Current Date

Search
Close this search box.
Search
Close this search box.

വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തിനൊരു പ്ലാന്‍

ഭാര്യയെയും കൂട്ടി ഒരു ഭര്‍ത്താവ് എന്റെ അടുക്കല്‍ വന്നു. ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ഒരു പ്ലാന്‍ ഒരുക്കുന്നതിന് വേണ്ടിയാണ് താങ്കളുടെ അടുത്ത് ഞങ്ങള്‍ വന്നിരിക്കുന്നത്. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ക്ക് നാല് മക്കളുണ്ട്, അവരില്‍ ഏറ്റവും ചെറുതിന് പത്ത് വയസ്സ്, അവരില്‍ വലിയവന് ഇരുപതും. ഞാന്‍ പറഞ്ഞു: വിവാഹമോചനത്തിന് ശേഷമുള്ള ജീവിതം പ്ലാന്‍ ചെയ്യാന്‍ നിരവധി വശങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അപ്പോള്‍ തന്നെ ഭര്‍ത്താവ് എഴുതാന്‍ ഒരു കടലാസ്സെടുത്തു, ഭാര്യ നോട്ടുകള്‍ കുറിച്ചെടുക്കാന്‍ തന്റെ മൊബൈല്‍ ഫോണും പുറത്തെടുത്തു. ഞാന്‍ പറഞ്ഞു തുടങ്ങി: തീര്‍ച്ചയായും വിവാഹമോചനവും വേര്‍പിരിയലും വേദനാജനകമാണ്. അസ്വസ്ഥജനകമായ വികാരങ്ങളും ഭാവിയെ കുറിച്ച ഭീതിയും വിവാഹമോചനത്തിന് ശേഷമുള്ള മക്കളുടെ മാനസികാവസ്ഥയെ കുറിച്ച ചിന്തയുമെല്ലാം ഉണ്ടാക്കുന്ന വേദന മറികടക്കാന്‍ ഇരുവരും മനസ്സിന് സമയം നല്‍കണം. പ്രകൃത്യാലുള്ള ഈ ബോധത്തെ യുക്തിയോടെയും നൈപുണ്യത്തോടെയും ഇരുവരും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഈ ഘട്ടത്തിന് ശേഷം ഇരുവരുടെയും ജീവിതരീതി മാറുന്നത് കൊണ്ട് പുതുതായി അതിനെ കാണണം. നിങ്ങളിരുവരും നിങ്ങളുടെ ആരോഗ്യത്തിന് നല്ല പ്രാധാന്യം നല്‍കുകയും കായികവിനോദങ്ങളില്‍ ഏര്‍പ്പെടുകയോ പഠനം പൂര്‍ത്തീകരിക്കുകയോ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയോ ചെയ്യണം. കൂട്ടുകാരുമായുള്ള ബന്ധം പുതുക്കുകയും നിങ്ങളുടെ തീരുമാനത്തെ പിന്തുണക്കുന്ന പുതിയ കൂട്ടുകാരെ കണ്ടെത്തുകയും വേണം. പരീക്ഷണങ്ങളിലും പ്രതിസന്ധികളിലും മനുഷ്യന് ഏറ്റവും നല്ല വഴികാട്ടിയും സഹായിയുമായ അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. നമസ്‌കാരങ്ങളും പ്രാര്‍ഥനകളും വര്‍ധിപ്പിക്കുന്നത് ഈ ഘട്ടത്തിലെ ദുഖങ്ങളും വ്യഥകളും മറികടക്കാന്‍ നിങ്ങളെ സഹായിക്കും.

പൊതുവെ വിവാഹമോചനത്തിന് ശേഷം ജീവിതം ആകെ വ്യത്യാസപ്പെടുന്നു. ഓരോരുത്തരും ഒറ്റക്കായി മാറുന്നതിനാല്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുന്നു. ജീവിതം എങ്ങനെ ആസൂത്രണം ചെയ്യണമെന്നും എങ്ങനെ സമയം ചിട്ടപ്പെടുത്തണമെന്നും മുന്‍ഗണനാക്രമങ്ങള്‍ നിര്‍ണയിക്കണമെന്നും ഇരുവരും പഠിക്കേണ്ടതുണ്ട്. പരസ്പര ധാരണയുണ്ടാക്കുകയും ഉത്തരവാദിത്വങ്ങള്‍ വിഭജിച്ചെടുക്കുകയുമാണെങ്കില്‍ അത് കൂടുതല്‍ ആശ്വാസം നല്‍കും. അപ്രകാരം ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സമ്മര്‍ദവും നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. കാരണം മറ്റുള്ളവരുടെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ അറിയാനും അതില്‍ ഇടപെടാനും താല്‍പര്യപ്പെടുന്നവരാണ് ആളുകള്‍. അതുകൊണ്ട് വിവാഹമോചനത്തിന്റെ കാരണത്തെ കുറിച്ച് ഒരേ മറുപടി നല്‍കാന്‍ നിങ്ങളിരുവരും ധാരണയാവണം. അപ്രകാരം മക്കളുടെ സംരക്ഷണം, താമസം, പഠനം, അവരുടെ ചെലവുകള്‍, യാത്ര, അവരെ സന്ദര്‍ശിക്കല്‍, അവരുടെ സന്ദര്‍ശനം തുടങ്ങിയ കാര്യങ്ങളിലും പരസ്പര ധാരണയുണ്ടാവണം. വിവാഹമോചനം മക്കളില്‍ വലിയ ദോഷഫലങ്ങളുണ്ടാക്കും. അതിനാല്‍ ആ ദോഷഫലങ്ങള്‍ പരിഹരിക്കാനുള്ള ചില നടപടികളും സ്വീകരിക്കേണ്ടതുണ്ട്. മക്കള്‍ക്ക് നന്നായി വാത്സല്യം നല്‍കുക, വിവാഹമോചനത്തിന് ശേഷമുള്ള അവരുടെ പ്രവര്‍ത്തനങ്ങളും സ്വഭാവവും നിരീക്ഷിക്കുക, അവരെ കേള്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് – പ്രത്യേകിച്ചും വിവാഹമോചനത്തെ കുറിച്ച – തൃപ്തികരമായ മറുപടി നല്‍കുകയും ചെയ്യുക തുടങ്ങിയവ അതിന്റെ ഭാഗമാണ്. ആവശ്യമെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ദന്റെയോ കൗണ്‍സിലറുടെയോ സേവനം അവര്‍ക്ക് ലഭ്യമാക്കുക. മാതാപിതാക്കള്‍ക്കിടയിലുള്ള ബന്ധം സംഘര്‍ഷഭരിതമായാല്‍ അവര്‍ക്കിടയിലെ ബന്ധം ഒരു മധ്യസ്ഥന്‍ മുഖേനെയാക്കേണ്ടതുണ്ട്. മക്കളുടെ സ്വസ്ഥതക്കും വിവാഹമോചനം അവരെ ദോഷകരമായി ബാധിക്കാതിരിക്കാനും അതാവശ്യമാണ്. നിങ്ങള്‍ക്കെടുക്കാവുന്ന ഏറ്റവും ഉത്തമമായ തീരുമാനം സാധ്യമാകുന്നത്ര കോടതികളില്‍ നിന്നും വിട്ടുനിന്ന് നിങ്ങളുടെയും മക്കളുടെയും മാനസികാവസ്ഥക്ക് പരിക്കേല്‍പ്പിക്കാതെ സ്‌നേഹത്തിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കലാണ്. ഇരുവരും മക്കളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുകയും അവരോടൊപ്പം കളിക്കുകയും അവര്‍ക്കൊപ്പം പാര്‍ക്കുകളിലും റെസ്റ്റോറന്റുകളിലും പോവുകയും പിതൃസഹോദരങ്ങളെയും മാതൃസഹോദരങ്ങളെയും വല്ല്യുപ്പ വല്ല്യുമ്മമാരെ സന്ദര്‍ശിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യണം. മറുകക്ഷിക്കൊപ്പം താമസിക്കാന്‍ മക്കള്‍ക്ക് ഇരുവരും അനുവാദം നല്‍കണം. വേര്‍പിരിഞ്ഞ പങ്കാളി വിവാഹം ചെയ്ത് പുതിയൊരു ജീവിതം ആരംഭിച്ചിട്ടുണ്ടെങ്കില്‍ പോലും അതിന് തടസ്സം നില്‍ക്കരുത്.

വിവാഹമോചനത്തിന് ശേഷം സന്തോഷകരമായ ജീവിതം തുടരുന്നതിന് പാലിക്കേണ്ട പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ ഇതെല്ലാമാണ്. ഇതെല്ലാം കേട്ട് നിശബ്ദനായിരുന്ന ഭര്‍ത്താവ് പറഞ്ഞു: ഇതിലെ അധിക വശങ്ങളെ കുറിച്ചും ഞങ്ങള്‍ ചിന്തിച്ചിരുന്നു. എന്നാല്‍ മക്കളുടെ അവധിക്കാലം പോലുള്ള കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. അതുപോലെ ഞങ്ങളിലൊരാള്‍ വേറെ വിവാഹം ചെയ്ത് പുതിയ ജീവിതം ആരംഭിച്ചാലുള്ള അവസ്ഥയെ കുറിച്ചും ആലോചിച്ചിരുന്നില്ല. അതുകഴിഞ്ഞപ്പോള്‍ ഭാര്യ ചോദിച്ചു: വിവാഹമോചനത്തെ കുറിച്ച് മക്കളോട് ഞങ്ങള്‍ തുറന്ന് പറയണോ? ഞാന്‍ പറഞ്ഞു: വിവാഹബന്ധം നിലനിര്‍ത്താനുള്ള എല്ലാ സാധ്യതകളെ കുറിച്ചും നിങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കില്‍ പിന്നെ വിവാഹമോചനമാണ് ഏറ്റവും നല്ല പരിഹാരം. അപ്പോള്‍ നിങ്ങളുടെ ചോദ്യത്തിന് അതെയെന്ന മറുപടിയാണ് എനിക്ക് നല്‍കാനുള്ളത്. ആ തീരുമാനം മക്കളെ അറിയിക്കേണ്ടത് അനിവാര്യമാണ്. വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തിന്റെ പ്ലാന്‍ എഴുതിയെടുത്ത ശേഷം ആ കൂടിക്കാഴ്ച്ച അവസാനിച്ചു.

Related Articles