയായികളില്‍ ഉന്നതമാര്‍ന്ന സ്വഭാവം വളര്‍ത്തിയെടുത്തു. മഹനീയമായ സദ്‌സ്വഭാവത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലയില്‍ സമുതന്നമായ മാനുഷിക പ്രസ്ഥാനമായിരുന്നു പ്രവാചകന്‍ നൂഹ്(അ). സ്തുത്യര്‍ഹമായ വിശേഷണങ്ങളും, സമുന്നതമായ പ്രത്യേകതകളും നൂഹ്(അ) നബിയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെയും സംസ്‌കരണത്തിലൂടെയും തനിക്ക് ചുറ്റുമുള്ളവരില്‍ അത് പരന്നൊഴുകി. അല്ലാഹുവെ നിഷ്‌കളങ്കമായി ആരാധിക്കുകയും, അവന് ധാരാളമായി നന്ദി പ്രകടിപ്പിക്കുകയും സാഷ്ടാംഗം നമിക്കുകയും, അവനെ ഭയന്ന് കണ്ണീര്‍ വാര്‍ക്കുകയും, അവനോട് നിരന്തരമായി പ്രാര്‍ഥിക്കുകയും ഭരമേല്‍പ്പിക്കുകയും, അവനിലേക്ക് മാത്രം മടങ്ങുകയും, കാര്യങ്ങള്‍ അവനിലേക്ക് വിടുകയും ചെയ്യുന്നതിലൂടെയാണ് പ്രവാചകന്‍ നൂഹ്(അ) അറിയപ്പെടുന്നത്. അതുപോലെ, അല്ലാഹുവിനെ ധാരാളം സ്മരിക്കുക, പശ്ചാത്തപിക്കുക, പൊറുക്കലിനെ തേടുക, നന്മ ചെയ്യുക, നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുക, സംസ്‌കരിക്കുക, മാതാപിതാക്കളോട് കാരുണ്യത്തോടെ വര്‍ത്തിക്കുക, അദ്ദേഹത്തിന്റെ ജ്ഞാനം, വിശുദ്ധി, സ്ഥൈര്യം, ധീരത, ക്ഷമ, എന്നീ കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഇത്തരത്തിലുള്ള വിശ്വാസം നൂഹില്‍(അ) വിശ്വസിച്ച അനുയായികളില്‍ സ്വധീനം ചെലുത്തികയുണ്ടായി.

സദ്‌സ്വഭാവം ഉള്‍കൊള്ളുന്ന ധാര്‍മികതയെന്നത് നൂഹ് നബിയുടെ സമൂഹത്തില്‍ രണ്ടാമതായി പരിഗണിക്കുന്ന കാര്യമായിരുന്നില്ല. മനുഷ്യ പെരുമാറ്റങ്ങളില്‍ ഏതെങ്കിലുമൊരു ഭാഗത്ത് പരിമിതമാക്കപ്പെട്ടതുമായിരുന്നില്ല. അത് പ്രധാനമായി പരിഗണിക്കപ്പെടേണ്ടതും ശ്രദ്ധിക്കപ്പെടേണ്ടതുമായ മനുഷ്യ പെരുമാറ്റങ്ങളെ പൂര്‍ണമായും ഉള്‍കൊള്ളുന്നതായിരുന്നു. അപ്രകാരം, ശരിയായ പരിപൂര്‍ണമായ വിശ്വാസത്തിന്റെ പ്രായോഗിക വശമായിരുന്നു വ്യക്തമായ ധാര്‍മിക വര്‍ണങ്ങളുള്ള പെരുമാറ്റം. കാരണം, വിശ്വാസമെന്നത് കേവലമായ മനസ്സിലുണ്ടാകേണ്ട വികാരം മാത്രമല്ല. മറിച്ച്, അത് പ്രകടമായ പെരുമാറ്റ-ഇടപാടുകളുമാണ്. ഇപ്രകാരം പ്രകടമായ പെരുമാറ്റങ്ങളില്‍ വിശ്വാസത്തെ കാണാന്‍ കഴിയുന്നില്ലെങ്കില്‍, എവിടെ വിശ്വാസമെന്ന് ചോദിക്കാന്‍ നമുക്ക് അവകാശമുണ്ട്. സദ്‌സ്വഭാവങ്ങളുടെ ഭാഗമാണ് ഇബാദത്ത് എന്ന് മനസ്സിലാക്കിയവരായിരുന്നു നൂഹ് നബിയുടെ അനുയായികള്‍. കാരണം, അത് അല്ലാഹുവുമായുള്ള കരാര്‍ പാലിക്കുന്നതും, അനുഗ്രഹത്തിന് നന്ദികാണിക്കുന്നതും, അവന്റെ സൗന്ദര്യത്തെ അംഗീകരിക്കുന്നതും, പുകഴ്ത്താനും മഹത്വപ്പെടുത്താനും അര്‍ഹനായവനെ പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. ഇവയെല്ലാം ഉദാത്തമായ സദ്‌സ്വഭാവങ്ങളാണ്. ഈയൊരു പുതിയ സമൂഹത്തിന്റെ സ്വഭാവഗുണമെന്നത് അത് ദൈവികമായിരുന്നുവെന്നതാണ്. അതിന്റെ പ്രചോദനമെന്നത് അല്ലാഹുവിലുള്ള വിശ്വാസമായിരുന്നു, താല്‍പര്യമെന്നത് പരലോകത്തെ കുറിച്ച പ്രതീക്ഷയായിരുന്നു, ലക്ഷ്യമെന്നത് അല്ലാഹുവിന്റെ തൃപ്തിയുമായിരുന്നു.

