Human Rights

ഹത്രാസിലേക്കുള്ള വഴികളും യു.എ.പി.എ ഭീതിയില്‍

കഴിഞ്ഞ മാസമായിരുന്നു ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ രാജ്യത്തെ കോളിളക്കം സൃഷ്ടിച്ച മറ്റൊരു കൂട്ടബലാത്സംഗ്ത്തിന്റെയും മൃഗിയ കൊലപാതകത്തിന്റെയും വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടത്. 2012ലെ നിര്‍ഭയ കേസിനും 2018ലെ കത്വ ബലാത്സംഗ കേസിനു ശേഷം രാജ്യത്തെ പിടിച്ചുകുലുക്കിയ മറ്റൊരു കേസായി മാറുകയായിരുന്നു ഹത്രാസില്‍ ഉയര്‍ന്ന ജാതിക്കാര്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവം.

19കാരിയായ പെണ്‍കുട്ടിയെ ഉന്നത ജാതിയില്‍പെട്ട നാല് പേര്‍ കൂട്ടമായി ബലാത്സംഗം ചെയ്ത് നട്ടെല്ല് തകര്‍ക്കുകയും തുടര്‍ന്ന് നാവ് മുറിച്ചുമാറ്റിയ ശേഷം വയലില്‍ ഉപേക്ഷിച്ചു കളയുകയുമായിരുന്നു. സെപ്റ്റംബര്‍ 14നാണ് സംഭവം അരങ്ങേറിയത്. രണ്ടാഴ്ചക്കുശേഷം ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരണപ്പെട്ടു. ഇവിടെയും തീര്‍ന്നില്ല യോഗിയുടെ ഉത്തര്‍പ്രദേശില്‍ നിന്നുളള ക്രൂരകൃത്യങ്ങള്‍. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കാനോ ഒരു നോക്ക് കാണാനോ അനുവദിക്കാതെ യു.പി പൊലിസ് ആ രാത്രി തന്നെ മൃതദേഹം വയലില്‍ വെച്ച് കത്തിച്ചുകളയുകയായിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരകൃത്യങ്ങള്‍ക്കെല്ലാം പിന്തുണയും ന്യായീകരണവും നടത്തുന്ന കാഴ്ചയായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥില്‍ നിന്നും യു.പി പൊലിസില്‍ നിന്നും പിന്നീടങ്ങോട്ട് കാണാന്‍ കഴിഞ്ഞത്. ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടില്‍ പൂട്ടിയിടുകയും മൊബൈല്‍ ഫോണ്‍ അടക്കമുള്ള എല്ലാവിധ ആശയവിനിമയ മാര്‍ഗങ്ങളും പിടിച്ചെടുക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്തു. ഇവരെ വീട്ടില്‍ സന്ദര്‍ശിക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളെ പോലും സമ്മതിച്ചില്ല. കുടുംബത്തോട് പരാതി പിന്‍വലിപ്പിക്കാനും മൊഴി മാറ്റി പറയിപ്പിക്കാനും പൊലിസില്‍ നിന്നും മജിസ്‌ട്രേറ്റില്‍ നിന്നും വരെ നിരന്തര സമ്മര്‍ദ്ദമുണ്ടായി.

Also read: മികച്ച പ്രഭാഷകൻറെ ഗുണങ്ങള്‍

ഇപ്പോള്‍ ഏറ്റവും ഒടുവിലിതാ ഹത്രാസ് ഗ്രാമത്തിലേക്ക് സഞ്ചരിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ആക്റ്റിവിസ്റ്റുകളെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ എന്ന ഭീകര നിയമം ചുമത്തുകയാണ് ആതിഥ്യനാഥിന്റെ പൊലിസ്. കഴിഞ്ഞ ദിവസം ഹത്രാസ് സംഭവത്തെക്കുറിച്ച് വിഷദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലായ അഴിമുഖത്തിന്റെ റിപ്പോര്‍ട്ടറും കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെയുടെ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യു.പി പൊലിസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്. സെക്ഷന്‍ 17 പ്രകാരം ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സ്വരൂപിക്കുന്നു എന്നാരോപിച്ചാണ് അറസ്റ്റ്. ഇദ്ദേഹത്തിന്റെ കൂടെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാംപസ് ഫ്രണ്ടിന്റെ മൂന്ന് നേതാക്കളെയും യു.പി പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാത്രമല്ല, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ മസ്ഊദ് അഹ്മദിനെയും സമാനമായ രീതിയില്‍ യു.എ.പി.എ ചുമത്തി യു.പി പൊലിസ്റ്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും മാധ്യമപ്രവര്‍ത്തകനുമായി ജോലി ചെയ്യുകയായിരുന്നു മസ്ഊദ്. തിങ്കളാഴ്ചയാണ് ഇവരെ ഹത്രാസിലേക്കുള്ള യാത്രാ മധ്യേ മതുരയില്‍ വെച്ച് പൊലിസ് അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ ലാപ് ടോപ്പും മൊബൈല്‍ ഫോണുമെല്ലാം പൊലിസ് പിടിച്ചെടുത്തു. അതീഖുറഹ്മാന്‍, അന്‍സാര്‍ ഇന്ദോരി എന്നിവരെയാണ് ഇവരുടെ കൂടെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ജാമിഅ മില്ലിയ്യയില്‍ യു.എ.പി.എ ചുമത്തുന്ന നാലാമത്തെ വിദ്യാര്‍ത്ഥിയാണ് മസ്ഊദ്.

മോദി-യോഗി ഭരണകൂടങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെയെല്ലാം ഭീകരനിയമം ചുമത്തി ജാമ്യമില്ലാതെ ജയിലില്‍ അടക്കുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചുവരികയാണ്. നേരത്തെ സി.എ.എ വിരുദ്ധ സമരത്തില്‍ പങ്കെടുത്തത്തിന്റെ പേരിലായിരുന്നു ഇത്തരത്തില്‍ അറസ്റ്റെങ്കില്‍ ഇപ്പോള്‍ യോഗി ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഹത്രാസ് സംഭവത്തിന്റെ പേരിലാണെന്ന് മാത്രം. സി.എ.എക്കെതിരായ പോരാട്ട സമരത്തില്‍ പങ്കെടുത്തതിനും നേതൃത്വം നല്‍കിയതിനും നിരവധി ചെറുപ്പക്കാരായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഭരണകൂടം യു.എ.പി.എ ചുമത്തി ജയിലിലടച്ചിട്ടുണ്ട്. അതില്‍ മിക്ക ആളുകളും ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിനുള്ളില്‍ തന്നെയാണ്.

Also read: മനോഭാവവും വ്യക്തിത്വവും

സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ ക്രൂരതകള്‍ക്കെതിരെ അന്താരാഷ്ട്ര-ദേശീയ രംഗത്തെ നിരവധി പ്രമുഖര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തയിട്ടുണ്ട്. ഇതിനെതിരെ നിയമപോരാട്ടവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. എന്നാല്‍ ജുഡീഷ്യറിയെ പോലും തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തി ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുകയാണ് മോദി-യോഗി സര്‍ക്കാരുകള്‍ ചെയ്തുകൂട്ടുന്നത്. തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെയെല്ലാം ഭീകരനിയമങ്ങള്‍ ചാര്‍ത്തി അനന്തമായി ജയിലില്‍ തളച്ചിടാം എന്ന വ്യാമോഹമാണ് അവരെ ഇത്തരം നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം ജനാധിപത്യ സ്‌നേഹികളും ഒറ്റക്കെട്ടായി ഇതിനെ ചെറുത്ത് തോല്‍പിക്കുന്ന കാലം വിദൂരമല്ലെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker