Current Date

Search
Close this search box.
Search
Close this search box.

ഹത്രാസ് സംഭവവും ആർഎസ്എസ്സിന്റെ ബലാത്സംഗ രാഷ്ട്രീയവും

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി നടന്ന ബലാത്സംഗ സംഭവങ്ങളിൽ ബിജെപി ബലാൽസംഗികളോടൊപ്പമായിരുന്നു നിലകൊണ്ടത്. ഇത് കത്വ, ഉന്നാവ് എന്നിവിടങ്ങളിൽ നാം കണ്ടിരുന്നു, അടുത്തിടെ ഹത്രാസിലും ആവർത്തിച്ചു. കത്വ, ഹത്രാസ് സംഭവങ്ങളിൽ, പ്രസ്തുത സംഭവങ്ങൾ ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ബി.ജെ.പി ഐടി സെൽ നടത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ബിജെപിക്കുള്ളിലെ നേതാക്കൾ ബലാത്സംഗികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് കൈക്കൊണ്ടത്. കത്വ സംഭവത്തിൽ ബലാൽസംഗികളെ പിന്തുണച്ച് നടന്ന ഒരു റാലിയിൽ ബിജെപി നേതാവ് പങ്കെടുത്തിരുന്നു, ഹത്രാസ് സംഭവത്തിൽ ബലാൽസംഗക്കാരെ സംരക്ഷിക്കുന്നതിനായി ഉയർന്ന ജാതിക്കാരായ താക്കൂർമാരുടെ പഞ്ചായത്ത് സംഘടിപ്പിക്കുന്നതിൽ ബിജെപി പങ്കുവഹിച്ചിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളിലും, ഒന്നിൽ ഇര മുസ്ലീം പെൺകുട്ടിയാണെങ്കിൽ മറ്റൊന്നിൽ സംഭവത്തിൽ അത് ഒരു ദലിത് പെൺകുട്ടിയായിരുന്നു. ആദ്യ സംഭവത്തിൽ ബി.ജെ.പി ഹിന്ദു ഏക്താ വാഹിനിക്കൊപ്പം നിൽക്കുകയും രണ്ടാമത്തേതിൽ ഉയർന്ന ജാതിക്കാരായ താക്കൂർമാർക്കൊപ്പം നിൽക്കുകയും ചെയ്തു.

ബലാത്സംഗം ഹിന്ദുത്വ വക്താക്കളെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഒരു ‘ധാർമ്മിക’, ‘ നൈതിക’ പ്രശ്‌നമായിരുന്നില്ല. മറ്റുള്ളവരെ അടിച്ചമർത്തുന്നതിനോ പ്രതികാരം തീർക്കാനോ ഉള്ള അധികാരപ്രകടനമായാണ് ബലാത്സംഗത്തെ കാണുന്നത്. “ഇന്ത്യൻ ചരിത്രത്തിലെ ആറ് മഹത്തായ കാലഘട്ടങ്ങൾ” എന്ന തന്റെ കൃതിയിൽ ഒരു രാഷ്ട്രീയ ഉപകരണമെന്ന നിലയിൽ ബലാത്സംഗത്തിന് അനുകൂലമായി സവർക്കർ വാദിക്കുന്നുണ്ട്. യുദ്ധത്തിൽ പരാജയപ്പെട്ട മുസ്ലീം ഗവർണറുടെ മരുമകളെ തിരിച്ചയച്ചതിന്റെ പേരിൽ മറാഠ ഭരണാധികാരി ശിവാജിയെ സവർക്കർ വിമർശിച്ചു.

Also read: ഹത്രാസിലേക്കുള്ള വഴികളും യു.എ.പി.എ ഭീതിയില്‍

ബലാൽസംഗത്തെ ന്യായീകരിക്കുന്ന നിലപാട്, സ്ത്രീകളെ കുറിച്ചുള്ള ആർ‌എസ്‌എസിന്റെയും ബിജെപിയുടെയും പ്രതിലോമപരമായ സാമൂഹിക വീക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർ‌എസ്‌എസിന്റെ സ്ത്രീകളെ താഴ്ന്നവരും പുരുഷൻമാരെ ഉയർന്നവരുമായാണ് ആർഎസ്എസ് കണക്കാക്കുന്നത്. സ്ത്രീകളെ കേവലം ഹിന്ദു രാഷ്ട്രത്തിന്റെ ഉപകരണങ്ങൾ എന്ന നിലയിൽ മാത്രമാണ് കാണുന്നത്.