Also read: മാതൃത്വം: സഫൂറ കേസ് വ്യക്തമാക്കുന്നത്‌

ദൂതന്മാരും പ്രവാചകന്മാരും പരിപൂര്‍ണ സ്വഭാവത്തിനുടമകളായിരുന്നു. അപ്രകാരം തന്നെ പരിപൂര്‍ണമായിരുന്നു നൂഹ് പ്രവാചകന്റെ സ്വഭാവം. മനുഷ്യരുടെ ഓരോ പ്രവര്‍ത്തനങ്ങളും, വിചാര-വികാരങ്ങളുമെല്ലാം അതില്‍ ഉള്‍ചേരുന്നു. നമസ്‌കാരത്തിലെ സ്വഭാവഗുണമെന്നത് ഭയഭക്തിയും, മാന്യമായ സംസാരവുമാണ്. അഥവാ പാഴ്‌വാക്കുകള്‍ ഒഴിവാക്കുകയെന്നതാണ്. ആണ്‍-പെണ്‍ വഭാഗങ്ങളുടെ സ്വഭാവഗുണമെന്നത് അല്ലാഹുവിന്റെ പരിധികളും, നിഷിദ്ധമായ കാര്യങ്ങളും മുറുകെ പിടിക്കുകയെന്നതാണ്. മറ്റുള്ളവരുമായ ഇടപഴകുതിലെ സ്വഭാവഗുണമെന്നത് കൂടാതെയും കുറയാതെയുമുള്ള മധ്യമമായ രീതിയാണ്. സാമൂഹിക ജീവിതത്തിന്റെ സ്വഭാവഗുണമെന്നത് ജനങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ കൂടിയാലോചിക്കുകയെന്നതാണ്. ദേഷ്യപ്പെടുന്നതിലെ സ്വഭാവഗുണമെന്നത് വിട്ടുകൊടുക്കുകയും, പൊറുത്തുകൊടുക്കുകയുമാണ്. ശത്രുക്കളുമായി ശത്രുതയിലാകുന്നതിലെ സ്വഭാവഗുണമെന്നത് വിജയമെന്നതാണ്. അഥവാ ശത്രുത വെടിയുകയെന്നതാണ്. ഇപ്രകാരം വിശ്വാസിയുടെ ജീവിതത്തിലെ ഒാരോ കാര്യവും വ്യത്യസ്തമാര്‍ന്ന സ്വഭാവഗുണങ്ങളിലൂടെ രൂപപ്പെടുത്തുന്നതായി കാണാന്‍ കഴിയുന്നതാണ്. അഥവാ, ഒരു കാര്യവും അതിനോട് ചേര്‍ന്നുവരുന്ന സ്വഭാവഗുണങ്ങളില്ലാതെ കാണാന്‍ കഴിയുകയില്ല.

ഏകത്വമാണ് അല്ലാഹു വ്യവസ്ഥചെയ്തിരിക്കുന്നത്. അഥവാ ഇത്തരത്തിലുള്ള സ്വഭാവഗുണങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുകയെന്നതാണത്. യഥാര്‍ഥത്തില്‍ ഏകത്വമെന്ന കാഴിചപ്പാടിന് അടിസ്ഥാനപരമായ സ്വഭാവങ്ങള്‍ ഉള്‍കൊള്ളുന്ന ധാര്‍മികതയുടെ വശമുണ്ട്. ഏകത്വത്തിന് ഉത്തരം നല്‍കുക എന്നതിലൂടെ സത്യസന്ധതിയലേക്കും, നീതിയിലേക്കും, ധര്‍മത്തിലേക്കും മടങ്ങുകയാണ് ചെയ്യുന്നത്. അപ്രകാരം, സത്യം സ്വീകരിക്കുന്നതിന് അഹന്ത തടയിടുക, പൊങ്ങച്ചം കാരണമായും, ഇതര വ്യക്തികളോടുള്ള സ്‌നേഹ കൂടുതല്‍ കാരണമായും പ്രവാചകനെ അനുധാവനം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക, ജയിക്കാന്‍ വേണ്ടി അന്യായമായി തര്‍ക്കിക്കുക തുടങ്ങിയ മോശം സ്വഭാവത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയുമാണ്. ഈ മോശം സ്വഭാവങ്ങളെല്ലാം അതിന്റെ ആളുകളെ നശിപ്പിച്ചുകളയുകയും, സത്യം മനസ്സിലാക്കിയതിന് ശേഷം സത്യമതത്തില്‍ നിന്നും, പ്രവാചകന്മാരുടെ പാതയാണ് ദൈവത്തിലേക്കുള്ള വഴിയെന്നതിന് കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരിക്കെ തന്നെ ഇഹപര സന്തോഷങ്ങളില്‍ നിന്നും തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നതാണ്. രണ്ടാം മനുഷ്യ നാഗരികതയുടെ ദൈവിക ശിക്ഷണത്തിന്റെ വഴിത്തിരിവെന്ന് പറയുന്നത് അനുയായികള്‍ നൂഹ് പ്രവാചകനെ കണ്ടുമുട്ടുകയും, അവരില്‍ മാറ്റവും സന്മാര്‍ഗത്തിന്റെ വഴിവെട്ടിതുറക്കുകയും ചെയ്യുന്നതാണ്. ദിവ്യവെളിപാടിന്റെ അനുഗ്രഹത്താല്‍ നൂഹ് പ്രവാചകന്‍ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് സമൂഹത്തെ കൊണ്ടുപോവുകയും, വിശ്വാസം കൈമുതലായി സ്വീകരിക്കുകയും, നിഷേധത്തെ വലിച്ചെറിയുകയും, പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും അടിപതറാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിലകൊള്ളുകയും, ഭൂമിയുടെ പരിപാലനം ഏറ്റെടുക്കുകയും, ലോക രക്ഷിതാവായ അല്ലാഹുവിനുള്ള ആരാധനയെന്താണെന്ന് മനസ്സിലാക്കി ഭൂമിയില്‍ പ്രാതിനിധ്യം നിര്‍വഹിക്കുകയുമായിരുന്നു.