ഹിന്ദു പുരുഷന്മാർക്ക് വേണ്ടി ഗോൽവാൾക്കർ എഴുതിയ ‘വിചാർ നവനീത്’ സ്ത്രീകളുടെ സ്വതന്ത്രമായ അസ്തിത്വത്തെ നിഷേധിക്കുന്നതായി കാണാം. സീത, സാവിത്രി, പത്മിനി എന്നിവരെ ഉത്തമ ഇന്ത്യൻ സ്ത്രീകളായും വിശ്വസ്തരും അർപ്പണബോധമുള്ള ഭാര്യമാരായും അദ്ദേഹം വിശേഷിപ്പിക്കുന്നു. പാതിവൃത്യത്തെയും സ്ത്രീത്വത്തെയും സംരക്ഷിക്കുന്നു എന്ന പേരിൽ കൂട്ട ആത്മഹത്യയെ (ജൗഹർ) ന്യായീകരിക്കുന്നു. ഉത്തമ സ്ത്രീത്വത്തിന്റെ മാനദണ്ഡങ്ങൾക്ക് യോജിക്കാത്ത സ്ത്രീകളെ കൊല്ലുന്നതും ഹിംസിക്കുന്നതും പുരുഷന്റെ കടമയാണെന്ന് അദ്ദേഹം കണക്കാക്കുന്നു. സ്ത്രീകൾക്ക് തുല്യ അവകാശം കൊണ്ടുവരാൻ ശ്രമിക്കുന്ന ഹിന്ദു കോഡ് ബില്ലിനെ ഗോൾവാൾക്കർ എതിർത്തു. ഇത് പുരുഷന്മാരിൽ മാനസിക പ്രക്ഷോഭത്തിന് കാരണമാകുമെന്നും മാനസിക ക്ലേശങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോഹൻ ഭഗവത് പറയുന്നു, “ ഇന്ത്യൻ നഗരങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ലജ്ജാകരമാണ്. ഇത് അപകടകരമായ ഒരു പ്രവണതയാണ്. എന്നാൽ അത്തരം കുറ്റകൃത്യങ്ങൾ ഭാരതത്തിലോ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലോ നടക്കില്ല. നിങ്ങൾ രാജ്യത്തെ ഗ്രാമങ്ങളിലേക്കും വനപ്രദേശങ്ങളിലേക്കും പോയി നോക്കുക, അത്തരം കൂട്ടബലാത്സംഗങ്ങളോ ലൈംഗിക കുറ്റകൃത്യങ്ങളോ അവിടെ ഉണ്ടാകില്ല. ” എന്നാൽ ഗ്രാമീണ മേഖലയിലെ ദലിതർക്കെതിരായ ദൈനംദിന അക്രമങ്ങളും സമീപകാലത്തെ ഹത്രാസ് ഉൾപ്പെടെയുള്ള സംഭവങ്ങളും അദ്ദേഹത്തിന്റെ പ്രസ്താവനകൾക്ക് വിരുദ്ധമാണ്.

Also read: മനോഭാവവും വ്യക്തിത്വവും

ബലാത്സംഗ സംഭവങ്ങൾ സമൂഹം മൊത്തത്തിൽ പാശ്ചാത്യ സംസ്കാരം സ്വീകരിച്ചതിന്റെ ഫലമാണെന്നും പരമ്പരാഗത ഇന്ത്യൻ മൂല്യങ്ങളുടെ നാശം നഗരപ്രദേശങ്ങളിൽ കൂടുതൽ പ്രകടമാണെന്നും ഭഗവത് അവകാശപ്പെട്ടിരുന്നു. അടുത്തിടെ നടന്ന ബലാത്സംഗ സംഭവത്തിന് പാശ്ചാത്യ സംസ്കാരവുമായി യാതൊരു ബന്ധവുമില്ല. പ്രബല ജാതികൾക്ക് എന്തും ചെയ്യാൻ കഴിയുന്ന, ജാതീയതയുടെയും പുരുഷാധിപത്യത്തിന്റെയും കേവല വ്യാപനമായിരുന്നു അത്.

ബിജെപി നേതാവ് വിജയ രാജെ സിന്ധ്യ ചൂണ്ടിക്കാട്ടുകയുണ്ടായി, “നമ്മുടെ മുൻകാല മഹത്വവും സംസ്കാരവും സംരക്ഷിക്കുന്നതു പോലെതന്നെ സതി ആചരിക്കുന്നത് ഹിന്ദു സ്ത്രീകളുടെ മൗലികാവകാശമാണ്”. ഒരു പിന്തിരിപ്പൻ സംസ്കാരം അങ്ങനെ മഹത്വവൽക്കരിക്കപ്പെടുന്നു.

പുരുഷൻമാർ വിധിക്കുന്ന ശിക്ഷകളെ സ്ത്രീകൾ ചെറുത്തു നിൽക്കുന്നത് ആർ‌എസ്‌എസ് നിരോധിച്ചിരിക്കുന്നു. വിവാഹ സമ്പ്രദായത്തിനകത്തും പുറത്തുമുള്ള ശിക്ഷകൾ സ്ത്രീകൾ അംഗീകരിക്കേണ്ടതുണ്ട്. സ്ത്രീകളുടെ വ്യതിചലന പ്രവണതകളെ നിയന്ത്രിക്കുകയും ആവശ്യമെങ്കിൽ അവർക്കെതിരെ അക്രമം ഉപയോഗിക്കാനും അവരെ ഉപേക്ഷിക്കാനും അധികാരമുള്ളവരായി പുരുഷന്മാർ കണക്കാക്കപ്പെടുന്നു.

ഹിന്ദുത്വ വക്താക്കളുടെ ബലാത്സംഗത്തിനനുകൂലമായ നിലപാടും സ്ത്രീകളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടും കണക്കിലെടുക്കുമ്പോൾ അവർ ബലാത്സംഗികളെ പിന്തുണച്ചുകൊണ്ട് രംഗത്തുവരുന്നതിൽ അതിശയിക്കാനൊന്നുമില്ല.

വിവ- അബൂ ഈസ

Related Articles