Also read: രോഗമാണദ്ദേഹത്തെ ധനികനാക്കിയത്

രണ്ടാം മനുഷ്യ നാഗരികതയില്‍ വ്യക്തികളുടെ സുപ്രധാനമായ പരിഷ്‌കരിക്കരണത്തിന് കാരണമായിട്ടുള്ളത് നൂഹ് പ്രവാചകന്റെ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം മറ്റുള്ളവരെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും പര്യാപ്തമായിരുന്നു. അല്ലാഹു നൂഹിനെ(അ) പ്രവാചകനായി തീരുമാനിക്കുകയും, പ്രളയാനന്തരമുള്ള പുതിയൊരു ലോക ക്രമത്തില്‍ മനുഷ്യകുലത്തിന് നേതൃത്വം നല്‍കുന്നതിന് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയുമായിരുന്നു. സ്‌നേഹവും, ആദരവും, ഭക്തിയും, മഹത്വവുമെല്ലാം അല്ലാഹു പ്രവാചകന് പ്രദാനം ചെയ്തു. എപ്പോഴും ആളുകള്‍ അത്ഭുതത്തോടെ അദ്ദേഹത്തെ വലയം ചെയ്യുകയും, സ്‌നേഹിക്കുകയും ചെയ്തു. കൂടാതെ, പ്രവാചകനെന്ന നിലയില്‍ ദിവ്യവെളിപാട് അല്ലാഹുവില്‍ നിന്ന് വന്നെത്തുകയും, അദ്ദേഹമത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. വിശ്വാസികളുടെ ചിന്തകളെ രൂപപ്പെടുത്തി തന്നിലേക്ക് കേന്ദ്രീകരിക്കുകയെന്നത് അദ്ദേഹത്തിന്റെ മറ്റൊരു സ്വാധീനമായിരുന്നു. പ്രമാണിമാര്‍ സ്‌നേഹിക്കുന്നത് പോലെ അദ്ദേഹം സ്വന്തത്തെ മാത്രം സ്‌നേഹക്കുമായിരുന്നില്ല. ദൈവത്തില്‍ നിന്നുള്ള ദിവ്യവെളിപാട് നിറഞ്ഞുനില്‍ക്കുന്ന ദൈവിക പരിമളമായിരുന്നു അദ്ദേഹം. അല്ലാഹുവിലുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കി അനുയായികള്‍ പ്രവാചകനോട് ചേര്‍ന്നുനില്‍ക്കുകയും, പ്രവാചകനെ അനുസരിക്കുകയും കേള്‍ക്കുകയും ചെയ്തു. അത് എല്ലാ വികരാ-വിചാരങ്ങളെയും പെരുമാറ്റങ്ങളെയും കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. ഇത്തരത്തിലുള്ള സ്‌നേഹമെന്നത് സ്വഭാവ-പെരുമാറ്റങ്ങളുടെ കവാടമാണെന്ന് പറയാവുന്നതാണ്. രണ്ടാം മനുഷ്യ നാഗരികത കേന്ദ്രീകരിക്കുകയും, മുന്നോട്ട് പ്രയാണമാരംഭിക്കുകയും ചെയ്ത വശമാണിത്.

രണ്ടാം മനുഷ്യ നാഗരികതയുടെ തുടക്കത്തിന്റെ ഘടകങ്ങളിലൊന്ന് സദ്‌സ്വഭാവങ്ങളുള്‍ക്കൊള്ളുന്ന ധാര്‍മികതയാണ്. അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് വ്യക്തമായ ധാര്‍മികതയുടെ അടിസ്ഥാനങ്ങളില്‍ സമൂഹം നിലകൊണ്ടു. അത് സമൂഹത്തിലെ ആണ്‍-പെണ്‍ എന്നീ രണ്ട് വിഭാഗങ്ങള്‍ക്കിടയിലെ ബന്ധം മാത്രമല്ല; അത് സമൂഹത്തിന്റെ സുപ്രധാനമായ ഭാഗമാണെങ്കിലും. അത് വാക്കിലൂടെയോ, പ്രവൃത്തിയിലൂടെയോ, സൂചനയിലൂടെയോ ലജ്ജിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്നും, പൊതുവെ സമൂഹത്തില്‍ കാണുന്ന തെറ്റുകളൊഴിച്ചുള്ളവയില്‍ നിന്നും മുക്തമായിരുന്നു. അത് പ്രതിനിധീകരിക്കുന്നത് രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹികവും, ചിന്താപരവും, ആവിഷ്‌കാരപരവുമായതാണ്. അല്ലാഹുവിന്റെ നിയമങ്ങളിലെ ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് വിധികള്‍ നിലനില്‍ക്കുന്നത്. സമൂഹത്തിലെ ജനങ്ങള്‍ക്കിടയിലെ ബന്ധമെന്നത് സത്യസന്ധതയും, വിശ്വസ്തതയും, നിഷ്‌കളങ്കതയും, സഹകരണവും, സ്‌നേഹവും അവലംബിച്ചുകൊണ്ടുള്ളതാണ്. മറിച്ച് ആക്ഷേപിക്കുന്നതിലൂടെയോ, കുറ്റം പറയുന്നതിലൂടെയോ, ഏഷണി പരത്തുന്നതിലൂടെയോ, അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതിലൂടെയോ അല്ല.

അവലംബം: aljazeera.net
വിവ: അര്‍ശദ് കാരക്കാട്

Related Articles